scorecardresearch
Latest News

അനുരാഗസാഫല്യം, വിവാഹം, സന്താനലബ്ധി; ഈ നാളുകാരുടെ വിഷുഫലം

ചിങ്ങം, ധനു, കുംഭം എന്നീ കൂറുകളിൽ വരുന്ന മകം, പൂരം, ഉത്രം, മൂലം, പൂരാടം, ഉത്രാടം, അവിട്ടം, ചതയം പൂരുട്ടാതി എന്നീ ഒമ്പത് നക്ഷത്രങ്ങളുടെ സമ്പൂർണ വിഷുഫലം വായിക്കാം

vishu, vishu phalam, ie malayalam

മേടമാസത്തിൽ തുടങ്ങി മീനത്തിൽ അവസാനിക്കുന്ന പന്ത്രണ്ട് മാസങ്ങൾ (ഒരു കൊല്ലക്കാലം) ജ്യോതിഷപരമായി പ്രാധാന്യമുള്ള കാലഗണനയാണ്. കൊല്ലവർഷം കണക്കാക്കുന്നത് ചിങ്ങം തൊട്ട് കർക്കടകം വരെയാണെന്ന് നമുക്കറിയാം. എന്നാൽ രാശിക്രമവും നക്ഷത്രക്രമവും എല്ലാം മേടം മുതലും മേടക്കൂറിലെ അശ്വതി മുതലുമാണ് കണക്കാക്കുന്നത്.

ബ്രഹ്മപ്രളയാനന്തരം, മന്വന്തരങ്ങളും കല്പവുമെല്ലാം സമാരംഭിക്കുന്നത് മേടം മുതലാണ്, മേടത്തിലെ ‘വിഷുവത് പുണ്യകാലം’ തൊട്ടാണ് എന്നാണ് ജ്യോതിഷസങ്കൽപ്പം. മനുവിന്റെ പുത്രനായ വൈവസ്വതന്റെ കാലാരംഭം, അതായത് ഇപ്പോൾ നടന്നുവരുന്ന ‘വൈവസ്വതമന്വന്തരം ‘, മേടത്തിലാണ് തുടങ്ങിയിരിക്കുന്നതും. അങ്ങനെ പലനിലയ്ക്കും ജ്യോതിഷ വിശ്വാസികൾക്ക് വിഷുക്കാലം വരുന്ന ഒരു സംവത്സരത്തെ അറിയാൻ ഉതകുന്ന സമയബിന്ദു കൂടിയാണ്.

ശനി കുംഭം രാശിയിലും, വ്യാഴം മീനത്തിലും, രാഹുകേതുക്കൾ യഥാക്രമം മേഷതുലാദികളിലും കുജൻ മിഥുനത്തിലും ബുധൻ മേടത്തിലും ശുക്രൻ ഇടവത്തിലും ആയി നിൽക്കുമ്പോഴാണ് ഈയ്യാണ്ടത്തെ വിഷുസംക്രമം ഭവിക്കുന്നത്. 1198 മീനം 31 ന്, 2023 ഏപ്രിൽ 14ന് വെള്ളിയാഴ്ച പകൽ ഇന്ത്യൻ സമയം 2 മണി 58 മിനിറ്റിന്, മകരക്കൂറിൽ തിരുവോണം നക്ഷത്രത്തിലായി ചന്ദ്രൻ സഞ്ചരിക്കവേയാണ് സൂര്യന്റെ മേടരാശി സംക്രമം എന്ന് പഞ്ചാംഗത്തിൽ നിന്നും അറിയാനാവും. അതിന്റെ അടുത്തദിവസമാണ് വിഷു.

ചിങ്ങം, ധനു, കുംഭം എന്നീ കൂറുകളിൽ വരുന്ന മകം, പൂരം, ഉത്രം, മൂലം, പൂരാടം, ഉത്രാടം, അവിട്ടം, ചതയം പൂരുട്ടാതി എന്നീ നക്ഷത്രജാതരുടെ ഈ വിഷു മുതൽ അടുത്ത വിഷുവരെയുള്ള പൊതുഫലമാണ് വിലയിരുത്തുന്നത്.

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം ഒന്നാം പാദം): സ്വക്ഷേത്രബലവാനായി ഏഴാം ഭാവത്തിൽ നിൽക്കുന്ന ശനിക്ക് ദോഷം കുറയും. ഗുണാനുഭവങ്ങൾ വർദ്ധിക്കും. ശത്രുക്കളുടെ പ്രവർത്തനം ഏതാണ്ട് മന്ദീഭവിക്കും. വ്യാഴാനുകൂല്യം കൂടി വരുന്നതിനാൽ അനുരാഗസാഫല്യം, വിവാഹസിദ്ധി, സന്താനപ്രാപ്തി തുടങ്ങിയവയും പ്രതീക്ഷിക്കാവുന്ന വർഷമാണ്. ഭാഗ്യാനുഭവങ്ങൾ തടസ്സം കൂടാതെ വന്നെത്തുന്നതാണ്. തുലാം മാസം തൊട്ട്, വിശേഷിച്ചും. പഠനം, തൊഴിൽ, സ്ഥലദർശനം ഇത്യാദികൾക്കായി വിദേശയാത്രകളും അതുകൊണ്ട് നാനാപ്രകാരേണയുള്ള പ്രയോജനങ്ങളും സിദ്ധിക്കും. വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസം ആഗ്രഹിച്ച വിഷയത്തിൽ നടത്താനാവും.

ഗവേഷകർക്ക് തങ്ങളുടെ പ്രബന്ധം സമർപ്പിക്കാനും അതുവഴി മേൽതസ്തികകളിൽ പ്രവേശിക്കാനും അവസരം ഉണ്ടാവുന്നതാണ്. കോടതി വ്യവഹാരങ്ങൾക്ക് അനുകൂലമായ തീർപ്പുകൾ ഭവിക്കും. രാഷ്ട്രീയപ്രവർത്തനം അധികാര നേട്ടത്തിന് വഴിയൊരുക്കിയേക്കും. ക്ഷേത്ര- ഉത്സവാദികളുടെ ചുമതലകൾ ഏൽക്കേണ്ടതായി വരുന്നതാണ്. കൃഷി കാര്യങ്ങളിൽ ശ്രദ്ധ കൂടും. വ്യാപാരരംഗം വിപുലീകരിക്കുന്നതിന് ആവശ്യമായ വായ്പകൾ ലഭിക്കും. പിതാവിന്റെയും ഗുരുനാഥന്റെയും അനുഗ്രഹാശിസ്സുകൾ ജീവിതയാത്രയ്ക്ക് വെളിച്ചം ചൊരിയും. കർക്കടകം, ചിങ്ങം, കന്നി, മീനം എന്നീ മാസങ്ങൾക്ക് മാറ്റ് കുറയുന്നതാണ്.

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): ഇടക്കാലത്തെ തടസ്സങ്ങൾക്കുശേഷം ജീവിതനദി ശാന്തമായൊഴുകുന്ന വർഷമാണ്. ന്യായമായ ആഗ്രഹങ്ങൾ മിക്കതും സഫലമാകും. സഹോദരരും ബന്ധുമിത്രാദികളും പിന്തുണയുമായി ഒപ്പമുണ്ടാവും. അസാദ്ധ്യം എന്ന് കരുതിയ കാര്യങ്ങൾ അധികം വിയർപ്പൊഴുക്കാതെ നേടിയെടുക്കും. സ്ഥിരജോലിയിൽ ഉയർച്ച, കരാറുകൾ ഉറപ്പിച്ചു കിട്ടുക, വ്യാപാരത്തിൽ മുന്നേറ്റം എന്നിവ പ്രതീക്ഷിക്കാം.

സാങ്കേതികപഠനം, കലാപഠനം എന്നിവയ്ക്ക് അവസരം വന്നെത്തും. ഭൂമിയിൽ നിന്നും നിക്ഷേപങ്ങളിൽ നിന്നും ഉയർന്ന വരുമാനം പ്രതീക്ഷിക്കാം. വിദേശ വിദ്യാഭ്യാസം, വിദേശ ജോലി, വിവാഹം, സന്താനലബ്ധി എന്നിവ ശുഭസാധ്യതകളാണ്. മക്കൾക്ക് പലവിധം അഭ്യൂദയം കൈവരും. ഗൃഹം മോടി പിടിപ്പിക്കും. പുതുവാഹനം വാങ്ങും. കിട്ടാക്കടങ്ങൾ കുറച്ചൊക്കെ മടക്കിക്കിട്ടുന്നതാണ്. കർക്കടകം, വൃശ്ചികം, ധനു എന്നീ മാസങ്ങളിൽ പ്രതികൂലാനുഭവങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ കൂടുതൽ ജാഗ്രത വേണം.

കുംഭക്കൂർ (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി മുക്കാൽ): പ്രതീക്ഷകൾ നിറവേറുന്നത് അൽപ്പം വൈകിയിട്ടാവും. വാഗ്ദാനങ്ങൾ പാഴായിപ്പോകാം. അദ്ധ്വാനം വർദ്ധിക്കുന്നതാണ്. പുതിയ കാര്യങ്ങൾ തുടങ്ങുകയെക്കാൾ എളുപ്പമാവും, ഉള്ളത് നിലനിർത്തിപ്പോകുന്നത്. നിത്യവരുമാനക്കാർ നിരാശപ്പെടുകയില്ല. കരാർ ജോലികൾ തടസ്സം കൂടാതെ മുന്നേറുന്നതാണ്. ഉദ്യോഗസ്ഥർക്ക് ദൂരദിക്കുകളിലേക്ക് സ്ഥലം മാറ്റം ഭവിക്കും. മക്കളുടെ പഠനം, വിവാഹം ഇത്യാദികൾക്ക് നല്ല രീതിയിലുള്ള സാമ്പത്തികസഹായം കൈവരുന്നതാണ്.

ഗാർഹിക ജീവിതത്തിൽ സമാധാനം പുലരും. സഹോദരരും സുഹൃത്തുക്കളും പ്രതിസന്ധികളിൽ ഉറച്ച പിന്തുണയേകും. മേടം, കർക്കടകം, വൃശ്ചികം, ധനു എന്നീ മാസങ്ങളിൽ കാര്യങ്ങൾ സുഗമവും സുലഭവുമാകും. വിദേശത്ത് പോകാനും പഠനം – തൊഴിൽ എന്നിവയിൽ ഏർപ്പെടുവാനും കാലം അനുകൂലമാണ്. കിടപ്പ് രോഗികൾ, കുടുംബത്തിലെ വൃദ്ധജനങ്ങൾ എന്നിവരുടെ സ്ഥിതി ഭേദപ്പെടുന്നതാണ്. കന്നി, തുലാം, മകരം മാസങ്ങളിൽ മനോവാക്കർമ്മങ്ങളിലും ആരോഗ്യകാര്യത്തിലും ജാഗ്രത വേണ്ടതുണ്ട്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Chingam dhanu kumbham stars 2023 vishu phalam chingam dhanu kumbham stars 2023 vishu phalam