scorecardresearch

Horoscope December 2025: ഡിസംബർ മാസഫലം, അശ്വതി മുതൽ ആയില്യംവരെ

December Month 2025 Astrological Prediction: 2025 ഡിസംബർ മാസത്തെ അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

December Month 2025 Astrological Prediction: 2025 ഡിസംബർ മാസത്തെ അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | Astrology

December Month 2025 Astrological Predictions for stars Aswathi to Ayilyam

Astrology: ഡിസംബർ 15 വരെ ആദിത്യൻ വൃശ്ചികം രാശിയിലും തുടർന്ന് ധനുരാശിയിലും സഞ്ചരിക്കും. അനിഴം, തൃക്കേട്ട, മൂലം, പൂരാടം ഞാറ്റുവേലകളുണ്ട്. ഡിസംബർ 3 ന് തൃക്കാർത്തികയും നാലിന് പൗർണമിയും ഡിസംബർ 19 ന് അമാവാസിയും വരുന്നു.

Advertisment

ഹേമന്ത ഋതുവും, മാർഗശീർഷം, പൗഷം എന്നീ ചാന്ദ്രമാസങ്ങളും ഡിസംബറിൽ ഒടുങ്ങുകയും തുടങ്ങുകയും ചെയ്യും. ഡിസംബർ 5 ന് വ്യാഴം വക്രഗതിയായി വീണ്ടും മിഥുനം രാശിയിൽ പ്രവേശിക്കും. പുണർതം നക്ഷത്രത്തിൽ തുടരുന്നതാണ്. 

ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിലാണ്. ഡിസംബർ 1 മുതൽ വക്രഗതി (Retrograde Motion) തീർന്ന് നേർഗതി (Direct Motin) യിലാവും. കുംഭം രാശിയിൽ തുടരുന്ന രാഹു ഡിസംബർ 1 ന് രാത്രി  പിൻഗതിയായി പൂരൂരുട്ടാതിയിൽ നിന്നും ചതയം നക്ഷത്രത്തിലേക്ക് മാറുന്നു. കേതു ചിങ്ങം രാശിയിലാണ്. ഡിസംബർ 1 ന് രാത്രി പൂരം മൂന്നാം പാദത്തിൽ പ്രവേശിക്കുന്നു.

ചൊവ്വ വൃശ്ചികം രാശിയിൽ തൃക്കേട്ട നക്ഷത്രത്തിലാണ്. ഡിസംബർ 7 ന് ധനുരാശിയിലേക്ക് സംക്രമിക്കും. മൂലം, പൂരാടം നക്ഷത്രത്തിലൂടെ കടന്നുപോകുന്നുണ്ട്. ചൊവ്വ മൗഢ്യത്തിലുമാണ്. ബുധൻ തുലാം രാശിയിലാണ്. ഡിസംബർ 6 മുതൽ വൃശ്ചികം, 29 മുതൽ ധനു എന്നീ രാശികളിൽ സഞ്ചരിക്കും. ഡിസംബറിൽ ബുധന് വക്രമൗഢ്യാദികളില്ല. 

ശുക്രൻ വൃശ്ചികം രാശിയിലാണ്. ഡിസംബർ 20 ന് ധനുവിൽ പ്രവേശിക്കും. ഡിസംബർ 10 മുതൽ ശുക്രൻ വാർഷികമായ മൗഢ്യാവസ്ഥയിലാവും. ഇത് രണ്ടുമാസക്കാലം തുടരുന്നതാണ്. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള  നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ ഡിസംബർമാസഫലം ഇവിടെ അപഗ്രഥിക്കുന്നു.

Also Read: വൃശ്ചിക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

അശ്വതി

എട്ട്, ഒമ്പത് രാശികളിൽ ആദിത്യനും ചൊവ്വയും, പത്രണ്ടിൽ ശനിയും നാലിലും മൂന്നിലും ആയി വ്യാഴവും സഞ്ചരിക്കുകയാൽ അനായാസമായി ഒന്നും നേടാനാവില്ല. ദൃഢനിശ്ചയം, കഠിനാധ്വാനം ഇവയാൽ മാത്രമേ ലഘുവായ നേട്ടങ്ങൾ പോലും കൈവരികയുള്ളൂ. അധികാരികൾ പ്രതികൂലരായേക്കാം. പുതിയ കാര്യങ്ങൾ തുടങ്ങാൻ സാധിച്ചേക്കില്ല.  സഹപ്രവർത്തകരുടെ സഹകരണം സ്ഥായിയായേക്കില്ല. രാഹു പതിനൊന്നിലുള്ളതിനാൽ 
വളഞ്ഞ വഴികൾ നേട്ടത്തിനും ധനലാഭത്തിനുമായി പ്രയോജനപ്പെടുത്തും. കുടുംബ ജീവിതത്തിൽ സമ്മിശ്രമായ അനുഭവങ്ങൾ വന്നെത്താം. പ്രണയം പുഷ്കലമാവുന്നതാണ്. വീടുപണിക്കുള്ള ആലോചന തത്കാലം മാറ്റിവെച്ചേക്കും. സാങ്കേതികമായ അറിവുകൾ പ്രയോജനപ്പെടുത്തും.

Advertisment

ഭരണി

ആദിത്യൻ എട്ടിലും ഒമ്പതിലും സഞ്ചരിക്കുകയാൽ സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി കുറയും. പൊതുപ്രവർത്തകർ തടസ്സങ്ങളെ നേരിടുന്നതാണ്. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. നക്ഷത്രാധിപനായ ശുക്രന് മൗഢ്യം വരികയാൽ ആത്മഗ്ളാനി ഏർപ്പെടുന്നതാണ്. ആലോചനകൾ ശിഥിലമാവും. രാഹു പതിനൊന്നിൽ തുടരുകയാൽ രഹസ്യമാർഗത്തിലൂടെ ധനം വന്നെത്തും. സുഖഭോഗങ്ങൾ അനുഭവിക്കും. സുഹൃത്തുക്കൾക്കൊപ്പം ഇഷ്ടപ്പെട്ട രീതിയിൽ യാത്രകൾ നടത്താനിടയുണ്ട്. വ്യാപാരത്തിൽ നിന്നും ആദായമുയരുന്നതാണ്. എന്നാൽ പങ്കാളിത്ത കച്ചവടം ഗുണകരമാവില്ല. ദാമ്പത്യത്തെ ശൈത്യം ബാധിച്ചേക്കാം. എന്നാൽ അല്പസന്തോഷങ്ങൾ കുറയുകയുമില്ല.

കാർത്തിക

സാധാരണമായിട്ടുള്ള കാര്യങ്ങൾ നടന്നുകിട്ടുന്ന കാലഘട്ടമാണ്. വ്യാപാരത്തിൽ നിന്നും പതിവായി ലഭിക്കുന്ന വരുമാനം പ്രതീക്ഷിക്കാം. സംഘടനയിൽ പ്രവർത്തിക്കുന്നവർക്ക് അർഹമായ അവസരങ്ങൾ കൈവരുന്നതാണ്. സംഭാഷണം യുക്തിസഹമാവുകയാൽ ശ്രോതാക്കളെ തൃപ്തിപ്പെടുത്തും. വിദ്യാർത്ഥികൾക്ക് പഠനോന്മുഖത കുറയില്ല. പ്രണയികൾക്ക് കുടുംബത്തിൻ്റെ പിന്തുണ കിട്ടുന്നതാണ്. എന്നാൽ നവീന കാര്യങ്ങൾ തുടങ്ങുന്നതിന് പലതരം തടസ്സങ്ങൾ വരുന്നതാണ്. അനുമതി രേഖകൾ കിട്ടാൻ കടമ്പകൾ ഉണ്ടായിരിക്കും. ചെറുപ്പക്കാർ കൂട്ടുകെട്ടുകളിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ചെലവ് നിയന്ത്രിക്കാൻ കഴിയാതെ വന്നേക്കും. ഭൂമിവില്പന അവസാന നിമിഷം റദ്ദ് ചെയ്യപ്പെടുന്നതിന് സാധ്യത കാണുന്നു.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

