scorecardresearch

Horoscope December 2025: ഡിസംബർ മാസഫലം, മൂലം മുതൽ രേവതിവരെ

December Month 2025 Astrological Prediction: 2025 ഡിസംബർ മാസത്തെ മൂലം മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

December Month 2025 Astrological Prediction: 2025 ഡിസംബർ മാസത്തെ മൂലം മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | Astrology

December Month 2025 Astrological Predictions for stars Moolam to Revathy

Astrology: ഡിസംബർ 15 വരെ ആദിത്യൻ വൃശ്ചികം രാശിയിലും തുടർന്ന് ധനുരാശിയിലും സഞ്ചരിക്കും. അനിഴം, തൃക്കേട്ട, മൂലം, പൂരാടം ഞാറ്റുവേലകളുണ്ട്. ഡിസംബർ 3 ന് തൃക്കാർത്തികയും നാലിന് പൗർണമിയും ഡിസംബർ 19 ന് അമാവാസിയും വരുന്നു.

Advertisment

ഹേമന്ത ഋതുവും, മാർഗശീർഷം, പൗഷം എന്നീ ചാന്ദ്രമാസങ്ങളും ഡിസംബറിൽ ഒടുങ്ങുകയും തുടങ്ങുകയും ചെയ്യും. ഡിസംബർ 5 ന് വ്യാഴം വക്രഗതിയായി വീണ്ടും മിഥുനം രാശിയിൽ പ്രവേശിക്കും. പുണർതം നക്ഷത്രത്തിൽ തുടരുന്നതാണ്. 

Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിലാണ്. ഡിസംബർ 1 മുതൽ വക്രഗതി (Retrograde Motion) തീർന്ന് നേർഗതി (Direct Motin) യിലാവും. കുംഭം രാശിയിൽ തുടരുന്ന രാഹു ഡിസംബർ 1 ന് രാത്രി  പിൻഗതിയായി പൂരൂരുട്ടാതിയിൽ നിന്നും ചതയം നക്ഷത്രത്തിലേക്ക് മാറുന്നു. കേതു ചിങ്ങം രാശിയിലാണ്. ഡിസംബർ 1 ന് രാത്രി പൂരം മൂന്നാം പാദത്തിൽ പ്രവേശിക്കുന്നു.

ചൊവ്വ വൃശ്ചികം രാശിയിൽ തൃക്കേട്ട നക്ഷത്രത്തിലാണ്. ഡിസംബർ 7 ന് ധനുരാശിയിലേക്ക് സംക്രമിക്കും. മൂലം, പൂരാടം നക്ഷത്രത്തിലൂടെ കടന്നുപോകുന്നുണ്ട്. ചൊവ്വ മൗഢ്യത്തിലുമാണ്. ബുധൻ തുലാം രാശിയിലാണ്. ഡിസംബർ 6 മുതൽ വൃശ്ചികം, 29 മുതൽ ധനു എന്നീ രാശികളിൽ സഞ്ചരിക്കും. ഡിസംബറിൽ ബുധന് വക്രമൗഢ്യാദികളില്ല. 

ശുക്രൻ വൃശ്ചികം രാശിയിലാണ്. ഡിസംബർ 20 ന് ധനുവിൽ പ്രവേശിക്കും. ഡിസംബർ 10 മുതൽ ശുക്രൻ വാർഷികമായ മൗഢ്യാവസ്ഥയിലാവും. ഇത് രണ്ടുമാസക്കാലം തുടരുന്നതാണ്. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള  നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ ഡിസംബർമാസഫലം ഇവിടെ അപഗ്രഥിക്കുന്നു.

