scorecardresearch
Latest News

Dhanu Month Horoscope 2022: ധനു മാസഫലം, അശ്വതി മുതൽ ആയില്യം വരെ

Danhu Month 2022 Astrological Predictions for Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ ധനു മാസത്തെ നക്ഷത്രഫലം പരിശോധിക്കാം

Dhanu Month Horoscope 2022: ധനു മാസഫലം, അശ്വതി മുതൽ ആയില്യം വരെ

2022 ഡിസംബർ 16 ന് ധനുമാസം തുടങ്ങുന്നു. 2023 ജനുവരി 14 ന് (ധനു മാസം 30 ദിവസം) പൂർണമാകുന്നു. ധനു മാസം ഒന്നാം തീയതി രാവിലെ സൂര്യസംക്രമം. സൂര്യൻ വൃശ്ചികത്തിൽ നിന്നും ധനുവിലേക്ക് പ്രവേശിക്കുന്നു. ദക്ഷിണായനത്തിലെ അവസാന മാസമാണ് ധനുമാസം. ആദ്യ പതിമ്മൂന്ന് ദിവസം മൂലം ഞാറ്റുവേലയും പിന്നെ പതിമ്മൂന്നു ദിവസം പൂരാടം ഞാറ്റുവേലയും ഒടുവിലത്തെ നാലുദിവസം ഉത്രാടം ഞാറ്റുവേലയുമാണ്.

ചന്ദ്രൻ ധനു ഒന്നിന് പൂരത്തിലും ധനു മുപ്പതിന് ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി അത്തത്തിലുമാണ്. വ്യാഴം മീനത്തിലും ശനി മകരത്തിലും രാഹു മേടത്തിലും കേതു തുലാത്തിലും ചൊവ്വ വക്രഗതിയായി ഇടവത്തിലും സഞ്ചരിക്കുന്നു. ബുധൻ രണ്ടാം ആഴ്ചയിൽ മകരത്തിലേക്ക് കടന്ന് രണ്ട് ദിവസങ്ങൾക്കു ശേഷം വക്രഗതിയായി ധനുവിലും സഞ്ചരിക്കുന്നു. ധനു 14 ന് ശുക്രൻ മകരത്തിലേക്ക് കടക്കുകയായി. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ ധനു മാസത്തെ നക്ഷത്രഫലം പരിശോധിക്കാം.

അശ്വതി: അധികാരസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടും. രാഷ്ട്രീയമായി ഉജ്ജ്വലമായ കാലഘട്ടമാണ്. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ഭവിക്കും. പിതാവിന്റെ വാത്സല്യം വർദ്ധിക്കും. പിതൃസ്വത്തിന്മേലുള്ള തർക്കം അനുകൂലമായി കലാശിക്കും. വിവാഹപ്രതീക്ഷകൾ പൂവണിയാൻ അൽപം കൂടി കാത്തിരിക്കേണ്ടിവരും. വിദ്യാർത്ഥികൾ പഠനത്തിൽ മികവുനേടും. പരുഷവാക്കുകൾ ശത്രുക്കളെ സൃഷ്ടിക്കും. തീർത്ഥാടനം നടത്താനും ദാനധർമ്മങ്ങൾ ചെയ്യാനും സന്ദർഭമുണ്ടാവും.

ഭരണി: തൊഴിൽ രംഗം അൽപമൊന്ന് കലുഷമാകും. ചിലരുടെ ദുർവാശി കാരണം നിലമറന്ന് പെരുമാറേണ്ടി വരാം. സാമ്പത്തികസ്ഥിതി ഉയരും. എന്നാൽ ചെലവുമേറും. തറവാട് പുതുക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ പുരോഗമിക്കും. പ്രവാസികൾക്ക് ജന്മനാട്ടിലേക്ക് വരാൻ കഴിയും. സ്വന്തം തൊഴിലിൽ ഇപ്പോൾ വലിയ തോതിൽ മുതൽ മുടക്കുന്നത് ആശാസ്യമല്ല. രാഹു, രണ്ടുമാസം കൂടി ഭരണി നക്ഷത്രത്തിൽ തുടരുന്നതിനാൽ ആരോഗ്യസ്ഥിതി അനുകൂലമാവണമെന്നില്ല. അകാലചര്യകളും ദുർവാസനകളും ഒഴിവാക്കുന്നതാവും കാമ്യം.

കാർത്തിക: മേടക്കൂറുകാരായ കാർത്തികക്കാർക്കാവും ധനുവിൽ ഗുണാധിക്യം. ഇടവക്കൂറുകാരായ കാർത്തികക്കാർ അധികാര സ്ഥാനത്തുള്ള വരുമായി ശ്രദ്ധാപൂർവ്വം ഇടപെടണം. ധനപരമായി മെച്ചപ്പെട്ട കാലമാണ്. എന്നാൽ വ്യാപാരികൾ ഇടപാടുകളിൽ കരുതൽ പുലർത്തേണ്ടതുണ്ട്. വൈകാരിക പ്രതികരണങ്ങളെ സ്വയം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. വിദ്യാർത്ഥികൾ ഉപരിപഠനത്തിൽ നേട്ടങ്ങൾ കൈവരിക്കും. വിദേശത്ത് തൊഴിൽ സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ഉന്നമനത്തിനായി ചില നടപടികൾ സ്വീകരിക്കും. വസ്തുതർക്കങ്ങൾ അനുരഞ്ജനത്തിലാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

രോഹിണി: പ്രതീക്ഷിച്ച നേട്ടങ്ങൾ വന്നുചേരും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. പ്രണയികൾക്ക് കാലം അനുകൂലമല്ല. ദാമ്പത്യത്തിൽ ചില അലോസരങ്ങൾ ഉയരാം. സർക്കാരിൽ നിന്നും പ്രതീക്ഷിച്ച ധനസഹായമോ, അനുമതിപത്രമോ ലഭിച്ചേക്കില്ല. പിതാവിന്റെ ആരോഗ്യകാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഗൃഹനിർമ്മാണം പൂർത്തിയാകും. പുതിയ സൗഹൃദങ്ങൾ സന്തോഷം കൊണ്ടുവരും. ജന്മരാശിയിലെ ചൊവ്വ അനാവശ്യ സഹാസങ്ങൾക്ക് പ്രേരണയേകാം.

മകയിരം: ശരിതെറ്റുകളെക്കുറിച്ച് ചിന്തിച്ച് മനസ്സ് അസ്വസ്ഥമാകാം. ആത്മവിശ്വാസം ചിലപ്പോൾ നഷ്ടപ്പെടുന്നതുപോലെ തോന്നും. വ്യക്തിബന്ധങ്ങളുടെ ഊഷ്മളത നിലനിർത്താൻ ക്ലേശിക്കും. പിതാവിന്റെ സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉയരാം. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ചെറിയ നേട്ടങ്ങൾ വന്നുകൊണ്ടിരിക്കും. മിഥുനക്കൂറുകാരായ മകയിരം നാളുകാർക്ക് അഷ്ടമശനി മൂലം കാര്യവിഘ്നം ഏർപ്പെടാം. ശാരീരികമായ അലച്ചിൽ, ക്ഷീണം എന്നിവ ഭവിക്കാം. പണച്ചെലവ് അൽപം കൂടും. ഒരുവിധം വെടിപ്പായി കാര്യനിർവഹണം നടത്തി എന്നതിൽ മാസാവസാനം ചാരിതാർത്ഥ്യം ഉണ്ടാകുന്നതായിരിക്കും.

തിരുവാതിര: പൊതുവേ സംതൃപ്തിക്ക് അവകാശമുള്ള കാലമാണ്. പരീക്ഷകളിൽ വിദ്യാർത്ഥികൾ ഉയർന്ന വിജയം നേടും. സ്വന്തം സ്ഥാപനം തുടങ്ങുവാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഭംഗിയായി പുർത്തിയാക്കും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അണികളുടെ പൂർണ പിന്തുണ ലഭിക്കും. കലാകാരന്മാർ സർഗ സൃഷ്ടികളിൽ പ്രതിഭാവിലാസം പ്രകടമാക്കും. പകർച്ചവ്യാധികളെ കരുതിയിരിക്കണം. ചികിത്സക്കായി ആശുപത്രിയിൽ കഴിയുന്നവരുടെ ശസ്ത്രക്രിയ വിജയകരമാവും. ഊഹക്കച്ചവടത്തിൽ പ്രതീക്ഷിച്ച നേട്ടങ്ങൾ ഉണ്ടാവണമെന്നില്ല. സാമ്പത്തിക ജാഗ്രത അനിവാര്യം.

പുണർതം: കുടുംബാംഗങ്ങളുമായി ഒത്തുചേരാൻ സന്ദർഭമുണ്ടാകും. തീർത്ഥാടനം മനസ്സിനെ സന്തോഷിപ്പിക്കും. മക്കളുടെ ശ്രേയസ്സിൽ അഭിമാനം കൊള്ളും. സാമ്പത്തിക ബാധ്യതകൾ ഏറും. അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്നും ഉറച്ച പിന്തുണ കിട്ടും. എതിർപ്പുകളെ ആത്മധൈര്യത്തോടെ നേരിടും. വ്യാപാരത്തിൽ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ അൽപകാലം കൂടി കാത്തിരിക്കുന്നതാവും ഉചിതം. ഉദരരോഗത്തിന് വിദഗ്ദ്ധ ചികിത്സ പ്രയോജനപ്പെടുത്തും. വൃദ്ധജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ സന്തോഷപൂർവ്വം പങ്കെടുക്കും. നവസാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ അഭിപ്രായവും എതിർപ്പും രേഖപ്പെടുത്തി ശ്രദ്ധ നേടും.

പൂയം: വസ്തുക്കളിൽ നിന്നും ആദായമുണ്ടാകും. ഭൂമി വാങ്ങാനുള്ള സാഹചര്യം അനുകൂലമായിത്തീരും. പങ്കുകച്ചവടത്തിൽ നിന്നും പിന്തിരിഞ്ഞാലോ എന്ന ആലോചന വളരും. കായിക മത്സരങ്ങളിൽ വിജയിക്കും. പറഞ്ഞത് അനുസരിക്കാൻ ഉറ്റ കുടുംബാംഗങ്ങൾ തയ്യാറാകാത്തതിൽ ദുഃഖവും ഈർഷ്യയും ഉണ്ടാകും. ദാമ്പത്യത്തിൽ ചില പ്രശ്നങ്ങൾ ഉദയം ചെയ്തേക്കാം. ഈശ്വര കാര്യങ്ങൾ മുടക്കം വരാതെ നിർവഹിക്കും. ഗൃഹനവീകരണത്തിന് ശ്രമം തുടങ്ങും. ദീർഘകാല പദ്ധതികളെക്കുറിച്ച് സുഹൃത്തുക്കളുമായി സംസാരിക്കും.

ആയില്യം: പിതാവിന്റെ രോഗാവസ്ഥക്ക് ശമനമുണ്ടാകും. ചില അധിക വരുമാനങ്ങൾക്ക് കൂടി വഴി തുറക്കപ്പെടും. അനാവശ്യമായ ചെലവുകളെ നിയന്ത്രിക്കും. തൊഴിലന്വേഷകർക്ക് ശുഭവാർത്തയുണ്ടാകും. ഗൃഹത്തിന്റെ ജീർണോദ്ധാരണം പുരോഗമിക്കും. കുടുംബ പ്രശ്നങ്ങളെ സമചിത്തതയോടെ നേരിടും. സുഹൃത്തുക്കളുടെ ഉപദേശം ചെവിക്കൊള്ളും. എതിരാളികളുടെ നീക്കങ്ങളെക്കുറിച്ച് രഹസ്യസന്ദേശങ്ങൾ ലഭിക്കും. ഭോഗസിദ്ധിയും അശനശയനസൗഖ്യവും ഉണ്ടാകുന്നതാണ്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Dhanu month 2022 astrological predictions for aswathi bharani karthika rohini makayiram thiruvathira punartham pooyam ayiylam stars

Best of Express