scorecardresearch

1198 ഇടവമാസത്തിലെ സമ്പൂർണ നക്ഷത്രഫലം

Idavam month 2023 Astrological Predictions: മേടം മുതൽ മീനം വരെ പന്ത്രണ്ട് കൂറുകളിൽ വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രക്കാരുടേയും ഇടവമാസത്തെ സാമാന്യമായ അനുഭവങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്

astrology, horoscope, ie malayalam
ഇടവമാസത്തിലെ നക്ഷത്രഫലം

Idavam month 2023 Astrological Predictions: 2023 മേയ് 15 ന് ആണ് 1198 ഇടവമാസം ഒന്നാം തീയതി വരുന്നത്. മുപ്പത്തിരണ്ട് തീയതികളാണ് ഇടവത്തിനുള്ളത്. 1198 ലെ ഏറ്റവും വലിയ മാസവും ഇടവമാണ്. ജൂൺ 15ന് ഇടവം അവസാനിക്കുന്നു. മേയ് 15 ന് രാവിലെ 11 മണിക്കാണ് സൂര്യന്റ ഇടവ സംക്രമണം. കാർത്തിക ഞാറ്റുവേല തുടരുകയാണ്. ഇടവം ഒന്നിന് പൂരുട്ടാതി നക്ഷത്രമാണ്.

ഇടവം 32 ആകുമ്പോൾ ചന്ദ്രൻ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ഭരണി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ശനി കുംഭത്തിലും വ്യാഴം, രാഹു എന്നിവ മേടത്തിലും കേതു തുലാത്തിലുമാണ്. ചൊവ്വ മാസം മുഴുവൻ കർക്കടകം രാശിയിൽ സഞ്ചരിക്കുന്നു. ഇടവം 16 ന് ശുക്രൻ കർക്കടകത്തിലേക്കും ഇടവം 24 ന് ബുധൻ ഇടവത്തിലേക്കും പകരുകയാണ്.

ഈ ഗ്രഹസ്ഥിതി അനുസരിച്ച് മേടം മുതൽ മീനം വരെ പന്ത്രണ്ട് കൂറുകളിൽ വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രക്കാരുടേയും ഇടവമാസത്തെ സാമാന്യമായ അനുഭവങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്.

അശ്വതി: ജന്മരാശിയിലെ ശുഭപാപഗ്രഹങ്ങളുടെ ബാഹുല്യം ജന്മരാശിയായ മേടമാസത്തെ കുറച്ചൊക്കെ കലുഷമാക്കിയിട്ടുണ്ടാവണം. അതിൽ നിന്നും ഒരു മോചനം പ്രതീക്ഷിക്കാം, ഇടവമാസത്തിൽ. സജ്ജനസഹായം ലഭിക്കും. സദ്ധർമ്മങ്ങൾ ചെയ്യാനാവും. അവിവാഹിതർക്ക് വിവാഹകാലമാണ്. സാമ്പത്തികം മോശമാവില്ല. അധികാരപൂർവ്വം സംസാരിക്കേണ്ട സാഹചര്യം രൂപപ്പെടാം. തൊഴിൽ തേടുന്നവർ ക്ക് ചെറിയ അവസരങ്ങൾ പ്രതീക്ഷിക്കാം. രാഹു ഇപ്പോൾ ജന്മനക്ഷത്രത്തിന്റെ മൂന്നാംപാദത്തിലാണ് എന്നതിനാൽ ചില ആരോഗ്യ- മാനസിക പ്രശ്നങ്ങൾ ഉണ്ടായേക്കാം. കരുതൽ വേണ്ടതുണ്ട്.

ഭരണി: നക്ഷത്രനാഥൻ ആയ ശുക്രൻ ബന്ധുക്ഷേത്രത്തിലാകയാൽ സുഹൃത്തുക്കളിൽ നിന്നും പിന്തുണ സിദ്ധിക്കും. വിരുന്നുകളിലും മംഗളകർമ്മങ്ങളിലും പങ്കെടുക്കും. ഇടവത്തിലെ സൂര്യൻ ആജ്ഞാശക്തിയേകും. സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ വന്നെത്തും. കലാപ്രവർത്തനത്തിൽ വിജയിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ഉചിതമായ സാഹചര്യം സംജാതമാകുന്നതാണ്. പഴയ കടങ്ങൾ കുറച്ചൊക്കെ മടക്കിക്കിട്ടാം. ദാമ്പത്യസൗഖ്യവും ഫലങ്ങളിൽ പ്രധാനമാണ്.

