scorecardresearch

Horoscope 2022 August: ആഗസ്റ്റ് മാസത്തെ ഫലങ്ങൾ സമ്പൂര്‍ണ്ണം

Horoscope Astrology predictions for the Month of August 2022 in Malayalam: ആഗസ്റ്റ് മാസത്തെ ഗ്രഹനില മുൻ നിർത്തി അശ്വതി മുതൽ രേവതി വരെ 27 നാളുകാരുടെയും പ്രധാന ഫലങ്ങൾ

Horoscope 2022 August: ആഗസ്റ്റ് മാസത്തെ ഫലങ്ങൾ സമ്പൂര്‍ണ്ണം
Horoscope 2022 August: ഓഗസ്റ്റ്‌ മാസം നിങ്ങൾക്കെങ്ങനെ? Astrological predictions for August 2022

Horoscope Astrology predictions for the Month of August 2022 in Malayalam: വ്യാഴം മീനത്തിൽ തുടരുന്നു. ശനി വക്രഗതിയായി മകരത്തിലുണ്ട്. രാഹു മേടം രാശിയിലും കേതു തുലാം രാശിയിലും സഞ്ചരിക്കുന്നു. ആഗസ്റ്റ് 10 ന് ചൊവ്വ മേടത്തിൽ നിന്നും ഇടവത്തിലേക്ക് സംക്രമിക്കുന്നു. സൂര്യൻ ആഗസ്റ്റ് 16 വരെ കർക്കടകം രാശിയിൽ, തുടർന്ന് ചിങ്ങം രാശിയിൽ. ബുധൻ ചിങ്ങത്തിലും കന്നിയിലുമായിട്ടാണ് സഞ്ചാരം. ശുക്രൻ മിഥുനത്തിൽ. ആഗസ്റ്റ് ഒന്നിന് ചന്ദ്രൻ പൂരത്തിൽ, 31 ന് ചിത്തിരയിലും. ഇതാണ് ആഗസ്റ്റ് മാസത്തെ ഗ്രഹനില.

ഇവയെ മുൻ നിർത്തി അശ്വതി മുതൽ രേവതി വരെ 27 നാളുകാരുടെയും ആഗസ്റ്റ് മാസത്തെ പ്രധാന ഫലങ്ങൾ അവലോകനം ചെയ്യാം.

Horoscope 2022 August: അശ്വതി മുതൽ രേവതി വരെ 27 നാളുകാരുടെയും ആഗസ്റ്റ് മാസത്തെ പ്രധാന ഫലങ്ങൾ

അശ്വതി:- ചൊവ്വയും രാഹുവും ജന്മനക്ഷത്രത്തിലും ഭരണിയിലുമായി സഞ്ചരിക്കുന്നത് പലതരം സമ്മർദ്ദങ്ങൾക്ക് കാരണമായിട്ടുണ്ട്. ആഗസ്റ്റ് 10 ന് ചൊവ്വ രാശിമാറുന്നത് അശ്വതി നാളുകാർക്ക് ഗുണകരമാണ്. ദുരിതപ്പെയ്ത്തിന് കുറച്ചെങ്കിലും ശമനം ഉണ്ടാകും. പ്രവൃത്തിമണ്ഡലത്തിൽ ദിശാബോധം കൈവരും. സാമ്പത്തിക സ്ഥിതി ഉയരാം. പുതിയ പദ്ധതികൾ നന്നായി സാക്ഷാൽക്കരിക്കാനാവും. ഹൃദയബന്ധങ്ങൾ ഊഷ്മളമാകും. അധികാരികളുടെ അംഗീകാരം ആത്മവിശ്വാസം ഉയർത്തും. സൽക്കർമ്മങ്ങൾ നിർവഹിക്കും.

