scorecardresearch
Latest News

മകര മാസത്തിലെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യംവരെ

Capricorn Month 2023 Astrological Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: മകരമാസത്തിലെ അശ്വതി മുതൽ ആയില്യംവരെയുള്ള നാളുകാരുടെ നക്ഷത്രഫലം പരിശോധിക്കാം

മകര മാസത്തിലെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യംവരെ

Capricorn Month 2023 Astrological Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: 2023 ജനുവരി 15 ന് മകര മാസം തുടങ്ങുന്നു. 2023 ഫെബ്രുവരി 12 ന് (മകരമാസം) 29 ദിവസം പൂർണമാകുന്നു. ജനുവരി 14 ന് രാത്രി സൂര്യസംക്രമണം. ഉത്തരായന കാലം പിറക്കുകയാണ്. സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് പ്രവേശിക്കുന്നു. ആദ്യ പത്ത് ദിവസം ഉത്രാടം ഞാറ്റുവേലയും, പിന്നെ പതിമ്മൂന്ന് ദിവസം തിരുവോണം ഞാറ്റുവേലയും അതിനുശേഷം അവിട്ടം ഞാറ്റുവേലയുമാണ്.

ചന്ദ്രൻ മകരം ഒന്നിന് ചിത്തിരയിൽ, ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി മാസാന്ത്യദിവസം ചോതിയിൽ. ചൊവ്വ ഇടവത്തിലും വ്യാഴം മീനത്തിലും രാഹുവും കേതുവും യഥാക്രമം മേടം, തുലാം രാശികളിലും തുടരുന്നു. ബുധൻ മകരം 26 വരെ ധനുവിൽ, പിന്നീട് മകരത്തിലും. ശുക്രൻ മകരം 8 ന് മകരത്തിൽ നിന്നും കുംഭത്തിൽ പ്രവേശിക്കുന്നു.

മകരമാസത്തിൽ സുപ്രധാനമാറ്റം ശനിയുടേതാണ്. മകരത്തിൽ നിന്നും കുംഭത്തിലേക്ക് മാറുന്നു. അടുത്ത രണ്ടര വർഷക്കാലം ശനി കുംഭത്തിൽ തന്നെയാണ് തുടരുന്നത്. മുകളിൽ വ്യക്തമാക്കിയ ഗ്രഹസ്ഥിതിയുടെ പശ്ചാത്തലത്തിൽ മകരമാസത്തിലെ അശ്വതി മുതൽ ആയില്യംവരെയുള്ള നാളുകാരുടെ നക്ഷത്രഫലം പരിശോധിക്കാം.

അശ്വതി: കർമ്മരംഗം ശോഭനമാകും. തൊഴിൽ തടസ്സം നീങ്ങും. പുതുസംരംഭങ്ങൾ തുടങ്ങാൻ കാലം ഉത്തമം. വാതരോഗം, ഹൃദയ രോഗം മുതലായവയ്ക്ക് കുറവുണ്ടാകും. തർക്കങ്ങളിൽ വിജയിക്കും. ധനപരമായ അലട്ടലുകൾക്ക് കുറവുവരും. യാത്രകൾ ഗുണപ്രദമാവും. പ്രണയം പൂവണിയും. കുടുംബജീവിതം സമാധാനപൂർണമാകും.

ഭരണി: ജീവിത പ്രാരബ്ധങ്ങൾ കുറയും. മനസ്സ് പ്രത്യാശാഭരിതരാകും. ന്യായമായ ആഗ്രഹങ്ങൾ നിറവേറും. ധനക്ലേശത്തിന് ശമനം വരും. വിദഗ്ദ്ധ ചികിത്സ ഫലപ്രദമാകും. കലാപരമായി നേട്ടങ്ങൾ ഉണ്ടാകും. സർക്കാരിൽ നിന്നുമുള്ള സഹായധനം മുൻകാല പ്രാബല്യത്തോടെ ലഭിക്കും. വികസനോന്മുഖമായ കർമ്മപദ്ധതികൾ ആവിഷ്ക്കരിക്കും. ആഗ്രഹിക്കുന്ന ന്യായമായ കാര്യങ്ങൾ സാക്ഷാൽക്കരിക്കപ്പെടും.

കാർത്തിക: മേടക്കൂറിന് നേട്ടങ്ങൾ ഏറും. ഇടവക്കൂറുകാരായ കാർത്തികക്കാർക്ക് ,തൊഴിലിൽ തടസ്സങ്ങൾ വരാം. അധികാരികളുടെ വിരോധം നേടും. സഹോദരങ്ങളുമായി ആശയപരമായ വിയോജിപ്പ് ഏർപ്പെടും. കണക്കുകൂട്ടലനുസരിച്ച് ചില കാര്യങ്ങൾ നടക്കാതെ വന്നേക്കാം. സാമ്പത്തിക ഞെരുക്കത്തിന് വായ്പകളെ / വ്യക്തികളെ ആശ്രയിച്ചേക്കും. നിലവിലുള്ള തൊഴിൽ മാറുന്നതിന് കാലം അനുകൂലമല്ല. കുറയുന്നതായി തോന്നാം. വിവാഹാലോചനകൾ മന്ദഗതിയിലാവും.

രോഹിണി: മുൻ തീരുമാനങ്ങളിൽ ഭേദഗതികൾ വരുത്തിയേക്കും. കൃത്യനിർവഹണത്തിൽ ശുഷ്കാന്തി കുറയാം. പ്രതീക്ഷിച്ച സ്ഥാനക്കയറ്റത്തിന് വിളംബം വരാം. പഴയ വീട് പുതുക്കാൻ ശ്രമം തുടങ്ങും. ജീവിതപങ്കാളിയുമായുള്ള ഭിന്നതകൾ പറഞ്ഞ് തീർക്കും. കുട്ടികളുടെ പഠനാവശ്യത്തിന് ബാങ്ക് വായ്പകളെ ആശ്രയിക്കും. കരാറുകൾ പുതുക്കാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കാം. മാതാവിന്റെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. പാഴ്ച്ചെലവുകളിൽ നിയന്ത്രണം അനിവാര്യം.

മകയിരം: ഇടവക്കൂറുകാർക്ക് തടസ്സങ്ങൾ കൂടും. മിഥുനരാശിക്കാരായ മകയിരം നാളുകാർക്ക് നേട്ടങ്ങൾ വർദ്ധിക്കും. രാഷ്ട്രീയക്കാർക്ക് അണികളുടെ പിന്തുണകൂടും. പൊതുവേ യാത്രകൾ ഏറും. സാമ്പത്തികച്ചെലവ് കുറയില്ല. കച്ചവടത്തിൽ വരവും ചെലവും തുല്യമായിരിക്കും. വാത-ശിരോരോഗങ്ങൾക്ക് ചികിൽസ വേണ്ടിവരാം. സാങ്കേതിക വിദ്യാഭ്യാസത്തിൽ മികവ് പുലർത്തും. സ്വന്തം നിലപാട് തറയിൽ ഉറച്ച് നിൽക്കാൻ വിഷമിക്കും.

തിരുവാതിര: മുൻപ് എതിർത്തവർ ഐക്യപ്പെടും. സർക്കാർ തീരുമാനങ്ങൾ അത്ര അനുകൂലമാവില്ല. സഹായ വാഗ്ദാനങ്ങൾ മുഴുവൻ വന്നുചേരില്ല. യന്ത്രം, അഗ്നി, വാഹനം ഇവ ഉപയോഗിക്കുമ്പോൾ ആലസ്യമരുത്. കച്ചവടക്കാർക്ക് ഉപഭോക്താക്കളുമായി കലഹിക്കേണ്ടി വരാം. ആഢംബരവസ്തുക്കൾ വാങ്ങാൻ പണച്ചെലവേറും. സഹപ്രവർത്തകരുടെ പിന്തുണ കുറയും. അവിവാഹിതരുടെ വിവാഹശ്രമങ്ങൾ തുടരപ്പെടും.

പുണർതം: കർമ്മമേഖലയിൽ പരീക്ഷണത്തിനൊരുങ്ങും. സംഘടനകളുമായി ബന്ധപ്പെട്ടവർ തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കും. കുടുംബാംഗങ്ങളുമായി വിനോദ യാത്ര നടത്തും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ആരോഗ്യപരിശോധനകളിൽ ഉപേക്ഷ വിചാരിക്കരുത്. സ്വത്തുക്കളുടെ അവകാശം നിയമപരമായി കൈവശം വരും. വിദേശങ്ങളിൽ പഠനം, തൊഴിൽ എന്നിവയ്ക്ക് ശ്രമിക്കുന്നവർക്ക് അവ സിദ്ധിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പന്ത്രണ്ടിൽ ചൊവ്വ തുടരുന്നതിനാൽ അനാവശ്യ ചെലവുകൾ വന്നുചേരാം.

പൂയം: കൂട്ടുകച്ചവടത്തിൽ ഗുണം കുറയും. തറവാട്ട് വീട്ടിൽ നിന്നും മാറി താമസിക്കുന്നതിനെപ്പറ്റി ആലോചിക്കും. കൃഷിയിൽ നിന്നും നേട്ടങ്ങളുണ്ടാകും. വീടു പണി പുരോഗമിക്കും. സുഹൃത്തുക്കളുമായി വിനോദയാത്ര നടത്താൻ സാധ്യതയുണ്ട്. ജീവിതപങ്കാളിയുടെ ആരോഗ്യപ്രശ്നങ്ങൾക്ക് സത്വര വൈദ്യസഹായം വേണ്ടി വരാം. വിദ്യാർത്ഥികൾക്ക് സർക്കാരിൽ നിന്നുള്ള സഹായ ധനം വന്നുചേരും. ഭാഗ്യം കൊണ്ട് പല ദുരിതങ്ങളെയും അതിജീവിക്കും. പ്രണയബന്ധങ്ങളിൽ ഊഷ്മളത കുറയാം. ഉദ്യോഗത്തിൽ ഉള്ളവർ അകലങ്ങളിലേക്ക് സ്ഥലം മാറ്റപ്പെടാം.

ആയില്യം: ആത്മവിശ്വാസം വർദ്ധിക്കും. എന്നാൽ സാഹസങ്ങൾക്ക് കാലം അനുകൂലമല്ലെന്ന് ഓർക്കണം. ക്രയവിക്രയങ്ങളിൽ നഷ്ടം വരാനിടയുണ്ട്. ആഢംബര ജീവിതത്തിൽ താല്പര്യമേറും. രാഷ്ട്രീയ ഇടപെടലുകൾ ശത്രുക്കളെ സൃഷ്ടിച്ചേക്കും. വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന ഐ.ടി. പ്രൊഫഷണലുകൾക്ക് വീണ്ടും ഓഫീസിനെ ആശ്രയിക്കേണ്ട സ്ഥിതി വരാം. ശമ്പള വർദ്ധനവ് പ്രതീക്ഷിച്ചത്ര ഉണ്ടാവണമെന്നില്ല. ജീവിത ശൈലീ രോഗങ്ങൾ ക്ലേശിപ്പിക്കാം. കരാർ പണികളിൽ നേട്ടങ്ങൾ വർദ്ധിക്കും. ഊഹക്കച്ചവടത്തിൽ ലാഭം കുറയാം. മകരം രണ്ടാം പകുതി കൂടുതൽ ഗുണകരം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Capricorn month 2023 astrological predictions aswathi bharani karthika rohini makayiram thiruvathira punartham pooyam ayiylam stars