Idavam month 2023 Astrological Predictions Moolam, Pooradam, Utharadam, Thiruvonam, Avittam, Chathayam, Pururuttathy, Uthrittathy, Revathi Stars: 2023 മേയ് 15 ന് ആണ് 1198 ഇടവമാസം ഒന്നാം തീയതി വരുന്നത്. മുപ്പത്തിരണ്ട് തീയതികളാണ് ഇടവത്തിനുള്ളത്. 1198 ലെ ഏറ്റവും വലിയ മാസവും ഇടവമാണ്. ജൂൺ 15ന് ഇടവം അവസാനിക്കുന്നു. മേയ് 15 ന് രാവിലെ 11 മണിക്കാണ് സൂര്യന്റ ഇടവ സംക്രമണം. കാർത്തിക ഞാറ്റുവേല തുടരുകയാണ്. ഇടവം ഒന്നിന് പൂരുട്ടാതി നക്ഷത്രമാണ്.
ഇടവം 32 ആകുമ്പോൾ ചന്ദ്രൻ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ഭരണി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ശനി കുംഭത്തിലും വ്യാഴം, രാഹു എന്നിവ മേടത്തിലും കേതു തുലാത്തിലുമാണ്. ചൊവ്വ മാസം മുഴുവൻ കർക്കടകം രാശിയിൽ സഞ്ചരിക്കുന്നു. ഇടവം 16 ന് ശുക്രൻ കർക്കടകത്തിലേക്കും ഇടവം 24 ന് ബുധൻ ഇടവത്തിലേക്കും പകരുകയാണ്.
ഈ ഗ്രഹസ്ഥിതി അനുസരിച്ച് മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രക്കാരുടെ ഇടവമാസത്തെ സാമാന്യമായ അനുഭവങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്..
മൂലം: ആറാം ഭാവത്തിലെ ആദിത്യസ്ഥിതി അനുകൂലമാണ്. അപ്രതീക്ഷിത വിജയങ്ങൾ വന്നുചേരും. എതിർചേരിയെ കർമ്മഗുണോജ്ജ്വലതകൊണ്ട് നിഷ്പ്രഭമാക്കും. പൊതുപ്രവർത്തകർക്ക് കൂടുതൽ അധികാരം സിദ്ധിക്കുന്നതാണ്. ദാമ്പത്യത്തിൽ അനുരഞ്ജന സമീപനം കൈക്കൊള്ളും. ഭൂമിയിടപാടുകൾക്ക് നല്ലകാലമല്ല. ജാമ്യം നിൽക്കുക തുടങ്ങിയവയ്ക്കും ഉചിത സന്ദർഭമല്ല. ജീവിതശൈലി രോഗങ്ങൾക്ക് ചികിൽസ വേണ്ടി വരാം. സാഹസകർമ്മങ്ങൾ ഒഴിവാക്കുകയാവും നല്ലത്.
പൂരാടം: നേട്ടങ്ങൾ ഉണ്ടാവുന്നതിനൊപ്പം ചില ക്ലേശങ്ങളും വരാം. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകുന്നതാണ്. രാഷ്ട്രീയ പ്രവർത്തകർക്ക് അണികളുടെ പിന്തുണ ലഭിക്കും. പൊതുക്കാര്യങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തും. പ്രേമഭാവന ചിറകുവിടർത്തും. സുഹൃൽ സമാഗമങ്ങളിൽ പങ്കെടുക്കുന്നതാണ്. കലാപ്രവർത്തനത്തിന് അനുകൂലമായ അന്തരീക്ഷം സംജാതമാകും. പഞ്ചമരാഹു ഉദരരോഗമുണ്ടാക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. അഷ്ടമകുജൻ മാനസികക്ലേശങ്ങൾ സൃഷ്ടിച്ചെന്നുവന്നേക്കും.
ഉത്രാടം: പഠനമികവും പരീക്ഷാവിജയവും ശ്ളാഘിക്കപ്പെടും. സാങ്കേതിക വിഷയങ്ങളിൽ ഉപരിവിദ്യാഭ്യാസാനുമതി സിദ്ധിക്കുന്നതാണ്. തൊഴിലില്ലാത്തവർക്ക് ദൂരസ്ഥലങ്ങളിൽ ജോലിസാധ്യത പ്രതീക്ഷിക്കാം. ഭൗതിക വാഞ്ഛകൾക്കൊപ്പം ആത്മിക താൽപര്യങ്ങളും പുലർത്തും. കുടുംബത്തിന്റെ പുരോഗതിക്കായി വ്യക്തിപരമായ ചില ഇഷ്ടങ്ങൾ വേണ്ടെന്നുവെക്കുന്നതാണ്. ഗൃഹനിർമ്മാണത്തിനുള്ള പ്രാഥമിക തയ്യാറെടുപ്പുകൾ നടത്തും. കിടപ്പ് രോഗികൾക്ക് ആശ്വാസമുണ്ടാകുന്നതാണ്.
തിരുവോണം: ആശയക്കുഴപ്പങ്ങൾ ഉണ്ടാവാം. കുടുംബാംഗങ്ങളെ യോജിപ്പിച്ച് കൊണ്ടുപോകുന്നതിൽ വിജയിക്കാനാവും. ചർച്ചകളിലൂടെ തൊഴിലിടത്തിൽ സമവായം സാധ്യമാവും. പഴയ വീടും പറമ്പും വിൽക്കാനുള്ള ശ്രമം തുടരുപ്പെടും. യാത്രകൾ ഗുണകരമാവുന്നതാണ്. കടബാധ്യതകൾ വിഷമിപ്പിച്ചേക്കും. ഊഹക്കച്ചവടത്തിൽ ചെറിയ നേട്ടം വനേക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയാവശ്യമാണ്.
അവിട്ടം: ജോലിത്തിരക്കുകൾ കൂടുന്നതാണ്. പ്രൊഫഷണലുകൾക്ക് കടുത്ത വെല്ലുവിളികൾ ഏറ്റെടുക്കേണ്ടതായി വന്നേക്കും. വസ്തുവ്യവഹാരങ്ങൾ ഇപ്പോൾ ഒഴിവാക്കുകയാവും ഉചിതം. വീടുവിട്ടു നിന്നവർക്ക് കുടുംബത്തോടൊപ്പം ചേരാനാവും. വിദേശത്ത് പോകാൻ തടസ്സങ്ങൾ നീങ്ങും. വായ്പ , ചിട്ടി ഇവയിലൂടെ ചില അത്യാവശ്യങ്ങൾ പരിഹരിക്കാൻ സാധിക്കും. ഉപരിപഠനം ആശിച്ചതുപോലെ തുടരാൻ കഴിയുന്നതാണ്. ഗൃഹാന്തരീക്ഷത്തിൽ ചിലപ്പോൾ കാളിമ പരന്നാലും സമയോചിതമായ സമീപനങ്ങളിലൂടെ അവ പരിഹരിക്കാനാവും.
ചതയം: വലിയ മുതൽ മുടക്കുകൾ കരുതലോടെ വേണം. കച്ചവടത്തിലെ സ്തംഭനാവസ്ഥക്ക് മാറ്റം വരുന്നതാണ്. ഔദ്യോഗിക യാത്രകൾ മൂലം നേട്ടങ്ങളുണ്ടാകും. സത്യസന്ധമായ കൃത്യനിർവഹണം അധികാരികളുടെ പ്രശംസ നേടും. വയോജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ തെല്ല് കുറയാം. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ശുക്രൻ പഞ്ചമഭാവത്തിൽ സഞ്ചരിക്കുകയാൽ മക്കൾക്ക് നല്ല അനുഭവം പ്രതീക്ഷിക്കാം. കലാകാരന്മാരുടെ ഭാവന സൃഷ്ടിപരമായേക്കും. ന്യായമായ ആവശ്യങ്ങൾക്ക് ധനം വന്നുചേരുന്നതാണ്.
പൂരുട്ടാതി: സാഹചര്യങ്ങളുടെ ആനുകൂല്യം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ചില നിലപാടുകൾ സ്വയം തിരുത്തേണ്ടതാണെന്ന് ബോധ്യമാകും. കരാർ ജോലികളുടെ നടത്തിപ്പിൽ വിജയിക്കും. തൊഴിൽ തേടുന്നവർ നിരാശപ്പെടേണ്ടി വരില്ല. പൊതുപ്രവർത്തകർ എതിർപ്പുകളെ മറികടക്കും. പ്രണയജീവിതത്തിൽ തടസ്സങ്ങൾ ഉണ്ടായേക്കാം. ബന്ധുക്കളുടെ പിന്തുണ പ്രതീക്ഷിച്ച വിധത്തിൽ ആവണമെന്നില്ല. കുടുംബജീവിതം നയിക്കുന്നവർക്ക് മനസ്സന്തോഷം വന്നുചേരുന്നതാണ്. ധനവരവ് മെച്ചപ്പെടും.
ഉത്രട്ടാതി: ഉന്നതചിന്തകൾ പുലർത്തുമ്പോഴും പ്രായോഗികതയിൽ പിന്നിലാവില്ല. കർമ്മരംഗത്തെ ചുമതലകൾ ഔൽസുക്യത്തോടെ നിർവഹിക്കും. കുടുംബപരമായ സന്തോഷങ്ങൾ മാനസികമായ കരുത്തുണ്ടാക്കും. ഗൃഹനവീകരണത്തിന് വായ്പകൾ പ്രയോജനപ്പെടുത്തും, മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. വിദ്യാഭ്യാസത്തിലെ നേട്ടങ്ങൾ പ്രശംസിക്കപ്പെടും. ആത്മവിശ്വാസം വർദ്ധിക്കുന്നതാണ്. സർക്കാരിന്റെ അനുമതി വേഗത്തിൽ നേടാനാവും.
രേവതി: പുതുസംരംഭങ്ങളുമായി മുന്നോട്ടുപോകും. നവമാധ്യമങ്ങളിൽ സജീവമാകും. ഉപരിപഠനം ആഗ്രഹിച്ച വിഷയങ്ങളിൽ നടത്താനാവും. പുതിയവാഹനം വാങ്ങാൻ തീരുമാനിക്കും. സുഹൃത്തുക്കളുടെ പിന്തുണ മാനസികോർജ്ജം പകരും. ഗാർഹികജീവിതത്തിൽ സന്തോഷം അനുഭവപ്പെടും. ഔദ്യോഗികരംഗത്ത് വളർച്ചയുണ്ടാകും. പിതൃസ്വത്ത് സംബന്ധിച്ച വ്യവഹാരങ്ങൾ / തർക്കങ്ങൾ അനുകൂലമായിത്തീരുന്നതാണ്. അവിവാഹിതരുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം പ്രതീക്ഷിക്കാം. സാമ്പത്തിക ക്ലേശങ്ങൾ കുറയുന്നതാണ്.