Horoscope Astrology predictions for the Month of August 2022: ഓഗസ്റ്റ മാസം ചില നാളുകാർക്ക് ഗുണകരമാണ്. സാമ്പത്തിക ലാഭവും, ജോലിയിലെ ഉയർച്ചയും ചില നാളുകാർക്ക് കാണുന്നുണ്ട്. ഓഗസ്റ്റ് 10 ന് ചൊവ്വ മേടത്തിൽ നിന്നും ഇടവത്തിലേക്ക് സംക്രമിക്കുന്നു. സൂര്യൻ ഓഗസ്റ്റ് 16 വരെ കർക്കടകം രാശിയിൽ, തുടർന്ന് ചിങ്ങം രാശിയിൽ. ബുധൻ ചിങ്ങത്തിലും കന്നിയിലുമായിട്ടാണ് സഞ്ചാരം. ശുക്രൻ മിഥുനത്തിൽ. ആഗസ്റ്റ് ഒന്നിന് ചന്ദ്രൻ പൂരത്തിൽ, 31 ന് ചിത്തിരയിലും. ഇതാണ് ഓഗസ്റ്റ് മാസത്തെ ഗ്രഹനില.
ഓഗസ്റ്റ് മാസത്തിൽ അശ്വതി, രോഹിണി, പുണർതം, മകം, ചിത്തിര എന്നീ അഞ്ചു നാളുകാരുടെ നക്ഷത്രഫലം എങ്ങനെയെന്ന് നോക്കാം.
അശ്വതി: ചൊവ്വയും രാഹുവും ജന്മനക്ഷത്രത്തിലും ഭരണിയിലുമായി സഞ്ചരിക്കുന്നത് പലതരം സമ്മർദ്ദങ്ങൾക്ക് കാരണമായിട്ടുണ്ട്. ആഗസ്റ്റ് 10 ന് ചൊവ്വ രാശിമാറുന്നത് അശ്വതി നാളുകാർക്ക് ഗുണകരമാണ്. ദുരിതപ്പെയ്ത്തിന് കുറച്ചെങ്കിലും ശമനം ഉണ്ടാകും. പ്രവൃത്തിമണ്ഡലത്തിൽ ദിശാബോധം കൈവരും. സാമ്പത്തിക സ്ഥിതി ഉയരാം. പുതിയ പദ്ധതികൾ നന്നായി സാക്ഷാൽക്കരിക്കാനാവും. ഹൃദയബന്ധങ്ങൾ ഊഷ്മളമാകും. അധികാരികളുടെ അംഗീകാരം ആത്മവിശ്വാസം ഉയർത്തും. സൽക്കർമ്മങ്ങൾ നിർവഹിക്കും.
രോഹിണി: പൈതൃകസ്വത്തിനെ സംബന്ധിച്ച വ്യവഹാരത്തിൽ അനുകൂലമായ വിധിയുണ്ടാവാം. കലാരംഗത്തുള്ളവർക്ക് പാരിതോഷികം ലഭിക്കും. കുടുംബബന്ധങ്ങൾ ഊഷ്മളമായിത്തീരും. യുവജനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. തൊഴിൽ തേടുന്നവർക്ക് അനുകൂലമാസമാണ്. കച്ചവടക്കാർ വിപുലീകരണ തന്ത്രങ്ങൾ മെനയും . ദാമ്പത്യം ഊഷ്മളമാകും.
പുണർതം: ആത്മശക്തി ഉയരും. പ്രതികൂലതകളിൽ അചഞ്ചലമായ മനസ്സാന്നിദ്ധ്യം പ്രകടമാക്കും. ധനവിനിമയം സുഗമമാകും. കച്ചവടക്കാർക്ക് ആദായം വർദ്ധിക്കുന്നതാണ്. ഉദരരോഗത്തിനുള്ള ചികിത്സ ഫലപ്രദമായേക്കും. വിദേശത്ത് നിന്നും ചില കരാറുകൾ പുതുക്കിക്കിട്ടും. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളെ നീക്കുപോക്കുകളിലൂടെ പരിഹരിക്കും. യാത്രകൾ നേട്ടങ്ങൾക്ക് കാരണമാകുന്നതായിരിക്കും.
മകം: ജോലിയിൽ ആദരവും കീർത്തിയും ഭവിക്കും. ഋണബാധ്യതയ്ക്ക് പരിഹാരം കണ്ടെത്തും. വ്യക്തമായ പദ്ധതികൾ ആവിഷ്ക്കരിച്ച് മുന്നോട്ട് പോകും. എതിരാളികളുടെ സമ്മർദ്ദങ്ങളെ തന്ത്രപൂർവ്വം കൈകാര്യം ചെയ്യും. പ്രൊഫഷണലുകൾക്ക് പുതിയ ജോലി ലഭിക്കും. വിദ്യാർത്ഥികൾ പഠനമികവ് കാട്ടും. വയോജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ മുഴുകും. വിദേശത്ത് പോകാൻ താല്പര്യപ്പെടുന്നവർക്ക് അതിന് അവസരമുണ്ടാകുന്നതായിരിക്കും.
ചിത്തിര: മാസത്തിന്റെ ആദ്യ പകുതിയിൽ കന്നിക്കൂറുകാർക്കും രണ്ടാം പകുതിയിൽ തുലാക്കൂറുകാർക്കും ഗുണമേറും. സ്വാഭിപ്രായം സദസ്സുകളിൽ ശക്തമായി ഉന്നയിക്കും. എതിർപ്പുകളെ തൃണവൽഗണിക്കും. പഴയ വീട് പുതുക്കാനായി പണം ചെലവാകും. കടക്കെണി ചിലപ്പോൾ സ്വൈരം കെടുത്തും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അന്യനാട്ടിൽ പോകേണ്ടിവന്നേക്കും. വ്യക്തിപരമായി ചില ചിട്ടകളും നിഷ്ഠകളുമൊക്കെ തുടങ്ങുമെങ്കിലും അതൊന്നും കൃത്യമായി നിർവഹിക്കാൻ കഴിയാതെ കുഴങ്ങും. രാഹു-കേതുക്കളുടെ ദശാപഹാരങ്ങളിലൂടെ കടന്നുപോകുന്നവർ ആരോഗ്യ കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കേണ്ടതുണ്ട്.