/indian-express-malayalam/media/media_files/uploads/2023/07/august-horoscope-3.jpg)
ഓഗസ്റ്റ് മാസത്തെ നക്ഷത്രഫലം
August Month 2023 Astrological Predictions for stars Makam to Thrikketta: 1198 കർക്കടകം 16, ചൊവ്വാഴ്ചയാണ് 2023 ആഗസ്റ്റ് ഒന്നാം തീയതി വരുന്നത്. 1199 ചിങ്ങം 15 വ്യാഴാഴ്ച ആഗസ്റ്റ് 31 ആണ്. വിനായകചതുർത്ഥി, നാഗപഞ്ചമി, തിരുവോണം, ആവണി അവിട്ടം, അയ്യങ്കാളി – ശ്രീനാരായണഗുരു എന്നിവരുടെ ജയന്തി തുടങ്ങിയ പ്രധാന മംഗളവേളകളും വാർഷിക ആഘോഷങ്ങളും 2023 ഓഗസ്റ്റിലാണ് സംഭവിക്കുന്നത്.
ഓഗസ്റ്റ് ഒന്ന് ചൊവ്വാഴ്ച പൗർണമി ആണ്. അന്ന് ഉത്രാടം നക്ഷത്രം. ഓഗസ്റ്റ് 31 ന് വ്യാഴാഴ്ച ചതയം നക്ഷത്രവും. അന്ന് ഭാഗികമായി പൗർണമിയുമുണ്ട്. കർക്കടകം ഒന്നിനും മുപ്പത്തിയൊന്നിനും കറുത്തവാവാണ് എങ്കിൽ, ഓഗസ്റ്റ് ഒന്നിനും മുപ്പത്തിയൊന്നിനും വെളുത്തവാവാണ് എന്ന സവിശേഷതയുമുണ്ട്. പൂയം ഞാറ്റുവേല ആഗസ്റ്റ് 3 വരെയുണ്ട്. തുടർന്ന് ആയില്യം ഞാറ്റുവേല. ആഗസ്റ്റ് 17 ന് മകം ഞാറ്റുവേലയും 31ന് പൂരം ഞാറ്റുവേലയും തുടങ്ങുന്നു.
ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ വക്രഗതി തുടരുന്നു. വ്യാഴം മേടം രാശിയിൽ ഭരണിയിലും രാഹു മേടം രാശിയിൽ അശ്വതിയിലും കേതു തുലാം രാശിയിൽ ചിത്തിരയിലും സഞ്ചരിക്കുന്നു. ആഗസ്റ്റ് പകുതിക്കുശേഷം ചൊവ്വ കന്നിയിലേക്ക് പകരുന്നു. ബുധൻ ചിങ്ങം രാശിയിൽ ഓഗസ്റ്റ് അവസാനത്തിൽ വക്രഗതിയിലാവുന്നു. ശുക്രൻ ചിങ്ങം- കർക്കടകം രാശികളിലായി വക്ര സഞ്ചാരം തുടരുകയാണ്. ബുധന് ഓഗസ്റ്റ് അവസാനമാണ് വക്രമൗഢ്യം തുടങ്ങുക എങ്കിൽ ശുക്രന് ഓഗസ്റ്റ് 8 മുതൽ 19 വരെ 12 ദിവസമാണ് മൗഢ്യസ്ഥിതി ഉണ്ടാവുന്നത്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 ഓഗസ്റ്റ് മാസത്തെ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുകയാണ്. ഗുണദോഷങ്ങൾ എങ്ങനെ അനുഭവത്തിലെത്തുന്നു എന്നത് പരിശോധിക്കപ്പെടുന്നു.
മകം: പന്ത്രണ്ടിലും ജന്മരാശിയിലുമായി സൂര്യനും ജന്മരാശിയിൽ ചൊവ്വയും സഞ്ചരിക്കുകയാൽ ആഗസ്റ്റ് മാസത്തിൽ പൊതുവേ ഗുണാനുഭവങ്ങൾ മങ്ങും. ദേഹത്തിനു സുഖക്കുറവുണ്ടാകും. വിചാരിച്ചതു പോലെ പ്രവൃത്തിക്കാൻ കഴിയണമെന്നില്ല. ഉദ്യോഗസ്ഥർക്ക് പലതരം സമ്മർദ്ദങ്ങളുണ്ടാവും. ഭോഗവിഘാതം, യാത്രകളുടെ നിഷ്പ്രയോജനത എന്നിവയും ഫലങ്ങൾ. ചെലവധികരിക്കുമെങ്കിലും ന്യായമായ വഴികളിലൂടെ പണം വന്നുചേരുന്നതാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ശക്തമായ പിന്തുണ മനസ്ഥൈര്യം വളർത്തും. ഊഹക്കച്ചവടത്തിനു മുതിരരുത്. സാഹസകർമ്മങ്ങൾ ചെയ്യരുത്. എങ്കിൽ ഒരുവിധം വിജയം വരിക്കാൻ സാധിക്കുന്നതാണ്.
പൂരം: ക്ലേശങ്ങളുടെ സഹയാത്രികത്വം നിങ്ങളെ കൂടുതൽ കരുത്തരാക്കുന്നു. ക്ഷമയോടെയുള്ള കാത്തിരിപ്പ് വിജയം നൽകുന്നു. മിതവ്യയം ഗുണമേകും. വ്യാപാരത്തിൽ വലിയ മുതൽ മുടക്കുകൾ ചെയ്യാതെ ഉള്ളതു കൊണ്ട് വിപണനം നടത്താൻ ശ്രമിച്ചാൽ കാര്യങ്ങൾ അനുകൂലമാകും. പഠനത്തിൽ അലസത വരാം. ഉദ്യോഗാർത്ഥികൾ അല്പം കൂടി കാത്തിരിക്കേണ്ടതുണ്ട്. വിവാഹാർത്ഥികൾക്കും കാലം വൈകാതെ അനുകൂലമാകുന്നതാണ്. ബന്ധുക്കളുടെ പിന്തുണ ആത്മവിശ്വാസമേകും. പുതിയ കടബാധ്യതകൾക്ക് മുതിരരുത്. അധ്വാനം ഫലം കാണും. മാസത്തിന്റെ രണ്ടാം പകുതി കൂടുതൽ ഫലവത്താണ്.
ഉത്രം: ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരാം. വ്യവഹാരം മതിയാക്കാൻ തയ്യാറാവും. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ 'നല്ല പുസ്തകത്തിൽ' ഇടം പിടിക്കുക എളുപ്പമാവില്ല. സഹപ്രവർത്തകർ നിസ്സഹകരണം തുടർന്നേക്കും. സാമൂഹ്യ ജീവിതത്തിൽ ആദരവ് ലഭിക്കും. ബന്ധുക്കളുടെ സ്വീകാര്യത സന്തോഷമേകുന്നതാണ്. കുടുംബ ജീവിതത്തിൽ ഒട്ടൊക്കെ വിജയിക്കാൻ സാധിക്കും. ആരോഗ്യപ്രശ്നങ്ങൾക്ക് വൈദ്യസഹായം നൽകാൻ അമാന്തിക്കരുത്. ആഗസ്റ്റ് രണ്ടാം വാരം മുതൽ ചൊവ്വ ജന്മനക്ഷത്രത്തിലൂടെ സഞ്ചരിക്കുകയാൽ സർവ്വകാര്യങ്ങളിലും ശ്രദ്ധയുണ്ടാവണം.
അത്തം: വ്യാപാരരംഗത്ത് പുതുശൈലികൾ കൊണ്ടുവരാൻ ശ്രമം നടത്തും. എന്നാൽ പാരമ്പര്യ സംവിധാനങ്ങളെ പൂർണമായി ഉപേക്ഷിക്കാൻ കഴിയുകയുമില്ല. ആഗസ്റ്റ് ആദ്യപകുതിയിൽ പലനിലയ്ക്ക് വരവ് അധികരിക്കും. ചില കിട്ടാക്കടങ്ങൾ ഭാഗികമായിട്ടെങ്കിലും വന്നുചേരും. സർഗപ്രവർത്തനം അഭംഗുരമായി തുടരുവാനാവും. മാസത്തിന്റെ രണ്ടാം പകുതിയിൽ ചെലവ് കൂടാം ആഢംബര വസ്തുക്കൾ വാങ്ങും. ജോലിയിൽ കാത്തിരുന്ന പ്രൊമോഷൻ സിദ്ധിക്കാം. എന്നാൽ അനിഷ്ട സ്ഥലത്തേക്ക് ജോലിമാറ്റവും കൂടിയുണ്ടാവും. ആരോഗ്യസ്ഥിതിയിൽ ജാഗ്രത വേണം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും.
ചിത്തിര: പാതിവഴിയിൽ നിന്നുപോയ പ്രവൃത്തികൾ പൂർത്തിയാക്കാൻ സന്ദർഭം ഉണ്ടാകുന്നതാണ്. ഉന്നതവിദ്യാഭ്യാസത്തിൽ നേട്ടങ്ങൾ വന്നെത്തും. സ്വതന്ത്രമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനവസരം സിദ്ധിക്കുന്നതാണ്. ഭൂമിസംബന്ധിച്ചുണ്ടായ തർക്കങ്ങൾ പരിഹൃതമായേക്കും. സഹോദരർ അനുകൂലത കൈക്കൊള്ളുന്നതാണ്. മാസത്തിന്റെ ആദ്യപകുതി കന്നിക്കൂറുകാർക്കും രണ്ടാം പകുതി തുലാക്കൂറുകാർക്കും അനുഗുണമാകും. പ്രണയികൾക്ക് ഹൃദ്യമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. അവിവാഹിതരുടെ വിവാഹ ശ്രമങ്ങൾ ഊർജ്ജിതമാകുന്നതാണ്.
ചോതി: തൊഴിൽ വലുതാകട്ടെ, ചെറുതാകട്ടെ നവോന്മേഷം വന്നുചേരും. അത് എങ്ങനെ വികസിപ്പിക്കാം എന്നതിൽ ശ്രദ്ധ ചെലുത്തും. ജോലി നഷ്ടപ്പെട്ടതുമുലം വിഷമിക്കുന്നവർക്ക് ആദായ മാർഗങ്ങൾ തുറന്നുകിട്ടുന്നതാണ്. വായ്പാ തിരിച്ചടവുകൾ മുടങ്ങില്ല. സർക്കാരിന്റെ അനുമതി ലഭിക്കുന്നതിനുണ്ടായ തടസ്സങ്ങൾ നീങ്ങുന്നതാണ്. പിതാവിന്റെ പിന്തുണ ശക്തി പകരും. പരീക്ഷകളിലും മത്സരങ്ങളിലും ശ്രദ്ധേയമായ വിജയം കരസ്ഥമാക്കും. മക്കളുടെ വിവാഹകാര്യത്തിനായി ശ്രമം തുടങ്ങുന്നതാണ്. കുടുംബാംഗങ്ങളോടൊപ്പം വിനോദയാത്രകൾ നടത്തും. മാസാന്ത്യത്തിൽ ആരോഗ്യകാര്യത്തിൽ കൂടുതൽ ജാഗ്രത വേണ്ടതുണ്ട്.
വിശാഖം: സാമ്പത്തിക മാന്ദ്യത്തിന് മാറ്റം വരുന്നതാണ്. പുതിയ കാര്യങ്ങൾ പഠിപ്പിക്കാനും അവ സ്വജീവിതത്തിൽ പ്രായോഗികമാക്കാനും ശ്രമം തുടരും. അനാവശ്യ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നത് ഉത്തമം. വാഹനം ഗൃഹോപകരണങ്ങൾ ഇവ വാങ്ങാൻ സാധ്യതയുണ്ട്. സ്ത്രീകൾക്ക് ജീവിതപങ്കാളിയുടെ പൂർണ്ണപിന്തുണ ലഭിക്കുന്നതാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അന്യദേശത്തെ ആശ്രയിക്കേണ്ടി വരാം. അയൽബന്ധങ്ങൾ രമ്യമാവുന്നതിന് മുൻകൈയെടുക്കുന്നതാണ്. മാനസികാരോഗ്യവും ശാരീരികാരോഗ്യവും മെച്ചപ്പെടും.
അനിഴം: തൊഴിൽ രംഗത്തെ അശാന്തതകൾ എന്നു തീരും എന്ന ഉൽക്കണ്ഠക്ക് ഭാഗികമായി ശരിയുത്തരം കിട്ടും. കച്ചവടത്തിൽ ചെറിയ ലാഭം പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർക്ക് വേതന വർദ്ധനവ് ഉണ്ടാവുന്നതാണ്. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ബുദ്ധിപരമാവില്ല. വലിയ പണം മുടക്കില്ലാത്ത തൊഴിലുകൾ പരീക്ഷിച്ചു നോക്കാവുന്നതാണ്. പണയാഭരണങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കും. പൂർവ്വകാല സുഹൃത്തുക്കളെ കണ്ടുമുട്ടാൻ കഴിയും. ജീവിതശൈലീരോഗങ്ങൾക്ക് ചികിൽസ വേണ്ടിവരാം. കുടുംബ സമാഗമങ്ങളിൽ പങ്കെടുക്കും.
തൃക്കേട്ട: വീടുമാറ്റമോ ജോലിമാറ്റമോ ഒരു സാധ്യതയാണ്. നാലിലെ വക്രശനിയുടെ ഫലങ്ങളിലൊന്നാണത്. അന്നാട്ടിൽ തൊഴിൽ തേടുന്നവർക്ക് അതിനവസരമുണ്ടാകുന്നതാണ്. ഉപയോഗിച്ച വാഹനങ്ങൾ വാങ്ങിയേക്കും. ആദ്യം ചേർന്ന കോഴ്സുകളിൽ നിന്നും മാറുന്ന സ്ഥിതിയും വരാം. സാമ്പത്തിക സ്ഥിതി മോശമാവില്ല. ആഢംബരച്ചെലവുകൾക്ക് പോകാതെ മിതവ്യയം ശീലിക്കുന്നത് ഗുണം ചെയ്യും. സൽകർമ്മങ്ങളിൽ പങ്കുകൊള്ളും. രാഷ്ട്രീയ പ്രവർത്തനത്തിന് പ്രതീക്ഷിക്കാത്ത പിൻബലം ലഭിക്കുന്നതാണ്. കുടുംബജീവിതത്തിൽ സ്വസ്ഥതക്കുതന്നെയാവും മുൻതൂക്കം. മാതാവിന്റെ ആരോഗ്യസ്ഥിതിയിൽ ശ്രദ്ധയുണ്ടാവണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.