ഭരണി:- ആദ്യ രണ്ടാഴ്ച സമ്മർദ്ദങ്ങൾ അധികരിക്കും. ചൊവ്വയും രാഹുവും വ്യക്തിത്വത്തെ ദുർബലമാക്കും. യാത്രകളിൽ കരുതൽ വേണം. സാഹസങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. ശത്രുക്കൾ തലപൊക്കുന്ന സമയമാണ്. കണ്ടകശനി മൂലം പ്രവർത്തന മേഖല ഒട്ടും ഊർജ്ജദായകമാവില്ല. സകുടുംബം നടത്താനിരുന്ന യാത്രകൾ വേണ്ടെന്ന് വെച്ചേക്കും.

കാർത്തിക:- ക്ഷിപ്രകോപത്തെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ധനപരമായി അല്പം ഗുണമുള്ള കാലമാണ്. രാഷ്ട്രീയക്കാർക്ക് പുതിയ കേന്ദ്രങ്ങളിൽ നിന്നും പിന്തുണ ലഭിക്കും. വയോജനങ്ങളുടെ ആരോഗ്യം കുറച്ചൊന്ന് ഭേദപ്പെടും. ഉപരിപഠനത്തിനായി യാത്ര ചെയ്യേണ്ടി വരാം. വിദേശത്തുള്ളവർക്ക് നാട്ടിൽ മടങ്ങാൻ അനുവാദം ലഭിക്കുന്നതായിരിക്കും.

രോഹിണി:- പൈതൃകസ്വത്തിനെ സംബന്ധിച്ച വ്യവഹാരത്തിൽ അനുകൂലമായ വിധിയുണ്ടാവാം. കലാരംഗത്തുള്ളവർക്ക് പാരിതോഷികം ലഭിക്കും. കുടുംബബന്ധങ്ങൾ ഊഷ്മളമായിത്തീരും. യുവജനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. തൊഴിൽ തേടുന്നവർക്ക് അനുകൂലമാസമാണ്. കച്ചവടക്കാർ വിപുലീകരണ തന്ത്രങ്ങൾ മെനയും . ദാമ്പത്യം ഊഷ്മളമാകും.

മകയിരം:- ഉദ്യോഗസ്ഥർക്ക് ലക്ഷ്യനിർവഹണം കഠിനമായിത്തീരാം. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ / ഉപരിപഠനത്തിൽ ചില ആശങ്കകൾ ഉയർന്നേക്കും. പ്രൊഫഷണലുകൾക്ക് പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതായി വരും. പ്രത്യുല്പന്നമതിത്വം കൊണ്ട് ചില അപകടം പിടിച്ച സാഹചര്യങ്ങളെ മറികടക്കും. മക്കളുടെ ശ്രേയസ്സിനായി മികച്ച പദ്ധതികൾ ആസൂത്രണം ചെയ്യും. കിടപ്പ് രോഗികൾക്ക് ചികിത്സാ രീതിയിലെ മാറ്റം അനുകൂലമായിരിക്കും.

തിരുവാതിര:- സാമ്പത്തിക ഞെരുക്കത്തിന് തെല്ല് അയവ് വരുന്നതാണ്. ഉദ്യോഗസ്ഥലത്ത് അംഗീകാരവും ആദരവും ലഭിക്കും. ഹൃദയബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകും. സിനിമ, നാടകം, സംഗീതം എന്നിവ ആസ്വദിക്കാൻ സന്ദർഭം ലഭിക്കുന്നതായിരിക്കും. കരാർ പണികൾ പുതുക്കിക്കിട്ടും. രണ്ടാംപകുതിയിൽ ചൊവ്വ പന്ത്രണ്ടിൽ വരികയാൽ അഗ്നിഭയം, ആയുധഭയം എന്നിവയ്ക്ക് സാധ്യതയുണ്ട്. വാഹനം സൂക്ഷിച്ച് കൈകാര്യം ചെയ്യണം. സാഹസങ്ങളിൽ നിന്നും അകാലചര്യയിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയും വേണം.

പുണർതം:- ആത്മശക്തി ഉയരും. പ്രതികൂലതകളിൽ അചഞ്ചലമായ മനസ്സാന്നിദ്ധ്യം പ്രകടമാക്കും. ധനവിനിമയം സുഗമമാകും. കച്ചവടക്കാർക്ക് ആദായം വർദ്ധിക്കുന്നതാണ്. ഉദരരോഗത്തിനുള്ള ചികിത്സ ഫലപ്രദമായേക്കും. വിദേശത്ത് നിന്നും ചില കരാറുകൾ പുതുക്കിക്കിട്ടും. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളെ നീക്കുപോക്കുകളിലൂടെ പരിഹരിക്കും. യാത്രകൾ നേട്ടങ്ങൾക്ക് കാരണമാകുന്നതായിരിക്കും.

പൂയം:- കർമ്മമേഖലയിൽ നവ്യങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്യും. സുഹൃത്തുക്കളിൽ നിന്നും ശക്തമായ പിന്തുണയുണ്ടാകും. ഊഹക്കച്ചവടത്തിൽ നേട്ടങ്ങൾ കാണുന്നു. ഗുരുജനങ്ങളെ സന്ദർശിച്ച് അവരുടെ അനുഗ്രഹം നേടും. ഭാഗ്യാനുഭവങ്ങൾ തുടരുന്നതായിരിക്കും. കുടുംബത്തോടൊപ്പമുള്ള തീർത്ഥാടനത്തിന് യോഗം കാണുന്നു. കണ്ടക ശനിക്കാലമാകയാൽ ക്രയവിക്രയങ്ങളിൽ അമളി പറ്റാനിടയുണ്ട്. ഒരുകാര്യത്തിലും അലംഭാവവും അശ്രദ്ധയുമരുത്.

ആയില്യം:- ശരീരത്തിന് ആയാസമുണ്ടാകും. നിക്ഷേപങ്ങൾ പുന:ക്രമീകരിക്കാൻ മുതിരും. ബന്ധുക്കളുടെ സഹകരണം നിരന്തരമായി ലഭിക്കും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് ചെറിയ നേട്ടങ്ങളെങ്കിലും വന്നുചേരാതിരിക്കില്ല. മാസത്തിന്റെ രണ്ടാം പകുതിയിൽ ചൊവ്വ പതിനൊന്നിൽ വരുന്നതിനാൽ ഭൂമിയിൽ നിന്നുള്ള വരുമാനം വർദ്ധിക്കാൻ സാധ്യതയുണ്ട്. വ്യവഹാരങ്ങളിൽ വിജയിക്കും. ആരോഗ്യപരമായി സമ്മിശ്രമായ ഫലങ്ങൾ കാണുന്നു.

മകം:- ജോലിയിൽ ആദരവും കീർത്തിയും ഭവിക്കും. ഋണബാധ്യതയ്ക്ക് പരിഹാരം കണ്ടെത്തും. വ്യക്തമായ പദ്ധതികൾ ആവിഷ്ക്കരിച്ച് മുന്നോട്ട് പോകും. എതിരാളികളുടെ സമ്മർദ്ദങ്ങളെ തന്ത്രപൂർവ്വം കൈകാര്യം ചെയ്യും. പ്രൊഫഷണലുകൾക്ക് പുതിയ ജോലി ലഭിക്കും. വിദ്യാർത്ഥികൾ പഠനമികവ് കാട്ടും. വയോജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ മുഴുകും. വിദേശത്ത് പോകാൻ താല്പര്യപ്പെടുന്നവർക്ക് അതിന് അവസരമുണ്ടാകുന്നതായിരിക്കും.

പൂരം:- പ്രതിബന്ധങ്ങളെ അതിജീവിക്കാൻ കുറച്ചധികം ഊർജ്ജം ചെലവഴിക്കേണ്ടതായി വരും. സജ്ജനങ്ങളുടെ വിരോധം സമ്പാദിക്കാനിടയുണ്ട്. പ്രതീക്ഷിച്ച സഹായം സമയത്ത് വന്നെത്തണമെന്നില്ല. കുടുംബജീവിതത്തിൽ കൂടുതൽ ആബദ്ധരാകും. മംഗളകർമ്മങ്ങൾ, ദൈവിക കാര്യങ്ങൾ എന്നിവയിൽ ഭാഗഭാക്കാകും. മാസത്തിന്റെ രണ്ടാം പകുതിയിൽ അലച്ചിലും സമയനഷ്ടവും ഭവിക്കും. ആരോഗ്യപരിശോധനകൾ നീട്ടിവെക്കരുത്.

ഉത്രം:- ഗൃഹം മോടിപിടിപ്പിക്കാൻ ധാരാളം പണം ചെലവ് ചെയ്യും. അയൽപക്കങ്ങളുമായി വാഗ്വാദത്തിൽ ഏർപ്പെടാൻ ഇടകാണുന്നു. ചെറുകിട കച്ചവടക്കാർക്കും കരാർ പണികൾ ചെയ്യുന്നവർക്കും ന്യായമായ വരുമാനം വന്നുചേരുന്നതായിരിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് കിടമത്സരങ്ങളെ അഭിമുഖീകരിക്കേണ്ട സാഹചര്യം ഉദയം ചെയ്യും. പ്രണയബന്ധം വിവാഹത്തിലേക്ക് നീങ്ങാം. ദാമ്പത്യരംഗം സ്നേഹോഷ്മളമാകും. സന്താനങ്ങളുടെ ശ്രേയസ്സിൽ അഭിമാനം തോന്നും.

അത്തം:- ധനപരമായി ചെറിയ നേട്ടങ്ങളെങ്കിലും വന്നുചേരുന്നതാണ്. കലാകായിക മത്സരങ്ങളിൽ
വിജയം നേടും. പൂർവ്വികസ്വത്തിന്മേലുള്ള തർക്കങ്ങൾ പരിഹൃതമാകും. ദൈവിക കാര്യങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്തും. ഉദ്യോഗാർത്ഥികൾക്ക് പുതുജോലിയിൽ പ്രവേശിക്കാൻ അനുമതിപത്രം ലഭിക്കും. ജീവിതപങ്കാളിയുടെ സമയോചിതമായ ഉപദേശം മനസ്ഥൈര്യം പകരും. ആരോഗ്യ പരിശോധനകളിൽ വീഴ്ചയരുത്.

ചിത്തിര:- മാസത്തിന്റെ ആദ്യ പകുതിയിൽ കന്നിക്കൂറുകാർക്കും രണ്ടാം പകുതിയിൽ തുലാക്കൂറുകാർക്കും ഗുണമേറും. സ്വാഭിപ്രായം സദസ്സുകളിൽ ശക്തമായി ഉന്നയിക്കും. എതിർപ്പുകളെ തൃണവൽഗണിക്കും. പഴയ വീട് പുതുക്കാനായി പണം ചെലവാകും. കടക്കെണി ചിലപ്പോൾ സ്വൈരം കെടുത്തും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അന്യനാട്ടിൽ പോകേണ്ടിവന്നേക്കും. വ്യക്തിപരമായി ചില ചിട്ടകളും നിഷ്ഠകളുമൊക്കെ തുടങ്ങുമെങ്കിലും അതൊന്നും കൃത്യമായി നിർവഹിക്കാൻ കഴിയാതെ കുഴങ്ങും. രാഹു-കേതുക്കളുടെ ദശാപഹാരങ്ങളിലൂടെ കടന്നുപോകുന്നവർ ആരോഗ്യ കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കേണ്ടതുണ്ട്.

ചോതി:- സർക്കാരിൽ നിന്നും സഹായ ധനം ലഭിക്കും. വായ്പകൾക്ക് അർഹത നേടും. അധികാരമുള്ള ജോലികളിൽ പ്രവേശിക്കാനാവും. ഹൃദയരോഗികൾക്ക് ആശ്വാസമനുഭവപ്പെടും. പൊതുപ്രവർത്തകരുടെ ജനസമ്മതി ഉയരുന്ന കാലമാണ്. അനാവശ്യമായ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ശ്രമിക്കും. ആഢംബരത്തിനായി പണച്ചെലവുണ്ടാകും. ഇഷ്ടമുള്ളവരുമായി വിനോദയാത്ര ചെയ്യും. കൃത്യനിർവഹണത്തിന് അത്യദ്ധ്വാനം വേണ്ടിവരുന്നതായിരിക്കും.

വിശാഖം:- ശുഭാപ്തിവിശ്വാസമേറും. വ്യക്തിപ്രഭാവം മൂലം ശത്രുക്കളെ പരാജയപ്പെടുത്തും. പൂർവ്വിക സ്വത്തുക്കളിന്മേലുള്ള വ്യവഹാരം രാജിയാവും. പഴയ സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടും. സഹോദരരിൽ നിന്നും മികച്ച പിന്തുണയുണ്ടാകും. കടമകൾ നന്നായി നിറവേറ്റും. ഏജൻസികൾ, കരാർപണികൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് വരുമാന വർദ്ധനവ് പ്രതീക്ഷിക്കാം. ആരോഗ്യപരിപാലനത്തിൽ വിദഗ്ദ്ധാഭിപായം തേടും.

അനിഴം:- മന്ദഗതിയിലായിരുന്ന കർമ്മരംഗം ഉണരും. പുതിയ ജീവനക്കാരെ നിയമിക്കും. വായ്പ, ചിട്ടി, ഊഹക്കച്ചവടം മുതലായവയിൽ നിന്നും ധനാഗമമുണ്ടാകും. നക്ഷത്രനാഥനായ ശനി വക്രഗതിയിൽ സഞ്ചരിക്കുകയാൽ നിലപാടുകളിലും വാഗ്ദാനങ്ങളിലും നീതിപുലർത്താൻ കഴിഞ്ഞെന്നുവരില്ല. ഗൃഹത്തിലെ വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടകാലമാണ്. ദാമ്പത്യത്തിൽ ചില പ്രശ്നങ്ങൾ ഉദയം ചെയ്യാം. പ്രണയികൾക്ക് ഇച്ഛാഭംഗത്തിനിടയുണ്ട്. പങ്കുകച്ചവട്ടത്തിൽ നിന്നും പിന്മാറിയേക്കും.

തൃക്കേട്ട:- സന്താനജന്മത്താൽ കുടുംബജീവിതം ധന്യമാകും. പണവിഷയത്തിൽ ക്ലേശം കുറയുന്നതാണ്. വിദേശത്ത് തൊഴിൽ ലഭിക്കാനിടയുണ്ട്. ആത്മീയതാല്പര്യങ്ങൾ വർദ്ധിക്കുന്നതായിരിക്കും. ചിലരുടെ കുതന്ത്രങ്ങൾക്ക് ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടിയേകും. ഉദ്യോഗത്തിലിരിക്കുന്നവർക്കും പ്രൊഫഷണലുകൾക്കും ഉയർച്ചയുണ്ടാകും. തർക്കങ്ങൾക്ക് രമ്യമായ പരിഹാരം കണ്ടെത്തി സ്വജനങ്ങളുടെ ആദരവ് സമ്പാദിക്കും. കലാപ്രവർത്തനത്തിൽ വിജയം നേടും.

മൂലം:- വീട്ടിലെ കുഴപ്പങ്ങൾ രമ്യമായി പരിഹരിക്കും. മാതാവിന്റെ ആരോഗ്യനില തൃപ്തികരമായിരിക്കും. ബന്ധുക്കളിൽ നിന്നും നല്ല വാക്കുകൾ കേൾക്കാനിടവരും. ജീവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കുചേരും. വിലകൂടിയ വസ്തുക്കൾ വാങ്ങാൻ പണം കണ്ടെത്തും. ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിൽ പരാജയപ്പെടും. പണവരവ് കുമാർഗങ്ങളിലൂടെയാണോ എന്ന് ആത്മാർത്ഥമായി ചിന്തിക്കും.

പൂരാടം:- സ്വന്തം സ്ഥാപനത്തിന്റെ ഗുണനിലവാരം ഉയർത്തും. വരവു – ചെലവു കണക്കുകൾ സ്വന്തം കാര്യത്തിലും വേണമെന്ന് തീരുമാനിക്കും. അനുരാഗികൾക്ക് മനസ്സന്തോഷം വർദ്ധിക്കും. നീണ്ടുപോയ വിവാഹാലോചനകളിൽ ഉറപ്പുണ്ടാവും. പൊതുരംഗത്തുള്ളവർക്ക് സ്ഥാനോന്നതി കൈവരും. വിദ്യാർത്ഥികൾ പുതിയ വിഷയങ്ങൾ ഉപരിവിദ്യാഭ്യാസത്തിന് തെരഞ്ഞെടുക്കും. വിദേശത്ത് തൊഴിലവസരം സിദ്ധിക്കുന്നതാണ്. മാതാപിതാക്കളുടെ ആരോഗ്യനില തൃപ്തികരമായിരിക്കും.

ഉത്രാടം:- കുറച്ചു നാളായി ഡോളായിതം ആയിരുന്ന മനസ്സിനെ നിലയ്ക്ക് നിറുത്തും. സാമ്പത്തിക കാര്യങ്ങളിലെ ചാഞ്ചാട്ടത്തിനും അറുതിവരും. പുതിയ മുതൽമുടക്കുകൾക്കായി വിദഗ്ദ്ധരുമായി കാര്യാലോചനകൾ നടത്തും. യാത്രകൾ കൊണ്ട് ചില പ്രയോജനങ്ങളെങ്കിലും ഉണ്ടാവാതിരിക്കില്ല. കലാപരിപാടികൾ ആസ്വദിക്കാൻ സമയം ചെലവഴിക്കും. പ്രൊഫഷണലുകൾക്ക് കർമ്മമേഖലയിൽ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കേണ്ട സാഹചര്യം സംജാതമാകും. ഗാർഹസ്ഥ്യം സുഖകരമായിരിക്കും.

തിരുവോണം:- ചെറുകിട കച്ചവടക്കാർ വ്യാപാരം വിപുലീകരിക്കാൻ തയ്യാറാവും. ലോണോ ചിട്ടിയോ മൂലം സാമ്പത്തിക ക്ലേശത്തെ മറികടക്കും. കുടുംബത്തിൽ പുണ്യകർമ്മങ്ങൾ നടക്കും. ബന്ധുസമാഗമം മൂലം സന്തോഷമുണ്ടാവും. കൃത്യമായ ആസൂത്രണത്തോടെ യാത്രകൾ ചെയ്യും. മക്കളുടെ സൽക്കാര്യങ്ങൾക്കായി പണച്ചെലവ് വേണ്ടിവരും. വൃദ്ധജനങ്ങളുടെ പരിചരണത്തിൽ ആനന്ദം അനുഭവിക്കും. കഫജന്യരോഗങ്ങൾ ഉപദ്രവിക്കാനിടയുണ്ട്.

അവിട്ടം:- വൈകാരികപ്രശ്നങ്ങൾ അലോസരം ഉണ്ടാക്കിയേക്കും. വാക്കുകൾ അതേ അർത്ഥത്തിൽ ശ്രവിക്കപ്പെടുകയില്ല. കുടുംബത്തിലെ ഇളംതലമുറക്കാരുമായി ആശയപരമായ അകൽച്ചകൾ വന്നുചേരാം. ശനിയുടെ വക്രഗതി മൂലം മുൻ തീരുമാനങ്ങളിൽ നിന്നും മാറേണ്ടിവന്നേക്കും. മൂന്നിലെ വ്യാഴസ്ഥിതി കാരണം സജ്ജനങ്ങൾ പിന്തുണയ്ക്കാനെത്തി ച്ചേരും. ഉപാസനകളിലും ആത്മീയസാധനകളിലും താല്പര്യം ജനിക്കാം. വാഹനം ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധ വേണം.

ചതയം:- വിദേശധനം കൈവശം വന്നെത്തും. ദൗത്യങ്ങൾ വിജയിപ്പിക്കും. സഹകരണ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചേക്കാം. വിവാഹാലോചനകൾ സഫലമാകും. വീടുമാറാനോ സ്ഥലംമാറ്റം കിട്ടാനോ സാധ്യതയുണ്ട്. മുതിർന്നവരുടെയും കിടപ്പ് രോഗികളുടെയും ആരോഗ്യപരിപാലനത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാവണം. വരവും ചെലവും തുല്യമായിരിക്കുന്നതാണ്.


പൂരുട്ടാതി:- കലാപരമായ സിദ്ധികൾ സമാദൃതമാകും. ആത്മാർത്ഥമായ പരിശ്രമങ്ങൾക്ക് സമൂഹത്തിന്റെ അംഗീകാരം ലഭിക്കും. ശാസ്ത്രജ്ഞന്മാർ സ്വന്തം പരീക്ഷണങ്ങളിൽ വിജയിക്കും. അത്യദ്ധ്വാനം ചിലപ്പോൾ ആരോഗ്യശോഷണത്തിന് കാരണമായെന്ന് വരാം. മക്കളുടെ പഠനത്തിനോ വിവാഹത്തിനോ ധനം കണ്ടെത്തേണ്ടിവരും. കുടുംബജീവിതത്തിൽ സമാധാനവും സന്തോഷവും അനുഭവപ്പെടുന്നതായിരിക്കും. സുതാര്യമായ സമീപനം വ്യക്തിത്വത്തെ കൂടുതൽ തിളക്കമുള്ളതാക്കി മാറ്റും.

ഉത്രട്ടാതി:- ശനിയുടെ പതിനൊന്നിലെ സ്ഥിതി ആരോഗ്യകാര്യത്തിൽ ആശ്വാസം നൽകും. തൊഴിൽരംഗത്തെ കഷ്ടനഷ്ടങ്ങൾ കുറഞ്ഞുതുടങ്ങും. പണവരവ് കൃത്യമാകും. എന്നാൽ പ്രണയസാഫല്യം, വിവാഹം എന്നിവയ്ക്ക് കാലം അനുകൂലമല്ല. അറിയാതെ തന്നെ കള്ളം പറയേണ്ടിവരുന്ന ചില സാഹചര്യങ്ങളെ അഭിമുഖീകരിക്കും. ഉദ്യോഗസ്ഥർ അധികാരികളുടെ അപ്രീതി സമ്പാദിക്കാൻ ഇടയുണ്ട്. കരാർജോലികൾ പുതുക്കിക്കിട്ടുന്നതാണ്.

രേവതി:- ഭൂമി വാങ്ങാനുള്ള ശ്രമം വിജയം കാണും. എന്നാൽ കർമ്മരംഗത്ത് ലക്ഷ്യത്തിലെത്താൻ കൂടുതൽ വിയർപ്പൊഴുക്കേണ്ടിവരും. ശരീരസുഖം കുറയും. കടബാധ്യതയിൽ നിന്നും കരകയറാൻ കഴിഞ്ഞേക്കും. കുടുംബസദസ്സുകളിൽ വലിയ ആദർശം പ്രസംഗിച്ച് കൈയ്യടി നേടും. വിദ്യാഭ്യാസത്തിനായി സർക്കാർ സഹായം ലഭിക്കും. വിദേശത്ത് പോകാൻ ഒരുങ്ങുന്നവർക്ക് ശുഭഫലം ഭവിക്കും. എതിർലിംഗത്തിൽപെട്ടവരുടെ മാനസിക പിന്തുണ വലിയ ഊർജ്ജം പകരും.

Read Here: കണ്ടകശനി കൊണ്ടേ പോകൂ; പഴഞ്ചൊല്ലിനപ്പുറം ഈ രണ്ടര വ‍‍ർഷം നിങ്ങളെ എങ്ങനെ ബാധിക്കും?

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope astrology predictions for the month of august 2022 in malayalam