/indian-express-malayalam/media/media_files/uploads/2023/07/horoscope-1-1.jpg)
ജൂലൈ മാസത്തെ നക്ഷത്രഫലം
ഈ മാസാദ്യ ദിവസം തന്നെ ചൊവ്വ നീചം കഴിഞ്ഞ് കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്ക് സംക്രമിച്ചു, 1198 മിഥുനം 16 ന് ശനിയാഴ്ചയായിരുന്നു 2023 ജൂലൈ ഒന്നാം തീയതി. സൂര്യൻ മിഥുനം- കർക്കടകം രാശികളിലായി സഞ്ചരിക്കുന്നു. ചന്ദ്രൻ അനിഴത്തിൽ തുടങ്ങി ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി പൂരാടത്തിൽ എത്തുന്നു. ശനി കുംഭം രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. രാഹു-കേതു മേടം തുലാം രാശികളിൽ സഞ്ചരിക്കുന്നു. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ യാത്ര തുടരുകയാണ്. ബുധൻ മിഥുനത്തിലും കർക്കടകത്തിലും ചിങ്ങത്തിലുമായി സഞ്ചരിക്കുന്നു.
ജൂലൈ ആറിന് ശുക്രൻ കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്കു സംക്രമിച്ചു. മാസാന്ത്യം വക്രവും വരുന്നുണ്ട്. ഈ ഗ്രഹസ്ഥിതി എങ്ങനെയാണ് ഭരണി, രോഹിണി, തിരുവാതിര, മകം, മൂലം, പൂരം എന്നീ ആറ് നാളുകാരെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് നോക്കാം.
ഭരണി: വ്യാഴം ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുന്നത് സമ്മർദ്ദങ്ങൾക്കിടയുണ്ടാക്കാം. വിരോധികൾക്ക് ബലം കിട്ടുന്നകാലമാന്ന്. നിക്ഷേപങ്ങൾക്ക് അനുകൂല സന്ദർഭമല്ല. ചൊവ്വയുടെ നീചം കഴിയുന്നത് നല്ലതാണ്. എന്നാൽ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതാവും ഉചിതം. മക്കളുടെ കാര്യത്തിൽ നേരിയ ഉൽക്കണ്ഠകൾക്ക് അവകാശം ഉണ്ട്. പഞ്ചമഭാവത്തിലേക്ക് ജൂലൈ രണ്ടാം വാരം മുതൽ ശുക്രനെത്തുകയാൽ കലാപരമായ സിദ്ധികൾ വികസിപ്പിക്കാൻ / പ്രകടിപ്പിക്കാൻ സാധിച്ചേക്കും. പഴയ കിട്ടാക്കടങ്ങൾ കിട്ടാൻ സാധ്യത കാണുന്നു.
രോഹിണി: ശനി- ചൊവ്വ പരസ്പരദൃഷ്ടി വരികയാൽ ഗാർഹിക ക്ലേശങ്ങൾ ഉണ്ടാവാം. തൊഴിലിടത്തിലും ജാഗ്രത വേണം. വ്യാപാരത്തിൽ തീരുമാനിച്ചിരുന്ന പരിഷ്കാരങ്ങൾ പിന്നീടത്തേക്കാക്കുകയാവും ഉചിതം. ഊഹക്കച്ചവടത്തിന് കാലം അനുകൂലമല്ല. നിലവിലെ തൊഴിൽ ഉപേക്ഷിച്ച് മറ്റൊരു തൊഴിൽ തേടുന്നത് അഭിലഷണീയമാവില്ല. പാരമ്പര്യ തൊഴിലുകൾ ചെയ്യുന്നവർക്ക് നല്ല അവസരങ്ങൾ വന്നെത്തും. കരാറുകൾ പുതുക്കപ്പെടാം. വിദ്യാർത്ഥികൾക്ക് അന്യനാട്ടിൽ പഠനാവസരം സിദ്ധിക്കുന്നതാണ്.
തിരുവാതിര: നക്ഷത്രനാഥനായ രാഹുനിന്നിരുന്ന നക്ഷത്രത്തിൽ തന്നെ, വ്യാഴവും സഞ്ചരിച്ചിരുന്നസ്ഥിതി മാറുകയാൽ തിരുവാതിരക്കാരെ ചില നല്ലസുഹൃത്തുക്കൾ കൈവിടുന്നതായി തോന്നാം. വിജയിക്കാൻ അല്പം ക്ലേശിക്കേണ്ടിവന്നേക്കും. ജന്മരാശിയിലെ ബുധനും ആദിത്യനും അനിഷ്ടഫലങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. വികാരവിക്ഷോഭങ്ങൾ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ചൊവ്വ മൂന്നിലേക്ക് വരികയാൽ വിപദിധൈര്യം ഏറും. സാമ്പത്തിക പ്രശ്നങ്ങൾക്ക് ചെറിയ ആശ്വാസം വന്നുചേരുന്നതാണ്. ഗാർഹികജീവിതം തൃപതികരമാവും.
മകം: ചൊവ്വ ജന്മരാശിയിൽ പകർന്നതിനാൽ ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധ വേണം. വൈകാരിക ക്ഷോഭങ്ങൾ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. മാസം പകുതി വരെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. അതിനുശേഷം ചെലവേറും. പിതാവിന്റെ സ്വത്തുസംബന്ധിച്ച തർക്കങ്ങൾ ഒട്ടൊക്കെ പരിഹൃതമാവും. ഉദ്യോഗസ്ഥർക്ക് സ്ഥാനോന്നതിയോ അധികാരമുള്ള ചുമതലകളോ പ്രതീക്ഷിക്കാനാവും. ഗൃഹനിർമ്മാണം മെല്ലെയാവും. കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തിയേക്കും.
മൂലം: സൂര്യൻ ഏഴിലും എട്ടിലുമായി സഞ്ചരിക്കുന്നതിനാൽ സർക്കാറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തടസ്സങ്ങൾ വരാം. കരാർ പണികൾ ചെയ്യുന്നവർക്ക് ബില്ലുകൾ യഥാസമയം മാറിക്കിട്ടണമെന്നില്ല. വ്യക്തിപരമായ കാര്യങ്ങളിൽ വിജയിക്കാൻ സാധിക്കുന്നതാണ്. വസ്തുവിൽ നിന്നും ആദായം ലഭിച്ചു തുടങ്ങും. തൊഴിൽ തേടുന്നവർക്ക് പ്രതീക്ഷ നിറവേറപ്പെടാം. ചൊവ്വ ഒമ്പതിൽ സഞ്ചരിക്കുന്നതിനാൽ വ്യവഹാരങ്ങളിൽ അനുകൂലവിധിയുണ്ടാവുന്നതാണ്. ആരോഗ്യപരമായി ജാഗ്രത വേണ്ട കാലമാണ്.
പൂരം: ചൊവ്വയുടെ ജന്മരാശിസ്ഥിതി ആരോഗ്യം, ദാമ്പത്യം എന്നിവയിൽ ചില ക്ലേശങ്ങൾ സൃഷ്ടിച്ചേക്കാം. ചിലർക്ക് വീടുവിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടാകാം. അക്ഷമ ഒഴിവാക്കണം. ശുക്രന്റെ രാശിസ്ഥിതി മൂലം ഭൗതികസുഖങ്ങൾ വർദ്ധിച്ചേക്കാം. കലാകാരന്മാർക്ക് കലാസൃഷ്ടിയിലൂടെ പേരെടുക്കാനാവും. പ്രണയികൾക്ക് സമ്മിശ്രമായ അനുഭവമാവും വരിക. സൂര്യബുധന്മാർ പതിനൊന്നിലാകയാൽ ധനപരമായി അനുകൂല കാലമാണ്. പഴയ കടങ്ങൾ തിരികെ കിട്ടിയേക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.