കാർത്തിക: യാത്രകൾ വർദ്ധിക്കും. എന്നാൽ ചില സഞ്ചാരങ്ങൾ കേവലം അലച്ചിൽ മാത്രമായി കലാശിക്കാം. സർക്കാർ കാര്യങ്ങൾ നേടിയെടുക്കാൻ ക്ലേശിക്കും. ദേഹസുഖം കുറയുന്നതാണ്. അഗ്നിനക്ഷത്രം എന്ന പ്രതിഭാസമുള്ള കാലമാകയാൽ ഉഷ്ണരോഗങ്ങൾ ഉണ്ടാകാം. കച്ചവടത്തിൽ നേട്ടങ്ങൾ നാമമാത്രമായേക്കും. പണച്ചെലവിന് പല വഴികൾ തുറക്കപ്പെടും. എന്നാലും ആത്മവിശ്വാസം ഉയരും. പ്രതിസന്ധികളെ സ്വഭാവികമായ ശക്തിയോടെ മറികടക്കുകയും ചെയ്യും.

രോഹിണി: ജന്മത്തിൽ സൂര്യൻ സഞ്ചരിക്കുമ്പോൾ ആയാസവും വിഭവനാശവും എന്നാണ് നിയമം. കരുതൽ നിക്ഷേപങ്ങൾ ഉപയോഗിക്കേണ്ടി വന്നേക്കാം. രണ്ടിലെ ശുക്രസ്ഥിതി കലാതാൽപര്യത്തിനും ധനോന്നതിക്കും വഴിതുറക്കും. സഹായസ്ഥാനത്ത് ചൊവ്വയുടെ സ്ഥിതിതുടരുകയാൽ ചില പിൻബലങ്ങൾ ആകസ്മികമായി വന്നെത്താം. കർമ്മരംഗത്ത് സമൂലമായി അഴിച്ചുപണിക്ക് കാലം അത്രമേൽ അനുഗുണമല്ല. നിലവിലെ തൊഴിൽ മാറുന്നത് ആശാസ്യമല്ല. ആരോഗ്യജാഗ്രത അനിവാര്യം.

മകയിരം: നക്ഷത്രനാഥനായ ചൊവ്വയ്ക്ക് നീചം ഭവിച്ചിരിക്കുകയാൽ ചില ക്ലേശാനുഭവങ്ങൾ വരാം. ആത്മവിശ്വാസം കുറയാം. പറഞ്ഞത് പോലെ പ്രവൃത്തിക്കാൻ പറ്റാത്ത സാഹചര്യം ഉരുത്തിരിഞ്ഞെന്ന് വന്നേക്കും. എന്നാൽ ശുക്രന്റെ ആനുകൂല്യത്താൽ ഭൗതികമായ നേട്ടങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. സാമ്പത്തികമായ ക്ലേശം അല്പം കുറയാം. വിദ്യാഭ്യാസത്തിൽ മികവ് കൈവരിക്കാൻ സാധിക്കും. ഗുണകരമായ യാത്രകൾ വേണ്ടിവരും. കർമ്മരംഗത്ത് ചെറിയ കുതിപ്പുകൾ നടത്താൻ കഴിയുന്നതാണ്. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ പ്രീതി നേടാനാവും.

തിരുവാതിര: ശുക്രൻ ജന്മരാശിയിൽ സഞ്ചരിക്കുകയാൽ ഭൗതികമായനേട്ടങ്ങൾ ഉണ്ടാകുന്നതാണ്. കലാവാസന പോഷിക്കും. ദാമ്പത്യം കൂടുതൽ മനോഹരമായേക്കും. രണ്ടിലെ ചൊവ്വ ചിലപ്പോൾ പരുഷവാക്കുകൾ പറയാൻ പ്രേരണയാണെന്ന് വരാം. ആദിത്യന്റെ പന്ത്രണ്ടിലെ സ്ഥിതിയാൽ യാത്രകൾ വേണ്ടിവരുന്നതാണ്. രാഷ്ട്രീയ മത്സരങ്ങളിൽ വിചാരിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ലെന്ന് വരാം. വായ്പകൾ കിട്ടാൻ താമസമുണ്ടാവാം.

പുണർതം: മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങൾ നിറവേറ്റാൻ കഴിയും. കച്ചവടത്തിൽ നിന്നും വരുമാനം വർദ്ധിക്കും. തൊഴിൽ തേടുന്നവർക്ക് അല്പം കൂടി കാത്തിരിക്കേണ്ടതായി വരാം. പിതാവിന്റെ ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം. ചെറുകിട തൊഴിലുകളിൽ മുന്നേറ്റം ഉണ്ടാകും. ഉപരിവിദ്യാഭ്യാസം അന്യദേശങ്ങളിൽ തുടരാനാവും. ഭൂമിസംബന്ധിച്ച ക്രയവിക്രയങ്ങൾ നടന്നുകിട്ടാൻ വൈകും. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സന്ദർഭം ഭവിക്കുന്നതാണ്.

പൂയം: അകാരണമായ ഉൽക്കണ്ഠകളെ നിയന്ത്രിക്കേണ്ടതുണ്ട്. ചൊവ്വയുടെ ജന്മരാശിസ്ഥിതിമൂലം ക്ഷോഭശീലം വർദ്ധിക്കാം. പഴയകടം ഭാഗികമായെങ്കിലും തിരിച്ചുകിട്ടാനിടയുണ്ട്. മത്സരങ്ങളിൽ വിജയിക്കും. വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയങ്ങളിൽ ഉപരിപഠനം നടത്താൻ സാധിക്കുന്നതാണ്. വ്യാപാരാവശ്യങ്ങൾക്ക് വായ്പാ സൗകര്യം പ്രയോജനപ്പെടുത്തും. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ തടസ്സങ്ങൾ വന്നുചേരാം. ധനസ്ഥിതി മോശമാകില്ല. സാഹസങ്ങൾ ഒഴിവാക്കണം. ജീവിതശൈലീ രോഗങ്ങളെ നിസ്സാരീകരിക്കരുത്.

ആയില്യം: തെരഞ്ഞെടുപ്പുകളിൽ വിജയിക്കും. പ്രമുഖരുടെ പിന്തുണ പലകാര്യസാധ്യങ്ങൾക്കും ഗുണകരമാവും. വ്യവഹാരങ്ങളിൽ അനുകൂലഫലം പ്രതീക്ഷിക്കാം. ഭൂമിയിൽ നിന്നും ആദായം ഉണ്ടാകും. ഗൃഹനവീകരണത്തിന് മുതിരുന്നതാണ്. കുടുംബബന്ധങ്ങളിൽ ചില അനൈക്യങ്ങൾ തലപൊക്കിയേക്കും. ഉദ്യോഗസ്ഥർക്ക് പുതുസ്ഥാനലബ്ധി ഒരു സാധ്യതയാണ്. തീർത്ഥയാത്രകളിൽ താല്പര്യമേറും. നവീന സാങ്കേതികവിദ്യകൾ അഭ്യസിക്കുന്നതിന് അവസരം ലഭിക്കും. സാഹസങ്ങൾ ഒഴിവാക്കണം. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത വേണ്ടതുണ്ട്.

മകം: സദുദ്യമങ്ങളിൽ വിജയിക്കും. ആത്മവിശ്വാസം വർദ്ധിക്കുന്നതാണ്. തൊഴിൽ രംഗത്ത് നേട്ടങ്ങൾ വന്നുചേരും. പുതുതൊഴിലുകൾ തേടുന്നവർക്ക് ഗുണകരമായ മാസമാണ്. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കാൻ സാധിക്കും. ആഢംബര വസ്തുക്കൾ വാങ്ങും. കലാപ്രവർത്തനത്തിന് പുരസ്കാരങ്ങൾ ലഭിച്ചേക്കാം. പ്രതികൂലസാഹചര്യങ്ങളെ സമർത്ഥമായി മറികടക്കും. ഭൂമിയുടെ ക്രയവിക്രയത്തിൽ വിളംബം വന്നേക്കാം. വൈദ്യുതി, അഗ്നി, യന്ത്രം, വാഹനം ഇവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം.

പൂരം: ന്യായമായ ആഗ്രഹങ്ങൾ നിറവേറും. അസാധ്യം എന്നുകരുതിയവ വേഗം പൂർത്തിയാക്കും. അധികാരികളുടെ അംഗീകാരവും പ്രോൽസാഹനവും കൈവരും. തൊഴിലിൽ ചില പരീക്ഷണങ്ങൾ നടത്തും. പുതിയ ആദായമാർഗം തുറന്നുകിട്ടിയേക്കും. എന്നാൽ സാമ്പത്തികമായ അച്ചടക്കം അനിവാര്യമാണ്. വ്യവഹാരങ്ങൾക്ക് മുതിരരുത്. കുടുംബ ബന്ധങ്ങൾ ദൃഡമാകാൻ ചില വിട്ടുവീഴ്ചകൾ വേണ്ടി വരുന്നതാണ്. മാതാവിന്റെ ആരോഗ്യത്തിൽ ജാഗ്രത പാലിക്കണം

ഉത്രം: കർമ്മരംഗത്ത് ഉന്മേഷം പ്രകടമാവും. സ്വന്തമായി തൊഴിലിൽ ഏർപ്പെട്ടവർ സ്ഥാപനം നവീകരിക്കും. സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിക്കുവാൻ കഴിയും. വിദ്യാർത്ഥികൾക്ക് ഉന്നതവിജയം കരസ്ഥമാക്കാനാവും. ഉപരിപഠനാർത്ഥം അന്യദേശത്ത് പോകാൻ സാധ്യത കൂടുതലാണ്. ധനവരവ് മോശമാകില്ല. ഉത്രം നക്ഷത്രം കന്നിക്കൂറുകാർക്ക് ഭൂമിയിടപാടുകളിൽ നിന്നും നേട്ടം പ്രതീക്ഷിക്കാം. പ്രണയബന്ധം ഹൃദയബന്ധമാകാം. ഗൃഹത്തിൽ സമാധാനം പുലരുന്നതാണ്. അഷ്ടമരാഹു കേതുനക്ഷത്രത്തിൽ സ്ഥിതിചെയ്യുകയാൽ ആരോഗ്യത്തിൽ അലംഭാവമരുത്.

അത്തം: സുഹൃത്തുക്കളുടെ സഹായം പ്രയോജനപ്പെടും. പ്രയത്നങ്ങൾക്ക് നല്ല അംഗീകാരം കിട്ടും. പഠനവും ഗവേഷണവും പുരോഗമിക്കും. വൈജ്ഞാനിക യാത്രകൾക്ക് മുതിരും. ഒമ്പതാംഭാവത്തിലെ സൂര്യസ്ഥിതി പിതാവിന് ക്ലേശങ്ങൾ സൃഷ്ടിക്കാം. ഉപാസനകൾ തടസ്സപ്പെട്ടേക്കും. പ്രൊഫഷണലുകൾക്ക് ധാരാളം പുതിയ അവസരങ്ങൾ കൈവരാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. യുവാക്കളുടെ വിവാഹകാര്യത്തിൽ വിളംബമുണ്ടാകും. നവസംരംഭങ്ങൾക്ക് മുതൽ മുടക്കാൻ കാലം അനുഗുണമല്ല.

ചിത്തിര: നക്ഷത്രനാഥനായ ചൊവ്വയുടെ നീചസ്ഥിതി ആത്മശക്തിയെ തെല്ലുലയ്ക്കാം. ആത്മവിക്ഷോഭങ്ങളെ നിയന്ത്രിക്കുന്നതിൽ ക്ലേശിക്കാം. തൊഴിൽ പരമായി ഭാഗിക നേട്ടങ്ങൾ മാത്രം പ്രതീക്ഷിച്ചാൽ മതി. സ്വന്തം കാര്യങ്ങൾക്ക് എന്നതിലുപരി അന്യന്റെ കാര്യങ്ങൾക്ക് ഊർജ്ജവും സമയവും ചിലവഴിക്കും. സന്ധിസംഭാഷണങ്ങൾ വിജയകരമാവും. പഠനാർത്ഥം ദേശാന്തര യാത്രകൾക്ക് അവസരമൊരുങ്ങും. ചെറുപ്പക്കാരുടെ വിവാഹം തീരുമാനത്തിലെത്താം. ഭൂമിയുടെ ക്രയവിക്രയങ്ങളിൽ ലാഭം കുറഞ്ഞേക്കും.

ചോതി: പാർട്ണർഷിപ്പ് ബിസിനസ്സ് ലാഭകരമാവും. തൊഴിൽ വികസനത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് ശമ്പളവർദ്ധനവ് പ്രതീക്ഷിക്കാനാവും. സൽകാര്യങ്ങൾക്കായി യാത്രകൾ വേണ്ടിവരുന്നതാണ്. വിദ്യാഭ്യാസം പുതിയ വിതാനങ്ങളിലേക്ക് ഉയരും. കടബാധ്യത കുറയ്ക്കാനാവും. ചില ഭാഗ്യാനുഭവങ്ങൾ സന്തോഷമേകും. പാരിതോഷികങ്ങൾ ലഭിച്ചേക്കാം. വാഹനം സ്വന്തമാക്കാനുള്ള ശ്രമത്തിൽ വിജയിക്കും. പ്രണയബന്ധം സഫലമാകാം. കുടുംബജീവിതത്തിൽ ക്ഷേമൈശ്വര്യങ്ങൾ വന്നെത്തുന്നതായിരിക്കും.

വിശാഖം: സാമൂഹികരംഗത്ത് സജീവമാകും. നവമാധ്യമങ്ങളിൽ സക്രിയമായ സാന്നിധ്യം അറിയിക്കും. കുടുംബപ്രശ്നങ്ങൾ നയചാതുര്യത്തോടെ പരിഹരിക്കും. വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് നല്ല അവസരങ്ങൾ ലഭ്യമാകുന്നതാണ്. പുതുതൊഴിൽ തേടുന്നവർക്ക് തരക്കേടില്ലാത്ത അവസരങ്ങൾ വന്നെത്തുന്നതായിരിക്കും. നക്ഷത്രനാഥന് രാഹുയോഗം ഉള്ളതിനാൽ ആദർശത്തിന് വിരുദ്ധമായി പ്രവർത്തിക്കേണ്ട സാഹചര്യം ഉദിക്കാം. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതാണ്. എന്നാൽ ദുർവ്യയത്തിനും പ്രേരണകൾ ഭവിച്ചേക്കാം.

അനിഴം: ഉറച്ചതീരുമാനങ്ങൾ കൈക്കൊള്ളും. തൊഴിലിൽ അഭ്യുദയം കുറയുന്നത് വിഷമിപ്പിക്കും. അദ്ധ്വാനം അംഗീകരിക്കപ്പെടാത്തത് മാനസികസംഘർഷത്തിന് കാരണമാകാം. കുടുംബബന്ധങ്ങളുടെ ദൃഢത കുറയുന്നതായി തോന്നിയേക്കും. യാത്രകൾ ചെയ്യാൻ നിർബന്ധിതരാകും. പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തുന്നതിൽ വിജയിച്ചേക്കും. നവീനമായ സാങ്കേതികവിദ്യകൾ ഭംഗിയായി പ്രയോജനപ്പെടുത്തും. വരുമാനം കൊണ്ട് ചെലവുകൾ പരിമിതപ്പെടുത്തും. ആരോഗ്യപാലനത്തിൽ ജാഗ്രത വേണം.

തൃക്കേട്ട: വിദേശപഠനം, തൊഴിൽ എന്നിവയ്ക്ക് കാലം അനുകൂലമാണ്. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അംഗീകാരവും ആദരവും പ്രതീക്ഷിക്കാം. ഭൂമി- വസ്തു ഇടപാടുകളിൽ പ്രതീക്ഷിച്ച ലാഭം കിട്ടണമെന്നില്ല. ചില ഉപജാപങ്ങളെ പ്രതിരോധിക്കുന്നതിൽ വിജയിക്കും. വൃദ്ധജനങ്ങളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. നക്ഷത്രനാഥനായ ബുധന് മൗഢ്യം തീർന്നതിനാൽ ലക്ഷ്യം നേടുക കൂടുതൽ എളുപ്പമാവും. സാമ്പത്തികസ്ഥിതി കരകയറും.

മൂലം: ആറാം ഭാവത്തിലെ ആദിത്യസ്ഥിതി അനുകൂലമാണ്. അപ്രതീക്ഷിത വിജയങ്ങൾ വന്നുചേരും. എതിർചേരിയെ കർമ്മഗുണോജ്ജ്വലതകൊണ്ട് നിഷ്പ്രഭമാക്കും. പൊതുപ്രവർത്തകർക്ക് കൂടുതൽ അധികാരം സിദ്ധിക്കുന്നതാണ്. ദാമ്പത്യത്തിൽ അനുരഞ്ജന സമീപനം കൈക്കൊള്ളും. ഭൂമിയിടപാടുകൾക്ക് നല്ലകാലമല്ല. ജാമ്യം നിൽക്കുക തുടങ്ങിയവയ്ക്കും ഉചിത സന്ദർഭമല്ല. ജീവിതശൈലി രോഗങ്ങൾക്ക് ചികിൽസ വേണ്ടി വരാം. സാഹസകർമ്മങ്ങൾ ഒഴിവാക്കുകയാവും നല്ലത്.

പൂരാടം: നേട്ടങ്ങൾ ഉണ്ടാവുന്നതിനൊപ്പം ചില ക്ലേശങ്ങളും വരാം. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകുന്നതാണ്. രാഷ്ട്രീയ പ്രവർത്തകർക്ക് അണികളുടെ പിന്തുണ ലഭിക്കും. പൊതുക്കാര്യങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തും. പ്രേമഭാവന ചിറകുവിടർത്തും. സുഹൃൽ സമാഗമങ്ങളിൽ പങ്കെടുക്കുന്നതാണ്. കലാപ്രവർത്തനത്തിന് അനുകൂലമായ അന്തരീക്ഷം സംജാതമാകും. പഞ്ചമരാഹു ഉദരരോഗമുണ്ടാക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. അഷ്ടമകുജൻ മാനസികക്ലേശങ്ങൾ സൃഷ്ടിച്ചെന്നുവന്നേക്കും.

ഉത്രാടം: പഠനമികവും പരീക്ഷാവിജയവും ശ്ളാഘിക്കപ്പെടും. സാങ്കേതിക വിഷയങ്ങളിൽ ഉപരിവിദ്യാഭ്യാസാനുമതി സിദ്ധിക്കുന്നതാണ്. തൊഴിലില്ലാത്തവർക്ക് ദൂരസ്ഥലങ്ങളിൽ ജോലിസാധ്യത പ്രതീക്ഷിക്കാം. ഭൗതിക വാഞ്ഛകൾക്കൊപ്പം ആത്മിക താൽപര്യങ്ങളും പുലർത്തും. കുടുംബത്തിന്റെ പുരോഗതിക്കായി വ്യക്തിപരമായ ചില ഇഷ്ടങ്ങൾ വേണ്ടെന്നുവെക്കുന്നതാണ്. ഗൃഹനിർമ്മാണത്തിനുള്ള പ്രാഥമിക തയ്യാറെടുപ്പുകൾ നടത്തും. കിടപ്പ് രോഗികൾക്ക് ആശ്വാസമുണ്ടാകുന്നതാണ്.

തിരുവോണം: ആശയക്കുഴപ്പങ്ങൾ ഉണ്ടാവാം. കുടുംബാംഗങ്ങളെ യോജിപ്പിച്ച് കൊണ്ടുപോകുന്നതിൽ വിജയിക്കാനാവും. ചർച്ചകളിലൂടെ തൊഴിലിടത്തിൽ സമവായം സാധ്യമാവും. പഴയ വീടും പറമ്പും വിൽക്കാനുള്ള ശ്രമം തുടരുപ്പെടും. യാത്രകൾ ഗുണകരമാവുന്നതാണ്. കടബാധ്യതകൾ വിഷമിപ്പിച്ചേക്കും. ഊഹക്കച്ചവടത്തിൽ ചെറിയ നേട്ടം വനേക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയാവശ്യമാണ്.

അവിട്ടം: ജോലിത്തിരക്കുകൾ കൂടുന്നതാണ്. പ്രൊഫഷണലുകൾക്ക് കടുത്ത വെല്ലുവിളികൾ ഏറ്റെടുക്കേണ്ടതായി വന്നേക്കും. വസ്തുവ്യവഹാരങ്ങൾ ഇപ്പോൾ ഒഴിവാക്കുകയാവും ഉചിതം. വീടുവിട്ടു നിന്നവർക്ക് കുടുംബത്തോടൊപ്പം ചേരാനാവും. വിദേശത്ത് പോകാൻ തടസ്സങ്ങൾ നീങ്ങും. വായ്പ , ചിട്ടി ഇവയിലൂടെ ചില അത്യാവശ്യങ്ങൾ പരിഹരിക്കാൻ സാധിക്കും. ഉപരിപഠനം ആശിച്ചതുപോലെ തുടരാൻ കഴിയുന്നതാണ്. ഗൃഹാന്തരീക്ഷത്തിൽ ചിലപ്പോൾ കാളിമ പരന്നാലും സമയോചിതമായ സമീപനങ്ങളിലൂടെ അവ പരിഹരിക്കാനാവും.

ചതയം: വലിയ മുതൽ മുടക്കുകൾ കരുതലോടെ വേണം. കച്ചവടത്തിലെ സ്തംഭനാവസ്ഥക്ക് മാറ്റം വരുന്നതാണ്. ഔദ്യോഗിക യാത്രകൾ മൂലം നേട്ടങ്ങളുണ്ടാകും. സത്യസന്ധമായ കൃത്യനിർവഹണം അധികാരികളുടെ പ്രശംസ നേടും. വയോജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ തെല്ല് കുറയാം. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ശുക്രൻ പഞ്ചമഭാവത്തിൽ സഞ്ചരിക്കുകയാൽ മക്കൾക്ക് നല്ല അനുഭവം പ്രതീക്ഷിക്കാം. കലാകാരന്മാരുടെ ഭാവന സൃഷ്ടിപരമായേക്കും. ന്യായമായ ആവശ്യങ്ങൾക്ക് ധനം വന്നുചേരുന്നതാണ്.

പൂരുട്ടാതി: സാഹചര്യങ്ങളുടെ ആനുകൂല്യം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ചില നിലപാടുകൾ സ്വയം തിരുത്തേണ്ടതാണെന്ന് ബോധ്യമാകും. കരാർ ജോലികളുടെ നടത്തിപ്പിൽ വിജയിക്കും. തൊഴിൽ തേടുന്നവർ നിരാശപ്പെടേണ്ടി വരില്ല. പൊതുപ്രവർത്തകർ എതിർപ്പുകളെ മറികടക്കും. പ്രണയജീവിതത്തിൽ തടസ്സങ്ങൾ ഉണ്ടായേക്കാം. ബന്ധുക്കളുടെ പിന്തുണ പ്രതീക്ഷിച്ച വിധത്തിൽ ആവണമെന്നില്ല. കുടുംബജീവിതം നയിക്കുന്നവർക്ക് മനസ്സന്തോഷം വന്നുചേരുന്നതാണ്. ധനവരവ് മെച്ചപ്പെടും.

ഉത്രട്ടാതി: ഉന്നതചിന്തകൾ പുലർത്തുമ്പോഴും പ്രായോഗികതയിൽ പിന്നിലാവില്ല. കർമ്മരംഗത്തെ ചുമതലകൾ ഔൽസുക്യത്തോടെ നിർവഹിക്കും. കുടുംബപരമായ സന്തോഷങ്ങൾ മാനസികമായ കരുത്തുണ്ടാക്കും. ഗൃഹനവീകരണത്തിന് വായ്പകൾ പ്രയോജനപ്പെടുത്തും, മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. വിദ്യാഭ്യാസത്തിലെ നേട്ടങ്ങൾ പ്രശംസിക്കപ്പെടും. ആത്മവിശ്വാസം വർദ്ധിക്കുന്നതാണ്. സർക്കാരിന്റെ അനുമതി വേഗത്തിൽ നേടാനാവും.

രേവതി: പുതുസംരംഭങ്ങളുമായി മുന്നോട്ടുപോകും. നവമാധ്യമങ്ങളിൽ സജീവമാകും. ഉപരിപഠനം ആഗ്രഹിച്ച വിഷയങ്ങളിൽ നടത്താനാവും. പുതിയവാഹനം വാങ്ങാൻ തീരുമാനിക്കും. സുഹൃത്തുക്കളുടെ പിന്തുണ മാനസികോർജ്ജം പകരും. ഗാർഹികജീവിതത്തിൽ സന്തോഷം അനുഭവപ്പെടും. ഔദ്യോഗികരംഗത്ത് വളർച്ചയുണ്ടാകും. പിതൃസ്വത്ത് സംബന്ധിച്ച വ്യവഹാരങ്ങൾ / തർക്കങ്ങൾ അനുകൂലമായിത്തീരുന്നതാണ്. അവിവാഹിതരുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം പ്രതീക്ഷിക്കാം. സാമ്പത്തിക ക്ലേശങ്ങൾ കുറയുന്നതാണ്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Idavam month 2023 astrological predictions