scorecardresearch

Monthly Horoscope February 2026: ഫെബ്രുവരി മാസഫലം, മൂലം മുതൽ രേവതിവരെ

February Monthly Horoscope 2026 in Malayalam: മൂലം മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് 2026 ഫെബ്രുവരി മാസത്തെ നക്ഷത്രഫലം എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

February Monthly Horoscope 2026 in Malayalam: മൂലം മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് 2026 ഫെബ്രുവരി മാസത്തെ നക്ഷത്രഫലം എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
February  Horoscope

February Monthly Horoscope 2026

ആദിത്യൻ ഫെബ്രുവരി 12 വരെ മകരം രാശിയിലും തുടർന്ന് കുംഭം രാശിയിലും സഞ്ചരിക്കും. തിരുവോണം, അവിട്ടം, ചതയം എന്നീ ഞാറ്റുവേലകളുണ്ട്.  ഫെബ്രുവരി 1 ന് വെളുത്തവാവും തൈപ്പൂയവുമാണ്. 17 ന് ആണ് കറുത്തവാവ്  വരുന്നത്. ചൊവ്വ ഫെബ്രുവരി 23 ന് കുംഭം രാശിയിലേക്ക് കടക്കും. പക്ഷേ കുജമൗഢ്യം തുടരുകയാണ്. 

Advertisment

ബുധൻ ഫെബ്രുവരി 3 ന് കുംഭം രാശിയിലേക്ക് പ്രവേശിക്കും.ശുക്രൻ  ഫെബ്രുവരി 5 ന്  കുംഭത്തിലേക്ക് പകരുന്നു. ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിൽ തുടരും. വ്യാഴം മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിൽ വക്രഗതിയിലാണ്. 

രാഹു കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും പിൻഗതി തുടരുന്നു. ഈ ഗ്രഹനിലയെ അവലംബിച്ച് മൂലം മുതൽ രേവതി വരെയുള്ള നാളുകാരുടെ ഫെബ്രുവരി മാസ ഫലങ്ങൾ ഇവിടെ അപഗ്രഥിക്കുന്നു.

Also Read: മകര മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

മൂലം

രണ്ടിലും മൂന്നിലും ആദിത്യനും ചൊവ്വയും ബുധശുക്രന്മാരും രാഹുവും സഞ്ചരിക്കുന്നു. വാക്കുകൾ പരുഷങ്ങളാവാതിരിക്കാൻ ശ്രദ്ധ വേണം. കലാരംഗത്ത് ശോഭിക്കുന്നതാണ്. പുതുമയുടെ പിറകെ പോകാതെ പാരമ്പര്യത്തിൽ ശ്രദ്ധയൂന്നുന്നതാണ്. നവീകരണ ശ്രമങ്ങൾ ഊർജ്ജിതമാവും. രോഗികൾക്ക് ചികിൽസാ മാറ്റത്തിലൂടെ ഗുണം ലഭിക്കും. ധനവരവിൽ തടസ്സങ്ങളേർപ്പെടാനിടയുണ്ട്. പണച്ചെലവ് അധികരിക്കാം. വിദ്യാർത്ഥികൾക്ക് ഏകഗ്രത കുറയുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കൂടുതൽ ഊർജ്ജസ്വലത കൈവരിക്കും. സംഘടനകളിൽ നേതൃപദവി ലഭിക്കാം.  ദാമ്പത്യത്തിൽ സൌഖ്യമുണ്ടാവും. ഗൃഹനിർമ്മാണം ത്വരിതഗതിയിലാവുന്നതാണ്.

പൂരാടം

ശുക്രൻ്റെ മൗഢ്യാവസ്ഥ തീരുന്നത് ആശ്വാസമാണ്. മാസാദ്യം നിലവിലെ സ്ഥിതി തന്നെ തുടരപ്പെടും. സഹോദരരുമായി ചേർന്നു നടത്തുന്ന സ്ഥാപനത്തിൽ പുരോഗതി കുറയാം. വസ്തുവാങ്ങുന്നതിൽ ഏകമനസ്സ് രൂപപ്പെടില്ല. വാഹനത്തിന് അറ്റകുറ്റപ്പണി വരാം. മത്സരാധിഷ്ഠിത കരാറുകളിൽ പങ്കെടുക്കുന്നതാണ്. ഉപരിപഠനത്തിൽ തീരുമാനമുണ്ടാവില്ല.  സെമിനാറുകളിൽ പ്രബന്ധാവതരണത്തിന് ക്ഷണിക്കപ്പെടും. മാസത്തിൻ്റെ പകുതിമുതൽ ഔദ്യോഗികന്തരീക്ഷം സമാധാനപൂർണമാവും. പലകോണുകളിൽ നിന്നും സഹായം വന്നെത്തും. ആഢംബര വസ്തുക്കൾ പാരിതോഷികമായി ലഭിക്കാം. ദൈവീക സമർപ്പണങ്ങൾ തടസ്സപ്പെടുകയില്ല. ഭാവി സംബന്ധിച്ച ചില തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്.

ഉത്രാടം

ഗ്രഹങ്ങളുടെ സഞ്ചാരം സമ്മിശ്രഫലങ്ങൾ സൃഷ്ടിക്കാം. വ്യക്തമായ ആസൂത്രണം നടത്താൻ കഴിഞ്ഞേക്കില്ല. പലപ്പോഴും 'വന്നപാട് ചന്തം' എന്ന മട്ടിലാവും പ്രവർത്തനം. വ്യാപാരികൾക്കും വ്യവസായികൾക്കും കൂടുതൽ മുതൽമുടക്ക് ആവശ്യമായി വരുന്നതാണ്. വായ്പകൾ ലഭിക്കാൻ പരിശ്രമിക്കും. മുഴുവൻ ഫലവത്താകുമെന്ന് പറയാനാവില്ല. പൊതു പ്രവർത്തനത്തിൽ തിരച്ചടികൾ വരാനിടയുണ്ട്. കുടുംബകാര്യങ്ങൾക്ക് കൂടുതൽ നേരം മാറ്റിവെക്കാനാഗ്രഹിക്കും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ലഘുവായ നേട്ടങ്ങൾക്ക് സാധ്യത കാണുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാം. ചില സഹായങ്ങൾ കരഗതമാവും. ഏജൻസികളിലൂടെ ലാഭമുണ്ടാവും. ശുഭവാർത്തകൾ കേൾക്കുന്നതാണ്.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

തിരുവോണം

ജന്മത്തിലും രണ്ടാം ഭാവത്തിലുമായി അഞ്ചു ഗ്രഹങ്ങൾ സഞ്ചരിക്കുന്നതിനാൽ കരുതലുണ്ടാവണം. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പുലർത്തേണ്ടതുണ്ട്. പുതിയ സംരംഭങ്ങൾക്ക് അനുകൂല കാലമല്ല. ഔദ്യോഗികമായി ചുമതലകൾ കൂടുന്ന കാലമാണ്. ഒപ്പമുള്ളവരുടെ സഹകരണം കുറയാനിടയുണ്ട്. തൊഴിൽ തേടുന്നവർ കാത്തിരിക്കേണ്ടി വന്നേക്കും. ഫെബ്രുവരി 15 നു മേൽ ഗുണാനുഭവങ്ങൾ അല്പാല്പമായി വന്നുചേരും. ന്യായമായ കാര്യങ്ങൾ നടന്നുകിട്ടുന്നതാണ്. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. അഭിമുഖത്തിൽ ശോഭിക്കും. പാരമ്പര്യത്തെച്ചൊല്ലി അഭിമാനിക്കാൻ സാഹചര്യമുണ്ടാവും. എതിർപ്പുകളുടെ കനം കുറഞ്ഞുവരുന്നതാണ്. ഗാർഹികമായി സ്വൈരമുണ്ടാവും.

അവിട്ടം

നക്ഷത്രാധിപനായ ചൊവ്വ ഉച്ചത്തിൽ തുടരുകയാൽ മാസാദ്യം അനുകൂല ഫലങ്ങൾ വരാം. അകത്തും പുറത്തും സ്വീകാര്യതയുണ്ടാവുന്നതാണ്. രോഗപ്രതിരോധ ശേഷി വർദ്ധിക്കും. മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കും.  ഗവേഷകർക്ക് നിഗമനങ്ങളുമായി മുന്നോട്ടുപോവാൻ കഴിയും. സാമൂഹിക പ്രവർത്തനത്തിലെ ഉപജാപങ്ങൾക്ക് തക്ക മറുപടി കൊടുക്കാനാവും. നവാരംഭങ്ങൾക്ക് ഉചിത സന്ദർഭമാണ്. എങ്കിലും സാമ്പത്തിക കാര്യങ്ങളിൽ കരുതലുണ്ടാവണം. കടബാധ്യതകൾ വരുത്തന്ന വിധം ആഢംബരച്ചെലവുകൾക്ക് സാധ്യത കാണുന്നു. ബന്ധുകലഹങ്ങളിൽ നടുനില അവലംബിക്കുകയാവും കരണീയം. പ്രണയികൾക്ക് സന്തോഷിക്കാനാവും.

ചതയം

ജന്മനക്ഷത്രത്തിൽ രാഹുവും രണ്ടിൽ ശനിയും അഞ്ചിൽ വ്യാഴവും പന്ത്രണ്ടിലും ജന്മരാശിയിലുമായി നാലും ഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ പ്രായേണ സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ട കാലമായിരിക്കും. പ്രതീക്ഷിച്ച കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞേക്കില്ല. ജോലി തേടുന്നവർക്ക് അർഹതയ്ക്കൊത്ത പദവികൾ കിട്ടാൻ കാത്തിരിക്കേണ്ടി വരുന്നതാണ്. വിദേശത്ത് ചില അവസരങ്ങൾ തുറന്നു കിട്ടാം. വ്യാപാരത്തിനായി വാങ്ങിയ വായ്പ അടച്ചു തീർക്കാൻ വിഷമിക്കുന്നതാണ്. മക്കളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ വേണം. പുണ്യകർമ്മങ്ങൾ തടസ്സപ്പെടുകയില്ല. കൂട്ടുകാരുമൊത്ത് തീർത്ഥാടനം സാധ്യമാകുന്നതായിരിക്കും.
കലാസാഹിത്യരംഗത്ത് കീർത്തി നേടുന്നതാണ്.

Also Read: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

പൂരൂരുട്ടാതി

ഉദ്യോഗസ്ഥർക്ക് പിരിമുറുക്കം ഒഴിയില്ല. ചില ഉത്തരവാദിത്വങ്ങൾ ദുർഘടമായി തോന്നും. പ്രൈവറ്റ് ജോലികളിൽ അനിഷ്ട സമയത്ത് ഡ്യൂട്ടി ചെയ്യേണ്ടി വരുന്നതാണ്. പൊതുപ്രവർത്തകരുടെ ഉദ്ദേശ്യശുദ്ധി ഒപ്പമുള്ളവർ പോലും മനസ്സിലാക്കണമെന്നില്ല. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമെന്ന് പറയുക വയ്യ. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം. മീനക്കൂറുകാർക്ക് മാസാദ്യ പകുതി നേട്ടങ്ങളുണ്ടാക്കാം. സംരംഭക മീറ്റിംഗുകളിൽ പങ്കെടുക്കുമെങ്കിലും ആത്മവിശ്വാസം ഉയരില്ല. ദാമ്പത്യത്തിലെ പിണക്കങ്ങൾ വലുതാവാതെ നോക്കണം. മകളുടെ പഠനാവശ്യത്തിന് ധനം സ്വരൂപിക്കും. മംഗളകർമ്മങ്ങൾക്ക് ആചാര്യത്വം വഹിക്കുന്നതാണ്. ജന്മദേശത്തു പോകാൻ സന്ദർഭമുണ്ടാവും.

ഉത്രട്ടാതി

ജന്മത്തിൽ ശനിയും പന്ത്രണ്ടിൽ രാഹുവും സഞ്ചരിക്കുകയാൽ അലസതയും നിരുന്മേഷകതയും നിഴൽ പോലെ പിന്തുടരും. പഠിച്ച കാര്യങ്ങൾ സമയത്ത് മറന്നുപോകുന്ന സ്ഥിതി വരാം. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ഇതൊക്കെ സാധ്യതകളാണ്. മാസാദ്യം നാലു ഗ്രഹങ്ങൾ പതിനൊന്നിൽ സഞ്ചരിക്കുകയാൽ ബിസിനസ്സിലും മറ്റും ലാഭം കുറയില്ല. കുടിശിക തുക കൈവശമെത്തും. സർക്കാരിൽ നിന്നും ആനുകൂല്യം / അപേക്ഷകൾക്ക് അനുമതി ഇവ കിട്ടും. പ്രണയം, ദാമ്പത്യസുഖം ഭോഗാനുഭവങ്ങൾ എന്നിവ പ്രതീക്ഷിക്കാം. പൂർവ്വ സുഹൃത്തുക്കളുമായി സ്മരണകൾ പങ്കിടാനാവും. വാഹനത്തിൻ്റെ അറ്റകുറ്റപ്പണികൾ തീരുന്നതാണ്. ഉല്ലാസയാത്രകൾക്ക് അവസരമുണ്ടാവും.

രേവതി

പതിനൊന്നാം ഭാവത്തിലെ ഗ്രഹസമൃദ്ധി ഗുണാനുഭവങ്ങൾ സൃഷ്ടിക്കും. സാമൂഹികമായി അംഗീകാരം കിട്ടുന്നതാണ്. കുടുംബത്തിൽ സ്വീകാര്യതയുണ്ടാവും. വിനോദം, ഉല്ലാസയാത്രകൾ, ആഡംബരജീവിതം ഇവയൊക്കെ സാധ്യമാവും. പണവരവ് തടസ്സപ്പെടില്ല. രോഗികൾക്ക് ചികിൽസ ഫലിക്കുന്നതാണ്. കലാകാരന്മാർക്ക് പാരിതോഷികം പ്രതീക്ഷിക്കാം. പ്രണയ ജീവിതം സുരഭിലമാവും. കുടുംബത്തിൽ സമാധാനം പുലരും. ജന്മശനിക്കാലം കൂടി ആവുകയാൽ  വാക്കിലും കർമ്മത്തിലും ശ്രദ്ധയുണ്ടാവണം. വിവാദങ്ങളിൽ നിന്നും അകന്നുനിൽക്കുക അഭികാമ്യം. യാത്രകൾ ക്ലേശപ്രദമായേക്കാം., വിശേഷിച്ചും മാസത്തിൻ്റെ രണ്ടാം പകുതിയിൽ. വ്യവഹാരങ്ങൾക്ക് മുതിരരുത്. ജാമ്യം നിൽക്കുന്നതിൽ കരുതലുണ്ടാവണം.

Read More: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: