2023 മാർച്ച് 15 നായിരുന്നു മീനം ഒന്നാം തീയതി. ഏപ്രിൽ 14 ന് മീനമാസം അവസാനിക്കുന്നു. (31 ദിവസം). മീനമാസത്തിൽ സൂര്യനും വ്യാഴവും മീനത്തിൽ സഞ്ചരിക്കുന്നു. ശനി കുംഭത്തിലും രാഹുവും ശുക്രനും മേടത്തിലും കേതു തുലാത്തിലും തുടരുന്നു. ചൊവ്വ, മാസം മുഴുവൻ മിഥുനത്തിലുണ്ട്. ബുധൻ മീനം രണ്ട് മുതൽ 17 വരെ മീനത്തിലും തുടർന്ന് മേടത്തിലുമായി സഞ്ചരിക്കുന്നു.
ശുക്രൻ മീനമാസം അവസാന ആഴ്ചയിൽ ഇടവത്തിലോട്ട് പകരുന്നു. ചന്ദ്രൻ മീനം ഒന്നിന് തൃക്കേട്ടയിൽ;ലഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി മാസാന്ത്യം ഉത്രാടത്തിലും എത്തുന്നു. മീനം രണ്ട് മുതൽ 17 വരെ ബുധൻ നീചത്തിലും മൗഢ്യത്തിലുമാണ്. മീനം 17 മുതൽ ഗുരുവിന്റെ മൗഢ്യവും തുടങ്ങുന്നു.
ഇപ്രകാരമുള്ള സൂര്യാദി നവഗ്രഹങ്ങളുടെ വിവിധ രാശിസ്ഥിതികളെ അടിസ്ഥാനപ്പെടുത്തി അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രജാതരെ എങ്ങനെ സ്വാധീനിക്കുന്നു, ഇക്കാലയളവിലെ പ്രധാനപ്പെട്ട ഫലങ്ങൾ എന്തൊക്കെയാവാം എന്ന് ജ്യോതിഷത്തെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുന്നു.
അവിട്ടം: കഴിഞ്ഞ ഒരു വർഷമായി അവിട്ടം നക്ഷത്രത്തിൽ തുടർന്ന ശനി ചതയത്തിലേക്ക് മാറുന്നു. അമിതാദ്ധ്വാനം, ഭയാശങ്കകൾ, ധനക്ലേശം, മറ്റ് സമ്മർദ്ദങ്ങൾ എന്നിവ ഒഴിഞ്ഞുകിട്ടും. സന്തോഷാനുഭവങ്ങൾ വന്നെത്തും. പുതുസംരംഭങ്ങളിൽ വിജയിക്കും. തൊഴിൽ തേടുന്നവർക്ക് ശുഭവാർത്തയെത്തും. നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന മാസമാണ്. കുടുംബബന്ധങ്ങൾ ഊഷ്മളമാകാം. മകരക്കൂറിലെ അവിട്ടം നാളുകാർക്ക് മെച്ചപ്പെട്ട പദവികൾ ലഭിക്കുവാൻ സാധ്യത കാണുന്നു.
ചതയം: ശനി 28/29 വർഷങ്ങൾക്ക് ശേഷം നിങ്ങളുടെ ജന്മനക്ഷത്രത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ശരാശരി ഒരു വർഷത്തിലധികം ശനി ഒരു നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു. ചെറുതും വലുതുമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരാം. ഊർജ്ജവും ശക്തിയും പെട്ടെന്ന് ചോർന്ന് പോകുന്നതായി തോന്നാം. ആലസ്യം നമ്മെ ഭരിക്കാം. ശരിതെറ്റുകളെക്കുറിച്ച് വിവേകം നഷ്ടപ്പെടാം. ആശങ്കയെക്കാൾ ജാഗ്രതയാണ് വേണ്ടത്. ധനപരമായി മെച്ചപ്പെട്ട സ്ഥിതി തുടരുന്നതായിരിക്കും. പരീക്ഷയിൽ, പഠനത്തിൽ ശ്രദ്ധ കൂടുതൽ വേണ്ടതുണ്ട്. ആരോഗ്യ പരിശോധനകളിൽ മാന്ദ്യം നന്നല്ല.
പൂരുരുട്ടാതി: സൂര്യനും ബുധനും വ്യാഴവും ജന്മരാശിയിലുണ്ട്. വിപരീത ഫലങ്ങൾ സൃഷ്ടിക്കപ്പെടാം. രോഗങ്ങൾ പിടിപെടാനുള്ള സാധ്യത ഉള്ളതിനാൽ കരുതൽ വേണം. കാര്യനേട്ടം പതുക്കെയാവും. ചിലപ്പോൾ ബുദ്ധിപരമായി എടുക്കേണ്ട തീരുമാനങ്ങൾ ഹൃദയം കൊണ്ട് കൈക്കൊള്ളുന്നതിന്റെ പ്രശ്നങ്ങൾ ഉദയം ചെയ്യാം. വരവ് മോശമാവില്ല. കലാപ്രവർത്തനത്തിൽ വിജയിക്കാം. തീരുമാനങ്ങൾക്ക് മുൻപുള്ള കൂടിയാലോചനകൾ ഒഴിവാക്കരുത്.
ഉത്രട്ടാതി: ജന്മനക്ഷത്രത്തിലും മുൻ,പിൻ നക്ഷത്രങ്ങളിലും ഗ്രഹങ്ങൾ നിൽക്കുന്നതും സഞ്ചരിക്കുന്നതും മാനസിക സംഘർഷത്തിന് കാരണമാകാം. ഏകാഗ്രത നഷ്ടപ്പെട്ടേക്കും. ലക്ഷ്യത്തിൽ നിന്നും പിന്നോട്ടുപോകാനിടയുണ്ട്. അലച്ചിലേറും. മത്സരങ്ങളിൽ പരാജയഭീതി വരാം. രണ്ടാമെടത്തിലെ രാഹു-ശുക്രയോഗം വാഗ്വാദം, അമിതസംഭാഷണം , പണവരവ്, മുഖരോഗങ്ങൾ, ‘മുഖം മിനുക്കുക ‘ എന്ന ശൈലീപ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്ന കാര്യങ്ങൾ എന്നിവയ്ക്കൊക്കെ സാഹചര്യമൊരുക്കാം.
രേവതി: പ്രതീക്ഷിച്ച കാര്യങ്ങൾ നീണ്ടുപോകാം. എന്നാൽ ആകസ്മികമായ പലതും നടന്നേക്കാം. പൊതുജനമധ്യത്തിൽ കലാവാസനയും കഴിവുകളും ആദരിക്കപ്പെട്ടാൽ അദ്‌ഭുതപ്പെടാനില്ല. പുതിയ ചുമതലകൾ വന്നെത്തും. വിദേശജോലിയ്ക്കുള്ള നിയമനോത്തരവ് കൈവരുന്നതാണ്. കൃത്യനിർവഹണം കഠിനമായിത്തീർന്നേക്കും. ചെലവ് കൂടുന്നത് ആശങ്കയുണർത്തും. അവിവാഹിതരുടെ കാര്യത്തിൽ ചില ശുഭതീരുമാനങ്ങൾ ഉണ്ടായെന്നു വരാം. ആരോഗ്യപരമായി ജാഗ്രത വേണം.