/indian-express-malayalam/media/media_files/uploads/2023/05/june-horoscope-2.jpg)
June 2023 Horoscope - Astrological Predictions for stars Aswathi to Ayilyam
June Month 2023 Astrological Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: 2023 ജൂൺ ഒന്നാം തീയതി വരുന്നത് 1198 ഇടവം 18 വ്യാഴാഴ്ചയാണ്. മിഥുനം 15 വരെ ജൂൺ മാസം തുടരുന്നു. സൂര്യൻ ഇടവം- മിഥുനം രാശികളിൽ സഞ്ചരിക്കുന്നു. രോഹിണി, മകയിരം, തിരുവാതിര എന്നീ ഞാറ്റുവേലകളുണ്ട്, ഇതിൽ. ജൂൺ ഒന്നിന് ചന്ദ്രൻ ചിത്തിരയിലും ജൂൺ മുപ്പതിന് ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി വിശാഖത്തിലുമാണ്. ജൂൺ 7 ന് ബുധൻ ഇടവത്തിലും 24 ന് മിഥുനത്തിലും പ്രവേശിക്കുന്നു. ചൊവ്വ കർക്കടകത്തിൽ തുടരുകയാണ്. ജൂൺ 19 ന് ശനിക്ക് വക്രഗതി തുടങ്ങുന്നു.
രാഹു, വ്യാഴം എന്നിവ മേടത്തിലും കേതു തുലാത്തിലും ശുക്രൻ കർക്കടകത്തിലും സഞ്ചരിക്കുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ ആശ്വതി മുതൽ ആയില്യം വരെയുള്ള ആദ്യ ഒന്‍പതു നാളുകാരുടെ 2023 ജൂൺ മാസത്തിലെ അനുഭവങ്ങൾ എന്തായിരിക്കുമെന്നുള്ള അന്വേഷണവും വിശകലനവുമാണ് ഇവിടെ അവതരിപ്പിക്കുന്നത്.
Astrological Predictions for Aswathi: അശ്വതി
രാശിനാഥൻ ആയ ചൊവ്വ നീചാവസ്ഥയിൽ നാലിൽ തുടരുകയാൽ ആത്മാഭിമാനത്തിന് ഭംഗം വരാം. വീടു വിട്ടുനിൽക്കേണ്ട സാഹചര്യം ഉരുത്തിരിഞ്ഞേക്കാം. സാമ്പത്തികമായി നേട്ടങ്ങൾ തന്നെയാവും വരിക. പാരമ്പര്യ വസ്തുക്കളിൽ നിന്നും ലാഭം പ്രതീക്ഷിക്കാം. ബുധൻ രണ്ടാമെടത്തേക്ക് വരികയാൽ വിദ്യാഗുണം, പ്രതീക്ഷിച്ച വിഷയങ്ങളിൽ ഉപരിപഠനം എന്നിവയുണ്ടാവും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിക്കുന്നതാണ്. സർക്കാരിൽ നിന്നുമുള്ള അനുമതി, ആനുകൂല്യങ്ങൾ എന്നിവ മാസമദ്ധ്യം വരെ കാത്തിരിക്കേണ്ടി വന്നേക്കും. ആരോഗ്യപ്രശ്നങ്ങളിൽ ജാഗ്രത അനിവാര്യമാണ്.
Astrological Predictions for Bharani: ഭരണി
നക്ഷത്രനാഥൻ ആയ ശുക്രൻ മാസം മുഴുവൻ ചൊവ്വയുമായി ചേർന്ന് സഞ്ചരിക്കുകയാൽ ഗുണാനുഭവങ്ങൾ തെല്ല് മങ്ങാം. പിന്നീട് വേണ്ടിയിരുന്നില്ലെന്ന് തോന്നാവുന്ന ചില കൂട്ടുകെട്ടുകൾ ഭവിക്കാം. പഠനമികവ് ആദരം നേടുന്നതാണ്. ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശം ലഭിക്കും. ധനപരമായി നേട്ടങ്ങൾ ഉണ്ടാവും. കിട്ടേണ്ട പണം വന്നുചേരും. മുതിർന്നവരുടെ ആരോഗ്യകാര്യത്തിൽ മാസം പകുതിയോടെ നേരിയ ആശ്വാസം അനുഭവപ്പെടുന്നതാണ്. സ്ഥലം മാറ്റം അനുകൂലമായിത്തീരാം. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ പുരോഗതിയുണ്ടാവും
Astrological Predictions for Karthika: കാർത്തിക
ജന്മസൂര്യൻ അലച്ചിലിനും നിഷ്പ്രയോജന യാത്രകൾക്കും കാരണമാകാം. ബുധൻ ജന്മരാശിയിൽ പ്രവേശിക്കുന്നതിനാൽ ബന്ധുക്കളാൽ ചില പ്രശ്നങ്ങൾ ഉദയം ചെയ്യാം. കർമ്മരംഗത്ത് മുന്നേറ്റം ഉണ്ടാകുന്നതാണ്. വ്യാപാരത്തിൽ ചില നവീകരണങ്ങൾ നടത്തും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വിളംബം അരുത്. തൊഴിൽ തേടുന്നവർക്ക് അന്യനാട്ടിൽ നല്ല അവസരം ഉണ്ടാകുന്നതാണ്. കരാർ പണികൾ പുതുക്കിക്കിട്ടും. ദിവസവേതനം ഉയർന്നേക്കും. സൽകർമ്മങ്ങൾക്കായി ചെലവുണ്ടാകാം. വിവാഹ തീരുമാനത്തിൽ പുനരാലോചനകൾ വേണ്ടിവരാം.
Astrological Predictions for Rohini: രോഹിണി
ജോലിസംബന്ധിച്ച തിരക്കുകൾ വർദ്ധിക്കാം. യാത്രകളും അലച്ചിലും കൂടിയേക്കും. പ്രതീക്ഷിച്ച സ്ഥാനക്കയറ്റം വൈകാനിടയുണ്ട്. കുടുംബത്തിൽ നിന്നും പുറത്തു നിന്നും വലിയതോതിലുള്ള പിന്തുണ ലഭിച്ചേക്കാം. വിദ്യാഭ്യാസപരമായി കാലം അനുകൂലമാണ്. ഗവേഷകർക്ക് ഉയർന്ന ബിരുദം നേടാൻ സാധിക്കും. പിതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണ്ട കാലമാണ്. അധികാരികളുമായി തർക്കങ്ങൾക്ക് മുതിരാതിരിക്കുന്നതാണ് കാമ്യം. സാമ്പത്തികമായി മെച്ചം വരുമെങ്കിലും ചെലവിന്റെ കാര്യത്തിൽ നിയന്ത്രണം അനിവാര്യമാണ്.
Astrological Predictions for Makayiram: മകയിരം
മൂല്യാധിഷ്ഠിതജീവിതം ആദർശമാണെങ്കിലും ചില മാർഗഭ്രംശങ്ങൾ അനിവാര്യമാകും. കൂട്ടുകെട്ടുകളുടെ പേരിൽ ചെറുപ്പക്കാർ പഴി കേൾക്കാം. വിദ്യാഭ്യാസപരമായി ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാകാനിടയുണ്ട്. തൊഴിലിൽ ഉത്തരവാദിത്വമേറും. എന്നാൽ അത് നിർവഹിക്കുന്നതിൽ മാനസികക്ലേശം ഭവിക്കും. നിക്ഷേപങ്ങളിൽ നിന്നും ആദായം വർദ്ധിച്ചേക്കും. എന്നാൽ ചെലവ് അനിയന്ത്രിതമാകാനിടയുണ്ട്. ആരോഗ്യപരമായി വളരെ ജാഗ്രത വേണം. പൊതുവേ ഗുണദോഷസമ്മിശ്രമായ സമയമാണ്. സാഹസങ്ങൾ ഒഴിവാക്കണം. ഊഹക്കച്ചവടത്തിൽ സൂക്ഷ്മതയുണ്ടാവണം
Astrological Predictions for Thiruvathira: തിരുവാതിര
രണ്ടാം ഭാവത്തിലെ ശുക്ര- കുജ സ്ഥിതി കാരണം ചിലപ്പോൾ പരുഷമായും ചിലപ്പോൾ മധുരമായും സംസാരിക്കും. ക്രയവിക്രയങ്ങളിൽ ലാഭത്തിനാണ് മുൻതൂക്കം. എന്നാൽ സർക്കാർ കാര്യങ്ങളിൽ ശ്രദ്ധവേണം. പ്രതീക്ഷിച്ച അനുമതികൾ വൈകാം. ഭൂമിയിടപാടുകൾ നടന്നുകിട്ടുമെങ്കിലും നിയമപ്രശ്നങ്ങളിൽ കുരുങ്ങാനിടയുണ്ട്. കുടുംബകാര്യങ്ങൾ സന്തോഷപ്രദമാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്. മക്കളുടെ വിദ്യാഭ്യാസത്തിൽ പുരോഗതി സിദ്ധിക്കും. പ്രണയബന്ധങ്ങളിൽ ഹൃദയൈക്യം വന്നേക്കും.
Astrological Predictions for Punartham: പുണർതം
ചടുലമായ തീരുമാനങ്ങൾ കൈക്കൊള്ളും. മുൻപിൻനോക്കാതെ അവ പ്രാവർത്തികമാക്കുകയും ചെയ്യും. വ്യാപാരകാര്യങ്ങളിൽ പുതിയ അവസരങ്ങൾ തുറന്നുകിട്ടും. അന്യദേശ യാത്രകൾ വിജയപ്രദമാകുന്നതാണ്. ഊഹക്കച്ചവടത്തിൽ ലാഭം ഉണ്ടാകുന്നതാണ്. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റത്തിന് വിളംബം ഭവിച്ചേക്കാം. ഗവൺമെന്റ് കാര്യങ്ങളിൽ പൊതുവേ തടസ്സങ്ങൾ വന്നെത്തിയേക്കും. സഹപ്രവർത്തകരുടെ പിന്തുണ ദുർബലമാകുന്നതാണ്. തർക്കങ്ങൾക്ക് മുതിരാതിരിക്കുകയാവും കരണീയം. വയോജനങ്ങളുടെ ആരോഗ്യപരിപാലനത്തിൽ ജാഗ്രത വേണം.
Astrological Predictions for Pooyam: പൂയം
ജൂൺ ആദ്യവാരത്തിനുശേഷം ചൊവ്വ പൂയത്തിൽ നിന്നും മാറുന്നത് ആശ്വാസമാകും. ശാരീരികക്ലേശങ്ങൾ കുറയും. മാനസികമായ അസ്വസ്ഥതകൾ നീങ്ങും. സമ്മർദ്ദങ്ങളില്ലാതെ കൃത്യനിർവഹണത്തിൽ മുഴുകാനാവും. സാമ്പത്തിക സ്ഥിതി സമ്മിശ്രമായിരിക്കുന്നതാണ്. തൊഴിലിൽ പുരോഗതി വന്നുചേരും. വിദ്യാർത്ഥികൾക്ക് ഇച്ഛയനുസരിച്ച് പഠന വിഷയങ്ങൾ തെരഞ്ഞെടുക്കാനായേക്കും. ഉപാസനാദികളിൽ വിഘ്നം വരിനിടയുണ്ട്. തീർത്ഥാടനത്തിനുള്ള തീരുമാനം പിന്നീടത്തേക്ക് നീട്ടാം. വാഹനയാത്രയിൽ ജാഗ്രത അനിവാര്യം. കലഹപ്രേരണകളെ നിയന്ത്രിക്കേണ്ടതുണ്ട്.
Astrological Predictions for Ayilyam: ആയില്യം
ഉദ്യോഗസ്ഥർക്ക് ഉയർച്ചയുണ്ടാകും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് കരാറുകളിൽ നിന്നും ലാഭം വന്നുചേരുന്നതാണ്. ഗൃഹം വൈദ്യുതീകരിക്കാനോ അടുക്കള പുതുക്കാനോ ശ്രമം തുടങ്ങും. പണം മുടക്കിയുള്ള വ്യാപാരസംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. സാമ്പത്തികസ്ഥിതി മോശമാകാം. മിതവ്യയം ജീവിതത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ഇഷ്ടവിഷയങ്ങൾ ലഭിക്കാൻ സാധ്യത കുറഞ്ഞേക്കും. കുടുംബകാര്യങ്ങളിൽ ചില സമ്മർദ്ദങ്ങൾ ഉയരാം. വൈകാരിക സമീപനം ശത്രുക്കളെ സൃഷ്ടിക്കാനിടയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.