scorecardresearch

Horoscope December 2025: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

December Month 2025 Astrological Prediction: 2025 ഡിസംബർ മാസത്തെ അശ്വതി മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

December Month 2025 Astrological Prediction: 2025 ഡിസംബർ മാസത്തെ അശ്വതി മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | Astrology

December Month 2025 Astrological Predictions for stars Ashwathy to Revathy

Astrology: ഡിസംബർ 15 വരെ ആദിത്യൻ വൃശ്ചികം രാശിയിലും തുടർന്ന് ധനുരാശിയിലും സഞ്ചരിക്കും. അനിഴം, തൃക്കേട്ട, മൂലം, പൂരാടം ഞാറ്റുവേലകളുണ്ട്. ഡിസംബർ 3 ന് തൃക്കാർത്തികയും നാലിന് പൗർണമിയും ഡിസംബർ 19 ന് അമാവാസിയും വരുന്നു.

Advertisment

ഹേമന്ത ഋതുവും, മാർഗശീർഷം, പൗഷം എന്നീ ചാന്ദ്രമാസങ്ങളും ഡിസംബറിൽ ഒടുങ്ങുകയും തുടങ്ങുകയും ചെയ്യും. ഡിസംബർ 5 ന് വ്യാഴം വക്രഗതിയായി വീണ്ടും മിഥുനം രാശിയിൽ പ്രവേശിക്കും. പുണർതം നക്ഷത്രത്തിൽ തുടരുന്നതാണ്. 

ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിലാണ്. ഡിസംബർ 1 മുതൽ വക്രഗതി (Retrograde Motion) തീർന്ന് നേർഗതി (Direct Motin) യിലാവും. കുംഭം രാശിയിൽ തുടരുന്ന രാഹു ഡിസംബർ 1 ന് രാത്രി  പിൻഗതിയായി പൂരൂരുട്ടാതിയിൽ നിന്നും ചതയം നക്ഷത്രത്തിലേക്ക് മാറുന്നു. കേതു ചിങ്ങം രാശിയിലാണ്. ഡിസംബർ 1 ന് രാത്രി പൂരം മൂന്നാം പാദത്തിൽ പ്രവേശിക്കുന്നു.

Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ചൊവ്വ വൃശ്ചികം രാശിയിൽ തൃക്കേട്ട നക്ഷത്രത്തിലാണ്. ഡിസംബർ 7 ന് ധനുരാശിയിലേക്ക് സംക്രമിക്കും. മൂലം, പൂരാടം നക്ഷത്രത്തിലൂടെ കടന്നുപോകുന്നുണ്ട്. ചൊവ്വ മൗഢ്യത്തിലുമാണ്. ബുധൻ തുലാം രാശിയിലാണ്. ഡിസംബർ 6 മുതൽ വൃശ്ചികം, 29 മുതൽ ധനു എന്നീ രാശികളിൽ സഞ്ചരിക്കും. ഡിസംബറിൽ ബുധന് വക്രമൗഢ്യാദികളില്ല. 

Advertisment

ശുക്രൻ വൃശ്ചികം രാശിയിലാണ്. ഡിസംബർ 20 ന് ധനുവിൽ പ്രവേശിക്കും. ഡിസംബർ 10 മുതൽ ശുക്രൻ വാർഷികമായ മൗഢ്യാവസ്ഥയിലാവും. ഇത് രണ്ടുമാസക്കാലം തുടരുന്നതാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള  നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ ഡിസംബർമാസഫലം ഇവിടെ അപഗ്രഥിക്കുന്നു.

Also Read: വൃശ്ചിക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

അശ്വതി

എട്ട്, ഒമ്പത് രാശികളിൽ ആദിത്യനും ചൊവ്വയും, പത്രണ്ടിൽ ശനിയും നാലിലും മൂന്നിലും ആയി വ്യാഴവും സഞ്ചരിക്കുകയാൽ അനായാസമായി ഒന്നും നേടാനാവില്ല. ദൃഢനിശ്ചയം, കഠിനാധ്വാനം ഇവയാൽ മാത്രമേ ലഘുവായ നേട്ടങ്ങൾ പോലും കൈവരികയുള്ളൂ. അധികാരികൾ പ്രതികൂലരായേക്കാം. പുതിയ കാര്യങ്ങൾ തുടങ്ങാൻ സാധിച്ചേക്കില്ല.  സഹപ്രവർത്തകരുടെ സഹകരണം സ്ഥായിയായേക്കില്ല. രാഹു പതിനൊന്നിലുള്ളതിനാൽ വളഞ്ഞ വഴികൾ നേട്ടത്തിനും ധനലാഭത്തിനുമായി പ്രയോജനപ്പെടുത്തും. കുടുംബ ജീവിതത്തിൽ സമ്മിശ്രമായ അനുഭവങ്ങൾ വന്നെത്താം. പ്രണയം പുഷ്കലമാവുന്നതാണ്. വീടുപണിക്കുള്ള ആലോചന തത്കാലം മാറ്റിവെച്ചേക്കും. സാങ്കേതികമായ അറിവുകൾ പ്രയോജനപ്പെടുത്തും.

