“ബുധൻ സമം ബുദ്ധി” എന്ന ചൊല്ല് ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്നുണ്ട്. ബുദ്ധിയുടെ കാര്യത്തിൽ മാത്രമല്ല, ബുധൻ മനുഷ്യരുടെ ജീവിതത്തിൽ വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തുമെന്നാണ് ജ്യോതിഷികൾ അവകാശപ്പെടുന്നത്. ജീവിതത്തെ സ്വാധീനിക്കുന്ന പലമേഖലകളെ ബുധൻ പ്രതിനിധാനം ചെയ്യുന്നുണ്ട്.
മെർക്കുറി എന്ന് പാശ്ചാത്യർ വിളിക്കുന്ന ബുധൻ ഒരു പണ്ഡിതഗ്രഹമാണ്. ഗ്രഹങ്ങളുടെ അധികാരശ്രേണിയിൽ യുവരാജ പദവിയാണ് ബുധന് കല്പിച്ചിട്ടുള്ളത്. ചന്ദ്രന്റെയും താരയുടേയും മകനാണ് ബുധനെന്ന് പുരാണങ്ങളിലുണ്ട്. അതുകൊണ്ട് ചാന്ദ്രി, ഇന്ദുപുത്രൻ, താരേയൻ, സോമ്യൻ തുടങ്ങിയ പേരുകളുണ്ട്, ബുധന്. ഗ്രഹനിലയിൽ ‘ബു’ എന്ന അക്ഷരമാണ് ബുധനെ കുറിക്കുന്നത്.
പന്ത്രണ്ട് രാശികളിൽ മിഥുനം, കന്നി എന്നീ രാശികൾ രണ്ടും ബുധനുമായി ശക്തമായ ബന്ധമുള്ളവയാണ്. മിഥുനത്തിന് ബുധന്റെ സ്വക്ഷേത്രം എന്ന അവകാശമേയുള്ളു. എന്നാൽ കന്നിരാശി, ബുധന്റെ സ്വക്ഷേത്രം, മൂലക്ഷേത്രം, ഉച്ചക്ഷേത്രം എന്നിങ്ങനെ മൂന്നുതരത്തിൽ സവിശേഷതയർഹിക്കുന്ന രാശിയാണ്.
ഗ്രഹങ്ങളുടെ ഇടയിൽ മിത്രം, ശത്രു, സമൻ എന്നിങ്ങനെ മൂന്നുതരം ബന്ധമുണ്ട്. ബുധന്റെ സമനാണ് ശനി. എന്നാൽ ശനിയുടെ മിത്രമാണ് ബുധൻ. എഴുത്ത്, ഗണിതം, വാക്ക്, ആശയ വിനിമയം, അരങ്ങ് സംബന്ധിച്ച പ്രവർത്തനം, കളി, കൗശലം, എഞ്ചിനിയറിംഗ്, കമ്പ്യൂട്ടർ വിജ്ഞാനം, അനുകരണപരത, പ്രസംഗം, വിദ്യാഭ്യാസം, അമ്മാവൻ, ബന്ധുക്കൾ, ത്വക്ക്, വളർത്ത് പക്ഷികൾ എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ഗ്രഹമാണ് ബുധൻ.
“ബുധൻ സമം ബുദ്ധി” എന്ന ചൊല്ല് ബൗദ്ധിക കാര്യങ്ങളുടെ കാരകത്വവും ബുധനുണ്ടെന്നതിന്റെ സൂചനയാണ്. ഈ മാസത്തെ ബുധന്റെ സഞ്ചാരത്ത കൂടി അടിസ്ഥാനമാക്കി ഈ കാര്യങ്ങളെ കുറിച്ച് വിശദമാക്കാം. ഏതാണ്ട് ഈ വർഷം മാർച്ച് മാസം മുഴുവൻ ബുധൻ സൂര്യനുമായി അടുത്ത് സഞ്ചരിക്കുകയാൽ മൗഢ്യം (Combust) എന്ന ദോഷത്തിലുമാണ്. ഫലനിർണയത്തിൽ ഇതും പ്രധാനമാണ്. ബുധന്റെ നക്ഷത്രങ്ങളാണ് ആയില്യം, തൃക്കേട്ട, രേവതി എന്നിവ.
2023 ഫെബ്രുവരി 7 ന് (1198 മകരം 24 ന്) ബുധൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് സംക്രമിക്കുന്നു. ഫെബ്രുവരി 27 ന് ( കുംഭം 15 ന് ) കുംഭം രാശിയിലേക്കും പകരുന്നു. മാർച്ച് 16 (മീനമാസം 2 ) വരെ ബുധൻ അവിടെ തുടരുന്നു. ബുധൻ കന്നിരാശിയിലെ ഉച്ചസ്ഥിതി കഴിഞ്ഞ് തുലാം മുതൽ കുംഭം വരെയുള്ള രാശികളിൽ സഞ്ചരിക്കുമ്പോൾ ‘അവരോഹി’ എന്ന അവസ്ഥയിലാണ്. മീനം രാശി ബുധന്റെ നീചരാശിയാണെന്നത് പ്രസ്താവ്യമാണ്. ഉച്ചത്തിൽ നിന്നും നീചത്തിലേക്കുള്ള ഗ്രഹങ്ങളുടെ രാശിചക്രഭ്രമണത്തെ അവരോഹി അഥവാ അവരോഹണാവസ്ഥയിൽ ഉള്ള സ്ഥിതി എന്നിങ്ങനെ വിശേഷിപ്പിക്കാറുണ്ട്. ബുധൻ തരുന്ന ഫലത്തെ ഇക്കാര്യവും സ്വാധീനിക്കാറുണ്ട് എന്നതും ശ്രദ്ധിക്കേണ്ടതാണ്.