Idavam month 2023 Astrological Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: 2023 മേയ് 15 ന് ആണ് 1198 ഇടവമാസം ഒന്നാം തീയതി വരുന്നത്. മുപ്പത്തിരണ്ട് തീയതികളാണ് ഇടവത്തിനുള്ളത്. 1198 ലെ ഏറ്റവും വലിയ മാസവും ഇടവമാണ്. ജൂൺ 15ന് ഇടവം അവസാനിക്കുന്നു. മേയ് 15 ന് രാവിലെ 11 മണിക്കാണ് സൂര്യന്റ ഇടവ സംക്രമണം. കാർത്തിക ഞാറ്റുവേല തുടരുകയാണ്. ഇടവം ഒന്നിന് പൂരുട്ടാതി നക്ഷത്രമാണ്.
ഇടവം 32 ആകുമ്പോൾ ചന്ദ്രൻ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ഭരണി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ശനി കുംഭത്തിലും വ്യാഴം, രാഹു എന്നിവ മേടത്തിലും കേതു തുലാത്തിലുമാണ്. ചൊവ്വ മാസം മുഴുവൻ കർക്കടകം രാശിയിൽ സഞ്ചരിക്കുന്നു. ഇടവം 16 ന് ശുക്രൻ കർക്കടകത്തിലേക്കും ഇടവം 24 ന് ബുധൻ ഇടവത്തിലേക്കും പകരുകയാണ്.
ഈ ഗ്രഹസ്ഥിതി അനുസരിച്ച് അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രക്കാരുടെ ഇടവമാസത്തെ സാമാന്യമായ അനുഭവങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്.
അശ്വതി: ജന്മരാശിയിലെ ശുഭപാപഗ്രഹങ്ങളുടെ ബാഹുല്യം ജന്മരാശിയായ മേടമാസത്തെ കുറച്ചൊക്കെ കലുഷമാക്കിയിട്ടുണ്ടാവണം. അതിൽ നിന്നും ഒരു മോചനം പ്രതീക്ഷിക്കാം, ഇടവമാസത്തിൽ. സജ്ജനസഹായം ലഭിക്കും. സദ്ധർമ്മങ്ങൾ ചെയ്യാനാവും. അവിവാഹിതർക്ക് വിവാഹകാലമാണ്. സാമ്പത്തികം മോശമാവില്ല. അധികാരപൂർവ്വം സംസാരിക്കേണ്ട സാഹചര്യം രൂപപ്പെടാം. തൊഴിൽ തേടുന്നവർ ക്ക് ചെറിയ അവസരങ്ങൾ പ്രതീക്ഷിക്കാം. രാഹു ഇപ്പോൾ ജന്മനക്ഷത്രത്തിന്റെ മൂന്നാംപാദത്തിലാണ് എന്നതിനാൽ ചില ആരോഗ്യ- മാനസിക പ്രശ്നങ്ങൾ ഉണ്ടായേക്കാം. കരുതൽ വേണ്ടതുണ്ട്.
ഭരണി: നക്ഷത്രനാഥൻ ആയ ശുക്രൻ ബന്ധുക്ഷേത്രത്തിലാകയാൽ സുഹൃത്തുക്കളിൽ നിന്നും പിന്തുണ സിദ്ധിക്കും. വിരുന്നുകളിലും മംഗളകർമ്മങ്ങളിലും പങ്കെടുക്കും. ഇടവത്തിലെ സൂര്യൻ ആജ്ഞാശക്തിയേകും. സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ വന്നെത്തും. കലാപ്രവർത്തനത്തിൽ വിജയിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ഉചിതമായ സാഹചര്യം സംജാതമാകുന്നതാണ്. പഴയ കടങ്ങൾ കുറച്ചൊക്കെ മടക്കിക്കിട്ടാം. ദാമ്പത്യസൗഖ്യവും ഫലങ്ങളിൽ പ്രധാനമാണ്.
കാർത്തിക: യാത്രകൾ വർദ്ധിക്കും. എന്നാൽ ചില സഞ്ചാരങ്ങൾ കേവലം അലച്ചിൽ മാത്രമായി കലാശിക്കാം. സർക്കാർ കാര്യങ്ങൾ നേടിയെടുക്കാൻ ക്ലേശിക്കും. ദേഹസുഖം കുറയുന്നതാണ്. അഗ്നിനക്ഷത്രം എന്ന പ്രതിഭാസമുള്ള കാലമാകയാൽ ഉഷ്ണരോഗങ്ങൾ ഉണ്ടാകാം. കച്ചവടത്തിൽ നേട്ടങ്ങൾ നാമമാത്രമായേക്കും. പണച്ചെലവിന് പല വഴികൾ തുറക്കപ്പെടും. എന്നാലും ആത്മവിശ്വാസം ഉയരും. പ്രതിസന്ധികളെ സ്വഭാവികമായ ശക്തിയോടെ മറികടക്കുകയും ചെയ്യും.
രോഹിണി: ജന്മത്തിൽ സൂര്യൻ സഞ്ചരിക്കുമ്പോൾ ആയാസവും വിഭവനാശവും എന്നാണ് നിയമം. കരുതൽ നിക്ഷേപങ്ങൾ ഉപയോഗിക്കേണ്ടി വന്നേക്കാം. രണ്ടിലെ ശുക്രസ്ഥിതി കലാതാൽപര്യത്തിനും ധനോന്നതിക്കും വഴിതുറക്കും. സഹായസ്ഥാനത്ത് ചൊവ്വയുടെ സ്ഥിതിതുടരുകയാൽ ചില പിൻബലങ്ങൾ ആകസ്മികമായി വന്നെത്താം. കർമ്മരംഗത്ത് സമൂലമായി അഴിച്ചുപണിക്ക് കാലം അത്രമേൽ അനുഗുണമല്ല. നിലവിലെ തൊഴിൽ മാറുന്നത് ആശാസ്യമല്ല. ആരോഗ്യജാഗ്രത അനിവാര്യം.
