മാർച്ച് മാസം തുടങ്ങുന്നത് 1198 കുംഭം 17 ന് ബുധനാഴ്ചയാണ്. മാർച്ച് 15 ന് 1198 മീനമാസം തുടങ്ങുന്നു. സൂര്യൻ കുംഭം – മീനം രാശികളിലായി സഞ്ചരിക്കുന്നു. മാർച്ച് ഒന്നിന് ചന്ദ്രൻ മകയിരം നക്ഷത്രത്തിലാണ്. 31 ന് ചന്ദ്രൻ ഒരു വട്ടം ഭ്രമണം പൂർത്തിയാക്കി പൂയം നക്ഷത്രത്തിലെത്തുന്നു.
വ്യാഴം മീനം രാശിയിൽ തുടരുന്നു. ശനി കുംഭം രാശിയിലാണ്. ശുക്രൻ മാർച്ച് 12 വരെ ഉച്ചരാശിയായ മീനത്തിലും തുടർന്ന് മേടത്തിലും സഞ്ചരിക്കുന്നു. കഴിഞ്ഞ പത്ത്-പതിനൊന്ന് മാസമായി രാഹു മേടത്തിലും കേതു തുലാത്തിലും ആയി സഞ്ചാരം തുടരുകയാണ്.
ബുധൻ കുംഭത്തിലാണ് മാസാദ്യം. മാർച്ച് 16 മുതൽ 31 വരെ ബുധൻ തന്റെ നീചരാശിയായ മീനത്തിലൂടെയാണ് കടന്നുപോകുന്നത്. മാർച്ച് 12 വരെ ചൊവ്വ ഇടവത്തിലാണ്, പിന്നീട് മിഥുനത്തിലും. ഈ ഗ്രഹനിലയെ മുൻനിർത്തി മൂലം, തിരുവോണം,അവിട്ടം,പൂരുട്ടാതി,ഉത്രട്ടാതി എന്നീ അഞ്ച് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 മാർച്ച് മാസത്തെ കുറിച്ചാണ് ഇവിടെ പരിശോധിക്കുന്നത്.
മൂലം: ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടും. ഇഷ്ടസുഹൃത്തുക്കളെ സന്ദർശിക്കും. കുടുംബജീവിതത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകും. മാതൃബന്ധുക്കളുടെ നിർലോഭമായ പിന്തുണ പ്രവർത്തനോർജ്ജം പകരും. ഗൃഹനിർമ്മാണം പൂർത്തിയാകും. ദാമ്പത്യം സുഖോഷ്മളമായിത്തീരും. തൊഴിൽ തേടുന്നവർക്ക് പുതിയ അവസരങ്ങൾ തുറന്നു കിട്ടുന്നതായിരിക്കും. കിടപ്പ്‌രോഗികൾക്ക് ആശ്വാസം അനുഭവപ്പെടും.
തിരുവോണം: ന്യായമായ ആവശ്യങ്ങൾക്ക് ധനം കണ്ടെത്തും. ചിലപ്പോൾ പരുക്കനായി സംസാരിക്കേണ്ട സാഹചര്യം വന്നേക്കാം. പ്രൊഫഷണൽ രംഗത്തുള്ളവർക്ക് വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതായ സാഹചര്യം ഉദയം ചെയ്യാം. മുൻകൂട്ടി തീരുമാനിച്ച യാത്രകൾ മാറ്റിവെക്കപ്പെടാം. ഉദ്യോഗസ്ഥർക്ക് കൃത്യനിർവഹണത്തിൽ ചില ക്ലേശങ്ങൾ ഉണ്ടാവാം. കിടപ്പുരോഗികൾക്ക് പുതുചികിത്സകൾ ഗുണകരമാവാം. ഭൂമി സംബന്ധിച്ച ക്രയവിക്രയങ്ങൾക്ക് ചെറിയ കാലതാമസം വന്നേക്കാം.
അവിട്ടം: മാനസിക പിരിമുറുക്കങ്ങൾക്ക് അയവ് കണ്ടുതുടങ്ങും. വലിയ ദൗത്യങ്ങൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിച്ചതിൽ അഭിമാനം തോന്നും. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും പ്രോത്സാഹനം ശക്തിയേകും. കാഴ്ചാപരിമിതിക്ക് ചികിൽസ നേടും. വിദേശയാത്ര പ്രതീക്ഷിക്കുന്നവർക്ക് അടുത്തുതന്നെ അതിന് സന്ദർഭം കൈവരും. വിദ്യാർത്ഥികൾ ഇച്ഛാശക്തിയോടെ പഠനത്തിൽ മുഴുകും. മാസത്തിന്റെ രണ്ടാം പകുതിയിൽ കൂടുതൽ നല്ല ഫലങ്ങൾ അനുഭവപ്പെടും.
പൂരുട്ടാതി: പുതിയ സംരംഭങ്ങളെക്കുറിച്ച് ചിന്തിക്കും. എന്നാൽ പ്രവർത്തനോർജം അല്പം മന്ദഗതിയിലാകുന്നതായി തോന്നാം. കരുതിവെച്ചിരുന്ന ധനം മറ്റു ചില കാര്യങ്ങൾക്കായി വകമാറ്റി ചെലവഴിക്കേണ്ടി വരാം. വസ്തുക്കളെ സംബന്ധിച്ച വ്യവഹാരം തീർപ്പാകാതെ ഇഴയാം. എന്നാലും കുടുംബപരമായ സന്തോഷങ്ങൾ മുന്നോട്ടു നീങ്ങാൻ കരുത്തേകും. നല്ലവാക്കുകൾ പറഞ്ഞ് മറ്റുള്ളവരുടെ മനക്ലേശങ്ങളെ ലഘൂകരിക്കും. അനുരാഗികൾക്ക് ഹൃദയൈക്യം ദൃഢമാകും. ആരോഗ്യജാഗ്രതയിൽ വിട്ടുവീഴ്ചയരുത്.
ഉത്രട്ടാതി: ഇഷ്ടജനങ്ങളുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിക്കാം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കാം. ഉദ്യോഗസ്ഥർക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടാൻ അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കും. എന്നാൽ വിദേശത്ത് പോകാൻ തയ്യാറെടുക്കുന്നവർക്ക് അനുമതി വേഗം ലഭിക്കുകയും ചെയ്യും. വിലപ്പെട്ട വസ്തുക്കൾ പാരിതോഷികമായി കൈവരാം. ഭോഗസിദ്ധി, അശനശയന സൗഖ്യം എന്നിവയും പ്രതീക്ഷിക്കാം. മാർച്ച് രണ്ടാം പകുതിക്ക് അല്പം പകിട്ട് കുറയാം.