ഭരണി

ആദിത്യൻ എട്ടിലും ഒമ്പതിലും സഞ്ചരിക്കുകയാൽ സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി കുറയും. പൊതുപ്രവർത്തകർ തടസ്സങ്ങളെ നേരിടുന്നതാണ്. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. നക്ഷത്രാധിപനായ ശുക്രന് മൗഢ്യം വരികയാൽ ആത്മഗ്ളാനി ഏർപ്പെടുന്നതാണ്. ആലോചനകൾ ശിഥിലമാവും. രാഹു പതിനൊന്നിൽ തുടരുകയാൽ രഹസ്യമാർഗത്തിലൂടെ ധനം വന്നെത്തും. സുഖഭോഗങ്ങൾ അനുഭവിക്കും. സുഹൃത്തുക്കൾക്കൊപ്പം ഇഷ്ടപ്പെട്ട രീതിയിൽ യാത്രകൾ നടത്താനിടയുണ്ട്. വ്യാപാരത്തിൽ നിന്നും ആദായമുയരുന്നതാണ്. എന്നാൽ പങ്കാളിത്ത കച്ചവടം ഗുണകരമാവില്ല. ദാമ്പത്യത്തെ ശൈത്യം ബാധിച്ചേക്കാം. എന്നാൽ അല്പസന്തോഷങ്ങൾ കുറയുകയുമില്ല.

കാർത്തിക

സാധാരണമായിട്ടുള്ള കാര്യങ്ങൾ നടന്നുകിട്ടുന്ന കാലഘട്ടമാണ്. വ്യാപാരത്തിൽ നിന്നും പതിവായി ലഭിക്കുന്ന വരുമാനം പ്രതീക്ഷിക്കാം. സംഘടനയിൽ പ്രവർത്തിക്കുന്നവർക്ക് അർഹമായ അവസരങ്ങൾ കൈവരുന്നതാണ്. സംഭാഷണം യുക്തിസഹമാവുകയാൽ ശ്രോതാക്കളെ തൃപ്തിപ്പെടുത്തും. വിദ്യാർത്ഥികൾക്ക് പഠനോന്മുഖത കുറയില്ല. പ്രണയികൾക്ക് കുടുംബത്തിൻ്റെ പിന്തുണ കിട്ടുന്നതാണ്. എന്നാൽ നവീന കാര്യങ്ങൾ തുടങ്ങുന്നതിന് പലതരം തടസ്സങ്ങൾ വരുന്നതാണ്. അനുമതി രേഖകൾ കിട്ടാൻ കടമ്പകൾ ഉണ്ടായിരിക്കും. ചെറുപ്പക്കാർ കൂട്ടുകെട്ടുകളിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ചെലവ് നിയന്ത്രിക്കാൻ കഴിയാതെ വന്നേക്കും. ഭൂമിവില്പന അവസാന നിമിഷം റദ്ദ് ചെയ്യപ്പെടുന്നതിന് സാധ്യത കാണുന്നു.

രോഹിണി

ആദിത്യൻ ഏഴ്, എട്ട് ഭാവങ്ങളിലാണ്. അലച്ചിലും ക്രയവിക്രയങ്ങളിൽ നഷ്ടവും വരാനിടയുണ്ട്. ചൊവ്വ അഷ്ടമത്തിൽ സഞ്ചരിക്കുകയാൽ വാഹനം, അഗ്നി, യന്ത്രം ഇവയുടെ ഉപയോഗത്തിൽ കരുതലുണ്ടാവണം. പതിനൊന്നിലെ ശനി നേർഗതിയിൽ സഞ്ചരിച്ചുതുടങ്ങുകയാൽ സാമ്പത്തിക കാര്യങ്ങളിൽ അനുഭവപ്പെട്ടിരുന്ന തടസ്സങ്ങൾ നീങ്ങുന്നതാണ്. ഏജൻസി/ കരാർ ജോലികളിൽ പുരോഗതി വരും. വിദേശത്ത് പോകാൻ അവസരം കൈവരുന്നതായിരിക്കും. പാരമ്പര്യ തൊഴിലുകളിൽ അഭ്യുദയം പ്രതീക്ഷിക്കാം. വചോവിലാസം ശ്രദ്ധിക്കപ്പെടുന്നതാണ്. ഗവേഷണാദികൾക്ക് ഏകാഗ്രതയുണ്ടാവും. ഗ്രന്ഥരചനയിലെ തടസ്സങ്ങൾ നീങ്ങാം. പ്രണയികൾ വിവാഹ തീരുമാനവുമായി മുന്നോട്ടു പോകുന്നതാണ്. കുടുംബ സംതൃപ്തി കുറയില്ല.

മകയിരം

നക്ഷത്രാധിപനായ ചൊവ്വയ്ക്ക് മൗഢ്യം തുടരുകയാണ്. അതിനാൽ സുഗമമായിട്ടുള്ള കാര്യങ്ങൾ ദുർഗമമാവും. ആത്മവിശ്വാസം  കുറയുന്നതാണ്. സാമ്പത്തിക ഇടപാടുകളിൽ നല്ല കരുതൽ ആവശ്യമായിട്ടുണ്ട്. വിദ്യാർത്ഥികളെ ആലസ്യം പിടികൂടാം. സഹോദരരുമായി സ്വത്തുതർക്കം ഉണ്ടാവാനിടയുണ്ട്. തെരഞ്ഞെടുപ്പികളിൽ നല്ലോണം വിയർക്കേണ്ടിവരും. തൊഴിൽ തേടുന്നവർക്ക് ദൂരസ്ഥലത്ത് ജോലി ലഭിച്ചേക്കാം. അവിടെ  സൗഹൃദാന്തരീക്ഷം ഉണ്ടാവണമെന്നില്ല. കമ്മീഷൻ / ഏജൻസി വ്യാപാരത്തിലൂടെ കുറച്ചൊക്കെ നേട്ടങ്ങൾ വരും. വാഗ്ദാനങ്ങൾ പാലിക്കാൻ ശ്രമിക്കുന്നതാണ്. വസ്തു കച്ചവടത്തിൽ അധികം പ്രതീക്ഷ വേണ്ടതില്ല. മാനസികാരോഗ്യവും ദേഹാരോഗ്യവും ഏറിയും കുറഞ്ഞുമിരിക്കും.

തിരുവാതിര

ആത്മവിശ്വാസമുണ്ടാവും. വാക്കിലും കർമ്മങ്ങളിലും അക്കാര്യം പ്രതിഫലിക്കുന്നതാണ്. പാരമ്പര്യത്തെ തള്ളിപ്പറയില്ല. എന്നാൽ പരിഷ്ക്കാരങ്ങളെ ഇഷ്ടപ്പെടുന്നതാണ്. വിപണന മേഖലയിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതാണ്. ബിസിനസ്സ് യാത്രകൾ ഗുണകരമാവും. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഉയർച്ച പ്രതീക്ഷിക്കാം. പ്രണയാഭ്യർത്ഥനയ്ക്ക് ചെവികൊടുക്കുന്നതായിരിക്കും. സഹപ്രവർത്തകരുടെ സഹകരണം വേണ്ടുവോളം കിട്ടും. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കാര്യസാധ്യത്തിനായി അലച്ചിൽ കൂടാം. ചെലവ് നിയന്ത്രിക്കാൻ ക്ലേശിക്കുന്നതാണ്. ദാമ്പത്യത്തിൽ സ്വസ്ഥ്യത കുറയാം. 

പുണർതം

തടസ്സങ്ങൾ മറികടന്ന്  പുതിയ കാര്യങ്ങൾ തുടങ്ങാനായേക്കും. നിലവിലെ തൊഴിൽ മേഖല പുഷ്ടിപ്പെടുന്നതാണ്. പുതിയ വാഹനം വാങ്ങാനുള്ള സ്വപ്നം പൂവണിയും. വ്യക്തിബന്ധങ്ങളുടെ ദാർഢ്യം കാത്തുസൂക്ഷിക്കാൻ കരുതലുണ്ടാവും. വസ്തുവിൽക്കാൻ / വാങ്ങാൻ സാധിക്കുന്നതാണ്. പൊതുപ്രവർത്തകർക്ക് വിജയപ്രതീക്ഷ നിലനിർത്താൻ കഴിയും. വിദ്യാർത്ഥികൾ കലാമത്സരത്തിന് നേരം കണ്ടെത്തും. അയൽ വഴക്കുകൾ പരിഹൃതമാവും. ഊഹക്കച്ചവടം/ ചിട്ടി/ നറുക്കെടുപ്പ് മുതലായവയിൽ നിന്നും ധനലാഭം വന്നെത്തുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ അലച്ചിലേറാനിടയുണ്ട്. അകത്തും പുറത്തും ചില സമ്മർദ്ദങ്ങൾ വരാം. അനുരാഗത്തിൽ ശൈഥില്യത്തിന് സാധ്യത കാണുന്നു. തിടുക്കത്തിലെടുക്കുന്ന തീരുമാനങ്ങൾ ഫലവത്തായേക്കില്ല.

പൂയം

നക്ഷത്രാധിപനായ ശനി വീണ്ടും നേർഗതിയായി സഞ്ചരിക്കുന്നത് ആശ്വാസമാണ്. ആലസ്യം മാറി ഉന്മേഷം ഉടലെടുക്കും. വ്യാപാരത്തിൽ ഉയർച്ചയുണ്ടാവും. പങ്കുകച്ചവടം കൊണ്ട് കരുതിയ വളർച്ച ഉണ്ടായേക്കില്ല. വ്യാഴം പന്ത്രണ്ടിലേക്ക് മടങ്ങുകയാൽ നല്ലകാര്യങ്ങളിൽ ചെലവേർപ്പെടും. മകൻ്റെ പഠനം/ ജോലി സംബന്ധിച്ച് ചില ഉൽക്കണ്ഠകൾ ഉയരും. കൂട്ടുകാരുടെ ഇടപെടലുകൾ അതൃപ്തിക്ക് കാരണമായേക്കും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ തൊഴിൽരംഗം കൂടുതൽ മെച്ചപ്പെടും. വസ്തുവാങ്ങുന്നതിന്ന് സാധ്യത കാണുന്നു.  സദസ്സുകളിലും സംഘടനകളിലും ശോഭിക്കാനവസരം ഉണ്ടാവും. നിക്ഷേപങ്ങളിൽ നിന്നും ധനാഗമം വന്നെത്തുന്നതാണ്. പ്രണയികൾക്ക് സന്തോഷിക്കാൻ സാഹചര്യം ഒരുങ്ങും.

ആയില്യം

നക്ഷത്രാധിപനായ ബുധൻ വക്രഗതിയായി സഞ്ചരിക്കുന്നു. അദിത്യൻ, അഞ്ചിലും ആറിലുമാണ്. ചിന്താപരത ഏറും. ഒരുകാര്യത്തിലും വ്യക്തമായ തീരുമാനത്തിൽ എത്തിച്ചേരുകയില്ല. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മടിയുണ്ടാവും. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി വൈകുന്നതാണ്.  പരാശ്രയത്വമുണ്ടാവുന്നതാണ്. അഷ്ടമരാഹു ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടാക്കാം.  വരവിനെക്കാൾ ചെലവധികരിക്കുന്നതാണ്. വ്യാഴം പന്ത്രണ്ടിൽ വക്രസഞ്ചാരം തുടരുന്നതിനാൽ ജീവകാരുണ്യം, പൂജാകർമ്മങ്ങൾ, ക്ഷേത്രോത്സവം മുതലായവക്കായി വ്യയം വന്നുചേരും. മാസത്തിൻ്റെ രണ്ടാം പകുതി കൂടുതൽ ഗുണകരമാവും. തൊഴിലിടത്തിൽ ശോഭിക്കുന്നതാണ്. കരാർ ജോലികൾ നീട്ടിക്കിട്ടാം. മേലധികാരികൾ പ്രോൽസാഹിപ്പിക്കും.

Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

മകം

പാപഗ്രഹങ്ങൾ അനുകൂല ഭാവത്തിലല്ല. തന്മൂലം മനസ്സുഖം കുറയാം. ദേഹാരോഗ്യവും മോശമാവും. വൈദ്യസഹായം വേണ്ടിവരാം. തൊഴിലിൽ ഉയരാനും നിലവിലെ സ്ഥിതി തുടരാനും അത്യദ്ധ്വാനം ആവശ്യമാണ്. സഹായ വാഗ്ദാനങ്ങൾ ജലരേഖകളായേക്കും. പണമെടപാടുകളിൽ ജാഗ്രത പുലർത്തണം. അവയുടെ രേഖകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും. വ്യാഴം പതിനൊന്നിലേക്ക് പ്രവേശിക്കുകയാൽ തടസ്സങ്ങൾ താനേ ഒഴിയാനുമിടയുണ്ട്. അർഹത അംഗീകരിക്കപ്പെടും. ഏജൻസികളിൽ പുഷ്ടിപ്പെടുന്നതാണ്. ശ്രമിക്കുന്ന പക്ഷം വായ്പകൾ തരപ്പെടും.  കുടുംബത്തിൻ്റെ ആവശ്യങ്ങൾ സാധിക്കാനാവും. ജ്യേഷ്ഠസഹോദരൻ്റെ പിന്തുണ ലഭിക്കുന്നതാണ്. ആത്മീയ കാര്യങ്ങൾ മുടക്കമില്ലാതെ നടന്നുകിട്ടും.

പൂരം

പോരാട്ടവീര്യം പുലർത്തേണ്ട കാലമാണ്. ചെറിയ നേട്ടങ്ങൾക്ക് പോലും, ചിലപ്പോൾ ദൈനന്ദിന കാര്യങ്ങൾക്ക് പോലും അതാവശ്യമാവും. ചൊവ്വയും ആദിത്യനും നാലിലും അഞ്ചിലുമായി സഞ്ചരിക്കുന്നതിനാൽ ഗാർഹിക കാര്യങ്ങൾ, മക്കളുടെ പഠനം, ജോലി എന്നിവയിൽ പിരിമുറുക്കം അനുഭവപ്പെടും. പുതിയ ജോലി തേടുന്നവർക്ക് പരിശ്രമം തുടരേണ്ടി വരുന്നതാണ്. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ പ്രോൽസാഹനം ലഭിക്കണമെന്നില്ല. വ്യാഴം വീണ്ടും പതിനൊന്നിലേക്ക് പ്രവേശിക്കുകയാൻ ധനകാര്യങ്ങളിൽ അല്പം ആശ്വാസത്തിന് വകയുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിലേർപ്പെടാം. ദൈവിക സമർപ്പണങ്ങൾ നടന്നുകിട്ടിയേക്കും. ജീവിതത്തിൽ ആശയും പ്രതീക്ഷയും നിലനിർത്തുന്ന നല്ലകാര്യങ്ങൾ വന്നെത്തും.

ഉത്രം

ചിങ്ങക്കൂറുകാരായ ഉത്രം നാളുകാർ ക്ഷോഭം നിയന്ത്രിക്കാൻ ക്ളേശിക്കും. സാഹസകർമ്മങ്ങളിൽ നിന്നും പിന്തിരിയേണ്ടതുണ്ട്. ആലോചിച്ചുറപ്പിച്ച കാര്യങ്ങൾ പോലും പ്രാവർത്തികമാക്കാൻ കഴിഞ്ഞേക്കില്ല. ഉദ്യോഗസ്ഥരുടെ പ്രയത്‌നം മേലധികാരികൾ കണ്ടില്ലെന്ന് നടിക്കും. ഇടക്കിടെ കൈവരുന്ന അല്പലാഭങ്ങളും സന്തോഷങ്ങളുമാവും പ്രതീക്ഷ നിലനിർത്തുന്നത്. കന്നിക്കൂറുകാരായ ഉത്രം നാളുകാർക്ക് പിരിമുറുക്കം ഏറിയും കുറഞ്ഞും അനുഭവപ്പെടും. മാസത്തിൻ്റെ ആദ്യപകുതിയിൽ സ്വന്തം തൊഴിലിൽ വളർച്ചയുണ്ടാവുന്നതാണ്. ഗവൺമെൻ്റിൽ നിന്നും കിട്ടേണ്ട അനുമതി ലഭിക്കുന്നതായിരിക്കും. ആത്മവിശ്വാസം ഉയരുന്നതാണ്. പ്രണയത്തിൽ നിന്നും ആഹ്ളാദം കൈവരും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ സമ്മർദ്ദമേറുന്നതാണ്.

അത്തം

ഡിസംബർ മാസത്തിൻ്റെ ആദ്യപകുതിക്കാവും മികവ് കൂടുതൽ. പല കാര്യങ്ങളും ഉദ്ദേശിച്ചതിനെക്കാൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ആത്മസംതൃപ്തിയുണ്ടാവുന്നതാണ്. സാഹിത്യം, കല മുതലായവയിൽ അഭിരമിക്കും. കഴിവ് തെളിയിക്കാൻ ധാരാളം അവസരങ്ങൾ ലഭിക്കുന്നതാണ്.  തൊഴിലിടത്തിൽ സ്വച്ഛത കൈവരും. നവസംരംഭങ്ങൾക്ക് അനുമതി കിട്ടുന്നതാണ്. സാമ്പത്തികമായി മെച്ചപ്പെടും. വായ്പകളുടെ തിരിച്ചടവ് സാധ്യമാകും. വ്യക്തിബന്ധങ്ങളുടെ ദാർഢ്യം കാത്തുസൂക്ഷിക്കാനായേക്കും. രണ്ടാം പകുതിയിൽ ചൊവ്വയും ആദിത്യനും നാലിൽ സഞ്ചരിക്കുകയാൽ ഗൃഹസമാധാനം കുറയും. വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രത ആവശ്യമാണ്. പൊതുപ്രവർത്തകർ ആരോപണങ്ങളെ നേരിട്ടേക്കും.

ചിത്തിര

കന്നിക്കൂറുകാർക്ക് മാസത്തിൻ്റെ ആദ്യപകുതിയും തുലാക്കൂറുകാർക്ക് രണ്ടാം പകുതിയും ശോഭനമാവും. നേട്ടങ്ങളിൽ തൊഴിൽ മേഖലയുടെ വളർച്ച പ്രധാനമാണ്. വിപണിയിൽ ശ്രദ്ധിക്കപ്പെടുന്ന ബ്രാൻഡുകളുടെ വിൽപ്പനാവകാശം കൈവരുന്നതാണ്. പ്രൈവറ്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് സ്വതന്ത്ര ചുമതല/ വേതന വർദ്ധന സാധ്യമാവുന്നതാണ്. പെൻഷൻ പറ്റി പിരിഞ്ഞവർക്ക് കിട്ടേണ്ട അവകാശങ്ങൾ കിട്ടാം. തൊഴിൽ സംബന്ധിച്ചുള്ള അഭിമുഖങ്ങളിൽ ശോഭിക്കുവാനാവും. രാഷ്ട്രീയത്തിൽ മേൽക്കോയ്മ നേടിയേക്കും. കോട്ടങ്ങളിൽ പ്രധാനം സാമ്പത്തിക വ്യയം കൂടുമെന്നതാണ്. ഉറ്റവരുമായി നിസ്സാരകാര്യങ്ങ ളുടെ പിടിവാശിയാൽ പിണക്കമേർപ്പെടാം. ഗൃഹസമാധാനം കുറയാനിടയുണ്ട്.

ചോതി

ആത്മാർത്ഥമായി പ്രയത്നിച്ചാലും മനസ്സംതൃപ്തി ഉണ്ടാവണമെന്നില്ല. പുതിയ കാര്യങ്ങൾ ഉൾക്കൊള്ളാൻ കിണഞ്ഞു ശ്രമിക്കുന്നതാണ്. സാങ്കേതികമായ അറിവുകൾ നേടും. ഒരു കാര്യം തന്നെ മധുരമായും പരുക്കനായും അവതരിപ്പിക്കാൻ സാധിച്ചേക്കും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത ആവശ്യമാണ്. പുതുതലമുറയുമായി പൊരുത്തപ്പെടാൻ വിഷമിച്ചേക്കും. വ്യാപാരരംഗത്തുള്ളവർ കിടമത്സരങ്ങളെ മറികടക്കും. നൂതന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രാവർത്തികമാക്കും. ബന്ധുക്കളിൽ നിന്നും താത്കാലിക ഇഷ്ടക്കേടുണ്ടാവാൻ സാധത്യയുണ്ട്. ഇ.എൻ.ടി രോഗങ്ങൾ ഉപദ്രവിക്കാം. നവീനഗൃഹോപകരണങ്ങൾ വാങ്ങിക്കാനിടയുണ്ട്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കൂടുതൽ അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം.

വിശാഖം

നക്ഷത്രാധിപനായ വ്യാഴത്തിന് വക്രസ്ഥിതി തുടരുകയാൽ വാക്കിലും കർമ്മത്തിലും ചാഞ്ചല്യമുണ്ടാവും. പല കാര്യങ്ങളിലും സന്ദിഗ്ദ്ധത തുടരുന്നതാണ്. പൊതുവേ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ കുറയാനിടയുണ്ട്. ആരോഗ്യസ്ഥിതിയിൽ ഉലച്ചിൽ വരാം.  കടബാധ്യതകൾ കുറയ്ക്കാനുള്ള ശ്രമം തുടരുന്നതാണ്. ഉദ്യോഗസ്ഥർക്ക് പ്രതീക്ഷിച്ച അനുകൂല ദിക്കിലേക്കുള്ള സ്ഥലംമാറ്റം വൈകുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ നേട്ടങ്ങൾ വർദ്ധിക്കാം. പരിശ്രമങ്ങൾക്ക് ഫലമുണ്ടാവും. പുതിയ കാര്യങ്ങൾ തുടങ്ങാനായേക്കും. പ്രണയികൾക്ക് എതിർപ്പുകളെ മറികടന്ന് വിവാഹ തീരുമാനത്തിലെ ത്താൻ സാധിക്കും. വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ജാഗ്രത വേണ്ടതുണ്ട്.

അനിഴം

ജന്മത്തിലും രണ്ടിലുമായി ആദിത്യനും ചൊവ്വയും  സഞ്ചരിക്കുന്നു. വ്യാഴം വീണ്ടും അഷ്ടമത്തിലേക്ക് വരുകയാണ്. അതിനാൽ അലച്ചിലും വ്യർത്ഥമായ കാര്യങ്ങൾക്കായി ഊർജ്ജം പാഴാക്കലും ഉണ്ടായേക്കും. അധികാരികളുടെ പ്രോത്സാഹനം കിട്ടിയേക്കില്ല. വൈകാരിക പ്രതികരണം ശത്രുക്കളെ സൃഷ്ടിക്കാം. തൊഴിലിൽ ഏകാഗ്രത കുറയുന്നതാണ്. തൊഴിലിടത്തിൽ പുതുതായി നടപ്പിൽ വരുത്തിയ നിബന്ധനകളോട് എതിർപ്പ് അറിയിച്ചേക്കും. കലാപ്രവർത്തകർക്ക് കഴിവിനൊത്ത അവസരം കൈവരുന്നതാണ്. ഉറ്റവരുടെ സഹായം വന്നെത്തും.  വിദ്യാർത്ഥികൾക്കും ഗവേഷകർക്കും മുന്നേറാനാവും. ചെറുകിട സംരംഭങ്ങൾ ലാഭകരമാവുന്നതാണ്.

തൃക്കേട്ട

ജന്മത്തിൽ ആദിത്യൻ, ചൊവ്വ എന്നീ ഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ ബാഹ്യവും ആഭ്യന്തരവുമായ സമ്മർദ്ദങ്ങളുണ്ടാവും.  കാര്യനിർവഹണ ത്തിന് അത്യദ്ധ്വാനം ആവശ്യമായി വരും.  രാഷ്ട്രീയ ഇച്ഛകൾക്ക് കയ്പുരുചി കടന്നുകൂടാനിടയുണ്ട്.   പുതിയ കാര്യങ്ങൾ തുടങ്ങാൻ ഗ്രഹാനുകൂല്യമില്ലെന്നത് ഓർമ്മയിലുണ്ടാവണം. ഏകോപനം വിചാരിച്ചത്ര എളുപ്പമായേക്കില്ല. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കാര്യങ്ങൾക്ക് കുറെ മാറ്റം വന്നേക്കാം. ഊഹക്കച്ചവടം, ചിട്ടി, വായ്പ ഇത്യാദികളിലൂടെ ധനവരവുണ്ടാവും. കിട്ടാക്കടങ്ങൾ ഭാഗികമായി ലഭിക്കാനുള്ള സാധ്യത കാണുന്നു. ബന്ധുക്കളുടെ പിന്തുണ കൈവരുന്നതാണ്. സംഘടനകളിൽ സ്വീകാര്യതയേറും. സാഹിത്യ പ്രവർത്തനം അഭംഗുരമാവും. കുടുംബത്തിനകത്ത് സമാധാനം പുലരുന്നതായിരിക്കും.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

മൂലം

പന്ത്രണ്ടിലും ജന്മരാശിയിലുമായി ആദിത്യൻ, ചൊവ്വ എന്നീ ഗ്രഹങ്ങൾ സഞ്ചരിക്കുന്നത് പിരിമുറുക്കം സൃഷ്ടിക്കാം. കണ്ടകശ്ശനിക്കാലവുമാണ്. മൂന്നിലെ രാഹുവും ഏഴിലേക്ക് വരുന്ന വ്യാഴവും അനുകൂല ഫലങ്ങൾക്ക് കാരണമാകും. തൊഴിലിടത്തിൽ തടസ്സങ്ങൾ അനുഭവപ്പെട്ടാലും അഭിവൃദ്ധി പ്രതീക്ഷിക്കാം. ഒപ്പമുള്ളവരുടെ സഹകരണം ആത്മാർത്ഥമാവും. ആരോഗ്യപ്രശ്നങ്ങൾ വരാനിടയുണ്ട്. എന്നാൽ കൃത്യമായ ചികിൽസയിലൂടെ പരിഹരിക്കാനുമാവുന്നതാണ്. കുടുംബത്തിൽ അലോസരങ്ങൾ ഉയരാം. അവയ്ക്ക് സംയമനപൂർവ്വം ഉത്തരം കണ്ടെത്തുന്നതിന് കഴിഞ്ഞേക്കും. കൂടുതൽ കടം വാങ്ങാതിരിക്കാൻ കരുതലുണ്ടാവണം. ദൈവിക സമർപ്പണങ്ങൾക്കായി ജന്മനാട്ടിലേക്ക് പോയി വരും.

 പൂരാടം

ആദിത്യനും ചൊവ്വയും ശനിയും ഗോചരാൽ അനിഷ്ടസ്ഥാനങ്ങളിൽ തുടരുകയാൽ സ്വന്തം കഴിവുകൾ തിരിച്ചറിയാനാവാത്ത സ്ഥിതിയുണ്ടാവും. ആലസ്യം സഹയാത്രികനായേക്കും. പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തേണ്ടി വരുന്നതാണ്. അധികാരികൾ ശത്രുപക്ഷത്തെ പിൻതുണച്ചേക്കും. രോഗഗ്രസ്തർക്ക് പ്രതിരോധശേഷി ഉയരാൻ കുറച്ചുകൂടി മരുന്നുകഴിക്കേണ്ടതായി വരുന്നതാണ്. ഇഷ്ടവ്യക്തികളുമായി അകാരണമായ പിണക്കത്തിന് സാധ്യത കാണുന്നു. ഗവേഷണത്തിൽ  കൂടുതൽ വിവരശേഖരണം ആവശ്യമാവുന്ന സാഹചര്യം ഉടലെടുക്കും. ചില അപ്രതീക്ഷിത സഹായങ്ങളും ലഭ്യമായേക്കും. ദാമ്പത്യത്തിലെ പ്രശ്നങ്ങൾ പരിഹൃതമാവുന്നതാണ്. തീർത്ഥാടനയോഗമുണ്ട്. നവരാംഭങ്ങൾക്ക് അണിയറ ഒരുക്കം നടത്താം.

ഉത്രാടം

ധനുക്കൂറുകാർക്ക് കാര്യനിർവഹണത്തിൽ ഉത്സാഹം കുറയാം. മുൻ തീരുമാനങ്ങൾ പ്രാവർത്തികമാക്കുക എളുപ്പമാവില്ല. തൊഴിലിടത്തിൽ  വിയോജിപ്പുകൾ തുടരും. ചിലരുടെ പിന്തുണ സ്വീകരിക്കണോ എന്നതിൽ സന്ദേഹം ഭവിക്കും. മകരക്കൂറുകാർക്ക് മാസാദ്യ പകുതി ഗുണകരമാവുന്നതാണ്. ബിസിനസ്സിൽ വരുമാനം അധികരിക്കും. പുതുകാര്യങ്ങൾക്കായി സർക്കാരിൽ നിന്നും അനുമതി ലഭിക്കുന്നതാണ്. ഭൂമി വ്യവഹാരത്തിൽ വിജയം വരാം. രണ്ടാം പകുതിയിൽ വ്യയാധിക്യം ഉണ്ടാവും. ബിസിനസ്സ് യാത്രകൾ കൂടും. എന്നാൽ അതിനൊത്ത നേട്ടങ്ങൾ അനുഭവത്തിൽ വരണമെന്നില്ല.

തിരുവോണം

നിലവിലെ തൊഴിൽ രംഗത്ത് വ്യക്തമായ വിധം മുന്നേറ്റം തുടരാനാവും. അർഹതയ്ക്ക് അംഗീകാരം ലഭിക്കുന്നതാണ്. സാമൂഹിക പ്രശ്നങ്ങളിൽ സക്രിയരാവും. കർമ്മശേഷി സഹപ്രവർത്തകരെ അസൂയാലുക്കളാക്കിയേക്കും. തൊഴിലന്വേഷണത്തിന് നല്ലഫലം ഉണ്ടാവുന്നതാണ്. സാങ്കേതികമായ അറിവ് നേടാൻ ശ്രമം തുടർന്നേക്കും. ആദർശചിന്തകൾ പ്രായോഗികമാക്കി  ഉൾക്കൊള്ളും. വസ്തുവിൽപ്പനയിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. സുഹൃത്തുക്കളുടെ ചില നിർദ്ദേശങ്ങൾ അപ്രായോഗികമായി അനുഭവപ്പെടും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ജോലിഭാരം കൂടുന്നതാണ്. യാത്രകൾ ക്ലേശിപ്പിക്കാം. ചെലവുകളെ ചൊല്ലി കുടുംബത്തിൽ തർക്കങ്ങൾ ഉടലെടുക്കന്നതാണ്.

അവിട്ടം

ഔദ്യോഗിക ചുമതലകൾ വർദ്ധിക്കും. അതിൽ വിജയിക്കാൻ സാധിക്കുന്നതാണ്. ഏകോപനം പ്രശംസ നേടും. സ്വയം പണം മുടക്കി തൊഴിൽ ചെയ്യുന്നവർക്ക് ലാഭം കിട്ടിത്തുടങ്ങുന്നതാണ്. അദ്ധ്വാനം പാഴിലാവില്ല. ലോണിനുള്ള അപേക്ഷ പരിഗണിക്കപ്പെടും. വ്യായാമം, ദിനചര്യ ഇവയിൽ കൃത്യനിഷ്ഠ പുലർത്തും. സഹോദരരുടെ കാര്യത്തിൽ ശുപാർശകൾ നടത്തി ഫലം കണ്ടെത്താനാവും. കലാപരിശീലനം, സാഹിത്യപ്രവർത്തനം ഇവ തുടരുന്നതാണ്. അനാവശ്യ വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കണം. വാടകവിട്ടിന് പുതിയ താമസക്കാരെ ലഭിക്കുന്നതാണ്. ക്ഷോഭം നിയന്ത്രിക്കേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ രേഖകൾ സൂക്ഷിക്കാൻ മറക്കരുത്.

ചതയം

ഡിസംബർ 1 ന് രാത്രി രാഹു ചതയം നക്ഷത്രത്തിൽ പ്രവേശിക്കുന്നു. രാഹുവിൻ്റെ സ്വന്തം നക്ഷത്രമാണ് ചതയം. എങ്കിലും പാപഗ്രഹം ജന്മനക്ഷത്രത്തിലും ശനി രണ്ടാം നക്ഷത്രത്തിലും തുടരുന്നത് ചതയം നാളുകാരിൽ പലതരം സമ്മർദ്ദങ്ങൾ സൃഷ്ടിക്കും. ആലസ്യം, ഉത്തരവാദിത്വങ്ങളിൽ നിന്നും പിൻവലിയാനുള്ള പ്രേരണ എന്നിവ കടന്നുവരും. മറ്റു ഗ്രഹങ്ങൾ അനുകൂല ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ ഗുണാനുഭവങ്ങളും വന്നെത്തുന്നതാണ്.
വ്യാപാരത്തിൽ പുരോഗതിയുണ്ടാവും. കടബാധ്യത ഭാഗികമായി പരിഹരിക്കും. പ്രണയ കാര്യത്തിൽ വിശ്വസ്തരാവും. കുടുംബത്തിൽ സമാധാനമുണ്ടാവുന്നതാണ്. മക്കളുടെ കാര്യത്തിലെ ഉൽക്കണ്ഠ നിങ്ങുന്നതാണ്.

പൂരൂരുട്ടാതി

ജന്മനക്ഷത്രത്തിൽ നിന്നും രാഹു മാറുന്നത് ആശ്വാസമാണ്. എന്നാൽ ശനി ജന്മനക്ഷത്രത്തിൽ തുടരുന്നുമുണ്ട്. ഊർജ്ജസ്വലത കുറയുന്നതായി തോന്നാം. സഹജമായ കഴിവുകൾ പുറത്തെടുക്കാൻ കഴിഞ്ഞേക്കില്ല.  പ്രകോപനങ്ങളിൽ വീണുപോകരുത്. ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. സ്വത്ത് തർക്കങ്ങൾ വളരാതിരിക്കാൻ കരുതലുണ്ടാവണം. വിദേശത്ത് കഴിയുന്നവരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹൃതമാവും. ആശയ വിനിമയശേഷി ശ്രദ്ധിക്കപ്പെടുന്നതാണ്. ഗൃഹനിർമ്മാണ കാര്യത്തിൽ കുടുംബത്തിൽ ഏകോപനം സാധ്യമായേക്കില്ല. വയോജനങ്ങളുടെ പരിരക്ഷണത്തിൽ ശ്രദ്ധയുണ്ടാവണം. ഒരു കൈകൊണ്ട് തല്ലുമ്പോൾ മറുകൈകൊണ്ട് തലോടുന്ന പ്രകൃതിനിയമം ഓർമ്മയിൽ വരും.

ഉത്രട്ടാതി

തെറ്റെന്ന് ബോധ്യമാണെങ്കിലും അതിൽ നിന്നും പിൻവലിയാൻ കഴിയാത്ത സ്ഥിതിയുണ്ടാവും. കൂട്ടുകെട്ടുകളിൽ നിയന്ത്രണം വേണ്ടതുണ്ട്. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിനെക്കാൾ നിലവിലുള്ളവ നന്നായി കൊണ്ടുനടത്തുന്നതിലാവണം ശ്രദ്ധ. ഗൃഹത്തിൽ സാമാന്യമായി സമാധാനം പുലരുന്നതായിരിക്കും. സർക്കാർ കാര്യങ്ങളിൽ അനുഭവപ്പെട്ടിരുന്ന തടസ്സം നീങ്ങിയേക്കും. മുൻവിധികൾ പലപ്പോഴും നിയാമകമാവാം. സംരംഭങ്ങളിൽ നിന്നുള്ള ധനവരവ് മോശമാവാനിടയില്ല.  ഗവേഷകർക്ക് മൗലികമായിട്ടുള്ള കണ്ടെത്തലുകൾ പ്രശസ്തി നേടിത്തരും. മത്സരങ്ങളിൽ ഭാഗ്യപരീക്ഷണം നടത്തുന്നവർ വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കൂടുതൽ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം.

രേവതി

ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റും. കഠിനാധ്വാനശീലം മേലധികാരികളുടെ കണ്ണുതുറപ്പിക്കാം. ആവശ്യപ്പെട്ട ദിക്കിലേക്ക് സ്ഥലംമാറ്റം കിട്ടാനുള്ള സാഹചര്യം ഉണ്ടാവും. പൈതൃകത്തിൽ അഭിമാനിക്കാവുന്ന സാഹചര്യം ഉടലെടുക്കും. ഉപജാപങ്ങളിൽ കരുതലുണ്ടാവണം. സാമ്പത്തിക സ്ഥിതി മോശമാവില്ല. ദഹനക്കേട്, വാതശല്യം എന്നിവ ഉപദ്രവിച്ചേക്കാം. പുതുവാഹനം വാങ്ങുവാൻ തീരുമാനിക്കും. രാഷ്ട്രീയ നേതൃത്വവുമായുണ്ടായിരുന്ന ഭിന്നത നീങ്ങും. പൂർവ്വകാലത്തിലെ ബന്ധം വീണ്ടും തളിർക്കാനിടയുണ്ട്. നിക്ഷേപങ്ങൾ സുരക്ഷിതമാക്കാൻ ശ്രദ്ധ ചെലുത്തണം. ബൗദ്ധിക പ്രവർത്തനങ്ങൾക്കും നേരം കണ്ടെത്തും. ദൈവിക സമർപ്പണങ്ങളിൽ വർദ്ധിത ശുഷ്കാന്തി പുലർത്തുന്നതാണ്.

Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: