/indian-express-malayalam/media/media_files/uploads/2023/07/august-horoscope-1.jpg)
ഓഗസ്റ്റ് മാസത്തെ നക്ഷത്രഫലം
August Month 2023 Astrological Predictions for stars Aswathi to Revathi: 1198 കർക്കടകം 16, ചൊവ്വാഴ്ചയാണ് 2023 ആഗസ്റ്റ് ഒന്നാം തീയതി വരുന്നത്. 1199 ചിങ്ങം 15 വ്യാഴാഴ്ച ആഗസ്റ്റ് 31 ആണ്. വിനായകചതുർത്ഥി, നാഗപഞ്ചമി, തിരുവോണം, ആവണി അവിട്ടം, അയ്യങ്കാളി – ശ്രീനാരായണഗുരു എന്നിവരുടെ ജയന്തി തുടങ്ങിയ പ്രധാന മംഗളവേളകളും വാർഷിക ആഘോഷങ്ങളും 2023 ഓഗസ്റ്റിലാണ് സംഭവിക്കുന്നത്.
ഓഗസ്റ്റ് ഒന്ന് ചൊവ്വാഴ്ച പൗർണമി ആണ്. അന്ന് ഉത്രാടം നക്ഷത്രം. ഓഗസ്റ്റ് 31 ന് വ്യാഴാഴ്ച ചതയം നക്ഷത്രവും. അന്ന് ഭാഗികമായി പൗർണമിയുമുണ്ട്. കർക്കടകം ഒന്നിനും മുപ്പത്തിയൊന്നിനും കറുത്തവാവാണ് എങ്കിൽ, ഓഗസ്റ്റ് ഒന്നിനും മുപ്പത്തിയൊന്നിനും വെളുത്തവാവാണ് എന്ന സവിശേഷതയുമുണ്ട്. പൂയം ഞാറ്റുവേല ആഗസ്റ്റ് 3 വരെയുണ്ട്. തുടർന്ന് ആയില്യം ഞാറ്റുവേല. ആഗസ്റ്റ് 17 ന് മകം ഞാറ്റുവേലയും 31ന് പൂരം ഞാറ്റുവേലയും തുടങ്ങുന്നു.
ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ വക്രഗതി തുടരുന്നു. വ്യാഴം മേടം രാശിയിൽ ഭരണിയിലും രാഹു മേടം രാശിയിൽ അശ്വതിയിലും കേതു തുലാം രാശിയിൽ ചിത്തിരയിലും സഞ്ചരിക്കുന്നു. ആഗസ്റ്റ് പകുതിക്കുശേഷം ചൊവ്വ കന്നിയിലേക്ക് പകരുന്നു. ബുധൻ ചിങ്ങം രാശിയിൽ ഓഗസ്റ്റ് അവസാനത്തിൽ വക്രഗതിയിലാവുന്നു. ശുക്രൻ ചിങ്ങം- കർക്കടകം രാശികളിലായി വക്ര സഞ്ചാരം തുടരുകയാണ്. ബുധന് ഓഗസ്റ്റ് അവസാനമാണ് വക്രമൗഢ്യം തുടങ്ങുക എങ്കിൽ ശുക്രന് ഓഗസ്റ്റ് 8 മുതൽ 19 വരെ 12 ദിവസമാണ് മൗഢ്യസ്ഥിതി ഉണ്ടാവുന്നത്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മേടം മുതൽ മീനം വരെ പന്ത്രണ്ട് കൂറുകളിലും അശ്വതി മുതൽ രേവതി വരെ ഇരുപത്തിയേഴ് നക്ഷത്രങ്ങളിലും ജനിച്ചവരുടെ 2023 ഓഗസ്റ്റ് മാസത്തെ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുകയാണ്. ഗുണദോഷങ്ങൾ എങ്ങനെ അനുഭവത്തിലെത്തുന്നു എന്നത് പരിശോധിക്കപ്പെടുന്നു.
അശ്വതി: ജൂലൈ മാസത്തിലെ അനുഭവങ്ങളുടെ തനിയാവർത്തനം തന്നെയാവും ആഗസ്റ്റിലും. നേട്ടങ്ങൾക്കാവും മുൻതൂക്കം. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം. രണ്ടാം ഭാവാധിപനായ ശുക്രന് വക്രഗതി വരികയാൽ പ്രതീക്ഷിച്ച സമയത്ത് പണം കൈവശം ഇല്ലാതെ പോകാം. മനസ്സ് ചിലപ്പോൾ ചഞ്ചലമാവും. വാഹനങ്ങൾക്ക് അറ്റകുറ്റം ഉണ്ടായേക്കും. അഞ്ചിൽ ചൊവ്വ സഞ്ചരിക്കുകയാൽ കഠിനതീരുമാനങ്ങൾ കൈക്കൊള്ളും. മനസ്സാക്ഷിയില്ല എന്ന ആക്ഷേപം ശത്രുക്കൾ ഉയർത്തിയേക്കും. കഫ, ഹൃദയരോഗങ്ങൾ ആക്രമിച്ചേക്കാം.
ഭരണി: ജന്മരാശിയായ മേടത്തിലും ത്രികോണരാശിയായ ചിങ്ങത്തിലും കൂടുതൽ ഗ്രഹങ്ങളുള്ളതിനാൽ ആലോചനയും കർമ്മവും തമ്മിൽ പൊരുത്തപ്പെടും. ദൗത്യങ്ങൾ ഭംഗിയായി നിർവഹിക്കാനാവും. പദവിയിൽ ഉയർച്ച, ആദായ വർധന എന്നിവ പ്രതീക്ഷിക്കാം. ഊഹക്കച്ചവടത്തിൽ ലാഭം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത കുറയുന്നതാണ്. കലാപരമായ വിഷയങ്ങളിൽ ശ്രദ്ധ അർപ്പിച്ചെന്നു വരാം. വിയോജിപ്പുകളെ കണ്ടില്ലെന്നു നടിക്കും. പുതുസംരംഭങ്ങൾക്ക് കാലം അനുകൂലമാണ്. കുടുംബബന്ധങ്ങൾക്ക് മുഖ്യത്വം കൊടുക്കാൻ സദാ ശ്രദ്ധ പുലർത്തും.
കാർത്തിക: ജന്മനക്ഷത്രത്തിന്റെ ഏഴാം നക്ഷത്രമായ ആയില്യത്തിൽ സൂര്യൻ സഞ്ചരിക്കുന്നതിനാൽ പലതരം സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാം. ചൊവ്വ നേട്ടങ്ങളെയും തൊഴിലിലുള്ള മികവിനെയും തടസ്സപ്പെടുത്താം. ഏതുകാര്യവും സൂക്ഷിച്ച് ചെയ്യേണ്ട സന്ദർഭമാണ്. വ്യവഹാരങ്ങളിൽ വിജയിക്കാൻ കാത്തിരിക്കേണ്ടിവരും. പുതിയ ഗൃഹത്തിലേക്ക് മാറാൻ കാലവിളംബം വന്നേക്കാം. അദ്ധ്വാനത്തിന് സമർഹമായ വേതനം ലഭിക്കുന്നതാണ്. എന്നാൽ വ്യയം കൂടിയേക്കും. തൊഴിൽ തേടുന്നവർക്ക് ശുഭഫലങ്ങൾ ഉണ്ടാവും.
രോഹിണി: ഓഗസ്റ്റ് ആദ്യപകുതിയിൽ കൂടുതൽ നേട്ടങ്ങൾ വന്നുചേരും. സഹായ വാഗ്ദാനങ്ങൾ ഫലവത്താകും. മക്കളുടെ പഠിപ്പ് / വിവാഹം മുതലായവയ്ക്ക് സാമ്പത്തിക പിന്തുണ പ്രയോജനമേകും. രണ്ടാം പകുതിയിൽ ഗൃഹസൗഖ്യം കുറയാം. കുടുംബാംഗങ്ങളുടെ അനൈക്യം വിഷമിപ്പിച്ചേക്കും. പ്രശ്നപരിഹാരത്തിന് വഴികൾ തെളിഞ്ഞുകിട്ടണമെന്നില്ല. നിത്യവേതനമുള്ള ജോലി, കരാർപണികൾ എന്നിവയിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ഒരുവിധം മുന്നോട്ടു നീങ്ങാൻ സാധിക്കുന്നതാണ്. ഇടക്കിടെ മടിയും നിരുന്മേഷതയും പിടികൂടാം. ആരോഗ്യപ്രശ്നങ്ങൾക്ക് ചികിൽസ വേണ്ടി വരാം.
മകയിരം: സങ്കീർണ്ണ പ്രശ്നങ്ങൾ സമർത്ഥമായി പരിഹരിക്കും. കുടുംബാംഗങ്ങളായ പുതുതലമുറയ്ക്ക് ചില വിജയരഹസ്യങ്ങൾ പറഞ്ഞുകൊടുക്കും. മാസത്തിന്റെ ആദ്യ പകുതി ഇടവക്കൂറുകാർക്കും രണ്ടാം പകുതി മിഥുനക്കൂറുകാർക്ക് സൽഫലങ്ങൾക്ക് കാരണമാകും. ഉദ്യോഗസ്ഥർക്ക് ബഹുമാന്യത ലഭിക്കും. വ്യാപാരപുരോഗതി സന്തോഷമേകും. എന്നാൽ വലിയ മുതൽ മുടക്കുകൾക്കും കടം വാങ്ങി കച്ചവടം നടത്തുന്നതിനും ഇപ്പോൾ കാലം അനുകൂലമല്ല. കഫം / വാതം സംബന്ധിച്ച രോഗങ്ങൾ വിഷമിപ്പിക്കാം.
തിരുവാതിര: വാക്കുകളുടെ പാരുഷ്യവും അധികാരധ്വനികളും ശത്രുക്കളെ സൃഷ്ടിക്കാം. ഉദ്യോഗസ്ഥർ ചില ദൗത്യങ്ങൾ ഏറ്റെടുക്കാൻ മടിക്കുന്നത് അധികാരത്തിൽ ഇരിക്കുന്നവരെ പ്രകോപിപ്പിച്ചേക്കാം. കുടുംബ ജീവിതത്തിൽ അനുരഞ്ജനം അനിവാര്യമാകും. ആഗസ്റ്റ് രണ്ടാം പകുതിയിൽ നിക്ഷേപങ്ങളിൽ നിന്നും വരുമാനമുണ്ടാകുന്നതാണ്. പുതിയസംരംഭങ്ങൾക്ക് കാലം ഒട്ടൊക്കെ അനുകൂലമാണെന്ന് പറയേണ്ടിവരും. പഴയ കൂട്ടുകാരെ കാണാനാവും. യാത്രകൾ അഭ്യുദയത്തിനാവും. പേരക്കുട്ടികളുടെ പഠനത്തിന് പിന്തുണയേകും.
പുണർതം: മിഥുനക്കൂറിൽ ജനിച്ചവർക്ക് പതിനൊന്നിലെ വ്യാഴസ്ഥിതി കൊണ്ട് പൊതുവേ അനുകൂല ഫലങ്ങളാണ്. ആഗസ്റ്റ് ആദ്യ പകുതിയിൽ ആദിത്യൻ കർക്കടകത്തിലാകയാൽ സർക്കാർ സംബന്ധിച്ച കാര്യങ്ങൾക്ക് തടസ്സം ഭവിക്കും. പൈതൃക വസ്തുക്കളുടെ കാര്യത്തിൽ തർക്കങ്ങൾ ഉടലെടുക്കാം. ഉദ്യോഗസ്ഥർക്ക് ജോലിഭാരം അധികരിക്കും. ഓഗസ്റ്റ് രണ്ടാം പകുതിയിൽ സ്വശക്തി വർദ്ധിച്ചതായി തോന്നും. സമൂഹത്തിൽ സ്വാധീനം കൂടാം. പ്രതിയോഗികളെ തൃണവൽഗണിച്ച് മുന്നേറും. രാഷ്ട്രീയമൽസരങ്ങളിൽ വിജയിക്കാൻ സാധിക്കുന്നതാണ്. കുടുംബാംഗങ്ങളുമായി ഉല്ലാസ യാത്രകൾ, വിരുന്നുകൾ എന്നിവയുണ്ടാവും.
പൂയം: തീരുമാനങ്ങളെടുക്കാൻ മനസ്സ് അശക്തമാകും. തീരുമാനമെടുക്കാൻ കഴിഞ്ഞാൽ നടപ്പിലാക്കാനും വൈക്ലബ്യം വന്നു കൂടും. നിരുന്മേഷത വ്യാപാര രംഗത്തുമുണ്ടാവും. പ്രയോജനരഹിതമായ അലച്ചിലുകൾ മറ്റൊരു സാധ്യതയാണ്. സാമ്പത്തിക സ്ഥിതി നേരിയ തോതിൽ മെച്ചപ്പെടും. ആഗസ്റ്റ് രണ്ടാം പകുതി മുതൽ കാര്യങ്ങൾ വരുതിയിലാകും. തൊഴിൽ രംഗത്ത് നവീകരണം സാധ്യമാകും. സർക്കാരിൽ നിന്നും പ്രതീക്ഷിച്ച ആനുകൂല്യം ലഭിക്കുന്നതാണ്. വായ്പകളുടെ തിരിച്ചടവ് സാധ്യമാകും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റമോ പുതിയ ചുമതലകളോ സിദ്ധിക്കുന്നതാണ്.
ആയില്യം: ആയില്യം ഞാറ്റുവേല നടക്കുകയാൽ ഓഗസ്റ്റ് മാസം ആദ്യ പകുതിയിൽ ദേഹക്ലേശം അനുഭവപ്പെടാം. നിഷ്പ്രയോജനമായ യാത്രകൾ ഉണ്ടാകും. കരുതൽ ധനം ചെലവിനായി സ്വീകരിക്കേണ്ടിവരും. കിടപ്പ് രോഗികൾക്ക് ചികിൽസകൾ വേണ്ടത്ര ഫലിക്കുന്നില്ലെന്ന സ്ഥിതിയുണ്ടാവാം. മാസത്തിന്റെ രണ്ടാം പകുതിയിൽ ആത്മശക്തി ഉയരുന്നതാണ്. കാര്യങ്ങളുടെ മേൽ നിയന്ത്രണം ഭവിക്കും. മൽസരങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ കഴിഞ്ഞേക്കും. കുടുംബാംഗങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധ കാട്ടും. ദാമ്പത്യത്തിലെ പിണക്കങ്ങൾ ഇണക്കങ്ങൾക്ക് വഴിമാറുന്നതാണ്. ധനപരമായി സുസ്ഥിതി വന്നെത്തും.
മകം: പന്ത്രണ്ടിലും ജന്മരാശിയിലുമായി സൂര്യനും ജന്മരാശിയിൽ ചൊവ്വയും സഞ്ചരിക്കുകയാൽ ആഗസ്റ്റ് മാസത്തിൽ പൊതുവേ ഗുണാനുഭവങ്ങൾ മങ്ങും. ദേഹത്തിനു സുഖക്കുറവുണ്ടാകും. വിചാരിച്ചതു പോലെ പ്രവൃത്തിക്കാൻ കഴിയണമെന്നില്ല. ഉദ്യോഗസ്ഥർക്ക് പലതരം സമ്മർദ്ദങ്ങളുണ്ടാവും. ഭോഗവിഘാതം, യാത്രകളുടെ നിഷ്പ്രയോജനത എന്നിവയും ഫലങ്ങൾ. ചെലവധികരിക്കുമെങ്കിലും ന്യായമായ വഴികളിലൂടെ പണം വന്നുചേരുന്നതാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ശക്തമായ പിന്തുണ മനസ്ഥൈര്യം വളർത്തും. ഊഹക്കച്ചവടത്തിനു മുതിരരുത്. സാഹസകർമ്മങ്ങൾ ചെയ്യരുത്. എങ്കിൽ ഒരുവിധം വിജയം വരിക്കാൻ സാധിക്കുന്നതാണ്.
പൂരം: ക്ലേശങ്ങളുടെ സഹയാത്രികത്വം നിങ്ങളെ കൂടുതൽ കരുത്തരാക്കുന്നു. ക്ഷമയോടെയുള്ള കാത്തിരിപ്പ് വിജയം നൽകുന്നു. മിതവ്യയം ഗുണമേകും. വ്യാപാരത്തിൽ വലിയ മുതൽ മുടക്കുകൾ ചെയ്യാതെ ഉള്ളതു കൊണ്ട് വിപണനം നടത്താൻ ശ്രമിച്ചാൽ കാര്യങ്ങൾ അനുകൂലമാകും. പഠനത്തിൽ അലസത വരാം. ഉദ്യോഗാർത്ഥികൾ അല്പം കൂടി കാത്തിരിക്കേണ്ടതുണ്ട്. വിവാഹാർത്ഥികൾക്കും കാലം വൈകാതെ അനുകൂലമാകുന്നതാണ്. ബന്ധുക്കളുടെ പിന്തുണ ആത്മവിശ്വാസമേകും. പുതിയ കടബാധ്യതകൾക്ക് മുതിരരുത്. അധ്വാനം ഫലം കാണും. മാസത്തിന്റെ രണ്ടാം പകുതി കൂടുതൽ ഫലവത്താണ്.
ഉത്രം: ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരാം. വ്യവഹാരം മതിയാക്കാൻ തയ്യാറാവും. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ 'നല്ല പുസ്തകത്തിൽ' ഇടം പിടിക്കുക എളുപ്പമാവില്ല. സഹപ്രവർത്തകർ നിസ്സഹകരണം തുടർന്നേക്കും. സാമൂഹ്യ ജീവിതത്തിൽ ആദരവ് ലഭിക്കും. ബന്ധുക്കളുടെ സ്വീകാര്യത സന്തോഷമേകുന്നതാണ്. കുടുംബ ജീവിതത്തിൽ ഒട്ടൊക്കെ വിജയിക്കാൻ സാധിക്കും. ആരോഗ്യപ്രശ്നങ്ങൾക്ക് വൈദ്യസഹായം നൽകാൻ അമാന്തിക്കരുത്. ആഗസ്റ്റ് രണ്ടാം വാരം മുതൽ ചൊവ്വ ജന്മനക്ഷത്രത്തിലൂടെ സഞ്ചരിക്കുകയാൽ സർവ്വകാര്യങ്ങളിലും ശ്രദ്ധയുണ്ടാവണം.
അത്തം: വ്യാപാരരംഗത്ത് പുതുശൈലികൾ കൊണ്ടുവരാൻ ശ്രമം നടത്തും. എന്നാൽ പാരമ്പര്യ സംവിധാനങ്ങളെ പൂർണമായി ഉപേക്ഷിക്കാൻ കഴിയുകയുമില്ല. ആഗസ്റ്റ് ആദ്യപകുതിയിൽ പലനിലയ്ക്ക് വരവ് അധികരിക്കും. ചില കിട്ടാക്കടങ്ങൾ ഭാഗികമായിട്ടെങ്കിലും വന്നുചേരും. സർഗപ്രവർത്തനം അഭംഗുരമായി തുടരുവാനാവും. മാസത്തിന്റെ രണ്ടാം പകുതിയിൽ ചെലവ് കൂടാം ആഢംബര വസ്തുക്കൾ വാങ്ങും. ജോലിയിൽ കാത്തിരുന്ന പ്രൊമോഷൻ സിദ്ധിക്കാം. എന്നാൽ അനിഷ്ട സ്ഥലത്തേക്ക് ജോലിമാറ്റവും കൂടിയുണ്ടാവും. ആരോഗ്യസ്ഥിതിയിൽ ജാഗ്രത വേണം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും.
ചിത്തിര: പാതിവഴിയിൽ നിന്നുപോയ പ്രവൃത്തികൾ പൂർത്തിയാക്കാൻ സന്ദർഭം ഉണ്ടാകുന്നതാണ്. ഉന്നതവിദ്യാഭ്യാസത്തിൽ നേട്ടങ്ങൾ വന്നെത്തും. സ്വതന്ത്രമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനവസരം സിദ്ധിക്കുന്നതാണ്. ഭൂമിസംബന്ധിച്ചുണ്ടായ തർക്കങ്ങൾ പരിഹൃതമായേക്കും. സഹോദരർ അനുകൂലത കൈക്കൊള്ളുന്നതാണ്. മാസത്തിന്റെ ആദ്യപകുതി കന്നിക്കൂറുകാർക്കും രണ്ടാം പകുതി തുലാക്കൂറുകാർക്കും അനുഗുണമാകും. പ്രണയികൾക്ക് ഹൃദ്യമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. അവിവാഹിതരുടെ വിവാഹ ശ്രമങ്ങൾ ഊർജ്ജിതമാകുന്നതാണ്.
ചോതി: തൊഴിൽ വലുതാകട്ടെ, ചെറുതാകട്ടെ നവോന്മേഷം വന്നുചേരും. അത് എങ്ങനെ വികസിപ്പിക്കാം എന്നതിൽ ശ്രദ്ധ ചെലുത്തും. ജോലി നഷ്ടപ്പെട്ടതുമുലം വിഷമിക്കുന്നവർക്ക് ആദായ മാർഗങ്ങൾ തുറന്നുകിട്ടുന്നതാണ്. വായ്പാ തിരിച്ചടവുകൾ മുടങ്ങില്ല. സർക്കാരിന്റെ അനുമതി ലഭിക്കുന്നതിനുണ്ടായ തടസ്സങ്ങൾ നീങ്ങുന്നതാണ്. പിതാവിന്റെ പിന്തുണ ശക്തി പകരും. പരീക്ഷകളിലും മത്സരങ്ങളിലും ശ്രദ്ധേയമായ വിജയം കരസ്ഥമാക്കും. മക്കളുടെ വിവാഹകാര്യത്തിനായി ശ്രമം തുടങ്ങുന്നതാണ്. കുടുംബാംഗങ്ങളോടൊപ്പം വിനോദയാത്രകൾ നടത്തും. മാസാന്ത്യത്തിൽ ആരോഗ്യകാര്യത്തിൽ കൂടുതൽ ജാഗ്രത വേണ്ടതുണ്ട്.
വിശാഖം: സാമ്പത്തിക മാന്ദ്യത്തിന് മാറ്റം വരുന്നതാണ്. പുതിയ കാര്യങ്ങൾ പഠിപ്പിക്കാനും അവ സ്വജീവിതത്തിൽ പ്രായോഗികമാക്കാനും ശ്രമം തുടരും. അനാവശ്യ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നത് ഉത്തമം. വാഹനം ഗൃഹോപകരണങ്ങൾ ഇവ വാങ്ങാൻ സാധ്യതയുണ്ട്. സ്ത്രീകൾക്ക് ജീവിതപങ്കാളിയുടെ പൂർണ്ണപിന്തുണ ലഭിക്കുന്നതാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അന്യദേശത്തെ ആശ്രയിക്കേണ്ടി വരാം. അയൽബന്ധങ്ങൾ രമ്യമാവുന്നതിന് മുൻകൈയെടുക്കുന്നതാണ്. മാനസികാരോഗ്യവും ശാരീരികാരോഗ്യവും മെച്ചപ്പെടും.
അനിഴം: തൊഴിൽ രംഗത്തെ അശാന്തതകൾ എന്നു തീരും എന്ന ഉൽക്കണ്ഠക്ക് ഭാഗികമായി ശരിയുത്തരം കിട്ടും. കച്ചവടത്തിൽ ചെറിയ ലാഭം പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർക്ക് വേതന വർദ്ധനവ് ഉണ്ടാവുന്നതാണ്. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ബുദ്ധിപരമാവില്ല. വലിയ പണം മുടക്കില്ലാത്ത തൊഴിലുകൾ പരീക്ഷിച്ചു നോക്കാവുന്നതാണ്. പണയാഭരണങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കും. പൂർവ്വകാല സുഹൃത്തുക്കളെ കണ്ടുമുട്ടാൻ കഴിയും. ജീവിതശൈലീരോഗങ്ങൾക്ക് ചികിൽസ വേണ്ടിവരാം. കുടുംബ സമാഗമങ്ങളിൽ പങ്കെടുക്കും.
തൃക്കേട്ട: വീടുമാറ്റമോ ജോലിമാറ്റമോ ഒരു സാധ്യതയാണ്. നാലിലെ വക്രശനിയുടെ ഫലങ്ങളിലൊന്നാണത്. അന്നാട്ടിൽ തൊഴിൽ തേടുന്നവർക്ക് അതിനവസരമുണ്ടാകുന്നതാണ്. ഉപയോഗിച്ച വാഹനങ്ങൾ വാങ്ങിയേക്കും. ആദ്യം ചേർന്ന കോഴ്സുകളിൽ നിന്നും മാറുന്ന സ്ഥിതിയും വരാം. സാമ്പത്തിക സ്ഥിതി മോശമാവില്ല. ആഢംബരച്ചെലവുകൾക്ക് പോകാതെ മിതവ്യയം ശീലിക്കുന്നത് ഗുണം ചെയ്യും. സൽകർമ്മങ്ങളിൽ പങ്കുകൊള്ളും. രാഷ്ട്രീയ പ്രവർത്തനത്തിന് പ്രതീക്ഷിക്കാത്ത പിൻബലം ലഭിക്കുന്നതാണ്. കുടുംബജീവിതത്തിൽ സ്വസ്ഥതക്കുതന്നെയാവും മുൻതൂക്കം. മാതാവിന്റെ ആരോഗ്യസ്ഥിതിയിൽ ശ്രദ്ധയുണ്ടാവണം.
മൂലം: ദീർഘകാലത്തെ താത്പര്യങ്ങൾ നടന്നേക്കും. ആത്മവിശ്വാസം വർദ്ധിക്കും. നേട്ടങ്ങൾ അപ്രതീക്ഷിതമാണെന്നു വരാം. പിതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. കുടുംബസ്വത്തിന്മേലുള്ള തർക്കങ്ങൾ രമ്യമായി പരിഹരിക്കപ്പെടാൻ ഇടയുണ്ട്. സഹായവാഗ്ദാനങ്ങൾ ചിലപ്പോൾ നിറവേറപ്പെട്ടില്ലെന്നു വന്നേക്കാം. കലാവാസനകൾ കുടുംബാംഗങ്ങളുടെ പരിഹാസത്തിന് പാത്രമാകാം. വൈകാരികക്ഷോഭം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. അധികാരികളുമായി വാഗ്വാദങ്ങൾ ഉണ്ടായേക്കാം. ദാമ്പത്യത്തിൽ സംതൃപ്തി ഭവിക്കുന്നതാണ്. സാമ്പത്തികസ്ഥിതി മോശമാവില്ല.
പൂരാടം: വിദ്യാർത്ഥികൾ പഠനത്തിൽ അലസരായേക്കും. പ്രോജക്ടുകൾ സമയബന്ധിതമായി തീർക്കാൻ വിഷമിക്കാം. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ മെല്ലെയാകുന്നതാണ്. വ്യാപാരരംഗത്ത് സ്വീകരിച്ച പുതിയ പരീക്ഷണങ്ങൾ വിജയത്തിലെത്താൻ കാലതാമസം നേരിടും. മാസത്തിന്റെ രണ്ടാം പകുതി കൂടുതൽ ഊർജ്ജദായകമാണ്. ഉദ്യോഗത്തിൽ അനുകൂലമായ മാറ്റങ്ങൾ വന്നുചേരും. സംഘടനാരംഗത്തെ പ്രാമുഖ്യം അംഗീകരിക്കപ്പെടുന്നതാണ്. നവസംരംഭങ്ങൾക്ക് ധനം കണ്ടെത്താനുള്ള ശ്രമമാരംഭിക്കും. കുടുംബാംഗങ്ങൾക്കിടയിലെ പൊരുത്തക്കേടുകൾ ഒരുവിധം പരിഹരിക്കുന്നതാണ്. ആരോഗ്യകാര്യത്തിൽ അലംഭാവമരുത്.
ഉത്രാടം: യാത്രകളിൽ സന്തോഷം കണ്ടെത്തും. കുടുംബ സമേതമുള്ള യാത്രകളും ഉണ്ടാവും. ബിസിനസ്സ് വിപുലീകരണം കുറച്ചൊക്കെ വിജയത്തിലെത്തും. അന്യനാട്ടിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയുന്നതാണ്. ഊഹക്കച്ചവടത്തിൽ ചെറിയ തോതിൽ വിജയം കാണും. ഉത്സവാഘോഷങ്ങളുടെ നേതൃത്വം വഹിക്കും. മകളുടെ വിവാഹത്തിനായി സജീവമായ ശ്രമങ്ങൾ തുടങ്ങുന്നതാണ്. വസ്തുവിൽക്കുന്നതിൽ തടസ്സങ്ങൾ ഉണ്ടാകും. തൊഴിൽ തേടുന്ന ചെറുപ്പക്കാർക്ക് ചെറിയ വരുമാനമാർഗം തുറക്കപ്പെടാം. ദാമ്പത്യബന്ധം ഉലഞ്ഞും ഐക്യപ്പെട്ടും സ്വാഭാവികരീതിയിൽ തുടരുന്നതാണ്.
തിരുവോണം: കുടുംബത്തിൽ നല്ലകാര്യങ്ങൾ നടക്കും. കുട്ടികളുടെ പഠന മികവ് സന്തോഷമേകും. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ പുരോഗതിയുണ്ടാവുന്നതാണ്. നാട്ടിലെ ആഘോഷങ്ങളിലും വീട്ടിലെ അനുഷ്ഠാനങ്ങളിലും പൂജാദികളിലും മറ്റും സജീവമായ സാന്നിധ്യം പുലർത്തും. സാമ്പത്തികമായി കരുതൽ വേണ്ട കാലമാണ്. പ്രതീക്ഷിച്ച ധനം വന്നുചേരണമെന്നില്ല. പുതിയ മുതൽ മുടക്കുകൾക്ക് കാലം അനുകൂലവുമല്ല. സർക്കാർ കാര്യങ്ങളിൽ വിളംബമോ വിഘ്നമോ വരാവുന്നതാണ്. ആരോഗ്യകാര്യത്തിലെ ഉദാസീനത ഉപേക്ഷിക്കണം.
അവിട്ടം: കാര്യനിർവഹണത്തിലെ മിടുക്ക് പ്രശംസിക്കപ്പെടും. മേലധികാരികളുടെ പ്രിയം നേടും. കർമ്മരംഗത്തെ വെല്ലുവിളികളെ സസന്തോഷം നേരിടും. ഗവേഷണ പ്രബന്ധം പൂർത്തിയാക്കും. ഗാർഹികമായ പ്രശ്നങ്ങൾ കൂടാം. സഹോദരരുടെ നിസ്സഹകരണം വിഷമിപ്പിച്ചേക്കും. ആഘോഷങ്ങൾക്ക് പണം കണ്ടെത്തുക ഒരു വെല്ലുവിളിയാവും. കൈവായ്പകൾ സ്വീകരിക്കേണ്ടി വരാം. ദാമ്പത്യത്തിൽ സംതൃപ്തിയുണ്ടാവും. ദീർഘയാത്രകൾക്ക് അനുഗുണമായ കാലമല്ല. സാഹസങ്ങൾക്ക് മുതിരരുത്.
ചതയം: കർമ്മപുഷ്ടിയുണ്ടാകുന്നതാണ്. സ്ഥാനോന്നതി പ്രതീക്ഷിക്കാം. എന്നാൽ അദ്ധ്വാനം വർദ്ധിക്കുന്നതാണ്. തൊഴിൽപരമായ യാത്രകