/indian-express-malayalam/media/media_files/L30sq9LkVmLHfwKLwATh.jpg)
February Monthly Horoscope 2026
ആദിത്യൻ ഫെബ്രുവരി 12 വരെ മകരം രാശിയിലും തുടർന്ന് കുംഭം രാശിയിലും സഞ്ചരിക്കും. തിരുവോണം, അവിട്ടം, ചതയം എന്നീ ഞാറ്റുവേലകളുണ്ട്. ഫെബ്രുവരി 1 ന് വെളുത്തവാവും തൈപ്പൂയവുമാണ്. 17 ന് ആണ് കറുത്തവാവ് വരുന്നത്. ചൊവ്വ ഫെബ്രുവരി 23 ന് കുംഭം രാശിയിലേക്ക് കടക്കും. പക്ഷേ കുജമൗഢ്യം തുടരുകയാണ്.
ബുധൻ ഫെബ്രുവരി 3 ന് കുംഭം രാശിയിലേക്ക് പ്രവേശിക്കും.ശുക്രൻ ഫെബ്രുവരി 5 ന് കുംഭത്തിലേക്ക് പകരുന്നു. ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിൽ തുടരും. വ്യാഴം മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിൽ വക്രഗതിയിലാണ്. രാഹു കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും പിൻഗതി തുടരുന്നു. ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ രേവതി വരെയുള്ള നാളുകാരുടെ ഫെബ്രുവരി മാസ ഫലങ്ങൾ ഇവിടെ അപഗ്രഥിക്കുന്നു.
Also Read: മകര മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
അശ്വതി
ആദിത്യനും ബുധശുക്രന്മാരും 10,11 ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ പ്രായേണ ഗുണഫലങ്ങൾ തന്നെയാവും. ജീവിത നിരീക്ഷണങ്ങളിലൂടെ നേടിയ നിഗമനങ്ങൾ പ്രയോജനപ്പെടുത്തുവാൻ കഴിയുന്നതാണ്. കർമ്മമേഖലയിൽ ദിശാബോധം പ്രകടിപ്പിക്കുന്നതിന് കഴിഞ്ഞേക്കും. വിവേകശക്തി മൂർച്ചയുള്ളതാവും. തൊഴിൽ തേടുന്നവർ നിരാശപ്പെടില്ല. ഉദ്യോഗസ്ഥർക്ക് സ്വതന്ത്ര ചുമതലകൾ ലഭിക്കുന്നതാണ്. കച്ചവടത്തിൽ മുടക്കിയ തുക തിരികെ കിട്ടിത്തുടങ്ങും. കുടുംബാന്തരീക്ഷം സമാധാനപരമാവും. അനുരാഗികൾക്ക് മനസ്സുഖം ഭവിക്കും. അനാരോഗ്യമുള്ളവർക്ക് ചികിൽസയിലൂടെ ദേഹപുഷ്ടി വരുത്താനാവും. കടബാധ്യതകളിൽ ആശ്വാസം വരുന്നതാണ്. സാമൂഹ്യവിമർശനം സക്രിയമാകയാൽ അഭിനന്ദിക്കപ്പെടും.
ഭരണി
ഏഴരശ്ശനിക്കാലം തുടരുന്നു. വ്യാഴം മൂന്നാം ഭാവത്തിലാണ്. എന്നാൽ മിക്ക ഗ്രഹങ്ങളും ഇഷ്ടപ്രദമായ 10, 11 ഭാവങ്ങളിലായി വരുന്നതിനാൽ ഉയർച്ചയുണ്ടാവുന്ന കാലഘട്ടമാണ്. തൊഴിൽ തേടുന്നവർക്ക് അർഹതയ്ക്കൊത്ത അവസരം ലഭ്യമാകും. ഉദ്യോഗസ്ഥർക്ക് സ്വാധീനമുയരും. സ്വകാര്യ സ്ഥാപനത്തിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തുവാനാവും. മങ്ങിപ്പോയ കഴിവുകൾ തിരിച്ചറിയാൻ/ പ്രയോജനപ്പെടുത്താൻ സാധിക്കുന്നതാണ്. സംരംഭങ്ങളിൽ വ്യക്തത കൈവരും. നേതൃപദവിയിലേക്ക് ആനയിക്കപ്പെടാം. സുഖഭോഗങ്ങളുണ്ടാവും. നവീനമായിട്ടുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതാണ്. ഗൃഹനിർമ്മാണത്തിന് ഒരുങ്ങും. പ്രണയികൾ തടസ്സങ്ങളെ അതിജീവിക്കും.
കാർത്തിക
പ്രയത്നത്തിന് അർഹമായ ഫലം കൈവരുന്നതാണ്. സ്വന്തം കഴിവുകൾ തിരിച്ചറിയും. തൊഴിലിടത്തിൽ സമാധാനമുണ്ടാവും. പുതിയ കാര്യങ്ങൾ പ്രാവർത്തികമാക്കാൻ സാധിക്കുന്നതാണ്. നിഗമനങ്ങൾ കൃത്യമാവും. രാഷ്ട്രീയ നിലപാടുകൾക്ക് പിന്തുണ കിട്ടുന്നതാണ്. പിരിയാൻ തീരുമാനിച്ച ദമ്പതികൾ വീണ്ടും ഒരുമിച്ചേക്കുവാനുള്ള സാഹചര്യം സംജാതമാവും. പിതാവിൻ്റെ സ്വത്തിൽ നിന്നും ആദായം ലഭിച്ചുതുടങ്ങും. വിദേശത്ത് പഠനത്തിനുള്ള സാധ്യത തെളിയും. നറുക്കെടുപ്പ്, ചിട്ടി, ഊഹക്കച്ചവടം ഇവയിലൂടെ ധനം വന്നുചേരും. പഴയ വീട് പൊളിച്ച് പുതിയതു പണിയാൻ ശ്രമമാരംഭിക്കും. മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്താം. ദൈവികകാര്യങ്ങൾ മുടങ്ങുകയില്ല.
രോഹിണി
കഴിഞ്ഞ മാസത്തെക്കാൾ മെച്ചപ്പെട്ടതാവും. തുടങ്ങിയ സംരംഭങ്ങൾ ബാലാരിഷ്ടകൾ പിന്നിടുന്നതാണ്. അധികാരികൾ പ്രോജക്ടുകൾക്ക് അംഗീകാരം നൽകാൻ തയ്യാറാവും. വാഹനം വാങ്ങാനുള്ള ശ്രമം വിജയിക്കുന്നതാണ്. രോഗികൾക്ക് ഫലവത്തായ ചികിൽസ കിട്ടും. കലാരംഗത്ത് ഉയിർപ്പ് സാധ്യമാവും. കഴിവുകൾക്ക് അംഗീകാരം ലഭിക്കുവാനിടയുണ്ട്. കുറച്ചു ദിവസങ്ങളായി മുടങ്ങിക്കിടന്ന ഗൃഹനിർമ്മാണം പുനരാരംഭിച്ചേക്കും. തൊഴിലിടത്തിലെ തർക്കങ്ങൾ പരിഹരിക്കപ്പെടും. ചെറുപ്പക്കാരുടെ വിവാഹാലോചനകൾ ഊർജ്ജിതമാവും. ന്യായമായ ആവശ്യങ്ങൾക്ക് ധനം തടസ്സമാവില്ല. കൂട്ടുകെട്ടുകളിൽ കരുതലുണ്ടാവണം. പതിവ് ആരോഗ്യപരിശോധനകൾ മുടക്കരുത്.
മകയിരം
ഇടവക്കൂറുകാർക്ക് സ്ഥിതിഗതികൾ മെച്ചപ്പെടുന്ന കാലമാണ്. ഉന്മേഷമുണ്ടാവും. തൊഴിൽപരമായ പിരിമുറുക്കത്തിന് അയവ് വരും. ജോലി തേടുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കാം. മത്സരങ്ങൾക്ക് നന്നായി തയ്യാറെടുക്കും. പണവരവ് മോശമാവില്ല. സ്വന്തം സ്ഥാപനത്തിന് പുതുശാഖ തുടങ്ങുവാനാവും. മിഥുനക്കൂറുകാർക്ക് ലാഭം കുറയുന്നതാണ്. താത്പര്യങ്ങളിൽ ചിലതൊക്കെ ത്യജിക്കേണ്ട സാഹചര്യമുണ്ടാവും. ആരോഗ്യ പരിരക്ഷയിൽ അലംഭാവമരുത്. ബിസിനസ്സ് യാത്രകൾ ദേഹക്ലേശമുണ്ടാക്കും. സ്വത്തുസംബന്ധിച്ച തർക്കം വ്യവഹാരത്തിലേക്ക് നീങ്ങുവാനിടയുണ്ട്. സുഹൃത്തുക്കളുടെ സഹായം ലഭിക്കുന്നതാണ്. പ്രണയികൾക്കിടയിൽ പിണക്കം വരും.
തിരുവാതിര
ജന്മരാശിയുടെ എട്ടിലും ഒമ്പതിലുമായി നാലുഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ തീരുമാനിച്ച പല കാര്യങ്ങളും നടപ്പിലാക്കാൻ സാധിച്ചേക്കില്ല. ഇടയ്ക്കിടെ തടസ്സങ്ങൾ ആഗതമാവും. സഹജമായ ക്ഷമാശീലം നഷ്ടമാകാം. പലപ്പോഴും ആവലാതിയും പരിഭവവും പറയേണ്ടി വരുന്നതാണ്. ദുഷ്ടലാക്കോടെ ചിലർ ഉപദേശങ്ങൾ നൽകാം. അവ തിരസ്കരിക്കാനുള്ള വിവേകമുണ്ടാവണം. നവാരംഭങ്ങൾക്ക് ഈ മാസം ഹിതകരമല്ല. അനർഹർക്ക് ജോലിക്കയറ്റം കിട്ടുന്നത് വിഷമിപ്പിക്കും. കരാർ ജോലി/ ഏജൻസികൾ എന്നിവ ധനാഗമത്തിന് കാരണമാകും. കുടുംബകാര്യങ്ങളിൽ സാമാന്യമായ സംതൃപ്തി പ്രതീക്ഷിക്കാം. വസ്തുവാങ്ങുന്നതിന് മുൻപ് ആധാരത്തിൽ നിയമ പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിച്ചിട്ടാവണം.
