Ezhara Shani sade sati 7.5 years Sani Saturn Effects for Dhanu Makaram Kumbham Rashi remedies: ഗ്രഹങ്ങൾ രാശിചക്രത്തിലൂടെയും അവയ്ക്കുള്ളിലെ നക്ഷത്രമണ്ഡലങ്ങളിലൂടെയും ആണ് സഞ്ചരിക്കുന്നത് എന്ന് നമുക്കറിയാം. പല വേഗത്തിലാണ് ഗ്രഹങ്ങളുടെ യാത്ര. കൂട്ടത്തിൽ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. മന്ദൻ, ശനി, ശനൈശ്ചരൻ എന്നീ ശനിനാമങ്ങൾ സൂചിപ്പിക്കുന്നത് ശനിയുടെ ഈ പതികാലത്തിലുള്ള യാത്രയെയാണ്.
ശനി ഒരു രാശിയിൽ ശരാശരി രണ്ടര വർഷം സഞ്ചരിക്കും. അങ്ങനെ പന്ത്രണ്ട് രാശികൾ അടങ്ങുന്ന രാശിചക്രത്തെ ഒരു വട്ടം ഭ്രമണം ചെയ്തു വരാൻ ശനി, ശരാശരി 30 വർഷമെടുക്കുന്നു. (രണ്ടര വർഷം x പന്ത്രണ്ടു രാശികൾ = മുപ്പത് വർഷം). ഇതിൽ ജനിച്ച കൂറിന്റെ അഥവാ ചന്ദ്രരാശിയുടെ (ജന്മരാശി എന്നും പറയും) പന്ത്രണ്ടിൽ സഞ്ചരിക്കുന്ന രണ്ടര വർഷം, തുടർന്ന് ജന്മരാശിയിൽ സഞ്ചരിക്കുന്ന രണ്ടര വർഷം, പിന്നീട് രണ്ടാം രാശിയിൽ സഞ്ചരിക്കുന്ന രണ്ടര വർഷം എന്നിങ്ങനെ തുടർച്ചയായ ഏഴര വർഷങ്ങളെയാണ് ‘ഏഴരശനിക്കാലം’ എന്ന് വിശേഷിപ്പിക്കുന്നത്. (രണ്ടര വർഷം x മൂന്ന് രാശി = ഏഴര വർഷം).
ഏതു രാശിയിൽ ജനിച്ചാലും അഥവാ കൂറ് ഏതായിരുന്നാലും ഒരു വ്യക്തി ഓരോ മുപ്പത് വർഷത്തിനുള്ളിലും ഓരോ ഏഴരശനിക്കാലത്തെ അഭിമുഖീകരിക്കും. മുപ്പത് വയസ്സിനുള്ളിൽ ആദ്യത്തേയും അറുപത് വയസ്സിനുള്ളിൽ രണ്ടാമത്തേയും തൊണ്ണൂറ് വയസ്സിനുള്ളിൽ മൂന്നാമത്തെയും നൂറ്റിയിരുപത് വയസ്സിനുള്ളിൽ നാലാമത്തേയും ഏഴര ശനിക്കാലത്തിലൂടെ ഓരോ മനുഷ്യനും കടന്നു പോകും. ഈ നിയമത്തെ അങ്ങനെയും വ്യാഖ്യാനിക്കാവുന്നതാണ്. ഇതാണ് ഏഴരശനിയെക്കുറിക്കുന്ന ജ്യോതിഷസങ്കല്പം.
Read Here: Kandaka Shani 2022: കണ്ടകശനിദോഷം ബാധിക്കുക ഏതൊക്കെ കൂറുകളെ, നക്ഷത്രങ്ങളെ?
2022 ജൂലൈ 12 മുതൽ ശനി വക്രഗതിയായി കുംഭം രാശിയിൽ നിന്നും മകരം രാശിയിലേക്ക് പകരുന്നു. 2023 ജനുവരി 17 വരെ മാത്രമാണ് ശനി മകരം രാശിയിലുണ്ടാവുക. അതായത് ആറ് മാസക്കാലം മാത്രം. 2022 ഏപ്രിൽ വരെ ഏതാണ്ട് രണ്ട് വർഷക്കാലം ശനി മകരത്തിൽ സഞ്ചരിച്ചിരുന്നു. ആറ്മാസം ശേഷിക്കവേ ശനി അതിചാരരീത്യാ കുംഭത്തിലേക്ക് കടന്നതായിരുന്നു.
ധനുക്കൂറിലും (മൂലം, പൂരാടം, ഉത്രാടം ആദ്യപാദം), മകരക്കൂറിലും (ഉത്രാടം 2, 3, 4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ), കുംഭക്കൂറിലും (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുട്ടാതി 1,2,3 പാദങ്ങൾ) ജനിച്ച വ്യക്തികൾക്കാണ് ഇപ്പോൾ ഏഴരശനി സംഭവിക്കുന്നത്. ഇതിൽ ധനുക്കൂറുകാർക്ക് ഏഴരശനി രണ്ടാം രാശിയിലാകയാൽ ഈ ആറു മാസം കഴിയുന്നതോടെ അവരുടെ ഏഴരശനിക്കാലം മുഴുവനായും ഒഴിഞ്ഞു പോകും. മകരക്കൂറിൽ ജനിച്ചവർക്ക് ജന്മശനിയും തുടർന്ന് രണ്ടിലെ ശനിയും ഉള്ളതിനാൽ ഇനിയും മൂന്ന് വർഷക്കാലം കൂടി ഏഴരശനി ബാക്കിയാണ്. കുംഭക്കൂറിൽ ജനിച്ചവർക്ക് ശനി പന്ത്രണ്ടാം രാശിയിൽ എത്തിയതേയുള്ളു. ഇനി അവിടെ നിന്നും ജന്മരാശിയായ കുംഭത്തിലും പിന്നീട് രണ്ടാം രാശിയായ മീനത്തിലും ശനി സഞ്ചരിക്കുന്ന കാലം മുഴുവൻ ഏഴരശനി തുടരുന്നതായിരിക്കും. ആറ്മാസം ശേഷിക്കവേ ശനി അതിചാരരീത്യാ കുംഭത്തിലേക്ക് കടന്നതായിരുന്നു.
Ezhara Shani Sade Sati 7.5 years Sani Saturn Effects Remedies for Dhanu Makaram Kumbham Rashi: മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുട്ടാതി എന്നീ ഏഴ് നക്ഷത്രക്കാർക്കാണ് ഏഴരശനി
ധനു, മകരം, കുംഭം എന്നീ മൂന്ന് കൂറുകളിൽ ജനിച്ച മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുട്ടാതി എന്നീ ഏഴ് നക്ഷത്രക്കാർക്കാണ് ഏഴരശനി എന്ന് വ്യക്തമായി. എന്നാൽ ഇവർക്ക് ഏഴരശനി നൽകുന്ന അനുഭവങ്ങൾ വളരെ വ്യത്യസ്തമായിരിക്കും. അക്കാര്യമാണ് ഇനി വിശദീകരിക്കുന്നത്.
ധനുക്കൂറിൽ ജനിച്ചവർക്ക് (മൂലം, പൂരാടം, ഉത്രാടം കാൽ) ശനി രണ്ടിലാണ് വരിക . 2022 ജൂലൈ 12 മുതൽ 2023 ജനുവരി 17 വരെ ഇവർക്ക് ധനപരമായി ക്ലേശങ്ങൾ വരാം. കടം വാങ്ങി കടം വീട്ടേണ്ട സ്ഥിതി ഉണ്ടായേക്കും. കള്ളം പറയാനും ചെയ്യാനും ദുഷ്പ്രേരണ വളരാം. കുടുംബബന്ധങ്ങളിൽ ഊഷ്മളതയ്ക്ക് പകരം ഊഷരത വന്നുചേർന്നേക്കും. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസപരമായി ക്ലേശങ്ങൾ വരാം. ഓർമ്മക്കുറവ് വൃദ്ധജനങ്ങളെ കൂടുതലായി ബാധിക്കാം. തിമിരം, വാതരോഗം കൊണ്ടുള്ള ക്ലേശം, ഭക്ഷണത്തിൽ അരുചി, കാര്യതടസ്സം ഇവയെല്ലാം ഏറിയോ കുറഞ്ഞോ അനുഭവപ്പെട്ടെന്ന് വരാം.
മകരക്കൂറിൽ (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി) ജനിച്ചവർക്ക് വ്യക്തിത്വ പ്രതിസന്ധി വന്നേക്കാം. ആത്മവിശ്വാസം കുറയാം. ആത്മഗ്ലാനി ഉദയം ചെയ്താൽ അത്ഭുതപ്പെടുവാനില്ല. പ്രതീക്ഷിച്ച പല കാര്യങ്ങളിലും തടസ്സം ഉണ്ടാവാം. ആദരവിന് പകരം അനാദരവും അംഗീകാരത്തിന് പകരം തിരസ്കാരവും ഭവിക്കാം. കുടുംബാംഗങ്ങൾക്കിടയിൽ സ്വാധീനം കുറയാം. യാത്രകളിൽ ഏറ്റവും കരുതൽ വേണ്ട കാലമാണ്. ആരോഗ്യ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചക്കും മുതിരരുത്. ധനപരമായ മന്ദതയും ഭവിച്ചേക്കാം.
കുംഭക്കൂറിൽ (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി മുക്കാൽ) ജനിച്ചവർക്ക് ഇഷ്ടമില്ലെങ്കിൽ പോലും വിദേശത്തോ അന്യനാട്ടിലോ പോയി ജീവിക്കേണ്ടി വന്നേക്കും. ഉദ്യോഗസ്ഥർക്ക് ദൂരദിക്കിലേക്ക് സ്ഥലംമാറ്റം, സ്ഥാനക്കയറ്റം ലഭിക്കാതിരിക്കൽ ഇവ സംഭവിക്കാം. കുടുംബാംഗങ്ങളെ താത്ക്കാലികമായെങ്കിലും പിരിയേണ്ടി വന്നേക്കാം. പാഴ്ചെലവുകൾ നിയന്ത്രണാതീതമാകും. ചീത്തക്കൂട്ടുകെട്ടുകൾ ദുഷ്ക്കീർത്തിയുണ്ടാക്കാം. അസന്തുഷ്ടനുഭവങ്ങൾ മനസ്സിനെ മ്ളാനമാക്കാം. കിടപ്പ് രോഗികൾക്ക് ചികിത്സകൾ ഫലിക്കാൻ കാലതാമസമുണ്ടാകും. അനാവശ്യ കാര്യങ്ങളിൽ തലയിടാനുള്ള പ്രവണത ഏറും.
ജാതകപ്രകാരം നല്ലദശയിലൂടെ കടന്നു പോകുന്നവർക്ക് ഏഴരശനിദോഷം അത്ര കഠിനമായിക്കൊള്ളണമെന്നില്ല. ഗോചരാൽ വ്യാഴം തുടങ്ങിയ ഗ്രഹങ്ങൾ അനുകൂലമാണെങ്കിലും ശനി നൽകുന്ന ദോഷശക്തി നാമമാത്രമായിരിക്കും. സഹിഷ്ണുത പുലർത്തുക, മിതവ്യയം പാലിക്കുക, മനോനിയന്ത്രണ പരിശീലനങ്ങൾ സ്വായത്തമാക്കുക, സാഹസങ്ങൾ ഒഴിവാക്കുക, കലഹങ്ങളിലും വ്യവഹാരങ്ങളിലും നിന്ന് ഒഴിഞ്ഞു നിൽക്കുക എന്നിവയൊക്കെ ഏഴരശനിയെ ഫലപ്രദമായി പ്രതിരോധിക്കാൻ സഹായിക്കുന്ന ചില തത്ത്വങ്ങളും തന്ത്രങ്ങളുമാണ്.
Read Here: ശനി മകരത്തിലേക്ക്; വിശദമായ ഫലങ്ങള്