Advertisment

Also Read: വൃശ്ചിക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

മൂലം

പന്ത്രണ്ടിലും ജന്മരാശിയിലുമായി ആദിത്യൻ, ചൊവ്വ എന്നീ ഗ്രഹങ്ങൾ സഞ്ചരിക്കുന്നത് പിരിമുറുക്കം സൃഷ്ടിക്കാം. കണ്ടകശ്ശനിക്കാലവുമാണ്. മൂന്നിലെ രാഹുവും ഏഴിലേക്ക് വരുന്ന വ്യാഴവും അനുകൂല ഫലങ്ങൾക്ക് കാരണമാകും. തൊഴിലിടത്തിൽ തടസ്സങ്ങൾ അനുഭവപ്പെട്ടാലും അഭിവൃദ്ധി പ്രതീക്ഷിക്കാം. ഒപ്പമുള്ളവരുടെ സഹകരണം ആത്മാർത്ഥമാവും. ആരോഗ്യപ്രശ്നങ്ങൾ വരാനിടയുണ്ട്. എന്നാൽ കൃത്യമായ ചികിൽസയിലൂടെ പരിഹരിക്കാനുമാവുന്നതാണ്. കുടുംബത്തിൽ അലോസരങ്ങൾ ഉയരാം. അവയ്ക്ക് സംയമനപൂർവ്വം ഉത്തരം കണ്ടെത്തുന്നതിന് കഴിഞ്ഞേക്കും. കൂടുതൽ കടം വാങ്ങാതിരിക്കാൻ കരുതലുണ്ടാവണം. ദൈവിക സമർപ്പണങ്ങൾക്കായി ജന്മനാട്ടിലേക്ക് പോയി വരും.

 പൂരാടം

ആദിത്യനും ചൊവ്വയും ശനിയും ഗോചരാൽ അനിഷ്ടസ്ഥാനങ്ങളിൽ തുടരുകയാൽ സ്വന്തം കഴിവുകൾ തിരിച്ചറിയാനാവാത്ത സ്ഥിതിയുണ്ടാവും. ആലസ്യം സഹയാത്രികനായേക്കും. പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തേണ്ടി വരുന്നതാണ്. അധികാരികൾ ശത്രുപക്ഷത്തെ പിൻതുണച്ചേക്കും. രോഗഗ്രസ്തർക്ക് പ്രതിരോധശേഷി ഉയരാൻ കുറച്ചുകൂടി മരുന്നുകഴിക്കേണ്ടതായി വരുന്നതാണ്. ഇഷ്ടവ്യക്തികളുമായി അകാരണമായ പിണക്കത്തിന് സാധ്യത കാണുന്നു. ഗവേഷണത്തിൽ  കൂടുതൽ വിവരശേഖരണം ആവശ്യമാവുന്ന സാഹചര്യം ഉടലെടുക്കും. ചില അപ്രതീക്ഷിത സഹായങ്ങളും ലഭ്യമായേക്കും. ദാമ്പത്യത്തിലെ പ്രശ്നങ്ങൾ പരിഹൃതമാവുന്നതാണ്. തീർത്ഥാടനയോഗമുണ്ട്. നവരാംഭങ്ങൾക്ക് അണിയറ ഒരുക്കം നടത്താം.

ഉത്രാടം

ധനുക്കൂറുകാർക്ക് കാര്യനിർവഹണത്തിൽ ഉത്സാഹം കുറയാം. മുൻ തീരുമാനങ്ങൾ പ്രാവർത്തികമാക്കുക എളുപ്പമാവില്ല. തൊഴിലിടത്തിൽ  വിയോജിപ്പുകൾ തുടരും. ചിലരുടെ പിന്തുണ സ്വീകരിക്കണോ എന്നതിൽ സന്ദേഹം ഭവിക്കും. മകരക്കൂറുകാർക്ക് മാസാദ്യ പകുതി ഗുണകരമാവുന്നതാണ്. ബിസിനസ്സിൽ വരുമാനം അധികരിക്കും. പുതുകാര്യങ്ങൾക്കായി സർക്കാരിൽ നിന്നും അനുമതി ലഭിക്കുന്നതാണ്. ഭൂമി വ്യവഹാരത്തിൽ വിജയം വരാം. രണ്ടാം പകുതിയിൽ വ്യയാധിക്യം ഉണ്ടാവും. ബിസിനസ്സ് യാത്രകൾ കൂടും. എന്നാൽ അതിനൊത്ത നേട്ടങ്ങൾ അനുഭവത്തിൽ വരണമെന്നില്ല.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

തിരുവോണം

നിലവിലെ തൊഴിൽ രംഗത്ത് വ്യക്തമായ വിധം മുന്നേറ്റം തുടരാനാവും. അർഹതയ്ക്ക് അംഗീകാരം ലഭിക്കുന്നതാണ്. സാമൂഹിക പ്രശ്നങ്ങളിൽ സക്രിയരാവും. കർമ്മശേഷി സഹപ്രവർത്തകരെ അസൂയാലുക്കളാക്കിയേക്കും. തൊഴിലന്വേഷണത്തിന് നല്ലഫലം ഉണ്ടാവുന്നതാണ്. സാങ്കേതികമായ അറിവ് നേടാൻ ശ്രമം തുടർന്നേക്കും. ആദർശചിന്തകൾ പ്രായോഗികമാക്കി  ഉൾക്കൊള്ളും. വസ്തുവിൽപ്പനയിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. സുഹൃത്തുക്കളുടെ ചില നിർദ്ദേശങ്ങൾ അപ്രായോഗികമായി അനുഭവപ്പെടും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ജോലിഭാരം കൂടുന്നതാണ്. യാത്രകൾ ക്ലേശിപ്പിക്കാം. ചെലവുകളെ ചൊല്ലി കുടുംബത്തിൽ തർക്കങ്ങൾ ഉടലെടുക്കന്നതാണ്.

അവിട്ടം

ഔദ്യോഗിക ചുമതലകൾ വർദ്ധിക്കും. അതിൽ വിജയിക്കാൻ സാധിക്കുന്നതാണ്. ഏകോപനം പ്രശംസ നേടും. സ്വയം പണം മുടക്കി തൊഴിൽ ചെയ്യുന്നവർക്ക് ലാഭം കിട്ടിത്തുടങ്ങുന്നതാണ്. അദ്ധ്വാനം പാഴിലാവില്ല. ലോണിനുള്ള അപേക്ഷ പരിഗണിക്കപ്പെടും. വ്യായാമം, ദിനചര്യ ഇവയിൽ കൃത്യനിഷ്ഠ പുലർത്തും. സഹോദരരുടെ കാര്യത്തിൽ ശുപാർശകൾ നടത്തി ഫലം കണ്ടെത്താനാവും. കലാപരിശീലനം, സാഹിത്യപ്രവർത്തനം ഇവ തുടരുന്നതാണ്. അനാവശ്യ വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കണം. വാടകവിട്ടിന് പുതിയ താമസക്കാരെ ലഭിക്കുന്നതാണ്. ക്ഷോഭം നിയന്ത്രിക്കേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ രേഖകൾ സൂക്ഷിക്കാൻ മറക്കരുത്.

ചതയം

ഡിസംബർ 1 ന് രാത്രി രാഹു ചതയം നക്ഷത്രത്തിൽ പ്രവേശിക്കുന്നു. രാഹുവിൻ്റെ സ്വന്തം നക്ഷത്രമാണ് ചതയം. എങ്കിലും പാപഗ്രഹം ജന്മനക്ഷത്രത്തിലും ശനി രണ്ടാം നക്ഷത്രത്തിലും തുടരുന്നത് ചതയം നാളുകാരിൽ പലതരം സമ്മർദ്ദങ്ങൾ സൃഷ്ടിക്കും. ആലസ്യം, ഉത്തരവാദിത്വങ്ങളിൽ നിന്നും പിൻവലിയാനുള്ള പ്രേരണ എന്നിവ കടന്നുവരും. മറ്റു ഗ്രഹങ്ങൾ അനുകൂല ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ ഗുണാനുഭവങ്ങളും വന്നെത്തുന്നതാണ്.
വ്യാപാരത്തിൽ പുരോഗതിയുണ്ടാവും. കടബാധ്യത ഭാഗികമായി പരിഹരിക്കും. പ്രണയ കാര്യത്തിൽ വിശ്വസ്തരാവും. കുടുംബത്തിൽ സമാധാനമുണ്ടാവുന്നതാണ്. മക്കളുടെ കാര്യത്തിലെ ഉൽക്കണ്ഠ നിങ്ങുന്നതാണ്.

Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

പൂരൂരുട്ടാതി

ജന്മനക്ഷത്രത്തിൽ നിന്നും രാഹു മാറുന്നത് ആശ്വാസമാണ്. എന്നാൽ ശനി ജന്മനക്ഷത്രത്തിൽ തുടരുന്നുമുണ്ട്. ഊർജ്ജസ്വലത കുറയുന്നതായി തോന്നാം. സഹജമായ കഴിവുകൾ പുറത്തെടുക്കാൻ കഴിഞ്ഞേക്കില്ല.  പ്രകോപനങ്ങളിൽ വീണുപോകരുത്. ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. സ്വത്ത് തർക്കങ്ങൾ വളരാതിരിക്കാൻ കരുതലുണ്ടാവണം. വിദേശത്ത് കഴിയുന്നവരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹൃതമാവും. ആശയ വിനിമയശേഷി ശ്രദ്ധിക്കപ്പെടുന്നതാണ്. ഗൃഹനിർമ്മാണ കാര്യത്തിൽ കുടുംബത്തിൽ ഏകോപനം സാധ്യമായേക്കില്ല. വയോജനങ്ങളുടെ പരിരക്ഷണത്തിൽ ശ്രദ്ധയുണ്ടാവണം. ഒരു കൈകൊണ്ട് തല്ലുമ്പോൾ മറുകൈകൊണ്ട് തലോടുന്ന പ്രകൃതിനിയമം ഓർമ്മയിൽ വരും.

ഉത്രട്ടാതി

തെറ്റെന്ന് ബോധ്യമാണെങ്കിലും അതിൽ നിന്നും പിൻവലിയാൻ കഴിയാത്ത സ്ഥിതിയുണ്ടാവും. കൂട്ടുകെട്ടുകളിൽ നിയന്ത്രണം വേണ്ടതുണ്ട്. 
പുതിയ കാര്യങ്ങൾ തുടങ്ങുന്നതിനെക്കാൾ നിലവിലുള്ളവ നന്നായി കൊണ്ടുനടത്തുന്നതിലാവണം ശ്രദ്ധ. ഗൃഹത്തിൽ സാമാന്യമായി സമാധാനം പുലരുന്നതായിരിക്കും. സർക്കാർ കാര്യങ്ങളിൽ അനുഭവപ്പെട്ടിരുന്ന തടസ്സം നീങ്ങിയേക്കും. മുൻവിധികൾ പലപ്പോഴും നിയാമകമാവാം. സംരംഭങ്ങളിൽ നിന്നുള്ള ധനവരവ് മോശമാവാനിടയില്ല.  ഗവേഷകർക്ക് മൗലികമായിട്ടുള്ള കണ്ടെത്തലുകൾ പ്രശസ്തി നേടിത്തരും. മത്സരങ്ങളിൽ ഭാഗ്യപരീക്ഷണം നടത്തുന്നവർ വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കൂടുതൽ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം.

രേവതി

ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റും. കഠിനാധ്വാനശീലം മേലധികാരികളുടെ കണ്ണുതുറപ്പിക്കാം. ആവശ്യപ്പെട്ട ദിക്കിലേക്ക് സ്ഥലംമാറ്റം കിട്ടാനുള്ള സാഹചര്യം ഉണ്ടാവും. പൈതൃകത്തിൽ അഭിമാനിക്കാവുന്ന സാഹചര്യം ഉടലെടുക്കും. ഉപജാപങ്ങളിൽ കരുതലുണ്ടാവണം. സാമ്പത്തിക സ്ഥിതി മോശമാവില്ല. ദഹനക്കേട്, വാതശല്യം എന്നിവ ഉപദ്രവിച്ചേക്കാം. പുതുവാഹനം വാങ്ങുവാൻ തീരുമാനിക്കും. രാഷ്ട്രീയ നേതൃത്വവുമായുണ്ടായിരുന്ന ഭിന്നത നീങ്ങും. പൂർവ്വകാലത്തിലെ ബന്ധം വീണ്ടും തളിർക്കാനിടയുണ്ട്. നിക്ഷേപങ്ങൾ സുരക്ഷിതമാക്കാൻ ശ്രദ്ധ ചെലുത്തണം. ബൗദ്ധിക പ്രവർത്തനങ്ങൾക്കും നേരം കണ്ടെത്തും. 
ദൈവിക സമർപ്പണങ്ങളിൽ വർദ്ധിത ശുഷ്കാന്തി പുലർത്തുന്നതാണ്.

Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: