scorecardresearch
Latest News

Astrology Monthly Prediction Chingam 2022: ചിങ്ങമാസത്തെ സമ്പൂർണ നക്ഷത്രഫലം

Astrology Monthly Prediction Chingam 2022: ഇരുപത്തിയേഴ് നാളുകളിലും ജനിച്ചവരുടെ ചിങ്ങമാസത്തെ ഫലം നോക്കാം

Astrology Monthly Prediction Chingam 2022: ചിങ്ങമാസത്തെ സമ്പൂർണ നക്ഷത്രഫലം

Astrology Monthly Prediction Chingam 2022: ചിങ്ങമാസത്തിൽ സൂര്യൻ ചിങ്ങം രാശിയിൽ ; വ്യാഴം മീനത്തിൽ, ശനി മകരത്തിൽ– ഈ രണ്ട് ഗ്രഹങ്ങളും വക്രഗതിയിലാണ്. ചൊവ്വ ഇടവം രാശിയിലും ബുധൻ ആദ്യം ചിങ്ങത്തിലും പിന്നെ കന്നിയിലും, ശുക്രൻ കർക്കടകത്തിലും ചിങ്ങത്തിലും ആയി സഞ്ചരിക്കുന്നു. രാഹു മേടം രാശിയിലും കേതു തുലാം രാശിയിലും തുടരുകയാണ്. ചന്ദ്രൻ ഒന്നാം തീയതി അശ്വതിയിൽ, ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി മാസാന്ത്യത്തിൽ കാർത്തിക നാളിലുമാണ്. ഇനി ഇരുപത്തിയേഴ് നാളുകളിലും ജനിച്ചവരുടെ ചിങ്ങമാസത്തെ ഫലം നോക്കാം.

അശ്വതി: ആശ്വസിക്കാൻ കുറച്ചൊക്കെ വകയുണ്ട്. ദുരിതപ്പെയ്ത്തിന് ശമനം വരും. സന്തോഷാനുഭവങ്ങൾ വരാതിരിക്കില്ല. പ്രൊഫഷണലുകൾ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കും. എന്നാൽ ഊഹക്കച്ചവടത്തിൽ നഷ്ടം വരാനിടയുണ്ട്. ഗുരുവിനോടോ സജ്ജനങ്ങളോടോ കലഹിക്കും. തീർത്ഥയാത്രകൾ ശരീരമനസ്സുകൾക്ക് പുനരുജ്ജീവനമേകും. കിടപ്പുരോഗികൾക്ക് ആശ്വാസം ലഭിക്കാം.

ഭരണി: രാഹുവിന്റെ ഭരണിനക്ഷത്രത്തിലെ സ്ഥിതി ആരോഗ്യപ്രശ്നങ്ങൾക്കോ മനക്ലേശങ്ങൾക്കോ വഴിവെച്ചേക്കും. പരുഷമായി സംസാരിക്കാൻ രണ്ടിലെ ചൊവ്വ ദുഷ്പ്രേരണ നൽകും. കുടുംബത്തോടൊപ്പം വിനോദയാത്രകൾ നടത്തും. ഉദ്യോഗത്തിലിരിക്കുന്നവർ മേലധികാരികളുടെ പ്രീതി നേടും. സമൂഹമധ്യത്തിൽ അംഗീകാരം നേടും. ചെലവുകൾ നല്ലകാര്യങ്ങൾക്കാണല്ലോ എന്ന് സന്തോഷിക്കും. മക്കളുടെ ശ്രേയസ്സിന് പല പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കും.

കാർത്തിക: നിക്ഷേപങ്ങളിൽ നിന്നും വരവ് കൂടും. ഭൂമി വാങ്ങാനുള്ള ശ്രമം വിജയിക്കും. മംഗളകർമ്മങ്ങളുടെ സൂത്രധാരത്വം വഹിക്കും. പ്രണയ സാഫല്യത്തിന് അല്പംകൂടി കാത്തിരിക്കേണ്ടിവരും. വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയങ്ങളിൽ ഉപരിപഠനം നടത്താൻ അവസരമുണ്ടാകും. ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട സമയമാണ്. വയോജനങ്ങളുടെ പ്രീതി നേടും. കലഹങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ യത്നിക്കണം.

രോഹിണി: അവിവാഹിതർക്ക് വിവാഹാലോചനകൾ ഫലവത്താകും. ഗൃഹസ്ഥർക്ക് കുടുംബജീവിതം സുഖോഷ്മളമാകും. ഇഷ്ടഭക്ഷണ യോഗം, വിനോദ രസികത്വം, മത്സര വിജയം എന്നിവ പ്രതീക്ഷിക്കാം. തൊഴിൽപരമായി മാറ്റം ആഗ്രഹിക്കുന്നവർക്ക് ഇത് അനുകൂല കാലമല്ല. ഭാഗ്യാനുഭവങ്ങൾ മന്ദീഭവിച്ചേക്കാം. കൃഷിയിലും കച്ചവടത്തിലും സമ്മർദ്ദങ്ങളെ നേരിടേണ്ടിവരുന്നതായിരിക്കും. വരവേറും, ചിലവും അധികരിക്കും.

മകയിരം: തീർത്ഥയാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് അതിനവസരം ലഭിക്കും. കർമ്മമേഖലയിൽ എതിർപ്പുകൾ ഉണ്ടായാലും അവയെ അതിജീവിക്കും. സർക്കാരിൽ നിന്നും സഹായ ധനം, വായ്പ എന്നിവ ലഭിക്കാം. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുമതി ലഭിക്കും. സൗഹൃദസംഗമങ്ങളിൽ പങ്കെടുക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർ പുരസ്കൃതരാകും. ജന്മരാശിയിലെ ചൊവ്വ കാര്യതടസ്സം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ സൃഷ്ടിച്ചേക്കാം. മനോവാക്കർമ്മങ്ങളിൽ കരുതൽ വേണം.

തിരുവാതിര: വിചാരിച്ചതുപോലെ എല്ലാക്കാര്യങ്ങളും നടക്കണമെന്നില്ല. ചില തീരുമാനങ്ങൾ പുനപ്പരിശോധിക്കും. പത്താം ഭാവാധിപൻ വ്യാഴം വക്രഗതിയിലാകയാൽ തൊഴിൽപരമായി ചില പ്രശ്നങ്ങളെ അഭിമുഖീകരക്കേണ്ടി വരാം. വ്യവഹാരങ്ങൾക്ക് മുതിരാതിരിക്കുന്നതാണ് ഉചിതം. ധാരാളം യാത്രകൾ ചെയ്യും. ധനപരമായി കുറച്ച് നേട്ടങ്ങൾ ഉണ്ടാകും. അഢംബരത്തിന് പണം ചെലവഴിക്കും. വൈദ്യപരിശോധനകളിൽ ആലസ്യമരുത്.

പുണർതം: കർമ്മഗുണമുള്ള കാലമാണ്. വീടോ വാഹനമോ മോടിപിടിപ്പിക്കും. മക്കളുടെ പഠനം, വിവാഹം മുതലായവയ്ക്കായി വായ്പ എടുക്കേണ്ടിവരും. കായികതാരങ്ങൾ, കലാകാരന്മാർ എന്നിവർക്ക് പുതിയ അവസരങ്ങൾ കൈവരും. ഗൃഹാന്തരീക്ഷം ഊർജ്ജദായകമായിരിക്കും. പ്രണയികളുടെ വിരഹത്തിന് അറുതി വരും. സാങ്കേതിക വിഷയങ്ങൾ ശ്രദ്ധാപൂർവ്വം മനസ്സിലാക്കും.

പൂയം: കഠിനാദ്ധ്വാനം അംഗീകരിക്കപ്പെടും. അദ്ധ്യാപകർക്ക് ബഹുമതികൾ വന്നുചേരും. കുടുംബത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾ നീങ്ങും. സഹോദരബന്ധം ദൃഢമാകും. പാരിതോഷികങ്ങളോ സമ്മാനങ്ങളോ ലഭിക്കാം. പഴയ സുഹൃത്തുക്കളെ കാണും. പൊതുപ്രവർത്തകർ ചില എതിർപ്പുകളെ നേരിടേണ്ടി വന്നേക്കും.

ആയില്യം: ആത്മസംയമനം പാലിക്കേണ്ട കാലമാണ്. കലഹങ്ങളിൽ നിന്നും അകലം പാലിക്കണം. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം, ശമ്പളവർദ്ധനവ് എന്നിവ പ്രതീക്ഷിക്കാം. പതിനൊന്നിലെ ചൊവ്വയുടെ സ്ഥിതികൊണ്ട് ഭൂമിസംബന്ധമായ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ക്രയവിക്രയങ്ങളിൽ വലിയ വിജയം നേടും. ലൗകിക വിഷയങ്ങളിൽ ആസക്തി പുലർത്തും. ആരോഗ്യപരമായി അല്പം ഭേദപ്പെട്ട കാലമാണ്.

മകം: അത്മവിശ്വാസം വർദ്ധിക്കും. അസാധാരണമായ പ്രവർത്തനമികവ് കാഴ്ചവെക്കും. വിദേശത്ത് പോകാൻ അവസരമുണ്ടാകും. ധനപരമായി മെച്ചം കാണുന്നില്ല. രോഗങ്ങൾ ബുദ്ധിമുട്ടിക്കാം. കിടപ്പ് രോഗികളുടെ കാര്യത്തിൽ നിരന്തര ശ്രദ്ധ വേണം. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കിണഞ്ഞ് ശ്രമിക്കും. ചെറുകിട കച്ചവടക്കാർക്കും കരാർ ജോലികൾ ചെയ്യുന്നവർക്കും വായ്പയോ സർക്കാരിൽ നിന്നുമുള്ള സാമ്പത്തിക സഹായമോ ലഭിച്ചേക്കും.

പൂരം: കടമകളും ഉത്തരവാദിത്വങ്ങളും ഏറും. ഉറ്റ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായസഹകരണം ലഭിക്കും. പൊതുപ്രവർത്തനത്തിൽ കൂടുതൽ ആബദ്ധരാകും. പുതിയ കാര്യങ്ങൾ പഠിക്കാൻ സമയം കണ്ടെത്തും. ചികിത്സാച്ചെലവുകൾ വർദ്ധിക്കുന്നത് ആശങ്കയുയർത്തും. ക്രയവിക്രയങ്ങളിൽ നൂറു ശതമാനം നേട്ടമുണ്ടാകും എന്ന് പറയാനാവില്ല. മക്കളുടെ വിവാഹ കാര്യത്തിൽ തീരുമാനമെടുക്കാനാവാതെ വിഷമിക്കും.

ഉത്രം: രഹസ്യനിക്ഷേപങ്ങളിൽ നിന്നും നേട്ടമുണ്ടാകും. കൃത്യമായ ആസൂത്രണം വിജയത്തിൽ കലാശിക്കും. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി തൊഴിലിടത്തിലും ഗൃഹത്തിലും ചില പരിഷ്ക്കാരങ്ങൾ വരുത്തും. പൈതൃക സ്വത്തിന്മേലുള്ള തർക്കങ്ങൾക്ക് അയവ് വരും. എതിരാളികളുടെ നീക്കങ്ങളെ മുളയിലേ നുള്ളാനുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിക്കും. സ്വന്തം ദുശ്ശീലങ്ങൾ ഒഴിവാക്കാൻ ആത്മാർത്ഥമായി ശ്രമിക്കും. ജീവിതശൈലീ രോഗങ്ങൾ വിഷമമുണ്ടാക്കാം. പുതിയ ചികിത്സാ രീതികളിലോട്ട് മാറാൻ വിദഗ്ദ്ധോപദേശം തേടും.

അത്തം: അലച്ചിലും അകാരണമായ ഉൽക്കണ്ഠയും വിഷമിപ്പിക്കും. സ്ഥാനനഷ്ടമുണ്ടായാലും മനസ്സാന്നിധ്യം വീണ്ടെടുക്കും. പ്രതികരണശേഷി തീക്ഷ്ണമാകുകയാൽ എതിർപ്പുകൾക്ക് കാരണമായേക്കും. പുതിയ കർമ്മപദ്ധതികൾ ആവിഷ്ക്കരിക്കും. വായ്പ, കടം ഇവ മൂലം സാമ്പത്തിക ഞെരുക്കത്തിൽ നിന്നും താൽക്കാലികമായി മോചനം നേടും. ഗൃഹസമാധാനം നിലനിർത്താൻ വിട്ടുവീഴ്ചകൾക്കൊരുങ്ങും. ആഢംബരം പാടേ ഒഴിവാക്കും.

ചിത്തിര: വിദേശത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങിവരാൻ അവസരമുണ്ടാകും. മംഗളകർമ്മങ്ങളിൽ പങ്കുകൊള്ളും. ധനവിനിയോഗത്തിൽ അച്ചടക്കം നഷ്ടമാകും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. പിതൃസ്വത്ത് അനുഭവിക്കാൻ കഴിയും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സക്രിയമായ സാന്നിധ്യം തെളിയിക്കും. ഹൃദ്രോഗികൾ വൈദ്യപരിശോധനകളിൽ അമാന്തം കാട്ടരുത്.

ചോതി: പ്രണയികൾക്ക് പ്രേമസുരഭിലമായ കാലമാണ്. പഠനത്തിനായി വിദേശയാത്ര തരപ്പെടും. കടക്കെണിയിൽ നിന്നും മോചനം പ്രതീക്ഷിക്കാം. സ്വാശ്രയത്വത്തിൽ അഭിമാനം കൊള്ളും. വ്യാപാര മേഖലയിലെ മാന്ദ്യം മാറും. ചില കരാറുകൾ പുതുക്കിക്കിട്ടുന്നത് ആശ്വാസമേകും. മക്കളിൽ നിന്നും ശക്തമായ പിന്തുണയുണ്ടാകും. ആരോഗ്യപരമായി സമ്മിശ്രാനുഭവങ്ങൾ ഉണ്ടാകുന്ന കാലമാണ്.

വിശാഖം: പ്രവർത്തനരംഗം വിപുലീകരിക്കും. പ്രൊഫഷണലുകൾക്ക് തിളങ്ങാൻ അവസരം വന്നുചേരുന്നതാണ്. പ്രതിയോഗികളെ തൃണവൽഗണിക്കും. മാറ്റങ്ങളിലും നവീന കാര്യങ്ങളിലും അഭിമുഖ്യമുണ്ടാവും. കുടുംബത്തിൽ ശുഭകാര്യങ്ങൾ സംഭവിക്കും. പിണങ്ങി നിന്ന ബന്ധുക്കൾ ഇണങ്ങും. സാഹിത്യം, കല എന്നിവയിൽ പ്രവർത്തിക്കുന്നവരുടെ സർഗസിദ്ധികൾ അംഗീകരിക്കപ്പെടും. ധനപരമായി ചിലവിന് നേരിയ മുൻതൂക്കമുള്ള കാലമാണ്.

അനിഴം: ഉദ്യോഗത്തിലിരിക്കുന്നവർക്ക് കാലം അനുകൂലം. തൊഴിൽ അന്വേഷകർ നിരാശപ്പെടില്ല. തീർത്ഥാടനത്തിന് യോഗമുണ്ട്. കുടുംബജീവിതത്തിൽ ചില പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. പ്രണയികൾക്കിടയിൽ വിയോജിപ്പുകൾ പ്രകടമാവാം. പിതാവിന്റെ രോഗാതുരതക്ക് ശമനം വന്നേക്കും. ധനപരമായി മെച്ചമായ കാലമാണെന്നാലും ചെലവുമധികരിക്കും.

തൃക്കേട്ട: വരവു- ചെലവുകൾ തുല്യമായിരിക്കും. വിദേശജീവിതം കൊണ്ട് നേട്ടങ്ങൾ ഭവിക്കും. കൂട്ടുകച്ചവടത്തിൽ നിന്നും സുഖകരമല്ലാത്ത അനുഭവങ്ങൾ ഭവിക്കാം. മത്സരങ്ങളിൽ വിജയിക്കും. പൊതുപ്രവർത്തകർക്ക് പിന്തുണയേറും. വിവാഹാലോചനകൾ നീളാം. വിനോദപരിപാടികൾ കാണാൻ ധാരാളം സമയം ചെലവഴിക്കും. സഹോദരാനുകൂല്യവും ഭവിക്കുന്നതാണ്.

മൂലം: മുൻവിധിയോടെയുളള തീരുമാനങ്ങൾ പരാജയപ്പെടാം. കള്ളം പറയാനോ പ്രവർത്തിക്കാനോ ഉള്ള ദുഷ്പ്രേരണ ശക്തമാകും. ആധ്യാത്മികചര്യകളിൽ താല്പര്യം ജനിക്കും. മാതാവിന്റെ ആരോഗ്യനില ആശങ്കയ്ക്ക് കാരണമാകും. കുടുംബസ്വത്തിന്മേലുള്ള തർക്കം തുടരാൻ സാധ്യതയുണ്ട്. വാഹനമോ ഗൃഹമോ നവീകരിക്കാനായി പണച്ചെലവുണ്ടാകും. ചിങ്ങം രണ്ടാം പകുതിയിൽ കർമ്മഗുണാഭിവൃദ്ധി കാണുന്നു.

പൂരാടം: കീർത്തിയും അംഗീകാരവും തേടിവരും. സ്വയം തൊഴിലിൽ മുന്നേറ്റമുണ്ടാവും. ആരോഗ്യപരമായി മെച്ചപ്പെട്ട കാലമാണ്. ഗൃഹത്തിൽ പൂജ / ഹോമം മുതലായവ നടക്കും. മക്കളുടെ ഐശ്വര്യത്തിനായി പ്രാർത്ഥനകളിൽ മുഴുകും. ഊഹക്കച്ചവടം ഒട്ടൊക്കെ ലാഭത്തിലെത്തും. ബന്ധുക്കളുടെ പിന്തുണ നേടും. വസ്ത്രാഭരണാദികളും മറ്റും സമ്മാനമായി കിട്ടുന്നതാണ്.

ഉത്രാടം: ക്ഷമയും സഹിഷ്ണുതയും പരീക്ഷിക്കപ്പെടും. ബിസിനസ്സിൽ വലിയ പരീക്ഷണങ്ങൾക്കൊരുങ്ങും. ബാങ്ക് വായ്പ അനുവദിക്കപ്പെടും. പുതിയ ചികിത്സകൊണ്ട് ആരോഗ്യം പുഷ്ടിപ്പെടുന്നതായിരിക്കും. പൈതൃകസമ്പാദ്യം അധീനതയിൽ വന്നുചേരും. എഴുത്തുകാർക്ക് പുതിയ രചനകൾ നടത്താനും സഹൃദയപ്രശംസ നേടാനും സാധിക്കും. അശനശയനസൗഖ്യവും പ്രതീക്ഷിക്കാവുന്നതാണ്.

തിരുവോണം: ജന്മശനി വക്രശനിയാകയാൽ ദോഷശക്തി കുറയും. വ്യക്തിപരമായും തൊഴിൽപരമായും നേട്ടങ്ങൾ വന്നുചേരും. പ്രതീക്ഷിച്ച പിന്തുണ ചില കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചില്ലെന്നത് വിഷമിപ്പിച്ചേക്കാം. വാഹനം, യന്ത്രം, അഗ്നി എന്നിവ ജാഗ്രതയോടെ ഉപയോഗിക്കണം. പഠനാവശ്യത്തിനായി വിദേശയാത്ര വേണ്ടി വരുന്നതായിരിക്കും. ഉദ്യോഗാർത്ഥികൾ നല്ല അവസരത്തിനായി അല്പം കൂടി കാത്തിരിക്കേണ്ടതുണ്ട്. പരീക്ഷണങ്ങൾക്ക് ഇത് അനുകൂലമായ കാലമല്ലെന്ന് പ്രത്യേകം ഓർക്കണം.

അവിട്ടം: സാങ്കേതികവിദ്യാഭ്യാസത്തിൽ നേട്ടങ്ങളുണ്ടാവും. ആലസ്യം ചിലപ്പോൾ കർമ്മശക്തിയെ ദുർബലപ്പെടുത്തിയേക്കും. കുടുംബാംഗങ്ങൾക്കിടയിലെ അപശ്രുതികൾ പരിഹരിക്കാനാവും. ധനാഗമമാർഗങ്ങൾ വിപുലപ്പെടുത്താൻ വഴികണ്ടെത്തും. രാഷ്ട്രീയ പ്രവർത്തകർ ശക്തമായ വെല്ലുവിളികളെ നേരിടും. പഴയവാഹനം മാറ്റി വാങ്ങാൻ പരിശ്രമിക്കും. കച്ചവടത്തിൽ ലാഭം നേരിയതോതിലാവും. യാത്രകൾ കൊണ്ട് അലച്ചിലേറുക മാത്രമാവും മെച്ചം.

ചതയം: നിർവ്യാജമായ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ ലഭിക്കും. വീട് മാറാൻ ശ്രമം തുടരും. കുടുംബത്തിൽ ചില മൂപ്പിളമ തർക്കങ്ങൾ ഉണ്ടായേക്കാം. നിക്ഷേപങ്ങൾ പിൻവലിക്കാൻ സമ്മർദ്ദമുയരും. രോഗാവസ്ഥക്ക് ശമനം വരുന്നതാണ്. നീതിന്യായം, മാധ്യമം, എഞ്ചിനിയറിംഗ്, അധ്യാപനം മുതലായ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ ഏറും. വയോജനങ്ങളെ ശുശ്രൂഷിക്കാൻ കഴിഞ്ഞത് ചാരിതാർത്ഥ്യത്തിന് കാരണമാകുന്നതായിരിക്കും.

പൂരുട്ടാതി: നക്ഷത്രനാഥനായ വ്യാഴത്തിന്റെ വക്രഗതി മൂലം ചില തിരിച്ചടികളെ നേരിടേണ്ടി വരാം. നിലപാടുകളിൽ വെള്ളം ചേർക്കും. ശനി , ആലസ്യത്തിന് വഴിമരുന്നിടും. ധനപരമായി തരക്കേടില്ലാത്ത കാലമാണ്. എതിർപ്പുകളെ നന്നായി പ്രതിരോധിക്കാൻ കഴിയും. വിവാഹാലോചനകൾ തീരുമാനമാകാതെ നീണ്ടുപോയേക്കാം. പഠനത്തിൽ മുഴുമനസ്സും അർപ്പിക്കാൻ കഴിഞ്ഞില്ലെന്നും വരാം. ദീർഘയാത്രകൾ മാറ്റിവെക്കുകയാവും സമുചിതം.

ഉത്രട്ടാതി: കരണീയം എന്തെന്ന് അറിയാതെ മനസ്സ് വ്യാകുലമാകും. നിയമോപദേശമനുസരിച്ച് പ്രവർത്തിക്കാൻ സാഹചര്യം അനുവദിക്കുകയുമില്ല. അയൽബന്ധങ്ങൾ ഊഷ്മളമാകും. വ്യവസായികൾക്ക് ലാഭമുയരും. സർക്കാരിൽ നിന്നുള്ള കരാറുകൾ പുതുക്കപ്പെടാൻ സാധ്യത കാണുന്നു. നീണ്ടകാലമായി രോഗങ്ങളുമായി മല്ലടിക്കുന്നവർക്ക് അല്പമെങ്കിലും സ്വാസ്ഥ്യമനുഭവപ്പെടുന്നതായിരിക്കും. സഹോദരരുടെ ഉന്നമനത്തിനായി ചെയ്യുന്ന കർമ്മങ്ങൾ അഭിനന്ദനം നേടിത്തരും.

രേവതി: കർമ്മോത്സാഹം വർദ്ധിക്കും. വിദേശത്തുപോകാനും തൊഴിൽ നേടാനും സാധിക്കും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ വാഗ്ദാനങ്ങൾ നിറവേറ്റി സമൂഹത്തിന്റെ അംഗീകാരം നേടും. ആത്മവിശ്വാസം ഉയരും. ഗൃഹനിർമ്മാണത്തിനായുള്ള സാമ്പത്തിക കാര്യങ്ങൾ ക്രമീകരിക്കും. വിജ്ഞാനം നേടാൻ സമയം കണ്ടെത്തും. സജ്ജനങ്ങളുടെ ഉപദേശം ചെവിക്കൊള്ളും. ഊഹക്കച്ചവടം വിജയകരമാകും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Chingam month 2022 horoscope