scorecardresearch

ബുധൻ ചിങ്ങം രാശിയിലേക്ക്; ധനു, കന്നിക്കൂറുകാർ ശ്രദ്ധിക്കണം

വളരെ ചെറിയ കാലയളവിൽ മാത്രമാണ് ബുധൻ ചിങ്ങം രാശിയിൽ നിൽക്കുന്നത്, 21 ദിവസം മാത്രം, ഈ ദിവസങ്ങളിൽ നിങ്ങളെ അത് എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം

budhan, horoscope, ie malayalam

2022 ജൂലൈ 31 ന്, 1197 കർക്കടകം 15 ന് ബുധൻ കർക്കടകം രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്ക് കടക്കുകയാണ്. വളരെ ഹ്രസ്വമായ ഒരു കാലഘട്ടം മാത്രമാണ് ബുധൻ ചിങ്ങം രാശിയിൽ ഉണ്ടാവുന്നത്. ഇരുപത്തൊന്നാം ദിവസം, ഓഗസ്റ്റ് 20 ന് / ചിങ്ങം നാലിന് ബുധൻ കന്നി രാശിയിലേക്ക് സംക്രമിക്കും.

ബുധന്റെ ഉച്ചരാശിയാണ് കന്നി. അങ്ങോട്ടേക്കുള്ള യാത്രയിലാണ് ബുധൻ. അതിനാൽ ‘ആരോഹി’ യെന്ന് വിളിക്കുന്നു. ഇത്തവണ ബുധന് മൗഢ്യവുമില്ല. ആകയാൽ ബുധൻ നൽകുന്ന ഫലങ്ങൾ ശക്തമായിരിക്കും. ബുധന്റെ ചിങ്ങം രാശിയിലെ സഞ്ചാരം മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് കൂറുകാരെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുവെന്ന് നോക്കാം.

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): വ്യാഴം, ശനി, രാഹു തുടങ്ങിയ ഗ്രഹങ്ങൾ മേടക്കൂറിന് ഇപ്പോൾ അനുകൂലരല്ല. ബുധൻ അഞ്ചിലേക്ക് നീങ്ങുമ്പോൾ വലിയ ഭാവനാശക്തി പ്രകടിപ്പിക്കും. തന്റെ ആശയങ്ങൾ അധികാരികളെക്കൊണ്ട് അംഗീകരിപ്പിക്കും. മക്കൾക്ക് പഠനത്തിൽ ഉയർച്ചയുണ്ടാകുന്നതാണ്. വാദപ്രതിവാദങ്ങളിൽ ക്ഷീണം പറ്റാനിടയുണ്ട്. വ്യവഹാരങ്ങളിൽ നിന്നും പിന്തിരിയാൻ തീരുമാനിക്കും. ധനാഗമം മന്ദീഭവിച്ചേക്കും. സഹപാഠികളുടെ ഒത്തുചേരലിൽ പങ്കെടുക്കുവാനും ഗതകാല സ്മരണകൾ അയവിറക്കാനും സന്ദർഭം വന്നുചേരും.

ഇടവക്കൂർ (കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ): നേട്ടങ്ങൾ പല വഴികളിലൂടെ വന്നുചേരും. ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള പിന്തുണ ലഭിക്കും. കലാകായിക മത്സരങ്ങളിൽ വിജയിക്കും. ഗണിതം, അക്കൗണ്ടൻസി, ടാക്സ്, ആധാരം എഴുത്ത്, ഡി ടി പി പ്രവർത്തനം, പ്രസ്സ് നടത്തിപ്പ് മുതലായവയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർക്ക് ബഹുമതികൾ വന്നുചേരും. കിഴക്കേദിക്കിലേക്ക് യാത്രകൾ വേണ്ടിവരുന്നതായിരിക്കും. മാതാവിന്റെ ആരോഗ്യനില തൃപ്തികരമായി തുടരും. വിനോദങ്ങളിൽ അഭിരമിക്കും.

മിഥുനക്കൂർ (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 12,3 പാദങ്ങൾ): തൊഴിൽ മേഖലയിലെ പുതിയ വെല്ലുവിളികളെ ധൈര്യപൂർവം ഏറ്റെടുക്കും. സഹോദരരുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടും. സാഹസകർമ്മങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അന്യദേശയാത്രകൾക്ക് കാലം അനുകൂലമല്ല. സഹപ്രവർത്തകരോട് ആജ്ഞാപിക്കേണ്ടിവരും. ഊഹക്കച്ചവടത്തിൽ നിന്നും ഉദ്ദേശിച്ച വരുമാനം വന്നുചേരണമെന്നില്ല. വൈദ്യപരിശോധനകൾ കൃത്യമായി നടത്തണം.

കർക്കടകക്കൂർ ( പുണർതം നാലാം പാദം, പൂയം, ആയില്യം): വിദ്യാഭ്യാസകാര്യങ്ങളിൽ ഉയർച്ചയുണ്ടാകും. പണ്ഡിതന്മാരുടെ പ്രശംസക്ക് പാത്രമാകുന്നതാണ്. ബുദ്ധിപരമായ നീക്കങ്ങളിലൂടെ എതിരാളികളെ തറപറ്റിക്കും. വാണിജ്യ ഉടമ്പടികളിൽ ഒപ്പുവെക്കാൻ ഇത് ഉചിതമായ സന്ദർഭമാണ്. അവതാരവിഷ്ണു ക്ഷേത്രങ്ങളിലേക്ക് സകുടുംബം തീർത്ഥയാത്ര നടത്തും. പുതിയ തലമുറയ്ക്ക് നല്ല ഉപദേശങ്ങൾ നൽകി അവരുടെ ആദരവ് നേടും. പൊതുപ്രവർത്തകർക്ക് പദവികളിൽ ശോഭിക്കാൻ കഴിയും.

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം ഒന്നാം പാദം): പ്രധാനകാര്യങ്ങൾ മറവിമൂലം നടക്കാതെ പോകാനിടയുണ്ട്. ധനാഗമം വർദ്ധിക്കുമെങ്കിലും ചെലവുമേറും. പണ്ഡിതോചിതമായി സംസാരിക്കും. എന്നാൽ അതിന് അംഗീകാരം കിട്ടിക്കൊള്ളണമെന്നില്ല മാദ്ധ്യസ്ഥ പ്രവർത്തനങ്ങളിൽ ചിലപ്പോൾ ചീത്തപ്പേരിന് ഇടയുണ്ട്. പ്രണയത്തിൽ കയ്പൻ അനുഭവങ്ങൾ വരാം. ഗൃഹം മോടിപിടിപ്പിക്കാൻ കടം വാങ്ങും. തസ്കര ഭയത്തിനവകാശമുണ്ട്. ഉറക്കക്കുറവുണ്ടാകാം.

കന്നിക്കൂർ (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ): അനാവശ്യമായ കാര്യങ്ങൾക്ക് പണം ചെലവഴിക്കും. ദൂരയാത്രകൾ വേണ്ടിവരും. ബന്ധുക്കളുമായി കലഹിക്കാനിടയുണ്ട്. വിദ്യാർത്ഥികൾ പഠനത്തിൽ പിന്നിലാവാൻ സാധ്യത കാണുന്നു. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് സമയം ഭാഗികമായി മാത്രം അനുകൂലമാണ്. ഉദ്യോഗസ്ഥർക്ക് ദൂരദിക്കിലേക്ക് സ്ഥലം മാറ്റം ഭവിക്കും. കർമ്മരംഗത്തെ സ്വന്തം കാര്യക്ഷമത മങ്ങിയതായി അനുഭവപ്പെടും.

തുലാക്കൂർ (ചിത്തിര 3, 4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ): തടസ്സങ്ങൾ നീങ്ങി കർമ്മരംഗം ഉന്മേഷത്തിലാവും. അധ്യാപകർ, സാഹിത്യപ്രവർത്തകർ, സാങ്കേതികവിദഗ്ദ്ധർ എന്നിവർക്ക് കീർത്തിയും ആദരവും ഭവിക്കും. ബുദ്ധിപരമായി മികവ് പ്രകടിപ്പിക്കും. മത്സരങ്ങളിലും പരീക്ഷകളിലും വിജയിക്കാനാവും. വായ്പ, ചിട്ടി, ഊഹക്കച്ചവടം എന്നിവ മൂലം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കച്ചവടത്തിൽ പുരോഗതി ദൃശ്യമാകും. ബന്ധുക്കളുടെ പിന്തുണ, കുടുംബസൗഖ്യം, ആരോഗ്യ തൃപ്തി എന്നിവയും ഫലങ്ങൾ.

വൃശ്ചികക്കൂർ (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാക്കും. ആലസ്യം അകലും. മാധ്യമ രംഗം, നിയമം, അധ്യാപനം, ബാങ്കിംഗ് മേഖല എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനക്കയറ്റം, ശമ്പള വർദ്ധന മുതലായവ പ്രതീക്ഷിക്കാം. പൊതുപ്രവർത്തകർ ആദരിക്കപ്പെടും. കിടപ്പുരോഗികൾക്ക് ചികിത്സ ഫലിക്കും. നവീന സംരംഭങ്ങൾ തുടങ്ങാൻ കാലം അനുകൂലമാണ്. കരാർ പണികൾ ചെയ്യുന്നവർക്ക് ആദായമേറും. ദേഹസൗഖ്യമുണ്ടാകും.

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): തൊഴിലിൽ ശ്രദ്ധ കുറയാനിടയുണ്ട്. നിയമം അറിയാത്തതിനാൽ തെറ്റുകൾ വരുത്തും. ധനപരമായി ക്ലേശങ്ങളുണ്ടാകാം. പിതാവിനോ പിതൃസ്ഥാനീയർക്കോ ആരോഗ്യപ്രശ്നങ്ങൾ വരുവാൻ സാധ്യത കാണുന്നു. യാത്രകൾ മാറ്റിവെക്കപ്പെടും. എതിരാളികളുടെ പ്രവർത്തനങ്ങൾ സമ്മർദ്ദത്തിലാക്കും. ബന്ധങ്ങളുടെ ഊഷ്മളത നിലനിർത്താൻ ഏറെ പണിപ്പെടേണ്ടതായി വരും.

മകരക്കൂർ (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ): കുടുംബത്തിൽ ശാന്തിയും സന്തോഷവും പുലരും. പ്രണയം വിവാഹത്തിലേക്ക് നീങ്ങും. ദമ്പതികൾക്കിടയിൽ സ്നേഹവും ഐക്യവും വർദ്ധിക്കും. മക്കൾക്ക് ശ്രേയസ്സുണ്ടാകും. ധനപരമായ അലട്ടലുകൾക്ക് ശമനം വരും. ജീവകാരുണ്യപ്രവർത്തനങ്ങളിൽ മുഴുകും. കടമകൾ ശുഷ്കാന്തിയോടെ നിർവഹിക്കും. എതിർപ്പുകളെ അതിജീവിച്ച് മുന്നേറും.

കുംഭക്കൂർ (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുട്ടാതി 1,2,3 പാദങ്ങൾ): തൊഴിലിൽ കിടമത്സരങ്ങളെ നേരിടേണ്ടിവരും. പാർട്ണർഷിപ്പുകളിൽ തൃപ്തിക്കുറവ് ഉണ്ടാവും. ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠകൾ ഉറക്കം കെടുത്താം. മുൻനിശ്ചയിച്ച വിനോദയാത്ര മാറ്റിവെക്കാനിടയുണ്ട്. വയോജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ വർദ്ധിച്ചേക്കാം. ദാമ്പത്യത്തിൽ കലഹമോ അനൈക്യമോ ഭവിക്കാനിടയുണ്ട്. മാനസികമായ മുരടിപ്പ് മാറാൻ പോംവഴികൾ തേടും.

മീനക്കൂർ (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): എല്ലാ രംഗത്തും അനുഭവപ്പെട്ടിരുന്ന തടസ്സങ്ങൾ നീങ്ങും. മുന്നോട്ടുള്ള പുരോഗതിക്ക് പദ്ധതികൾ ആസൂത്രണം ചെയ്യും. കുടുംബസമേതം യാത്രകൾ പോകാനാകും. വിദ്യാഭ്യാസത്തിൽ ഉയർച്ച വരും. തൊഴിൽ തേടുന്നവർക്ക് ശുഭവാർത്തയുണ്ടാവും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ധനവരവ് ഉയരുന്നതാണ്. എതിർപ്പുകളുടെ മുനയൊടിക്കും. വിരുന്നുകളിൽ പങ്കെടുക്കും.

Read Here

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Budhan into chingam rashi medam idavam mithunam karkkidakam chingam kanni thulam vrischikam dhanu makaram kumbham meenam