മകയിരം: നക്ഷത്രനാഥനായ ചൊവ്വയ്ക്ക് നീചം ഭവിച്ചിരിക്കുകയാൽ ചില ക്ലേശാനുഭവങ്ങൾ വരാം. ആത്മവിശ്വാസം കുറയാം. പറഞ്ഞത് പോലെ പ്രവൃത്തിക്കാൻ പറ്റാത്ത സാഹചര്യം ഉരുത്തിരിഞ്ഞെന്ന് വന്നേക്കും. എന്നാൽ ശുക്രന്റെ ആനുകൂല്യത്താൽ ഭൗതികമായ നേട്ടങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. സാമ്പത്തികമായ ക്ലേശം അല്പം കുറയാം. വിദ്യാഭ്യാസത്തിൽ മികവ് കൈവരിക്കാൻ സാധിക്കും. ഗുണകരമായ യാത്രകൾ വേണ്ടിവരും. കർമ്മരംഗത്ത് ചെറിയ കുതിപ്പുകൾ നടത്താൻ കഴിയുന്നതാണ്. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ പ്രീതി നേടാനാവും.
തിരുവാതിര: ശുക്രൻ ജന്മരാശിയിൽ സഞ്ചരിക്കുകയാൽ ഭൗതികമായനേട്ടങ്ങൾ ഉണ്ടാകുന്നതാണ്. കലാവാസന പോഷിക്കും. ദാമ്പത്യം കൂടുതൽ മനോഹരമായേക്കും. രണ്ടിലെ ചൊവ്വ ചിലപ്പോൾ പരുഷവാക്കുകൾ പറയാൻ പ്രേരണയാണെന്ന് വരാം. ആദിത്യന്റെ പന്ത്രണ്ടിലെ സ്ഥിതിയാൽ യാത്രകൾ വേണ്ടിവരുന്നതാണ്. രാഷ്ട്രീയ മത്സരങ്ങളിൽ വിചാരിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ലെന്ന് വരാം. വായ്പകൾ കിട്ടാൻ താമസമുണ്ടാവാം.
പുണർതം: മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങൾ നിറവേറ്റാൻ കഴിയും. കച്ചവടത്തിൽ നിന്നും വരുമാനം വർദ്ധിക്കും. തൊഴിൽ തേടുന്നവർക്ക് അല്പം കൂടി കാത്തിരിക്കേണ്ടതായി വരാം. പിതാവിന്റെ ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം. ചെറുകിട തൊഴിലുകളിൽ മുന്നേറ്റം ഉണ്ടാകും. ഉപരിവിദ്യാഭ്യാസം അന്യദേശങ്ങളിൽ തുടരാനാവും. ഭൂമിസംബന്ധിച്ച ക്രയവിക്രയങ്ങൾ നടന്നുകിട്ടാൻ വൈകും. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സന്ദർഭം ഭവിക്കുന്നതാണ്.
പൂയം: അകാരണമായ ഉൽക്കണ്ഠകളെ നിയന്ത്രിക്കേണ്ടതുണ്ട്. ചൊവ്വയുടെ ജന്മരാശിസ്ഥിതിമൂലം ക്ഷോഭശീലം വർദ്ധിക്കാം. പഴയകടം ഭാഗികമായെങ്കിലും തിരിച്ചുകിട്ടാനിടയുണ്ട്. മത്സരങ്ങളിൽ വിജയിക്കും. വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയങ്ങളിൽ ഉപരിപഠനം നടത്താൻ സാധിക്കുന്നതാണ്. വ്യാപാരാവശ്യങ്ങൾക്ക് വായ്പാ സൗകര്യം പ്രയോജനപ്പെടുത്തും. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ തടസ്സങ്ങൾ വന്നുചേരാം. ധനസ്ഥിതി മോശമാകില്ല. സാഹസങ്ങൾ ഒഴിവാക്കണം. ജീവിതശൈലീ രോഗങ്ങളെ നിസ്സാരീകരിക്കരുത്.
ആയില്യം: തെരഞ്ഞെടുപ്പുകളിൽ വിജയിക്കും. പ്രമുഖരുടെ പിന്തുണ പലകാര്യസാധ്യങ്ങൾക്കും ഗുണകരമാവും. വ്യവഹാരങ്ങളിൽ അനുകൂലഫലം പ്രതീക്ഷിക്കാം. ഭൂമിയിൽ നിന്നും ആദായം ഉണ്ടാകും. ഗൃഹനവീകരണത്തിന് മുതിരുന്നതാണ്. കുടുംബബന്ധങ്ങളിൽ ചില അനൈക്യങ്ങൾ തലപൊക്കിയേക്കും. ഉദ്യോഗസ്ഥർക്ക് പുതുസ്ഥാനലബ്ധി ഒരു സാധ്യതയാണ്. തീർത്ഥയാത്രകളിൽ താല്പര്യമേറും. നവീന സാങ്കേതികവിദ്യകൾ അഭ്യസിക്കുന്നതിന് അവസരം ലഭിക്കും. സാഹസങ്ങൾ ഒഴിവാക്കണം. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത വേണ്ടതുണ്ട്.