scorecardresearch
Latest News

1198 മകര മാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം

Capricorn Month 2023 Astrological Predictions: 1198 മകരമാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം പരിശോധിക്കാം

1198 മകര മാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം

Capricorn Month 2023 Astrological Predictions: 2023 ജനുവരി 15 ന് മകര മാസം തുടങ്ങുന്നു. 2023 ഫെബ്രുവരി 12 ന് (മകരമാസം) 29 ദിവസം പൂർണമാകുന്നു. ജനുവരി 14 ന് രാത്രി സൂര്യസംക്രമണം. ഉത്തരായന കാലം പിറക്കുകയാണ്. സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് പ്രവേശിക്കുന്നു. ആദ്യ പത്ത് ദിവസം ഉത്രാടം ഞാറ്റുവേലയും, പിന്നെ പതിമ്മൂന്ന് ദിവസം തിരുവോണം ഞാറ്റുവേലയും അതിനുശേഷം അവിട്ടം ഞാറ്റുവേലയുമാണ്.

ചന്ദ്രൻ മകരം ഒന്നിന് ചിത്തിരയിൽ, ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി മാസാന്ത്യദിവസം ചോതിയിൽ. ചൊവ്വ ഇടവത്തിലും വ്യാഴം മീനത്തിലും രാഹുവും കേതുവും യഥാക്രമം മേടം, തുലാം രാശികളിലും തുടരുന്നു. ബുധൻ മകരം 26 വരെ ധനുവിൽ, പിന്നീട് മകരത്തിലും. ശുക്രൻ മകരം 8 ന് മകരത്തിൽ നിന്നും കുംഭത്തിൽ പ്രവേശിക്കുന്നു.

മകരമാസത്തിൽ സുപ്രധാനമാറ്റം ശനിയുടേതാണ്. മകരത്തിൽ നിന്നും കുംഭത്തിലേക്ക് മാറുന്നു. അടുത്ത രണ്ടര വർഷക്കാലം ശനി കുംഭത്തിൽ തന്നെയാണ് തുടരുന്നത്. മുകളിൽ വ്യക്തമാക്കിയ ഗ്രഹസ്ഥിതിയുടെ പശ്ചാത്തലത്തിൽ 1198 മകരമാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം പരിശോധിക്കാം.

അശ്വതി: കർമ്മരംഗം ശോഭനമാകും. തൊഴിൽ തടസ്സം നീങ്ങും. പുതുസംരംഭങ്ങൾ തുടങ്ങാൻ കാലം ഉത്തമം. വാതരോഗം, ഹൃദയ രോഗം മുതലായവയ്ക്ക് കുറവുണ്ടാകും. തർക്കങ്ങളിൽ വിജയിക്കും. ധനപരമായ അലട്ടലുകൾക്ക് കുറവുവരും. യാത്രകൾ ഗുണപ്രദമാവും. പ്രണയം പൂവണിയും. കുടുംബജീവിതം സമാധാനപൂർണമാകും.

ഭരണി: ജീവിത പ്രാരബ്ധങ്ങൾ കുറയും. മനസ്സ് പ്രത്യാശാഭരിതരാകും. ന്യായമായ ആഗ്രഹങ്ങൾ നിറവേറും. ധനക്ലേശത്തിന് ശമനം വരും. വിദഗ്ദ്ധ ചികിത്സ ഫലപ്രദമാകും. കലാപരമായി നേട്ടങ്ങൾ ഉണ്ടാകും. സർക്കാരിൽ നിന്നുമുള്ള സഹായധനം മുൻകാല പ്രാബല്യത്തോടെ ലഭിക്കും. വികസനോന്മുഖമായ കർമ്മപദ്ധതികൾ ആവിഷ്ക്കരിക്കും. ആഗ്രഹിക്കുന്ന ന്യായമായ കാര്യങ്ങൾ സാക്ഷാൽക്കരിക്കപ്പെടും.

കാർത്തിക: മേടക്കൂറിന് നേട്ടങ്ങൾ ഏറും. ഇടവക്കൂറുകാരായ കാർത്തികക്കാർക്ക് ,തൊഴിലിൽ തടസ്സങ്ങൾ വരാം. അധികാരികളുടെ വിരോധം നേടും. സഹോദരങ്ങളുമായി ആശയപരമായ വിയോജിപ്പ് ഏർപ്പെടും. കണക്കുകൂട്ടലനുസരിച്ച് ചില കാര്യങ്ങൾ നടക്കാതെ വന്നേക്കാം. സാമ്പത്തിക ഞെരുക്കത്തിന് വായ്പകളെ / വ്യക്തികളെ ആശ്രയിച്ചേക്കും. നിലവിലുള്ള തൊഴിൽ മാറുന്നതിന് കാലം അനുകൂലമല്ല. കുറയുന്നതായി തോന്നാം. വിവാഹാലോചനകൾ മന്ദഗതിയിലാവും.

രോഹിണി: മുൻ തീരുമാനങ്ങളിൽ ഭേദഗതികൾ വരുത്തിയേക്കും. കൃത്യനിർവഹണത്തിൽ ശുഷ്കാന്തി കുറയാം. പ്രതീക്ഷിച്ച സ്ഥാനക്കയറ്റത്തിന് വിളംബം വരാം. പഴയ വീട് പുതുക്കാൻ ശ്രമം തുടങ്ങും. ജീവിതപങ്കാളിയുമായുള്ള ഭിന്നതകൾ പറഞ്ഞ് തീർക്കും. കുട്ടികളുടെ പഠനാവശ്യത്തിന് ബാങ്ക് വായ്പകളെ ആശ്രയിക്കും. കരാറുകൾ പുതുക്കാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കാം. മാതാവിന്റെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. പാഴ്ച്ചെലവുകളിൽ നിയന്ത്രണം അനിവാര്യം.

മകയിരം: ഇടവക്കൂറുകാർക്ക് തടസ്സങ്ങൾ കൂടും. മിഥുനരാശിക്കാരായ മകയിരം നാളുകാർക്ക് നേട്ടങ്ങൾ വർദ്ധിക്കും. രാഷ്ട്രീയക്കാർക്ക് അണികളുടെ പിന്തുണകൂടും. പൊതുവേ യാത്രകൾ ഏറും. സാമ്പത്തികച്ചെലവ് കുറയില്ല. കച്ചവടത്തിൽ വരവും ചെലവും തുല്യമായിരിക്കും. വാത-ശിരോരോഗങ്ങൾക്ക് ചികിൽസ വേണ്ടിവരാം. സാങ്കേതിക വിദ്യാഭ്യാസത്തിൽ മികവ് പുലർത്തും. സ്വന്തം നിലപാട് തറയിൽ ഉറച്ച് നിൽക്കാൻ വിഷമിക്കും.

തിരുവാതിര: മുൻപ് എതിർത്തവർ ഐക്യപ്പെടും. സർക്കാർ തീരുമാനങ്ങൾ അത്ര അനുകൂലമാവില്ല. സഹായ വാഗ്ദാനങ്ങൾ മുഴുവൻ വന്നുചേരില്ല. യന്ത്രം, അഗ്നി, വാഹനം ഇവ ഉപയോഗിക്കുമ്പോൾ ആലസ്യമരുത്. കച്ചവടക്കാർക്ക് ഉപഭോക്താക്കളുമായി കലഹിക്കേണ്ടി വരാം. ആഢംബരവസ്തുക്കൾ വാങ്ങാൻ പണച്ചെലവേറും. സഹപ്രവർത്തകരുടെ പിന്തുണ കുറയും. അവിവാഹിതരുടെ വിവാഹശ്രമങ്ങൾ തുടരപ്പെടും.

പുണർതം: കർമ്മമേഖലയിൽ പരീക്ഷണത്തിനൊരുങ്ങും. സംഘടനകളുമായി ബന്ധപ്പെട്ടവർ തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കും. കുടുംബാംഗങ്ങളുമായി വിനോദ യാത്ര നടത്തും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ആരോഗ്യപരിശോധനകളിൽ ഉപേക്ഷ വിചാരിക്കരുത്. സ്വത്തുക്കളുടെ അവകാശം നിയമപരമായി കൈവശം വരും. വിദേശങ്ങളിൽ പഠനം, തൊഴിൽ എന്നിവയ്ക്ക് ശ്രമിക്കുന്നവർക്ക് അവ സിദ്ധിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പന്ത്രണ്ടിൽ ചൊവ്വ തുടരുന്നതിനാൽ അനാവശ്യ ചെലവുകൾ വന്നുചേരാം.

പൂയം: കൂട്ടുകച്ചവടത്തിൽ ഗുണം കുറയും. തറവാട്ട് വീട്ടിൽ നിന്നും മാറി താമസിക്കുന്നതിനെപ്പറ്റി ആലോചിക്കും. കൃഷിയിൽ നിന്നും നേട്ടങ്ങളുണ്ടാകും. വീടു പണി പുരോഗമിക്കും. സുഹൃത്തുക്കളുമായി വിനോദയാത്ര നടത്താൻ സാധ്യതയുണ്ട്. ജീവിതപങ്കാളിയുടെ ആരോഗ്യപ്രശ്നങ്ങൾക്ക് സത്വര വൈദ്യസഹായം വേണ്ടി വരാം. വിദ്യാർത്ഥികൾക്ക് സർക്കാരിൽ നിന്നുള്ള സഹായ ധനം വന്നുചേരും. ഭാഗ്യം കൊണ്ട് പല ദുരിതങ്ങളെയും അതിജീവിക്കും. പ്രണയബന്ധങ്ങളിൽ ഊഷ്മളത കുറയാം. ഉദ്യോഗത്തിൽ ഉള്ളവർ അകലങ്ങളിലേക്ക് സ്ഥലം മാറ്റപ്പെടാം.

ആയില്യം: ആത്മവിശ്വാസം വർദ്ധിക്കും. എന്നാൽ സാഹസങ്ങൾക്ക് കാലം അനുകൂലമല്ലെന്ന് ഓർക്കണം. ക്രയവിക്രയങ്ങളിൽ നഷ്ടം വരാനിടയുണ്ട്. ആഢംബര ജീവിതത്തിൽ താല്പര്യമേറും. രാഷ്ട്രീയ ഇടപെടലുകൾ ശത്രുക്കളെ സൃഷ്ടിച്ചേക്കും. വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന ഐ.ടി. പ്രൊഫഷണലുകൾക്ക് വീണ്ടും ഓഫീസിനെ ആശ്രയിക്കേണ്ട സ്ഥിതി വരാം. ശമ്പള വർദ്ധനവ് പ്രതീക്ഷിച്ചത്ര ഉണ്ടാവണമെന്നില്ല. ജീവിത ശൈലീ രോഗങ്ങൾ ക്ലേശിപ്പിക്കാം. കരാർ പണികളിൽ നേട്ടങ്ങൾ വർദ്ധിക്കും. ഊഹക്കച്ചവടത്തിൽ ലാഭം കുറയാം. മകരം രണ്ടാം പകുതി കൂടുതൽ ഗുണകരം.

മകം: സർക്കാർ കാര്യങ്ങൾക്ക് വേഗത്തിൽ അനുമതി ലഭിക്കും. അധികാരികൾക്ക് നിങ്ങളെ അഭിനന്ദിക്കേണ്ട സാഹചര്യം സംജാതമാകും. കുടുംബത്തിലും കൂട്ടായ്മകളിലും ഉയരുന്ന എതിർ ശബ്ദങ്ങളെ അവഗണിക്കരുത്. കിടപ്പ് രോഗികൾക്ക് ആശ്വാസം ലഭിക്കും. ശനിയുടെ രാശി മാറ്റം കാരണം പ്രതീക്ഷിച്ച ചില കാര്യങ്ങൾ നിർവഹണത്തിലെത്താൻ അൽപം വൈകിയേക്കും. നഷ്ടപ്പെട്ട ചില വസ്തുക്കൾ / പണം തിരികെ ലഭിക്കാം. ആത്മീയ സാധനകൾക്ക് അവസരം കിട്ടിയില്ലെന്ന് വരാം. ധനപരമായി ശരാശരി മാസമാണ്.

പൂരം: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകും. ദാമ്പത്യ ജീവിതത്തിൽ പ്രത്യേക കരുതൽ വേണം. രാഷ്ട്രീയ പ്രവർത്തകർക്ക് സ്ഥാനപ്രാപ്തിയുണ്ടാകും. തൊഴിൽ തേടുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. പ്രണയികൾ അല്പം നിരാശപ്പെടാം. മക്കളുടെ കാര്യത്തിൽ ചില നല്ല തീരുമാനങ്ങൾ കൈക്കൊള്ളും. കലാസാഹിത്യ പ്രവർത്തകർക്ക് അംഗീകാരവും പാരിതോഷികവും ലഭിക്കാം. ആരോഗ്യകാര്യത്തിൽ ശ്രദ്ധ കുറക്കരുത്. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തണം.

ഉത്രം: ചിങ്ങക്കൂറിൽ വരുന്ന ഉത്രം നാളുകാർക്ക് ബൗദ്ധികമായി മെച്ചം വരും. കന്നിക്കൂറിലെ ഉത്രം നാളുകാർക്ക് മാനസിക സൗഖ്യം ഏറും. പൊതുവേ കടബാധ്യതകൾ ശല്യകാരികളായേക്കാം. ചെലവ് കൂടും. കച്ചവടത്തിൽ നടത്തുന്ന പരിഷ്കാരങ്ങൾക്ക് ഉപഭോക്താക്കളുടെ മന്ദഗതിയിലുള്ള പിൻതുണ കിട്ടും. വിദ്യാർത്ഥികൾ പഠനത്തിനൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും വിജയിക്കും. അഭിഭാഷകർക്കും മറ്റ് പ്രൊഫഷണലുകൾക്കും കർമ്മരംഗത്ത് കഠിനമായ വെല്ലുവിളികളെ നേരിടേണ്ടിവരും. ജീവിതശൈലീരോഗങ്ങൾ പിടിമുറുക്കും.

അത്തം: ആത്മവിശ്വാസം വർദ്ധിക്കും. നവസംരംഭങ്ങൾക്ക് മുതിരും. ബന്ധുക്കളുടെ പിന്തുണ പ്രതീക്ഷിച്ചതിലുമധികമായിരിക്കും. യാത്രകൾ അലച്ചിലും ധനക്ലേശത്തിനും ഇടവരുത്താം. വിദേശതൊഴിലിന് ശ്രമിക്കുന്നവർക്ക് അനുമതിപത്രം ലഭിക്കും. വിവാഹതടസ്സം നീങ്ങി ആലോചനകൾ പുരോഗമിക്കും. കുടുംബപരമായ ഉത്തരവാദിത്വം ഒരുവിധം ഭംഗിയായി നിറവേറ്റും. വായ്പകൾക്കുള്ള ശ്രമം ലക്ഷ്യം കാണുന്നതായിരിക്കും.

ചിത്തിര: കന്നിക്കൂറിൽ വരുന്ന ചിത്തിര നാളുകാർക്ക് ഭൗതിക നേട്ടങ്ങളേറും. തൊഴിൽ തടസ്സം നീങ്ങും. അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാനാവും. തുലാക്കൂറുകാർക്ക് മനോദുഃഖങ്ങൾ അകലം. പ്രസാദഭരിതമായ ഒരു അന്തരീക്ഷം, തൊഴിൽ, കുടുംബ രംഗങ്ങളിൽ ഉദയം ചെയ്തതായി തെളിയും. മുൻപ് എതിർപ്പ് പ്രകടിപ്പിച്ചവർ സംരംഭങ്ങളിൽ കാര്യമായി സഹകരിക്കും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വലിയ അംഗീകാരം കൈവരും. മക്കളുടെ പഠിപ്പിൽ ശരിയായ ഇടപെടലും മേൽനോട്ടവും വേണ്ട സമയമാണ്. ദേഹസൗഖ്യം പുലരും. സാമ്പത്തിക കാര്യങ്ങൾ മോശമാവില്ല.

ചോതി: നാലാം ഭാവത്തിൽ സഞ്ചരിക്കുന്ന സൂര്യൻ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കും. ജന്മരാശിയിലെ കേതുവും ഏഴിലെ രാഹുവും കുടുംബപരമായി ചില ക്ലേശങ്ങൾ സൃഷ്ടിക്കാം. കുംഭത്തിൽ മാറുന്ന ശുക്രൻ മാനസിക പിരിമുറുക്കത്തിന് അയവ് വരുത്തും. നാട്ടിലെ വിനോദ പരിപാടികളിൽ സംബന്ധിക്കും. സഹോദരരുടെ പിന്തുണ കുറയാം. വിദ്യാർത്ഥികൾക്ക് പഠനത്തിലുള്ള ശ്രദ്ധ അല്പം പിൻവലിയാം. എങ്കിലും പലതരം നേട്ടങ്ങൾ വന്നു ചേരാതിരിക്കില്ല. മാതൃസൗഖ്യം ഉണ്ടാകും. തറവാട്ടിൽ ചില പുനർ നിർമ്മിതികൾക്ക് വായ്പാ സൗകര്യം ലഭിക്കും. വാതരോഗത്തിന് കുറവ് വരും. മുതിർന്നവരുടെ പിന്തുണ ഊർജം പകരും.

വിശാഖം: വിവിധ മേഖലകളിൽ താല്പര്യം കൂടും. ഉപരിപഠനത്തിന് വിദേശത്ത് പോകാൻ കഴിയും. എന്നാൽ നിലവിലുള്ള തൊഴിൽ ഉപേക്ഷിച്ച ശേഷം മറ്റൊരു തൊഴിലിന് ശ്രമിക്കുന്നത് സാഹസമായിരിക്കും. നിക്ഷേപങ്ങളിൽ ഭദ്രത ഉറപ്പ് വരുത്തണം. ആഢംബരത്തിന് ചെലവ് ചെയ്യുന്നത് ഇപ്പോൾ അഭിലഷണീയമായിരിക്കില്ല. അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്നും സഹായം വന്നെത്തും. വിവാഹാലോചനകൾ സാഫല്യത്തിലെത്താൻ അല്പം കൂടി കാത്തിരിക്കേണ്ടി വരാം. ആരോഗ്യപ്രശ്നങ്ങൾക്ക് വിദഗ്ദ്ധോപദേശം തേടുന്നത് നന്നായിരിക്കും. കുടുംബം, തൊഴിൽ, വ്യക്തിത്വം എന്നിവ ഏകോപിപ്പിച്ച് മുന്നേറുന്നതിൽ മികവുണ്ടാകും.

അനിഴം: പരിശ്രമങ്ങൾ വിജയിക്കും. തൊഴിൽ തടസ്സങ്ങൾ നീങ്ങും. മനസ്സിന്റെ ആർജവം അഭിനന്ദിക്കപ്പെടും. സാമൂഹ്യ പ്രശ്നങ്ങളിൽ സജീവമായി ഇടപെടും. തീർത്ഥയാത്രകൾ നടത്തും. ആസൂത്രണം ചെയ്ത് കാര്യങ്ങൾ പലതും നടപ്പിലാക്കാനാവും. വിദ്യാഭ്യാസ കാര്യത്തിൽ സർക്കാർ സഹായം കൈവരുന്നതാണ്. ഗൃഹത്തിൽ പുണ്യകർമ്മങ്ങൾ നടക്കും. സന്താനപ്രാപ്തി സുകൃതമാകും. പ്രവാസികൾക്ക് നാട്ടിൽ വരാൻ ഉചിത സാഹചര്യം ഒരുങ്ങും. കട ബാധ്യത കുറയുന്നതും ചെലവ് ചുരുക്കാനായതും ആശ്വാസമേകും.

തൃക്കേട്ട: തറവാട് വീട് നവീകരിച്ച് താമസയോഗ്യമാക്കും. ദീർഘകാലമായി കാണാതിരുന്ന ബന്ധുക്കളെ കാണാനാവും. കൂട്ടുകാരുടെ സ്നേഹോഷ്മളത അനുഭവിക്കും. മക്കളുടെ വിദ്യാഭ്യാസം / വിവാഹം എന്നിവയിൽ ചില ഉചിത തീരുമാനങ്ങൾ കൈക്കൊള്ളും. ദാമ്പത്യത്തിലെ വിയോജിപ്പുകളെ നിസ്സാരമായി കരുതും. പൊതുപ്രവർത്തനത്തിലും കൂട്ടായ്മകളിലും ഐക്യത്തിന്റെ പാത സ്വീകരിക്കുന്നത് പ്രശംസിക്കപ്പെടും. അപൂർണമായിരുന്ന കൃതി/ ചിത്രം/ ഗാനം പൂർത്തീകരിക്കും. ആത്മീയ കാര്യങ്ങൾക്കും സമയം കണ്ടെത്തും. ചെലവുകൾ നിയന്ത്രിക്കുന്നതിൽ വിജയിച്ചു കൊള്ളണമെന്നില്ല.

മൂലം: ഭാഗ്യാനുഭവങ്ങൾ പലതും വന്നുചേരും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടും. അച്ഛന്റെ ധനം / സമ്പാദ്യം അനുഭവിക്കാനാവും. മുഖരോഗങ്ങൾ ക്ലേശിപ്പിക്കാൻ സാധ്യതയുണ്ട്. പരുഷമായി സംസാരിക്കേണ്ട സാഹചര്യം ഉദയം ചെയ്യാം. പ്രതികൂലമായ ചുറ്റുപാടുകളെ ആത്മശക്തികൊണ്ട് മറികടക്കും. പ്രണയാനുഭവങ്ങൾ വന്നുചേരാം. മക്കളുടെ പഠനത്തിൽ ശ്രദ്ധ വേണ്ട സന്ദർഭമാണ്. വരവ് വർദ്ധിക്കും; അതിനനുസരിച്ച് ചെലവും.

പൂരാടം: കുടുംബകാര്യങ്ങളിൽ സക്രിയരാവും. നല്ല അനുഭവങ്ങൾ വർദ്ധിക്കും. ദാമ്പത്യത്തിലെ സ്വൈരക്കേടുകൾക്ക് അവസാനമാകും. മാതാവിന്റെ ആരോഗ്യനില തൃപ്തികരമാവും. ദന്തനേത്രകർണ രോഗങ്ങൾ പിടിപെടാം. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ കഴിയും. നിക്ഷേപങ്ങളിൽ നിന്നും ആദായം ഉയരും. വാഹനം വാങ്ങാൻ വായ്പാ സഹായം ലഭിക്കും. പൂർവികധനത്തിന്മേൽ അവകാശം സിദ്ധിക്കും. സാമൂഹിക പ്രവർത്തനങ്ങളിൽ കരുതലോടെ ഇടപെടണം.

ഉത്രാടം: ധനുക്കൂറുകാർക്ക് നേട്ടങ്ങൾ ഏറും. ധനപരമായ ഞെരുക്കം അവസാനിക്കും. കച്ചവടം വിപുലീകരിക്കും. ഉദ്യോഗസ്ഥർക്ക് പുതിയ ഉത്തരവാദിത്വങ്ങൾ വന്നെത്തും. മകരക്കൂറുകാർക്ക് സമ്മർദ്ദങ്ങളെ നേരിടേണ്ടി വരാം. മക്കളുടെ പഠനം, വിവാഹം എന്നിവ സംബന്ധിച്ച് ഉൽക്കണ്ഠകൾ ഉയരാം. കലാകാരന്മാർ അഭിനന്ദിക്കപ്പെടും. വിദേശയാത്രക്ക് തയ്യാറെടുക്കുന്നവർക്ക് അതിനവസരം സംജാതമാകും. തൊഴിലന്വേഷണം വിജയിക്കാം.

തിരുവോണം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ദീർഘയാത്രകൾ പ്രയോജനപ്പെടും. കുടുംബയോഗങ്ങളിൽ സക്രിയമായ സാന്നിദ്ധ്യം പുലർത്തും. ധനപരമായി സമ്മിശ്രമായ കാലമാണ്. സന്താനങ്ങളുടെ കാര്യത്തിൽ ചിന്താപൂർവമായ തീരുമാനം കൈക്കൊള്ളും. പ്രൊഫഷണൽ രംഗത്തുള്ളവർക്ക് കൂടുതൽ കഠിനാദ്ധ്വാനം വേണ്ടിവരും. മത്സരവിജയം സുഗമമാവില്ല. സഹോദരരുടെ പിന്തുണ വലിയ ആശ്വാസം പകരും. ബിസിനസ്സ് വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കും. ആരോഗ്യ പരിശോധനകളിൽ വിട്ടുവീഴ്ചയരുത്.

അവിട്ടം: ശനി മകരക്കൂറിലെ അവിട്ടം നാൾ കടന്ന് കുംഭക്കൂറിലെ അവിട്ടം നാളിലേക്ക് നീങ്ങുകയാണ്. മകരക്കൂറുകാർക്ക് ആശ്വാസം അനുഭവപ്പെടും, എല്ലാ രംഗത്തും. വിശ്രമമില്ലാത്ത അദ്ധ്വാനത്തിന് അവസാനം വരും. കുംഭക്കൂറുകാർ പ്രവർത്തനങ്ങളിൽ ജാഗരൂകരാവണം. സാമ്പത്തിക ഇടപാടുകൾ കൃത്യമായിരിക്കാൻ ശ്രദ്ധിക്കണം. സാഹസകർമ്മങ്ങളിൽ നിന്നും പിന്തിരിയുന്നതാവും ഉചിതം. നേട്ടങ്ങൾ പലതും വന്നുചേരും. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. പഠനത്തിൽ ഉന്നതി വരും. സൗഹൃദങ്ങൾ പ്രയോജനകരമാവും.

ചതയം: ആദർശവും പ്രായോഗികതയും തമ്മിൽ സംഘർഷത്തിലാവും. നേട്ടങ്ങൾ കൈയ്യിലെത്താൻ കാലവിളംബം വരും. യാത്രാക്ലേശത്തിന് സാധ്യത. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ അനിഷ്ടം സമ്പാദിക്കേണ്ടി വരാം. രാഷ്ട്രീയ പ്രവർത്തകർക്ക് നേതൃത്വത്തിന്റെ ശാസന നേരിടേണ്ടി വന്നേക്കും. വാഹനം, യന്ത്രം, അഗ്നി ഇവ ഉപയോഗിക്കുമ്പോൾ ഇരട്ടി കരുതൽ വേണം. ബന്ധങ്ങളുടെ ഊഷ്മളത കരുത്താകും. രണ്ടിലെ വ്യാഴ സ്ഥിതി മൂലം ധനസ്ഥിതി മോശമാവില്ല. ചികിൽസാച്ചെലവേറാം.

പൂരുട്ടാതി: മക്കൾക്ക് അച്ഛനമ്മമാരുടെ ശാസന കേൾക്കേണ്ടിവരും. വിദ്യാർത്ഥികളുടെ ആലസ്യത്തിന് അധ്യാപകർ താക്കീത് ചെയ്തേക്കും. തൊഴിൽ തേടുന്നവർക്ക് അന്യദേശങ്ങളിൽ നിന്നും ശുഭവാർത്ത എത്താം. ധനവിനിയോഗത്തിൽ കരുതൽ വേണം. സാഹസ യാത്രകളും കർമ്മങ്ങളും ഒഴിവാക്കുന്നതാവും നല്ലത്. കൂട്ടായ്മകളിലും സംഘടനാ പ്രവർത്തനങ്ങളിലും മുന്നിട്ടിറങ്ങും. സ്വന്തം കാര്യം മറന്ന് അന്യരുടെ കാര്യത്തിന് സമയം ചെലവഴിക്കും. കുടുംബാംഗങ്ങൾക്കിടയിൽ അനൈക്യം തലപൊക്കുന്നത് വിഷമം വരുത്താം. ‘ശരീരാമാദ്യം ഖലു ധർമ്മസാധനം’ എന്ന ഉപനിഷദ്വാക്യം മറക്കരുത്.

ഉത്രട്ടാതി: വിദേശ ജോലി ലഭിക്കാം. ഉപരിപഠനത്തിനായി അന്യനാടുകളിലേക്ക് പോകാനും സാധ്യത. സർക്കാർ സഹായം പ്രതീക്ഷിച്ചതിലും വേഗത്തിൽ ലഭിക്കും. മത്സരങ്ങളിൽ വിജയം കൊയ്യും. കൃഷിയും കച്ചവടവും ലാഭത്തിലാവും. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റത്തിന് സാഹചര്യം ഒരുങ്ങും. പിതാവിന്റെ ആരോഗ്യപ്രശ്നങ്ങൾ കുറയാം. സുഹൃത്തുക്കളുടെ ശക്തമായ പിന്തുണ തടസ്സങ്ങളെ അതിജീവിക്കാൻ സഹായിച്ചേക്കും. പാരമ്പര്യ വസ്തുക്കളിൽ അധികാരാവകാശങ്ങൾ സ്ഥിരപ്പെട്ട് കിട്ടും. മുഖരോഗങ്ങൾക്ക് ചികിൽസ തേടിയേക്കും. നിക്ഷേപങ്ങളിൽ നിന്നും ലാഭം വർദ്ധിക്കും.

രേവതി: തീരുമാനങ്ങൾ കൈക്കൊള്ളാൻ ക്ലേശിക്കും. പ്രതികൂലസാഹചര്യങ്ങളെ നേരിടും. തൊഴിൽപരമായി നേട്ടങ്ങളുടെ കാലമാണ്. ആശിച്ച ദിക്കിലേക്ക് സ്ഥലം മാറ്റം, ശമ്പള വർദ്ധനവ് ഇവ പ്രതീക്ഷിക്കാം. ഉന്നതരുടെ പിൻബലം കർമ്മശക്തിയേകും. ചെലവുകൾ നിയന്ത്രിക്കേണ്ട കാലമാണ്. കള്ളം പറയാനോ പ്രവർത്തിക്കാനോ സാഹചര്യം വരാം. മത്സരങ്ങളിലും തിരഞ്ഞെടുപ്പുകളിലും മികച്ച വിജയം സ്വന്തമാക്കും. തന്നിഷ്ടം അനുസരിച്ച് പ്രവർത്തിക്കുന്നത് കുടുംബാംഗങ്ങളുടെ എതിർപ്പിനിടയുണ്ടാക്കാം. പൊതുവേ നേട്ടങ്ങൾക്ക് മുൻതൂക്കം ലഭിക്കുന്ന മാസമാണ്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Capricorn month 2023 astrological predictions