/indian-express-malayalam/media/media_files/uploads/2023/07/august-horoscope-4.jpg)
ഓഗസ്റ്റ് മാസത്തെ നക്ഷത്രഫലം
August Month 2023 Astrological Predictions for stars Moolam to Revathi: 1198 കർക്കടകം 16, ചൊവ്വാഴ്ചയാണ് 2023 ആഗസ്റ്റ് ഒന്നാം തീയതി വരുന്നത്. 1199 ചിങ്ങം 15 വ്യാഴാഴ്ച ആഗസ്റ്റ് 31 ആണ്. വിനായകചതുർത്ഥി, നാഗപഞ്ചമി, തിരുവോണം, ആവണി അവിട്ടം, അയ്യങ്കാളി – ശ്രീനാരായണഗുരു എന്നിവരുടെ ജയന്തി തുടങ്ങിയ പ്രധാന മംഗളവേളകളും വാർഷിക ആഘോഷങ്ങളും 2023 ഓഗസ്റ്റിലാണ് സംഭവിക്കുന്നത്.
ഓഗസ്റ്റ് ഒന്ന് ചൊവ്വാഴ്ച പൗർണമി ആണ്. അന്ന് ഉത്രാടം നക്ഷത്രം. ഓഗസ്റ്റ് 31 ന് വ്യാഴാഴ്ച ചതയം നക്ഷത്രവും. അന്ന് ഭാഗികമായി പൗർണമിയുമുണ്ട്. കർക്കടകം ഒന്നിനും മുപ്പത്തിയൊന്നിനും കറുത്തവാവാണ് എങ്കിൽ, ഓഗസ്റ്റ് ഒന്നിനും മുപ്പത്തിയൊന്നിനും വെളുത്തവാവാണ് എന്ന സവിശേഷതയുമുണ്ട്. പൂയം ഞാറ്റുവേല ആഗസ്റ്റ് 3 വരെയുണ്ട്. തുടർന്ന് ആയില്യം ഞാറ്റുവേല. ആഗസ്റ്റ് 17 ന് മകം ഞാറ്റുവേലയും 31ന് പൂരം ഞാറ്റുവേലയും തുടങ്ങുന്നു.
ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ വക്രഗതി തുടരുന്നു. വ്യാഴം മേടം രാശിയിൽ ഭരണിയിലും രാഹു മേടം രാശിയിൽ അശ്വതിയിലും കേതു തുലാം രാശിയിൽ ചിത്തിരയിലും സഞ്ചരിക്കുന്നു. ആഗസ്റ്റ് പകുതിക്കുശേഷം ചൊവ്വ കന്നിയിലേക്ക് പകരുന്നു. ബുധൻ ചിങ്ങം രാശിയിൽ ഓഗസ്റ്റ് അവസാനത്തിൽ വക്രഗതിയിലാവുന്നു. ശുക്രൻ ചിങ്ങം- കർക്കടകം രാശികളിലായി വക്ര സഞ്ചാരം തുടരുകയാണ്. ബുധന് ഓഗസ്റ്റ് അവസാനമാണ് വക്രമൗഢ്യം തുടങ്ങുക എങ്കിൽ ശുക്രന് ഓഗസ്റ്റ് 8 മുതൽ 19 വരെ 12 ദിവസമാണ് മൗഢ്യസ്ഥിതി ഉണ്ടാവുന്നത്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 ഓഗസ്റ്റ് മാസത്തെ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുകയാണ്. ഗുണദോഷങ്ങൾ എങ്ങനെ അനുഭവത്തിലെത്തുന്നു എന്നത് പരിശോധിക്കപ്പെടുന്നു.
മൂലം: ദീർഘകാലത്തെ താത്പര്യങ്ങൾ നടന്നേക്കും. ആത്മവിശ്വാസം വർദ്ധിക്കും. നേട്ടങ്ങൾ അപ്രതീക്ഷിതമാണെന്നു വരാം. പിതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. കുടുംബസ്വത്തിന്മേലുള്ള തർക്കങ്ങൾ രമ്യമായി പരിഹരിക്കപ്പെടാൻ ഇടയുണ്ട്. സഹായവാഗ്ദാനങ്ങൾ ചിലപ്പോൾ നിറവേറപ്പെട്ടില്ലെന്നു വന്നേക്കാം. കലാവാസനകൾ കുടുംബാംഗങ്ങളുടെ പരിഹാസത്തിന് പാത്രമാകാം. വൈകാരികക്ഷോഭം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. അധികാരികളുമായി വാഗ്വാദങ്ങൾ ഉണ്ടായേക്കാം. ദാമ്പത്യത്തിൽ സംതൃപ്തി ഭവിക്കുന്നതാണ്. സാമ്പത്തികസ്ഥിതി മോശമാവില്ല.
പൂരാടം: വിദ്യാർത്ഥികൾ പഠനത്തിൽ അലസരായേക്കും. പ്രോജക്ടുകൾ സമയബന്ധിതമായി തീർക്കാൻ വിഷമിക്കാം. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ മെല്ലെയാകുന്നതാണ്. വ്യാപാരരംഗത്ത് സ്വീകരിച്ച പുതിയ പരീക്ഷണങ്ങൾ വിജയത്തിലെത്താൻ കാലതാമസം നേരിടും. മാസത്തിന്റെ രണ്ടാം പകുതി കൂടുതൽ ഊർജ്ജദായകമാണ്. ഉദ്യോഗത്തിൽ അനുകൂലമായ മാറ്റങ്ങൾ വന്നുചേരും. സംഘടനാരംഗത്തെ പ്രാമുഖ്യം അംഗീകരിക്കപ്പെടുന്നതാണ്. നവസംരംഭങ്ങൾക്ക് ധനം കണ്ടെത്താനുള്ള ശ്രമമാരംഭിക്കും. കുടുംബാംഗങ്ങൾക്കിടയിലെ പൊരുത്തക്കേടുകൾ ഒരുവിധം പരിഹരിക്കുന്നതാണ്. ആരോഗ്യകാര്യത്തിൽ അലംഭാവമരുത്.
ഉത്രാടം: യാത്രകളിൽ സന്തോഷം കണ്ടെത്തും. കുടുംബ സമേതമുള്ള യാത്രകളും ഉണ്ടാവും. ബിസിനസ്സ് വിപുലീകരണം കുറച്ചൊക്കെ വിജയത്തിലെത്തും. അന്യനാട്ടിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയുന്നതാണ്. ഊഹക്കച്ചവടത്തിൽ ചെറിയ തോതിൽ വിജയം കാണും. ഉത്സവാഘോഷങ്ങളുടെ നേതൃത്വം വഹിക്കും. മകളുടെ വിവാഹത്തിനായി സജീവമായ ശ്രമങ്ങൾ തുടങ്ങുന്നതാണ്. വസ്തുവിൽക്കുന്നതിൽ തടസ്സങ്ങൾ ഉണ്ടാകും. തൊഴിൽ തേടുന്ന ചെറുപ്പക്കാർക്ക് ചെറിയ വരുമാനമാർഗം തുറക്കപ്പെടാം. ദാമ്പത്യബന്ധം ഉലഞ്ഞും ഐക്യപ്പെട്ടും സ്വാഭാവികരീതിയിൽ തുടരുന്നതാണ്.
തിരുവോണം: കുടുംബത്തിൽ നല്ലകാര്യങ്ങൾ നടക്കും. കുട്ടികളുടെ പഠന മികവ് സന്തോഷമേകും. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ പുരോഗതിയുണ്ടാവുന്നതാണ്. നാട്ടിലെ ആഘോഷങ്ങളിലും വീട്ടിലെ അനുഷ്ഠാനങ്ങളിലും പൂജാദികളിലും മറ്റും സജീവമായ സാന്നിധ്യം പുലർത്തും. സാമ്പത്തികമായി കരുതൽ വേണ്ട കാലമാണ്. പ്രതീക്ഷിച്ച ധനം വന്നുചേരണമെന്നില്ല. പുതിയ മുതൽ മുടക്കുകൾക്ക് കാലം അനുകൂലവുമല്ല. സർക്കാർ കാര്യങ്ങളിൽ വിളംബമോ വിഘ്നമോ വരാവുന്നതാണ്. ആരോഗ്യകാര്യത്തിലെ ഉദാസീനത ഉപേക്ഷിക്കണം.
അവിട്ടം: കാര്യനിർവഹണത്തിലെ മിടുക്ക് പ്രശംസിക്കപ്പെടും. മേലധികാരികളുടെ പ്രിയം നേടും. കർമ്മരംഗത്തെ വെല്ലുവിളികളെ സസന്തോഷം നേരിടും. ഗവേഷണ പ്രബന്ധം പൂർത്തിയാക്കും. ഗാർഹികമായ പ്രശ്നങ്ങൾ കൂടാം. സഹോദരരുടെ നിസ്സഹകരണം വിഷമിപ്പിച്ചേക്കും. ആഘോഷങ്ങൾക്ക് പണം കണ്ടെത്തുക ഒരു വെല്ലുവിളിയാവും. കൈവായ്പകൾ സ്വീകരിക്കേണ്ടി വരാം. ദാമ്പത്യത്തിൽ സംതൃപ്തിയുണ്ടാവും. ദീർഘയാത്രകൾക്ക് അനുഗുണമായ കാലമല്ല. സാഹസങ്ങൾക്ക് മുതിരരുത്.
ചതയം: കർമ്മപുഷ്ടിയുണ്ടാകുന്നതാണ്. സ്ഥാനോന്നതി പ്രതീക്ഷിക്കാം. എന്നാൽ അദ്ധ്വാനം വർദ്ധിക്കുന്നതാണ്. തൊഴിൽപരമായ യാത്രകൾ കൂടുതൽ ചെയ്യേണ്ടിവന്നേക്കാം. സാമ്പത്തികസ്ഥിതി മെച്ചപ്പെടും എന്നുപറയാനാവില്ല. നിത്യച്ചിലവുകൾ നന്നായി നടന്നുപോകുന്നതാണ്. ഉടമ്പടികളും കരാറുകളും ഭാവിയിൽ പ്രയോജനപ്രദമാകും. കുടുംബഭദ്രതയെ ഏഴിലും എട്ടിലുമായി സഞ്ചരിക്കുന്ന ചൊവ്വ ദുർബലപ്പെടുത്താം. മാസത്തിന്റെ രണ്ടാംപകുതി മുതൽ ആരോഗ്യകാര്യം, തൊഴിൽ എന്നിവയിൽ കൂടുതൽ ശ്രദ്ധയുണ്ടാവേണ്ടതുണ്ട്.
പൂരുരുട്ടാതി: വ്യക്തിത്വത്തിൽ തിരുത്തലുകൾ വരുത്താൻ ഒരുങ്ങും. കുടുംബത്തിലും ചില പരിഷ്കാരങ്ങൾക്ക് മുതിരുന്നതാണ്. സഹപ്രവർത്തകരോട് ഇക്കാര്യത്തിൽ കലഹിച്ചേക്കാം. വിദ്യാർത്ഥികളെ ആലസ്യം പിടികൂടുന്നതാണ്. കലാകാരന്മാർക്ക് നല്ല അവസരം വന്നെത്തും. കരാർ പണികൾ പുതുക്കിക്കിട്ടുന്നതാണ്. പക്ഷേ മുതൽ മുടക്കിന് കാലം അനുകുമല്ലെന്നത് ഓർമ്മയിലുണ്ടാവണം. ഇഷ്ടവസ്തുക്കൾ നിർലോഭം വാങ്ങും. കുംഭക്കൂറുകാർക്ക് മാസാദ്യം മെച്ചം കൂടും. ചൊവ്വ ഏഴ്, എട്ട് തുടങ്ങിയ ഭാവങ്ങളിൽ സഞ്ചരിക്കുന്നത് നല്ലതല്ല. ദാമ്പത്യത്തിൽ 'ഈഗോ' പ്രശ്നങ്ങൾ സൃഷ്ടിക്കാം.
ഉത്രട്ടാതി: മുൾവിരിച്ച പാതകൾ മാത്രമല്ല വിജയവഴികളും ജീവിതത്തിലുണ്ടെന്നറിയും. മനസ്സാണ് രണ്ടിനേയും സൃഷ്ടിക്കുന്നതെന്നും വ്യക്തമാവും. സാമ്പത്തിക ക്ലേശങ്ങൾക്ക് അയവുണ്ടായേക്കും. വ്യവഹാരങ്ങളിൽ നേട്ടമുണ്ടാകും. നീതി നിഷേധത്തിന്റെ കാലം അവസാനിച്ചതായി തോന്നാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഔൽസുക്യം ഉണ്ടാവും. വിവാഹാർത്ഥികൾക്ക് നല്ല ആലോചനകൾ വന്നെത്തുന്നതാണ്. കുടുംബാംഗങ്ങളുടെ സർവ്വാത്മനാ ഉള്ള സഹകരണം വലിയ ആശ്വാസമേകും. മത്സരങ്ങളെ ആത്മവിശ്വാസത്തോടെ നേരിടും.
രേവതി: പ്രത്യുല്പന്നമതിത്വം കൊണ്ട് ആപൽസന്ധികളെ മറികടക്കാനാവും. സർക്കാർ നടപടികൾ അനുകൂലമായിത്തീരും. നവസംരംഭങ്ങൾക്ക് ബന്ധുമിത്രാദികളുടെ പ്രോൽസാഹനം ലഭിക്കുന്നതാണ്. ഗൃഹോപകരണങ്ങൾ വാങ്ങാൻ വായ്പാസൗകര്യം പ്രയോജനപ്പെടുത്തിയേക്കും. കിടപ്പുരോഗികൾക്ക് സമാശ്വാസം ലഭിക്കാം. പുതുചികിൽസകൾ ഫലവത്താകുന്നതാണ്. നാട്ടിലെ ആഘോഷങ്ങളിൽ പങ്കാളിത്തം കൊണ്ടും നേതൃത്വം കൊണ്ടും നിറസാന്നിദ്ധ്യമാവും. കടുംബകാര്യങ്ങളിൽ സമാധാനം പ്രതീക്ഷിക്കാവുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.