രോഹിണി

ആദിത്യൻ ഏഴ്, എട്ട് ഭാവങ്ങളിലാണ്. അലച്ചിലും ക്രയവിക്രയങ്ങളിൽ നഷ്ടവും വരാനിടയുണ്ട്. ചൊവ്വ അഷ്ടമത്തിൽ സഞ്ചരിക്കുകയാൽ വാഹനം, അഗ്നി, യന്ത്രം ഇവയുടെ ഉപയോഗത്തിൽ കരുതലുണ്ടാവണം. പതിനൊന്നിലെ ശനി നേർഗതിയിൽ സഞ്ചരിച്ചുതുടങ്ങുകയാൽ സാമ്പത്തിക കാര്യങ്ങളിൽ അനുഭവപ്പെട്ടിരുന്ന തടസ്സങ്ങൾ നീങ്ങുന്നതാണ്. ഏജൻസി/ കരാർ ജോലികളിൽ പുരോഗതി വരും. വിദേശത്ത് പോകാൻ അവസരം കൈവരുന്നതായിരിക്കും. പാരമ്പര്യ തൊഴിലുകളിൽ അഭ്യുദയം പ്രതീക്ഷിക്കാം. വചോവിലാസം ശ്രദ്ധിക്കപ്പെടുന്നതാണ്. ഗവേഷണാദികൾക്ക് ഏകാഗ്രതയുണ്ടാവും. ഗ്രന്ഥരചനയിലെ തടസ്സങ്ങൾ നീങ്ങാം. പ്രണയികൾ വിവാഹ തീരുമാനവുമായി മുന്നോട്ടു പോകുന്നതാണ്. കുടുംബ സംതൃപ്തി കുറയില്ല.

മകയിരം

നക്ഷത്രാധിപനായ ചൊവ്വയ്ക്ക് മൗഢ്യം തുടരുകയാണ്. അതിനാൽ സുഗമമായിട്ടുള്ള കാര്യങ്ങൾ ദുർഗമമാവും. ആത്മവിശ്വാസം  കുറയുന്നതാണ്. സാമ്പത്തിക ഇടപാടുകളിൽ നല്ല കരുതൽ ആവശ്യമായിട്ടുണ്ട്. വിദ്യാർത്ഥികളെ ആലസ്യം പിടികൂടാം. സഹോദരരുമായി സ്വത്തുതർക്കം ഉണ്ടാവാനിടയുണ്ട്. തെരഞ്ഞെടുപ്പികളിൽ നല്ലോണം വിയർക്കേണ്ടിവരും. തൊഴിൽ തേടുന്നവർക്ക് ദൂരസ്ഥലത്ത് ജോലി ലഭിച്ചേക്കാം. അവിടെ  സൗഹൃദാന്തരീക്ഷം ഉണ്ടാവണമെന്നില്ല. കമ്മീഷൻ / ഏജൻസി വ്യാപാരത്തിലൂടെ കുറച്ചൊക്കെ നേട്ടങ്ങൾ വരും. വാഗ്ദാനങ്ങൾ പാലിക്കാൻ ശ്രമിക്കുന്നതാണ്. വസ്തു കച്ചവടത്തിൽ അധികം പ്രതീക്ഷ വേണ്ടതില്ല. മാനസികാരോഗ്യവും ദേഹാരോഗ്യവും ഏറിയും കുറഞ്ഞുമിരിക്കും.

തിരുവാതിര

ആത്മവിശ്വാസമുണ്ടാവും. വാക്കിലും കർമ്മങ്ങളിലും അക്കാര്യം പ്രതിഫലിക്കുന്നതാണ്. പാരമ്പര്യത്തെ തള്ളിപ്പറയില്ല. എന്നാൽ പരിഷ്ക്കാരങ്ങളെ ഇഷ്ടപ്പെടുന്നതാണ്. വിപണന മേഖലയിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതാണ്. ബിസിനസ്സ് യാത്രകൾ ഗുണകരമാവും. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഉയർച്ച പ്രതീക്ഷിക്കാം. പ്രണയാഭ്യർത്ഥനയ്ക്ക് ചെവികൊടുക്കുന്നതായിരിക്കും. സഹപ്രവർത്തകരുടെ സഹകരണം വേണ്ടുവോളം കിട്ടും. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കാര്യസാധ്യത്തിനായി അലച്ചിൽ കൂടാം. ചെലവ് നിയന്ത്രിക്കാൻ ക്ലേശിക്കുന്നതാണ്. ദാമ്പത്യത്തിൽ സ്വസ്ഥ്യത കുറയാം. 

Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

പുണർതം

തടസ്സങ്ങൾ മറികടന്ന്  പുതിയ കാര്യങ്ങൾ തുടങ്ങാനായേക്കും. നിലവിലെ തൊഴിൽ മേഖല പുഷ്ടിപ്പെടുന്നതാണ്. പുതിയ വാഹനം വാങ്ങാനുള്ള സ്വപ്നം പൂവണിയും. വ്യക്തിബന്ധങ്ങളുടെ ദാർഢ്യം കാത്തുസൂക്ഷിക്കാൻ കരുതലുണ്ടാവും. വസ്തുവിൽക്കാൻ / വാങ്ങാൻ സാധിക്കുന്നതാണ്. പൊതുപ്രവർത്തകർക്ക് വിജയപ്രതീക്ഷ നിലനിർത്താൻ കഴിയും. വിദ്യാർത്ഥികൾ കലാമത്സരത്തിന് നേരം കണ്ടെത്തും. അയൽ വഴക്കുകൾ പരിഹൃതമാവും. ഊഹക്കച്ചവടം/ ചിട്ടി/ നറുക്കെടുപ്പ് മുതലായവയിൽ നിന്നും ധനലാഭം വന്നെത്തുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ അലച്ചിലേറാനിടയുണ്ട്. അകത്തും പുറത്തും ചില സമ്മർദ്ദങ്ങൾ വരാം. അനുരാഗത്തിൽ ശൈഥില്യത്തിന് സാധ്യത കാണുന്നു. തിടുക്കത്തിലെടുക്കുന്ന തീരുമാനങ്ങൾ ഫലവത്തായേക്കില്ല.

പൂയം

നക്ഷത്രാധിപനായ ശനി വീണ്ടും നേർഗതിയായി സഞ്ചരിക്കുന്നത് ആശ്വാസമാണ്. ആലസ്യം മാറി ഉന്മേഷം ഉടലെടുക്കും. വ്യാപാരത്തിൽ ഉയർച്ചയുണ്ടാവും. പങ്കുകച്ചവടം കൊണ്ട് കരുതിയ വളർച്ച ഉണ്ടായേക്കില്ല. വ്യാഴം പന്ത്രണ്ടിലേക്ക് മടങ്ങുകയാൽ നല്ലകാര്യങ്ങളിൽ ചെലവേർപ്പെടും. മകൻ്റെ പഠനം/ ജോലി സംബന്ധിച്ച് ചില ഉൽക്കണ്ഠകൾ ഉയരും. കൂട്ടുകാരുടെ ഇടപെടലുകൾ അതൃപ്തിക്ക് കാരണമായേക്കും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ തൊഴിൽരംഗം കൂടുതൽ മെച്ചപ്പെടും. വസ്തുവാങ്ങുന്നതിന്ന് സാധ്യത കാണുന്നു.  സദസ്സുകളിലും സംഘടനകളിലും ശോഭിക്കാനവസരം ഉണ്ടാവും. നിക്ഷേപങ്ങളിൽ നിന്നും ധനാഗമം വന്നെത്തുന്നതാണ്. പ്രണയികൾക്ക് സന്തോഷിക്കാൻ സാഹചര്യം ഒരുങ്ങും.

ആയില്യം

നക്ഷത്രാധിപനായ ബുധൻ വക്രഗതിയായി സഞ്ചരിക്കുന്നു. അദിത്യൻ, അഞ്ചിലും ആറിലുമാണ്. ചിന്താപരത ഏറും. ഒരുകാര്യത്തിലും വ്യക്തമായ തീരുമാനത്തിൽ എത്തിച്ചേരുകയില്ല. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മടിയുണ്ടാവും. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി വൈകുന്നതാണ്.  പരാശ്രയത്വമുണ്ടാവുന്നതാണ്. അഷ്ടമരാഹു ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടാക്കാം.  വരവിനെക്കാൾ ചെലവധികരിക്കുന്നതാണ്. വ്യാഴം പന്ത്രണ്ടിൽ വക്രസഞ്ചാരം തുടരുന്നതിനാൽ ജീവകാരുണ്യം, പൂജാകർമ്മങ്ങൾ, ക്ഷേത്രോത്സവം മുതലായവക്കായി വ്യയം വന്നുചേരും. മാസത്തിൻ്റെ രണ്ടാം പകുതി കൂടുതൽ ഗുണകരമാവും. തൊഴിലിടത്തിൽ ശോഭിക്കുന്നതാണ്. കരാർ ജോലികൾ നീട്ടിക്കിട്ടാം. മേലധികാരികൾ പ്രോൽസാഹിപ്പിക്കും.

Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: