scorecardresearch

Monthly Horoscope December 2024: ഡിസംബർ മാസഫലം, മകം മുതൽ തൃക്കേട്ട വരെ

December Monthly Horoscope 2024 in Malayalam: മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് 2024 ഡിസംബർ മാസത്തെ നക്ഷത്രഫലം എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

December Monthly Horoscope 2024 in Malayalam: മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് 2024 ഡിസംബർ മാസത്തെ നക്ഷത്രഫലം എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

December Monthly Horoscope 2024

ഡിസംബർ 1 മുതൽ 15 വരെ വൃശ്ചികമാസം തുടരുകയാൽ ആദിത്യൻ വൃശ്ചികം രാശിയിലാവും. ഡിസംബർ 16 മുതൽ 31 വരെ ധനുമാസം ആവുകയാൽ ആദിത്യൻ ധനുരാശിയിലാവും. ആദ്യം അനിഴം ഞാറ്റുവേല ഭാഗികമായും തൃക്കേട്ട, മൂലം ഞാറ്റുവേലകൾ പൂർണമായും ഒടുവിൽ പൂരാടം ഞാറ്റുവേല ഭാഗികമായും ഡിസംബർ മാസത്തിൽ സംഭവിക്കുന്നു. സൂര്യൻ സഞ്ചരിക്കുന്ന നക്ഷത്രങ്ങളെ ആസ്പദമാക്കിയാണ് ഞാറ്റുവേല കണക്കാക്കുക എന്നത് ഓർമ്മിക്കുമല്ലോ? 

Advertisment

ഡിസംബർ 1നും 30നു അമാവാസി അഥവാ കറുത്തവാവ് വരുന്നു. ഡിസംബർ 15 ന് പൗർണമി അഥവാ വെളുത്തവാവും വരുന്നു. ഡിസംബർ രണ്ടു മുതൽ ഹേമന്ത ഋതുവും ചാന്ദ്രമാസമായ മാർഗശീർഷമാസവും ആരംഭിക്കുന്നു. ചന്ദ്രൻ അനിഴം നക്ഷത്രമണ്ഡലത്തിലാണ് ഡിസംബർ 1 ന് സഞ്ചരിക്കുന്നത്. ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ഡിസംബർ 31 ന്  പൂരാടം നക്ഷത്രത്തിൽ എത്തുന്നു. 

ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലാണ്. ഡിസംബർ 27 ന് പൂരൂരുട്ടാതിയിൽ പ്രവേശിക്കും. 2025 ൽ ശനിയുടെ രാശിമാറ്റം (കുംഭം - മീനം) വരുന്നതുവരെയും തുടർന്ന് ഏതാനും മാസങ്ങളും ശനി പൂരൂരുട്ടാതിയിൽ തന്നെ തുടരും. ശനി ശരാശരി 13 മാസക്കാലമാണ് ഒരു നക്ഷത്രമണ്ഡലത്തിൽ തുടരുന്നത്. 

വ്യാഴം ഇടവം രാശിയിൽ രോഹിണിയിൽ വക്രഗതിയിലായി തുടരുകയാണ്. അടുത്ത നാലുമാസക്കാലം വ്യാഴം രോഹിണിയിൽ തന്നെയാവുംരാഹു മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ്. 2025 മാർച്ച് പകുതി വരെ രാഹു ഉത്രട്ടാതിയിലാവും. കേതു കന്നിരാശിയിലാണ്. ഉത്രം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു.

ചൊവ്വ നീചരാശിയായ കർക്കടകത്തിൽ പൂയം നക്ഷത്രത്തിലാണ്. ആ സ്ഥിതിക്ക് ഡിസംബറിൽ മാറ്റമില്ല. 2025 ജനുവരി പകുതിയോളം ചൊവ്വ പൂയം നാളിലാണ്. ബുധൻ മാസം മുഴുവൻ വൃശ്ചികം രാശിയിലുണ്ട്. ഡിസംബർ 8 വരെ തൃക്കേട്ടയിലും തുടർന്ന് അനിഴത്തിലും ആണ്. മാസാന്ത്യത്തിൽ വക്രഗതിയിലുമാവും. ഡിസംബർ 1 മുതൽ 11 വരെ ബുധൻ മൗഢ്യത്തിലാണെന്നതും സ്മരണീയം. ശുക്രൻ ഡിസംബർ 2 ന് ധനുരാശിയിൽ നിന്നും മകരത്തിലേക്കും മാസാന്ത്യത്തിൽ കുംഭം രാശിയിലേക്കും സംക്രമിക്കുന്നതാണ്. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ 2024 ഡിസംബർ മാസത്തിലെ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളുടെയും സമ്പൂർണ്ണ മാസഫലം ഇവിടെ അപഗ്രഥിക്കുകയാണ്.

മകം

Advertisment

സ്ഥിരോത്സാഹവും സ്ഥിരപ്രയത്നവും നേട്ടങ്ങൾ സൃഷ്ടിക്കാം. പതിവുകാര്യങ്ങൾ ഒരുവിധം ഭംഗിയായി നടന്നേക്കും. തൊഴിൽ മാറ്റത്തിന് ഗ്രഹാനുകൂല്യം ഇല്ല. ആദിത്യൻ 4,5 രാശികളിൽ സഞ്ചരിക്കുകയാൽ കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതായി വരും. മകൻ്റെ പലതരം ആവശ്യങ്ങൾക്ക് പണം കണ്ടെത്തേണ്ട സ്ഥിതി ഭവിക്കാം. ഇക്കാര്യം മൂലം  അല്പം സമാധാനക്കേടിനും ഇടയുണ്ട്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രത കുറയുന്നതാണ്. ഗവേഷകർക്ക് പ്രബന്ധപൂർത്തീകരണത്തിന് കൂടുതൽ കാര്യങ്ങൾ  ഇനിയും ഗ്രഹിക്കപ്പെടണം എന്ന നിലയുണ്ടാവും. നിക്ഷേപങ്ങൾ , ഊഹക്കച്ചവടം ഇവയിൽ നിന്നും കരുതിയതിലധികം ധനം കരഗതമായേക്കും. സുഹൃത്തുക്കൾ സഹായിച്ചില്ലെന്ന പരിഭവം തോന്നും. ബന്ധുക്കളുടെ കാര്യത്തിൽ ഇണക്കവും പിണക്കവും തുടരപ്പെടും.

പൂരം

വ്യാപാരമേഖല പുഷ്ടിപ്പെടാനിടയുണ്ട്. എല്ലാക്കാര്യങ്ങളും  ശ്രദ്ധിച്ചുകൊണ്ട് മുന്നേറുകയാൽ ശത്രുക്കളുടെ പ്രവർത്തനങ്ങൾ ഏശുകയില്ല. വായ്പകൾ അടക്കാൻ സാധിക്കുന്നതാണ്. അനുബന്ധം സ്ഥാപനം തുടങ്ങുന്ന കാര്യം താൽകാലികമായി നീട്ടി വെക്കുകയാവും ഉചിതം. വീട്ടിലെ അന്തരീക്ഷം ആശ്വാസമേകുന്നതാവും. ജീവിതപങ്കാളിയുടെ നിർദ്ദേശങ്ങൾ തികച്ചും പ്രായോഗികമായി അനുഭവപ്പെടും. ചികിൽസാ മാറ്റത്താൽ വയോജനങ്ങൾക്ക് ആശ്വാസം ലഭിച്ചേക്കും. കലാകാരന്മാർക്ക് അർഹിക്കുന്ന അവസരം കൈവരുന്നതാണ്.  വിനോദോപാധികൾക്കായും ആഢംബരത്തിനായും പണം ചെലവു ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുന്നത് ഇപ്പോൾ നന്നായിരിക്കും. ചെറുപ്പക്കാരുടെ വിവാഹാലോചനകൾ തീരുമാനത്തിലെത്താതെ നീണ്ടുപോയേക്കാം. ആരോഗ്യത്തിൽ ജാഗ്രത വേണം.

ഉത്രം

മറ്റുള്ളവരുടെ ഉപദേശം ശ്രദ്ധാപൂർവ്വം കേൾക്കുമെങ്കിലും അനുസരിക്കാൻ കൂട്ടാക്കുകയില്ല. എന്നാൽ ആരെയും പിണക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്. രാഷ്ട്രീയ നിലപാടുകൾ മുറുകെ പിടിക്കും. പൊതുപ്രവർത്തകർക്ക് സ്വീകാര്യത വർദ്ധിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് സാമാന്യമായ തിരക്കുണ്ടാവും.  ചുമതലകൾ പൂർത്തീകരിക്കുവാൻ കൂടുതൽ സമയം വേണ്ടിവരുന്നതാണ്. വഴിവിട്ട കാര്യം ചെയ്യാൻ തയ്യാറാവില്ല. സ്വന്തം തൊഴിൽ വിപുലീകരിക്കുവാൻ ആലോചനയുണ്ടാവും. ചിങ്ങക്കൂറുകാർ ഭൂമി വ്യാപാരത്തിൽ കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. സഹോദരരുമായി തർക്കങ്ങൾ വരാം.  കന്നിക്കൂറുകാർക്ക് വസ്തു വില്പനയിൽ ലാഭം അധികരിക്കുന്നതാണ്. ഉല്ലാസയാത്രകൾക്ക് സാധ്യതയുണ്ട്. മാനസികമായ സന്തോഷമുണ്ടാകും.

അത്തം

നേട്ടങ്ങൾക്കാവും മുൻതൂക്കം. ആദിത്യൻ മൂന്നിലും നാലിലുമായി സഞ്ചരിക്കുകയാൽ പ്രവർത്തിരംഗം ഉന്മേഷകരമാവും. ആദർശചിന്തയുടെയും പ്രായോഗിക ബുദ്ധിയുടെയും സമന്വയം ഗുണം ചെയ്യും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിക്കാം. സ്ഥാനക്കയറ്റവും സാധ്യതയാണ്. നീണ്ടകാലമായുള്ള വായ്പ അടച്ചുതീരുകയാൽ ധനകാര്യത്തിൽ
സ്വയം പര്യാപ്തത ഉണ്ടാവുന്നതാണ്. കുടുംബാംഗങ്ങളുടെ പിന്തുണ പ്രതീക്ഷിക്കാം. പൂർവ്വിക വസ്തുവിറ്റ ധനം ഉപയോഗിച്ച് മറ്റൊരു വസ്തു വാങ്ങാനുള്ള ശ്രമം വിജയം കണ്ടേക്കും. സാഹിത്യവും കലാരംഗവും പുഷ്ടിപ്പെടുന്നതാണ്. സുഹൃൽ സംഗമങ്ങൾക്ക് മുൻകൈയ്യെടുക്കും. വിദേശത്തുനിന്നും ധനം, പാരിതോഷികം ഇവ ലഭിക്കാം. ജന്മനാട്ടിലെ ക്ഷേത്രോത്സവത്തിൽ സകുടുംബം പങ്കെടുക്കുന്നതാണ്.

ചിത്തിര

ശിഥില ചിന്തികളെ ഏകീകരിക്കാനും പ്രാവർത്തികമാക്കാനും വിഷമിക്കും. സുഹൃത്തുക്കളുടെ ഉപദേശത്തിൽ വേണ്ടത്ര വിശ്വാസമുണ്ടാവില്ല. സ്വയം സംരംഭകർക്ക് പിടിച്ചു നിൽക്കാനാവും. തരക്കേടില്ലാത്ത വരുമാനം കൈവരുന്നതാണ്. കന്നിക്കൂറുകാർക്ക് മാസാദ്യ പകുതിയിൽ മനസ്സമാധാനമേറും. സാമൂഹ്യ സ്വീകാര്യത വലിയ തോതിലുണ്ടാവും. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. പുതിയ ഇലക്ട്രോണിക് ഉല്പന്നങ്ങൾ സ്വന്തമാക്കിയേക്കും. തുലാക്കൂറുകാർക്ക് മാസത്തിൻ്റെ 
രണ്ടാം പകുതിയിൽ വ്യാപാരാദിവൃദ്ധി പ്രതീക്ഷിക്കാം. സർക്കാരിൽ നിന്നും അനുമതി രേഖ ലഭിച്ചേക്കും. അവിവാഹിതരുടെ വിവാഹം തീരുമാനിക്കപ്പെടാം. കടബാധ്യതകൾ പരിഹരിക്കാനുള്ള ശ്രമം ഭാഗികമായി ഫലം കാണുന്നതാണ്.

ചോതി

ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാവും. വിദേശ സർവ്വകലാശാലയിൽ പഠിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അവസരമുണ്ടാവും. കഴിഞ്ഞ കുറച്ചു നാളുകളായി അനുഭവപ്പെട്ടിരുന്ന ആത്മസംഘർഷത്തിന് അയവുവരും. ഇഷ്ടജനങ്ങളുടെ മാനസിക പിന്തുണ ലഭിക്കുന്നതാണ്. കച്ചവടത്തിൽ ക്രമേണ ഉയർച്ച വന്നെത്തും. ഉപഭോക്താക്കളുടെ സ്വീകാര്യത സന്തോഷമേകും. സാമൂഹ്യ കാര്യങ്ങളിൽ അഭിപ്രായം തുറന്നുപറയുകയാൽ ശത്രുക്കളുണ്ടാവും. എന്നാൽ അതിൽ വ്യാകുലപ്പെടില്ല. മകൾക്ക് കഴിവിനൊത്ത ജോലി ലഭിക്കാനിടയുണ്ട്. പിതൃ-പുത്ര ബന്ധത്തിലെ പിരിമുറുക്കം അയയും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ഊഹക്കച്ചവടത്തിൽ നേട്ടങ്ങൾ വന്നു ചേരും. വ്യാഴം അഷ്ടമത്തിൽ സഞ്ചരിക്കുകയാൽ ആരോഗ്യകാര്യത്തിൽ ജാഗ്രത പുലർത്തണം.

വിശാഖം

നക്ഷത്രനാഥനായ വ്യാഴം വക്രഗതിയിൽ സഞ്ചരിക്കുന്നതിനാൽ നിലപാടുകളിൽ നിന്നും പിന്നോട്ടുപോകാൻ സാധ്യതയുണ്ട്. ഇഷ്ടമുണ്ടായിട്ടാവില്ല, എങ്കിലും
ചില കാര്യങ്ങൾ പിന്നീടത്തേക്ക് മാറ്റിവെക്കാനോ റദ്ദാക്കാനോ ഉള്ള സാഹചര്യം തള്ളിക്കളയാനാവില്ല.  കായിക - കലാ മത്സരങ്ങൾ വിചാരിച്ചതിലധികം കടുത്തതാവും. വരുമാനം പതിവുപോലെ തന്നെയായിരിക്കും. അദ്ധ്വാനം കൂടുതലായതിന് തക്ക ഫലം കിട്ടിയേക്കില്ല. അമിതവ്യയം ഒഴിവാക്കപ്പെടണം. വേണ്ടപ്പെട്ടവരെന്ന് കരുതപ്പെടുന്നവരുടെ ഉപദേശം ചിലപ്പോൾ വഴിതെറ്റിച്ചേക്കും. സദസ്സുകളിലും സംഘടനകളിലും ബഹുമാന്യത കുറയാം. ഗൃഹനിർമ്മാണം തുടരാൻ വായ്പകളെ ആശ്രയിച്ചേക്കും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കൂടുതൽ നല്ലഫലങ്ങൾ കൈവരുന്നതാണ്.

അനിഴം

കണ്ടകശനിയും ജന്മത്തിൽ ആദിത്യനും ഒമ്പതാം ഭാവത്തിൽ നീചക്ഷേത്രസ്ഥനായി രാശിനാഥനായ ചൊവ്വയും ഉള്ളതിനാൽ ജീവിതത്തിൽ പ്രതിസന്ധികൾ ഒപ്പം സഞ്ചരിക്കുന്നതായി അനുഭവപ്പെടാം. അനായാസമായ നേട്ടങ്ങൾക്കുപോലും ഒത്തിരി വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. മുൻപ് സഹായം കൈപ്പറ്റിയവർ പോലും മറുപക്ഷത്താണല്ലോ എന്ന ഖേദം ഉയർന്നേക്കും. എന്നാലും അനുകൂല ഘടകങ്ങളും കുറവല്ല. വ്യാഴവും കേതുവും ശുക്രനും അപ്രതീക്ഷിത ഭാഗ്യങ്ങൾക്കും കരുത്തുള്ള പിന്തുണകൾക്കും സാമ്പത്തിക സമാശ്വാസങ്ങൾക്കും കാരണമാകാം. കുടുംബം ഒന്നടങ്കം ഒപ്പമുണ്ടാവുന്നത് മനക്കരുത്തേകും. സഹിഷ്ണുത ഫലവത്താകാം. അനുബന്ധ തൊഴിലുകളിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. 

തൃക്കേട്ട

നക്ഷത്രനാഥനായ ബുധന് മാസാദ്യം വരെ മൗഢ്യം തുടരുന്നതിനാൽ ആശയക്കുഴപ്പം കുറയില്ല. ആദിത്യൻ ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുന്നത് ദേഹക്ലേശത്തിനും മനസ്സമ്മർദ്ദത്തിനും കാരണമാകാം.അഞ്ചിലെ രാഹ അനാവശ്യമായ ചിന്തകളെ ഉണർത്തി വിടും. വ്യാഴം ഏഴിൽ തുടരുന്നത് വിവാഹതടസ്സം നീങ്ങാൻ കാരണമായേക്കും. കൂട്ടുകച്ചവടത്തിൽ നിന്നും കൂടുതൽ ലാഭം കിട്ടിത്തുടങ്ങുന്നതാണ്. ബിസിനസ്സ് യാത്രകൾ സഫലമാവും. വാഗ്ദാനങ്ങൾ പാലിക്കുന്നതിലൂടെ സാമ്പത്തികമായ വിശ്വസ്തത നേടിയെടുക്കാൻ കഴിയുന്നതാണ്. വസ്തുകച്ചവടത്തിൽ കബളിപ്പിക്കപ്പെടാൻ ഇടയുള്ളതിനാൽ ശ്രദ്ധ വേണ്ടതുണ്ട്. വൈജ്ഞാനിക കാര്യങ്ങളിൽ സമകാലികരാവാനുള്ള ശ്രമം വിജയിക്കും. മാസത്തിൻ്റെ രണ്ടാം പകുതി കൂടുതൽ ഗുണകരമാവും.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: