scorecardresearch

മകര മാസത്തിലെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെ

Capricorn Month 2023 Astrological Predictions Moolam, Pooradam, Uthradam, Thiruvonam, Avittam, Chathayam, Pooruruttathi, Uthrattathi, Revathy Stars: മകരമാസത്തിലെ മൂലം മുതൽ രേവതി വരെയുള്ള നാളുകാരുടെ നക്ഷത്രഫലം പരിശോധിക്കാം

astrology, horoscope, ie malayalam

Capricorn Month 2023 Astrological Predictions Moolam, Pooradam, Uthradam, Thiruvonam, Avittam, Chathayam, Pooruruttathi, Uthrattathi, Revathy Stars: 2023 ജനുവരി 15 ന് മകര മാസം തുടങ്ങുന്നു. 2023 ഫെബ്രുവരി 12 ന് (മകരമാസം) 29 ദിവസം പൂർണമാകുന്നു. ജനുവരി 14 ന് രാത്രി സൂര്യസംക്രമണം. ഉത്തരായന കാലം പിറക്കുകയാണ്. സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് പ്രവേശിക്കുന്നു. ആദ്യ പത്ത് ദിവസം ഉത്രാടം ഞാറ്റുവേലയും, പിന്നെ പതിമ്മൂന്ന് ദിവസം തിരുവോണം ഞാറ്റുവേലയും അതിനുശേഷം അവിട്ടം ഞാറ്റുവേലയുമാണ്.

ചന്ദ്രൻ മകരം ഒന്നിന് ചിത്തിരയിൽ, ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി മാസാന്ത്യദിവസം ചോതിയിൽ. ചൊവ്വ ഇടവത്തിലും വ്യാഴം മീനത്തിലും രാഹുവും കേതുവും യഥാക്രമം മേടം, തുലാം രാശികളിലും തുടരുന്നു. ബുധൻ മകരം 26 വരെ ധനുവിൽ, പിന്നീട് മകരത്തിലും. ശുക്രൻ മകരം 8 ന് മകരത്തിൽ നിന്നും കുംഭത്തിൽ പ്രവേശിക്കുന്നു.

മകരമാസത്തിൽ സുപ്രധാനമാറ്റം ശനിയുടേതാണ്. മകരത്തിൽ നിന്നും കുംഭത്തിലേക്ക് മാറുന്നു. അടുത്ത രണ്ടര വർഷക്കാലം ശനി കുംഭത്തിൽ തന്നെയാണ് തുടരുന്നത്. മുകളിൽ വ്യക്തമാക്കിയ ഗ്രഹസ്ഥിതിയുടെ പശ്ചാത്തലത്തിൽ മകരമാസത്തിലെ മൂലം മുതൽ രേവതി വരെയുള്ള നാളുകാരുടെ നക്ഷത്രഫലം പരിശോധിക്കാം.

മൂലം: ഭാഗ്യാനുഭവങ്ങൾ പലതും വന്നുചേരും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടും. അച്ഛന്റെ ധനം / സമ്പാദ്യം അനുഭവിക്കാനാവും. മുഖരോഗങ്ങൾ ക്ലേശിപ്പിക്കാൻ സാധ്യതയുണ്ട്. പരുഷമായി സംസാരിക്കേണ്ട സാഹചര്യം ഉദയം ചെയ്യാം. പ്രതികൂലമായ ചുറ്റുപാടുകളെ
ആത്മശക്തികൊണ്ട് മറികടക്കും. പ്രണയാനുഭവങ്ങൾ വന്നുചേരാം. മക്കളുടെ പഠനത്തിൽ ശ്രദ്ധ വേണ്ട സന്ദർഭമാണ്. വരവ് വർദ്ധിക്കും; അതിനനുസരിച്ച് ചെലവും.

പൂരാടം: കുടുംബകാര്യങ്ങളിൽ സക്രിയരാവും. നല്ല അനുഭവങ്ങൾ വർദ്ധിക്കും. ദാമ്പത്യത്തിലെ സ്വൈരക്കേടുകൾക്ക് അവസാനമാകും. മാതാവിന്റെ ആരോഗ്യനില തൃപ്തികരമാവും. ദന്തനേത്രകർണ രോഗങ്ങൾ പിടിപെടാം. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ കഴിയും. നിക്ഷേപങ്ങളിൽ നിന്നും ആദായം ഉയരും. വാഹനം വാങ്ങാൻ വായ്പാ സഹായം ലഭിക്കും. പൂർവികധനത്തിന്മേൽ അവകാശം സിദ്ധിക്കും. സാമൂഹിക പ്രവർത്തനങ്ങളിൽ കരുതലോടെ ഇടപെടണം.

ഉത്രാടം: ധനുക്കൂറുകാർക്ക് നേട്ടങ്ങൾ ഏറും. ധനപരമായ ഞെരുക്കം അവസാനിക്കും. കച്ചവടം വിപുലീകരിക്കും. ഉദ്യോഗസ്ഥർക്ക് പുതിയ ഉത്തരവാദിത്വങ്ങൾ വന്നെത്തും. മകരക്കൂറുകാർക്ക് സമ്മർദ്ദങ്ങളെ നേരിടേണ്ടി വരാം. മക്കളുടെ പഠനം, വിവാഹം എന്നിവ സംബന്ധിച്ച് ഉൽക്കണ്ഠകൾ ഉയരാം. കലാകാരന്മാർ അഭിനന്ദിക്കപ്പെടും. വിദേശയാത്രക്ക് തയ്യാറെടുക്കുന്നവർക്ക് അതിനവസരം സംജാതമാകും. തൊഴിലന്വേഷണം വിജയിക്കാം.

തിരുവോണം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ദീർഘയാത്രകൾ പ്രയോജനപ്പെടും. കുടുംബയോഗങ്ങളിൽ സക്രിയമായ സാന്നിദ്ധ്യം പുലർത്തും. ധനപരമായി സമ്മിശ്രമായ കാലമാണ്. സന്താനങ്ങളുടെ കാര്യത്തിൽ ചിന്താപൂർവമായ തീരുമാനം കൈക്കൊള്ളും. പ്രൊഫഷണൽ രംഗത്തുള്ളവർക്ക് കൂടുതൽ കഠിനാദ്ധ്വാനം വേണ്ടിവരും. മത്സരവിജയം സുഗമമാവില്ല. സഹോദരരുടെ പിന്തുണ വലിയ ആശ്വാസം പകരും. ബിസിനസ്സ് വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കും. ആരോഗ്യ പരിശോധനകളിൽ വിട്ടുവീഴ്ചയരുത്.

അവിട്ടം: ശനി മകരക്കൂറിലെ അവിട്ടം നാൾ കടന്ന് കുംഭക്കൂറിലെ അവിട്ടം നാളിലേക്ക് നീങ്ങുകയാണ്. മകരക്കൂറുകാർക്ക് ആശ്വാസം അനുഭവപ്പെടും, എല്ലാ രംഗത്തും. വിശ്രമമില്ലാത്ത അദ്ധ്വാനത്തിന് അവസാനം വരും. കുംഭക്കൂറുകാർ പ്രവർത്തനങ്ങളിൽ ജാഗരൂകരാവണം. സാമ്പത്തിക ഇടപാടുകൾ കൃത്യമായിരിക്കാൻ ശ്രദ്ധിക്കണം. സാഹസകർമ്മങ്ങളിൽ നിന്നും പിന്തിരിയുന്നതാവും ഉചിതം. നേട്ടങ്ങൾ പലതും വന്നുചേരും. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. പഠനത്തിൽ ഉന്നതി വരും. സൗഹൃദങ്ങൾ പ്രയോജനകരമാവും.

ചതയം: ആദർശവും പ്രായോഗികതയും തമ്മിൽ സംഘർഷത്തിലാവും. നേട്ടങ്ങൾ കൈയ്യിലെത്താൻ കാലവിളംബം വരും. യാത്രാക്ലേശത്തിന് സാധ്യത. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ അനിഷ്ടം സമ്പാദിക്കേണ്ടി വരാം. രാഷ്ട്രീയ പ്രവർത്തകർക്ക് നേതൃത്വത്തിന്റെ ശാസന നേരിടേണ്ടി വന്നേക്കും. വാഹനം, യന്ത്രം, അഗ്നി ഇവ ഉപയോഗിക്കുമ്പോൾ ഇരട്ടി കരുതൽ വേണം. ബന്ധങ്ങളുടെ ഊഷ്മളത കരുത്താകും. രണ്ടിലെ വ്യാഴ സ്ഥിതി മൂലം ധനസ്ഥിതി മോശമാവില്ല. ചികിൽസാച്ചെലവേറാം.

പൂരുട്ടാതി: മക്കൾക്ക് അച്ഛനമ്മമാരുടെ ശാസന കേൾക്കേണ്ടിവരും. വിദ്യാർത്ഥികളുടെ ആലസ്യത്തിന് അധ്യാപകർ താക്കീത് ചെയ്തേക്കും. തൊഴിൽ തേടുന്നവർക്ക് അന്യദേശങ്ങളിൽ നിന്നും ശുഭവാർത്ത എത്താം. ധനവിനിയോഗത്തിൽ കരുതൽ വേണം. സാഹസ യാത്രകളും കർമ്മങ്ങളും ഒഴിവാക്കുന്നതാവും നല്ലത്. കൂട്ടായ്മകളിലും സംഘടനാ പ്രവർത്തനങ്ങളിലും മുന്നിട്ടിറങ്ങും. സ്വന്തം കാര്യം മറന്ന് അന്യരുടെ കാര്യത്തിന് സമയം ചെലവഴിക്കും. കുടുംബാംഗങ്ങൾക്കിടയിൽ അനൈക്യം തലപൊക്കുന്നത് വിഷമം വരുത്താം. ‘ശരീരാമാദ്യം ഖലു ധർമ്മസാധനം’ എന്ന ഉപനിഷദ്വാക്യം മറക്കരുത്.

ഉത്രട്ടാതി: വിദേശ ജോലി ലഭിക്കാം. ഉപരിപഠനത്തിനായി അന്യനാടുകളിലേക്ക് പോകാനും സാധ്യത. സർക്കാർ സഹായം പ്രതീക്ഷിച്ചതിലും വേഗത്തിൽ ലഭിക്കും. മത്സരങ്ങളിൽ വിജയം കൊയ്യും. കൃഷിയും കച്ചവടവും ലാഭത്തിലാവും. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റത്തിന് സാഹചര്യം ഒരുങ്ങും. പിതാവിന്റെ ആരോഗ്യപ്രശ്നങ്ങൾ കുറയാം. സുഹൃത്തുക്കളുടെ ശക്തമായ പിന്തുണ തടസ്സങ്ങളെ അതിജീവിക്കാൻ സഹായിച്ചേക്കും. പാരമ്പര്യ വസ്തുക്കളിൽ അധികാരാവകാശങ്ങൾ സ്ഥിരപ്പെട്ട് കിട്ടും. മുഖരോഗങ്ങൾക്ക് ചികിൽസ തേടിയേക്കും. നിക്ഷേപങ്ങളിൽ നിന്നും ലാഭം വർദ്ധിക്കും.

രേവതി: തീരുമാനങ്ങൾ കൈക്കൊള്ളാൻ ക്ലേശിക്കും. പ്രതികൂലസാഹചര്യങ്ങളെ നേരിടും. തൊഴിൽപരമായി നേട്ടങ്ങളുടെ കാലമാണ്. ആശിച്ച ദിക്കിലേക്ക് സ്ഥലം മാറ്റം, ശമ്പള വർദ്ധനവ് ഇവ പ്രതീക്ഷിക്കാം. ഉന്നതരുടെ പിൻബലം കർമ്മശക്തിയേകും. ചെലവുകൾ നിയന്ത്രിക്കേണ്ട കാലമാണ്. കള്ളം പറയാനോ പ്രവർത്തിക്കാനോ സാഹചര്യം വരാം. മത്സരങ്ങളിലും തെരഞ്ഞെടുപ്പുകളിലും മികച്ച വിജയം സ്വന്തമാക്കും. തന്നിഷ്ടം അനുസരിച്ച് പ്രവർത്തിക്കുന്നത് കുടുംബാംഗങ്ങളുടെ എതിർപ്പിനിടയുണ്ടാക്കാം. പൊതുവേ നേട്ടങ്ങൾക്ക് മുൻതൂക്കം ലഭിക്കുന്ന മാസമാണ്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Capricorn month 2023 astrological predictions moolam pooradam uthradam thiruvonam avittam chathayam pooruruttathi uthrattathi revathy stars