2023 മേയ് ഒന്നാം തീയതി 1198 മേടം 17 തിങ്കളാഴ്ചയായിരുുന്നു. മേയ് 15 ന് 1198 ഇടവമാസം തുടങ്ങുന്നു. സൂര്യൻ മേടം- ഇടവം രാശികളിലായി സഞ്ചരിക്കുകയാണ്. 2023 മേയ് ഒന്നിന് ചന്ദ്രൻ പൂരം നക്ഷത്രത്തിലായിരുന്നു. മേയ് 31 ആകുമ്പോൾ ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കിയ ചന്ദ്രൻ ചിത്തിര നക്ഷത്രത്തിൽ എത്തും.
വ്യാഴം മേടത്തിലും ശനി കുംഭത്തിലും സഞ്ചരിക്കുന്നു. രാഹുവും കേതുവും യഥാക്രമം മേടത്തിലും തുലാത്തിലും സഞ്ചരിക്കുന്നു. ബുധൻ ഈ മാസം മുഴുവൻ മേടം രാശിയിൽ തന്നെയാണ്. ശുക്രൻ മേയ് രണ്ടിന് ഇടവത്തിൽ നിന്നും മിഥുനത്തിലേക്കും ചൊവ്വ മേയ് 10 ന് മിഥുനത്തിൽ നിന്നും കർക്കടകത്തിലേക്കും സംക്രമിച്ചു.
ഈ നവഗ്രഹ സ്ഥിതി മുൻനിർത്തി ഭരണി, കാർത്തിക, ആയില്യം, അനിഴം, രേവതി തുടങ്ങിയ അഞ്ച് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 മെയ് മാസത്തെ സാമാന്യ ഫലങ്ങൾ ഇവിടെ വായിക്കാം.
ഭരണി: ജന്മരാശിയിൽ ശുഭഗ്രഹങ്ങളും പാപഗ്രഹങ്ങളും സഞ്ചരിക്കുകയാൽ പൊതുവേ കാലം അനുകൂലമാണെന്നോ പ്രതികൂലമാണെന്നോ പറയാനാവില്ല. തീരുമാനങ്ങൾ ആലോചിച്ച് വേണം നടപ്പിൽ വരുത്താൻ. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. അലച്ചിലേറും. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും നല്ലകാലമാണ്. കലാപ്രവർത്തനം മികവുറ്റതാവും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പുതുജോലിയോ കരാർപണികളോ ലഭ്യമാവും. കുടുംബാംഗങ്ങൾക്കിടയിൽ രമ്യതയേറും. സാഹസങ്ങൾക്ക് മുതിരരുത്.
കാർത്തിക: ധാരാളം യാത്രകൾ വേണ്ടിവരും.ചെലവ് പല വഴികളിലൂടെയാവും. ലക്ഷ്യം നേടിയെടുക്കാൻ കൂടുതൽ വിയർപ്പൊഴുക്കേണ്ടതായി വന്നേക്കാം. എന്നാലും പ്രതികൂലതകളെ തരണം ചെയ്യുവാൻ സാധിക്കുന്നതാണ്. കുടുംബാംഗങ്ങളുടെ പിന്തുണ നേടും. തൊഴിലിൽ നേട്ടങ്ങൾ കൈവരിക്കും. വായ്പകളിലൂടെ ചെലവുകൾക്ക് വഴി കണ്ടെത്താനാവും. മത്സരങ്ങളിൽ വിജയിക്കും. പുതിയ കരാറുകളിൽ ഒപ്പുവെക്കാൻ കാലം അനുകൂലമല്ല. മെയ് 10 മുതൽ 25 വരെ കാർത്തിക ഞാറ്റുവേലയാകയാൽ സാഹസങ്ങൾക്ക് മുതിരരുത്. ആരോഗ്യപരിപാലനത്തിന് പ്രാധാന്യം നൽകേണ്ടതുണ്ട്.
ആയില്യം: മുൻപ് അസാധ്യം എന്ന് അനുഭവപ്പെട്ടിരുന്ന ചില കാര്യങ്ങൾ ഇപ്പോൾ അനായാസം നടന്നുകിട്ടും. ഉദ്യോഗത്തിൽ ശോഭിക്കും. കർമ്മരംഗത്ത് ചില നൂതനത്വങ്ങൾ നടപ്പിൽ വരുത്തും. എതിർപ്പുകളെ ശക്തമായി പ്രതിരോധിക്കും. കച്ചവടത്തിൽ വരുമാനം വർദ്ധിക്കുന്നതാണ്. പിതൃസ്വത്തിന്മേലുള്ള തർക്കം പരിഹൃതമാകും. കിഴക്ക് ഭാഗത്തേക്കുള്ള യാത്രകൾ ഗുണകരമാവുന്നതാണ്. ഉപരിപഠനപ്രവേശം അനായാസമായി കൈവരും. മേയ് 10 ന് ശേഷം ചൊവ്വ കർക്കടകം രാശിയിലേക്ക് സംക്രമിക്കുകയാൽ ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കാം. ക്ഷോഭവാസനകളെ നിയന്ത്രിക്കേണ്ടതുണ്ട്. സാഹസങ്ങൾക്ക് മുതിരരുത്.
അനിഴം: ബന്ധുക്കൾ പിണക്കം വിട്ട് ഇണങ്ങും. പൂർവ്വകാല സൗഹൃദം വീണ്ടെടുക്കുന്നതാണ്. ചിലരുടെ കാര്യത്തിൽ അധികം താല്പര്യമെടുക്കുന്നത് അപവാദത്തിന് ഇടവരുത്താം. തൊഴിൽ മേഖലയിൽ പുരോഗതിയുണ്ടാകും. മുതൽമുടക്കുകൾക്ക് നല്ലലാഭം കിട്ടിത്തുടങ്ങും. രാഷ്ട്രീയമത്സരങ്ങളിൽ നിന്നും പിന്മാറില്ല. ചെറിയയാത്രകൾക്ക് മുതിരും. നല്ലകാര്യങ്ങൾക്ക് ചെലവ് വർദ്ധിച്ചേക്കും. കുടുംബാംഗങ്ങൾക്കൊപ്പം ഒത്തുകൂടുന്നതിൽ ഏറെ സന്തോഷിക്കാനാവും. മംഗളകർമ്മങ്ങളിൽ മുഖ്യത്വം വഹിക്കും. സാഹസങ്ങൾക്ക് മുതിരരുത്. ആരോഗ്യജാഗ്രത അനിവാര്യം.
രേവതി: മൗഢ്യത്തിൽ തുടർന്ന വ്യാഴം നക്ഷത്രത്തിൽ നിന്നും മാറിയത് ആശ്വാസകരമാണ്. മുൻ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. പുതിയ സൗഹൃദങ്ങൾ സന്തോഷമേകും. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ തീരുമാനം ഉണ്ടാകുന്നതാണ്. അന്യനാടുകളിൽ തൊഴിൽ സിദ്ധിച്ചേക്കും. സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതി വരും. ചില അധികാര പദവികൾ ലഭിക്കാം. കുടുംബയോഗം, പൊതുസമ്മേളനം എന്നിവയിൽ ആദ്ധ്യക്ഷ്യം വഹിക്കുന്നതാണ്. അഷ്ടമകേതു തുടരുകയാൽ സാഹസങ്ങൾക്ക് മുതിരരുത്.