പുണർതം
ഗ്രഹസഞ്ചാരം ഭാഗികമായി മാത്രം അനുകൂലമാണ്. എല്ലാക്കാര്യങ്ങളിലും കരുതൽ വേണം. കർമ്മരംഗത്ത് തടസ്സങ്ങളുണ്ടാവും. ചുമതല വഹിക്കുവാൻ ഏല്പിച്ചവരുടെ പിടിപ്പുകേട് വിഷമിപ്പിക്കാം. വായ്പകൾക്ക് അപേക്ഷിക്കുമെങ്കിലും ധനസഹായം വൈകുന്നതാണ്. സർക്കാരിൽ നിന്നും കിട്ടേണ്ട രജിസ്ട്രേഷനും മറ്റും ആവർത്തിത ശ്രമങ്ങൾക്കുശേഷമാവും കൈവരിക. യാത്രകൾ കൊണ്ട് നേട്ടങ്ങളുണ്ടാവും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ഗുണാനുഭവങ്ങൾ വർദ്ധിക്കുന്നതാണ്. കുടുംബകാര്യങ്ങളിൽ സൗഖ്യം പ്രതീക്ഷിക്കാം. മകൻ്റെ ജോലി സ്ഥിരപ്പെടുന്നതാണ്.ഗവേഷകർക്ക് ആവേദകന്മാരുടെ വാക്കുകൾ രേഖപ്പെടുത്തേണ്ടി വരും. വിദേശ യാത്രകൾക്കുള്ള രേഖകൾ/ അനുമതി ലഭിക്കുന്നതാണ്.
പൂയം
ഏഴിലും എട്ടിലുമായി അഞ്ചുഗ്രഹങ്ങൾ ഫെബ്രുവരിയിൽ സഞ്ചരിക്കുകയാൽ ശുഭത്വം കുറയും. ലക്ഷ്യം നേടാനായി അധ്വാനക്ലേശങ്ങളും പരിശ്രമങ്ങളും തുടരുന്നതാണ്. പ്രതീക്ഷിച്ച കേന്ദ്രങ്ങളിൽ നിന്നും സഹായം കിട്ടിയേക്കില്ല. ബന്ധുക്കളുടെ പ്രശ്നത്തിൽ ഇടപെടുന്നത് കരുതലോടെ വേണം. ചിലപ്പോൾ വിരോധമാവും ഭവിക്കുക. സ്ഥിരം തൊഴിലുകളിൽ വലിയ മാറ്റമൊന്നും വരണമെന്നില്ല. സ്വന്തം പണം മുടക്കി സംരംഭങ്ങൾ ആരംഭിക്കുന്നത് ഇപ്പോൾ കരണീയമല്ല. സർക്കാരിൽ നിന്നും കിട്ടേണ്ട രേഖകൾ വൈകുന്നതാണ്. കലാകായിക മത്സരങ്ങളിലും പരീക്ഷകളിലും തിളങ്ങാൻ അത്യദ്ധ്വാനം വേണം. സ്നേഹിക്കുന്നവരും സുഹൃത്തുക്കളും ഒപ്പമുണ്ടാവുന്നത് ആശ്വാസമാണ്. ചെറുകിട തൊഴിലുകളിൽ നിന്നും വരവ് കുറയില്ല.
ആയില്യം
ഏഴും എട്ടും ഒമ്പതും പന്ത്രണ്ടും ഭാവങ്ങളിലായി ഗ്രഹങ്ങൾ കേന്ദ്രീകരിക്കുകയാൽ സമ്മർദങ്ങൾ ഉണ്ടാവും. അവയോട് സമരസപ്പെട്ടും കലഹിച്ചും കാര്യസാധ്യത്തിലേക്ക് നീങ്ങേണ്ടതായി വരും. തൊഴിലിൽ ആലസ്യമനുഭവപ്പെടാനിടയുണ്ട്. സമയബന്ധിതമായി കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ വരുന്നതാണ്. അർഹതയുള്ള നിയമനങ്ങൾ അനർഹർ നേടുന്നതിൽ വിഷമിക്കും. വിദ്യാർത്ഥികളുടെ പഠനത്തിൽ മാതാപിതാക്കൾ ശ്രദ്ധ ചെലുത്തണം. പുതിയ കാര്യങ്ങൾക്ക് ഊർജ്ജം ചെലവഴിയുമെങ്കിലും അവ സാക്ഷാല്കരിക്കുക എളുപ്പമാവില്ല. ചെലവിൽ കരുതലുണ്ടാവണം. വീടുപണി മെല്ലെയാവും. ആത്മീയ യാത്രകൾക്ക് നേരം കണ്ടെത്തുന്നതാണ്.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
മകം
മാസത്തിൻ്റെ ആദ്യപകുതി താരതമ്യേന മെച്ചപ്പെട്ടതാവും. ഉദ്യോഗത്തിൽ സ്വൈരം പ്രതീക്ഷിക്കാം. സാമ്പത്തിക ബാധ്യതകൾ കുറെശ്ശെ പരിഹരിക്കാനാവും. ബിസിനസ്സുകാർക്ക് വിപണിയിൽ മുന്നേറ്റം ഭവിക്കും. കലാകാരന്മാർക്ക് അവസരങ്ങൾ തേടി വരും. വാഗ്ദാനങ്ങൾ പാലിക്കാനാവുകയാൽ മനസ്സിൽ സമാധാനം നിറയും. ബന്ധങ്ങളുടെ ഊഷ്മളത നിലനിർത്താൻ കഴിയുന്നതാണ്. മകൻ്റെ/ മകളുടെ ഭാവിസംബന്ധിച്ച ശുഭസൂചനകൾ കിട്ടും. രണ്ടാം പകുതിയിൽ അലച്ചിലുണ്ടാവും. ഏതു കാര്യവും ആദ്യ ശ്രമത്തിൽ വിജയിക്കാനിടയില്ല. പാർട്ണർഷിപ്പ് ബിസിനസ്സിൽ കരുതലുണ്ടാവണം. തൊഴിലിടത്തിൽ അസംതൃപ്തി വരാം. അഭിമുഖങ്ങളിൽ വേണ്ടത്ര ശോഭിക്കാനായേക്കില്ല.
പൂരം
മൂന്നുമാസമായി തുടരുന്ന ജന്മനക്ഷത്രാധിപനായ ശുക്രൻ്റെ മൗഢ്യം തീരുന്നത് ആശ്വാസമാണ്. മാസാദ്യം തന്നെ പല കാര്യങ്ങൾക്കും വേഗഗതി വരും. ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ സാധ്യതയുണ്ട്. മേലധികാരികളുടെ അഭിനന്ദനം ലഭിക്കുന്നതാണ്. സംഘടനകളിൽ നേതൃപദവി കിട്ടും. സംരംഭങ്ങൾ സുഗമമായി മുന്നോട്ടുപോകുന്നതാണ്. സർക്കാർ ആനൂകൂല നിലപാടുകൾ കൈക്കൊള്ളും. രോഗചികിൽസ ഫലം കാണുന്നതാണ്. വിദേശത്തു കഴിയുന്നവർക്ക് നാട്ടിലെത്തിച്ചേരാൻ സാധിക്കും. പ്രണയത്തിൽ ശൈത്യം തുടരാനാണിട. മകൻ്റെ പഠന കാര്യങ്ങൾ സ്വയം അന്വേഷിക്കുന്നത് ഉത്തമം. പണവരവ് തടസ്സപ്പെട്ടില്ല. മാസത്തിൻ്റെ രണ്ടാം പകുതിയിൽ പറയത്തക്ക നേട്ടങ്ങൾ ഉണ്ടാവണമെന്നില്ല.
ഉത്രം
ചിങ്ങക്കൂറുകാർക്ക് ഫെബ്രുവരി ആദ്യപകുതിയും കന്നിക്കൂറുകാർക്ക് രണ്ടാം പകുതിയും ഗ ഗുണകരമാവും. ന്യായമായ ആഗ്രഹങ്ങൾ തടസ്സപ്പെട്ടാലും നടന്നുകിട്ടും. ആവർത്തിത ശ്രമങ്ങളിലൂടെ വലിയ കാര്യങ്ങൾ സ്വന്തമാക്കാനാവുന്നതാണ്. സംരംഭകർക്ക് വായ്പ ലഭിക്കാം. പുതിയ ഭാഷ/ സാങ്കേതിക കാര്യങ്ങൾ പഠിക്കാൻ സാധിച്ചേക്കും. ഭാഗ്യപരീക്ഷണങ്ങൾ വിജയം കാണുന്നതാണ്. സ്വാർജ്ജിത സമ്പത്ത് നിക്ഷേപിക്കാനാവും. ബന്ധുത്വം ഉപകാരപ്പെടും. മക്കൾക്ക് നേട്ടങ്ങൾ വരുന്ന കാലമാണ്. ദൂരയാത്രകൾ പ്രതീക്ഷിക്കുന്നവർക്ക് അവസരങ്ങൾ കുറയില്ല. ആരോഗ്യപരിശോധനകൾ മുടക്കരുത്. ക്ഷോഭം നിയന്ത്രിക്കേണ്ടതുണ്ട്. വസ്തുവിൽപ്പന നീണ്ടുപോകാനിടയുണ്ട്. സുഹൃൽ ബന്ധത്തിൽ കരുതൽ ആവശ്യമാണ്.
അത്തം
അഞ്ചാം ഭാവത്തിലും ആറാം ഭാവത്തിലുമായി അഞ്ചുഗ്രഹങ്ങൾ സഞ്ചരിക്കുന്നു. അതിനാൽ ദോഷങ്ങളും പ്രതികൂലതകളും ഉണ്ടാവും. ഒപ്പം വളരെയധികം നേട്ടങ്ങളും കൂടി സംജാതമാകുന്നതാണ്. മാതാപിതാക്കളുടെയും തൻ്റെയും ആരോഗ്യത്തിൽ ശ്രദ്ധ വേണം. കരുതിയ കാര്യങ്ങളിൽ പുനശ്ചിന്ത വേണ്ടിവന്നേക്കാം. കണ്ണുമടച്ച് എല്ലാവരേയും വിശ്വസിക്കരുത്. വിദ്യാർത്ഥികൾ പരീക്ഷാ പഠനത്തിൽ കൂടുതൽ ജാഗരൂകരാവേണ്ടതുണ്ട്. വസ്തുതർക്കങ്ങളിൽ കടുംപിടിത്തമരുത്. ന്യായമായ വഴികളിലൂടെ തന്നെ സമ്പാദ്യം ഉയരുന്നതാണ്. പ്രണയം സുരഭിലമാവും. നവസംരംഭങ്ങൾക്ക് കരുതിയതിലും സ്വീകാര്യത വന്നെത്തും. കുടുംബാന്തരീക്ഷത്തിൽ ഐക്യം കുറയില്ല. വാഹനം വാങ്ങാനുള്ള തീരുമാനം സാക്ഷാത്തായേക്കും.
ചിത്തിര
കന്നിക്കൂറുകാരായ ചിത്തിരക്കാർക്ക് കൂടുതൽ അനുകൂലതയുണ്ടാവും. എന്നാൽ തുലാക്കൂറുകാർക്ക് ഗുണദോഷ സമ്മിശ്ര ഫലങ്ങൾ വന്നെത്തുന്നതാണ്. അധികാരികളുടെ ഭാഗത്തുനിന്നും പ്രോത്സാഹനം പ്രതീക്ഷിക്കേണ്ടതില്ല. അനർഹർക്ക് വലിയ സ്വീകാര്യത കിട്ടുകയും ചെയ്യും. വായ്പകൾ നേടാൻ പരിശ്രമിക്കും, മാസാന്ത്യത്തോടെ ഫലമുണ്ടായേക്കും. വിദേശത്തു പോകാനുള്ള പ്രയത്നം ഒട്ടൊക്കെ സഫലമാവുന്നതാണ്. വിദ്യാർത്ഥികളുടെ കാര്യത്തിൽ രക്ഷാകർത്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. സാങ്കേതിക വിഷയങ്ങളിൽ അറിവ് നേടുന്നതിനാവും. പ്രണയികൾക്ക് ഹൃദയൈക്യം ഭവിക്കാനുള്ള സാഹചര്യമുണ്ട്. ഗൃഹത്തിൽ പിണക്കങ്ങളും ഇണക്കങ്ങളും ആവർത്തിച്ചേക്കും. വരവ് പതിവുപോലെ. ചെലവിനങ്ങളിൽ നിയന്ത്രണം കുറയരുത്.
ചോതി
നാലിലധികം ഗ്രഹങ്ങൾ നാല്, അഞ്ച് ഭാവങ്ങളിൽ സഞ്ചരിക്കുന്നത് മാനസിക സമ്മർദ്ദമുണ്ടാക്കും. ക്ഷോഭശീലം പെരുകാം. ഭയപ്പാടുണ്ടാവും. കാര്യനിർവഹണത്തിലെ ശ്രദ്ധയും താത്പര്യവും കുറയും. ബന്ധുക്കളോടും സുഹൃത്തുക്കളോടും അകാരണമായി പിണങ്ങാനിടയുണ്ട്. തൊഴിലിടത്ത് കരുതലുണ്ടാവണം. അവധാനപൂർവ്വം തീരുമാനങ്ങൾ കൈക്കൊള്ളണം.ആറിലെ ശനിയും ഒമ്പതിലെ വ്യാഴവും പ്രശ്നങ്ങളുടെ രൂക്ഷത കുറയ്ക്കുകയും ഗുണഫലങ്ങൾ അനുഭവപ്പെടുത്തുകയും ചെയ്യുന്നതാണ്. ബന്ധങ്ങളുടെ പാരസ്പര്യം നിലനിർത്താൻ അനുരഞ്ജനം ആവശ്യമാണ്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. യാത്രകളിൽ ആനന്ദം കണ്ടെത്തുവാനാവും. നിലവിലെ ജോലി ഉപേക്ഷിക്കുന്നതായാൽ പുതിയത് ലഭിക്കുക എളുപ്പമല്ലെന്ന് അറിയണം. ആവശ്യത്തിന് ധനവരവുണ്ടാവുന്നതായിരിക്കും.
വിശാഖം
ചിലതൊക്കെ നേടിയും ചിലതൊക്കെ നഷ്ടപ്പെടുത്തിയും കൊണ്ടുള്ള ജീവിതത്തിൻ്റെ സ്വാഭാവിക പരിണാമം തുടരപ്പെടുന്ന കാലമാണ്. നക്ഷത്രാധിപനായ വ്യാഴത്തിൻ്റെ വക്രസഞ്ചാരത്താൽ ആത്മവിശ്വാസം കുറയും. ദൗത്യങ്ങൾ ഏറ്റെടുക്കാൻ മടിക്കും. പുതിയ ജോലി തേടുന്നവർക്ക് ഇണങ്ങുന്ന തൊഴിൽ കിട്ടണമെന്നില്ല. അലച്ചിലുണ്ടാവും. സാമ്പത്തിക ബാധ്യത പരിഹരിക്കാൻ ശ്രമം തുടരുന്നതാണ്. നടന്നുവരുന്ന വീടുപണി മുന്നോട്ടുപോകും. ഗവേഷണത്തിനായി യാത്രകളുണ്ടാവും. സഹപ്രവർത്തകരുടെ അഭാവത്തിൽ ജോലിഭാരം കൂടുന്നതാണ്. മകൻ്റെ ജോലിക്കാര്യത്തിൽ ആശ്വാസിക്കാറാവും. വിദേശത്തുനിന്നും ഉത്സവാദികൾക്കും കുടുംബകാര്യങ്ങൾക്കും മറ്റുമായി നാട്ടിലെത്തുന്നതാണ്. വാഹനം ഉയോഗിക്കുന്നതിൽ ജാഗ്രത വേണം.
അനിഴം
മൂന്നാം ഭാവത്തിലും നാലാം ഭാവത്തിലും പഞ്ചഗ്രഹങ്ങൾ വർത്തിക്കുകയാൽ മാസാദ്യം ഗുണഫലങ്ങൾ പ്രതീക്ഷിക്കാം. ലഘുപ്രയത്നത്തിലൂടെ വലിയ നേട്ടങ്ങൾ സ്വന്തമാകും. സർവ്വീസിലുള്ളവർക്ക് മേലധികാരികളുടെ അഭിനന്ദനം ലഭിക്കും. റിട്ടയർ ചെയ്തവർക്ക് ആനുകൂല്യങ്ങൾ കൈവശമെത്തും. സ്വാശ്രയ ജോലികളിൽ മുന്നേറ്റമുണ്ടാവും. വിപണിയുടെ സ്പന്ദനം മനസ്സിലാക്കി പ്രവർത്തിക്കും. രാഷ്ട്രീയ നിലപാടുകൾക്ക് പിന്തുണയുണ്ടാവും. ഭൂമി വാങ്ങാൻ/ വിൽക്കാൻ സാധിക്കും. ക്രയവിക്രയങ്ങളിൽ ലാഭം കുറയില്ല. ഉപരിപഠന കാര്യത്തിൽ വ്യക്തത ഭവിക്കുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ധനാഗമം കുറയാം. ഗൃഹത്തിൽ സമാധാനഭംഗത്തിന് സാധ്യതയുണ്ട്. ഉറ്റവരുമായി കലഹിച്ചേക്കും.
തൃക്കേട്ട
സ്വതസ്സിദ്ധമായ കഴിവുകൾ പ്രയോജനപ്പെടുത്തും. പുതിയ കാര്യങ്ങൾ ആരായാനും വിജ്ഞാനശേഖരണത്തിനും സമയം ചെലവഴിക്കുന്നതാണ്. ഉന്നതരായ വ്യക്തികളുടെ സഹായം ലഭിക്കും. തൊഴിലന്വേഷണം സഫലമാകും. ഭാവികാര്യങ്ങളിൽ, വിശേഷിച്ചും സാമ്പത്തിക വിഷയങ്ങളിൽ കരുതൽ കൈക്കൊള്ളും. യാത്രകൾ ഗുണകരമാവുന്നതാണ്. വീടുപണി പുരോഗമിക്കും. ഭൂമി വ്യാപാരം ആദായകരമാവും. പാരമ്പര്യ തൊഴിലുകളിൽ വളർച്ച പ്രതീക്ഷിക്കാം. സൗഹൃദം വിപുലമാവും. കലാരംഗത്തുള്ളവർക്ക് അവസരങ്ങൾ തേടി വരുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ അദ്ധ്വാനഭാരം കൂടും. ചെലവുകൾ ഉയരുന്നതിനിടയുണ്ട്. പ്രണയികൾക്ക് ഇച്ഛാഭംഗം വരാം.
Also Read: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
മൂലം
രണ്ടിലും മൂന്നിലും ആദിത്യനും ചൊവ്വയും ബുധശുക്രന്മാരും രാഹുവും സഞ്ചരിക്കുന്നു. വാക്കുകൾ പരുഷങ്ങളാവാതിരിക്കാൻ ശ്രദ്ധ വേണം. കലാരംഗത്ത് ശോഭിക്കുന്നതാണ്. പുതുമയുടെ പിറകെ പോകാതെ പാരമ്പര്യത്തിൽ ശ്രദ്ധയൂന്നുന്നതാണ്. നവീകരണ ശ്രമങ്ങൾ ഊർജ്ജിതമാവും. രോഗികൾക്ക് ചികിൽസാ മാറ്റത്തിലൂടെ ഗുണം ലഭിക്കും. ധനവരവിൽ തടസ്സങ്ങളേർപ്പെടാനിടയുണ്ട്. പണച്ചെലവ് അധികരിക്കാം. വിദ്യാർത്ഥികൾക്ക് ഏകഗ്രത കുറയുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കൂടുതൽ ഊർജ്ജസ്വലത കൈവരിക്കും. സംഘടനകളിൽ നേതൃപദവി ലഭിക്കാം. ദാമ്പത്യത്തിൽ സൌഖ്യമുണ്ടാവും. ഗൃഹനിർമ്മാണം ത്വരിതഗതിയിലാവുന്നതാണ്.
പൂരാടം
ശുക്രൻ്റെ മൗഢ്യാവസ്ഥ തീരുന്നത് ആശ്വാസമാണ്. മാസാദ്യം നിലവിലെ സ്ഥിതി തന്നെ തുടരപ്പെടും. സഹോദരരുമായി ചേർന്നു നടത്തുന്ന സ്ഥാപനത്തിൽ പുരോഗതി കുറയാം. വസ്തുവാങ്ങുന്നതിൽ ഏകമനസ്സ് രൂപപ്പെടില്ല. വാഹനത്തിന് അറ്റകുറ്റപ്പണി വരാം. മത്സരാധിഷ്ഠിത കരാറുകളിൽ പങ്കെടുക്കുന്നതാണ്. ഉപരിപഠനത്തിൽ തീരുമാനമുണ്ടാവില്ല. സെമിനാറുകളിൽ പ്രബന്ധാവതരണത്തിന് ക്ഷണിക്കപ്പെടും. മാസത്തിൻ്റെ പകുതിമുതൽ ഔദ്യോഗികന്തരീക്ഷം സമാധാനപൂർണമാവും. പലകോണുകളിൽ നിന്നും സഹായം വന്നെത്തും. ആഢംബര വസ്തുക്കൾ പാരിതോഷികമായി ലഭിക്കാം. ദൈവീക സമർപ്പണങ്ങൾ തടസ്സപ്പെടുകയില്ല. ഭാവി സംബന്ധിച്ച ചില തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്.
ഉത്രാടം
ഗ്രഹങ്ങളുടെ സഞ്ചാരം സമ്മിശ്രഫലങ്ങൾ സൃഷ്ടിക്കാം. വ്യക്തമായ ആസൂത്രണം നടത്താൻ കഴിഞ്ഞേക്കില്ല. പലപ്പോഴും 'വന്നപാട് ചന്തം' എന്ന മട്ടിലാവും പ്രവർത്തനം. വ്യാപാരികൾക്കും വ്യവസായികൾക്കും കൂടുതൽ മുതൽമുടക്ക് ആവശ്യമായി വരുന്നതാണ്. വായ്പകൾ ലഭിക്കാൻ പരിശ്രമിക്കും. മുഴുവൻ ഫലവത്താകുമെന്ന് പറയാനാവില്ല. പൊതു പ്രവർത്തനത്തിൽ തിരച്ചടികൾ വരാനിടയുണ്ട്. കുടുംബകാര്യങ്ങൾക്ക് കൂടുതൽ നേരം മാറ്റിവെക്കാനാഗ്രഹിക്കും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ലഘുവായ നേട്ടങ്ങൾക്ക് സാധ്യത കാണുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാം. ചില സഹായങ്ങൾ കരഗതമാവും. ഏജൻസികളിലൂടെ ലാഭമുണ്ടാവും. ശുഭവാർത്തകൾ കേൾക്കുന്നതാണ്.
തിരുവോണം
ജന്മത്തിലും രണ്ടാം ഭാവത്തിലുമായി അഞ്ചു ഗ്രഹങ്ങൾ സഞ്ചരിക്കുന്നതിനാൽ കരുതലുണ്ടാവണം. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പുലർത്തേണ്ടതുണ്ട്. പുതിയ സംരംഭങ്ങൾക്ക് അനുകൂല കാലമല്ല. ഔദ്യോഗികമായി ചുമതലകൾ കൂടുന്ന കാലമാണ്. ഒപ്പമുള്ളവരുടെ സഹകരണം കുറയാനിടയുണ്ട്. തൊഴിൽ തേടുന്നവർ കാത്തിരിക്കേണ്ടി വന്നേക്കും. ഫെബ്രുവരി 15 നു മേൽ ഗുണാനുഭവങ്ങൾ അല്പാല്പമായി വന്നുചേരും. ന്യായമായ കാര്യങ്ങൾ നടന്നുകിട്ടുന്നതാണ്. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. അഭിമുഖത്തിൽ ശോഭിക്കും. പാരമ്പര്യത്തെച്ചൊല്ലി അഭിമാനിക്കാൻ സാഹചര്യമുണ്ടാവും. എതിർപ്പുകളുടെ കനം കുറഞ്ഞുവരുന്നതാണ്. ഗാർഹികമായി സ്വൈരമുണ്ടാവും.
അവിട്ടം
നക്ഷത്രാധിപനായ ചൊവ്വ ഉച്ചത്തിൽ തുടരുകയാൽ മാസാദ്യം അനുകൂല ഫലങ്ങൾ വരാം. അകത്തും പുറത്തും സ്വീകാര്യതയുണ്ടാവുന്നതാണ്. രോഗപ്രതിരോധ ശേഷി വർദ്ധിക്കും. മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കും. ഗവേഷകർക്ക് നിഗമനങ്ങളുമായി മുന്നോട്ടുപോവാൻ കഴിയും. സാമൂഹിക പ്രവർത്തനത്തിലെ ഉപജാപങ്ങൾക്ക് തക്ക മറുപടി കൊടുക്കാനാവും. നവാരംഭങ്ങൾക്ക് ഉചിത സന്ദർഭമാണ്. എങ്കിലും സാമ്പത്തിക കാര്യങ്ങളിൽ കരുതലുണ്ടാവണം. കടബാധ്യതകൾ വരുത്തന്ന വിധം ആഢംബരച്ചെലവുകൾക്ക് സാധ്യത കാണുന്നു. ബന്ധുകലഹങ്ങളിൽ നടുനില അവലംബിക്കുകയാവും കരണീയം. പ്രണയികൾക്ക് സന്തോഷിക്കാനാവും.
ചതയം
ജന്മനക്ഷത്രത്തിൽ രാഹുവും രണ്ടിൽ ശനിയും അഞ്ചിൽ വ്യാഴവും പന്ത്രണ്ടിലും ജന്മരാശിയിലുമായി നാലും ഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ പ്രായേണ സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ട കാലമായിരിക്കും. പ്രതീക്ഷിച്ച കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞേക്കില്ല. ജോലി തേടുന്നവർക്ക് അർഹതയ്ക്കൊത്ത പദവികൾ കിട്ടാൻ കാത്തിരിക്കേണ്ടി വരുന്നതാണ്. വിദേശത്ത് ചില അവസരങ്ങൾ തുറന്നു കിട്ടാം. വ്യാപാരത്തിനായി വാങ്ങിയ വായ്പ അടച്ചു തീർക്കാൻ വിഷമിക്കുന്നതാണ്. മക്കളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ വേണം. പുണ്യകർമ്മങ്ങൾ തടസ്സപ്പെടുകയില്ല. കൂട്ടുകാരുമൊത്ത് തീർത്ഥാടനം സാധ്യമാകുന്നതായിരിക്കും. കലാസാഹിത്യരംഗത്ത് കീർത്തി നേടുന്നതാണ്.
പൂരൂരുട്ടാതി
ഉദ്യോഗസ്ഥർക്ക് പിരിമുറുക്കം ഒഴിയില്ല. ചില ഉത്തരവാദിത്വങ്ങൾ ദുർഘടമായി തോന്നും. പ്രൈവറ്റ് ജോലികളിൽ അനിഷ്ട സമയത്ത് ഡ്യൂട്ടി ചെയ്യേണ്ടി വരുന്നതാണ്. പൊതുപ്രവർത്തകരുടെ ഉദ്ദേശ്യശുദ്ധി ഒപ്പമുള്ളവർ പോലും മനസ്സിലാക്കണമെന്നില്ല. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമെന്ന് പറയുക വയ്യ. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം. മീനക്കൂറുകാർക്ക് മാസാദ്യ പകുതി നേട്ടങ്ങളുണ്ടാക്കാം. സംരംഭക മീറ്റിംഗുകളിൽ പങ്കെടുക്കുമെങ്കിലും ആത്മവിശ്വാസം ഉയരില്ല. ദാമ്പത്യത്തിലെ പിണക്കങ്ങൾ വലുതാവാതെ നോക്കണം. മകളുടെ പഠനാവശ്യത്തിന് ധനം സ്വരൂപിക്കും. മംഗളകർമ്മങ്ങൾക്ക് ആചാര്യത്വം വഹിക്കുന്നതാണ്. ജന്മദേശത്തു പോകാൻ സന്ദർഭമുണ്ടാവും.
ഉത്രട്ടാതി
ജന്മത്തിൽ ശനിയും പന്ത്രണ്ടിൽ രാഹുവും സഞ്ചരിക്കുകയാൽ അലസതയും നിരുന്മേഷകതയും നിഴൽ പോലെ പിന്തുടരും. പഠിച്ച കാര്യങ്ങൾ സമയത്ത് മറന്നുപോകുന്ന സ്ഥിതി വരാം. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ഇതൊക്കെ സാധ്യതകളാണ്. മാസാദ്യം നാലു ഗ്രഹങ്ങൾ പതിനൊന്നിൽ സഞ്ചരിക്കുകയാൽ ബിസിനസ്സിലും മറ്റും ലാഭം കുറയില്ല. കുടിശിക തുക കൈവശമെത്തും. സർക്കാരിൽ നിന്നും ആനുകൂല്യം / അപേക്ഷകൾക്ക് അനുമതി ഇവ കിട്ടും. പ്രണയം, ദാമ്പത്യസുഖം ഭോഗാനുഭവങ്ങൾ എന്നിവ പ്രതീക്ഷിക്കാം. പൂർവ്വ സുഹൃത്തുക്കളുമായി സ്മരണകൾ പങ്കിടാനാവും. വാഹനത്തിൻ്റെ അറ്റകുറ്റപ്പണികൾ തീരുന്നതാണ്. ഉല്ലാസയാത്രകൾക്ക് അവസരമുണ്ടാവും.
രേവതി
പതിനൊന്നാം ഭാവത്തിലെ ഗ്രഹസമൃദ്ധി ഗുണാനുഭവങ്ങൾ സൃഷ്ടിക്കും. സാമൂഹികമായി അംഗീകാരം കിട്ടുന്നതാണ്. കുടുംബത്തിൽ സ്വീകാര്യതയുണ്ടാവും. വിനോദം, ഉല്ലാസയാത്രകൾ, ആഡംബരജീവിതം ഇവയൊക്കെ സാധ്യമാവും. പണവരവ് തടസ്സപ്പെടില്ല. രോഗികൾക്ക് ചികിൽസ ഫലിക്കുന്നതാണ്. കലാകാരന്മാർക്ക് പാരിതോഷികം പ്രതീക്ഷിക്കാം. പ്രണയ ജീവിതം സുരഭിലമാവും. കുടുംബത്തിൽ സമാധാനം പുലരും. ജന്മശനിക്കാലം കൂടി ആവുകയാൽ വാക്കിലും കർമ്മത്തിലും ശ്രദ്ധയുണ്ടാവണം. വിവാദങ്ങളിൽ നിന്നും അകന്നുനിൽക്കുക അഭികാമ്യം. യാത്രകൾ ക്ലേശപ്രദമായേക്കാം. വിശേഷിച്ചും മാസത്തിൻ്റെ രണ്ടാം പകുതിയിൽ. വ്യവഹാരങ്ങൾക്ക് മുതിരരുത്. ജാമ്യം നിൽക്കുന്നതിൽ കരുതലുണ്ടാവണം.
Read More: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us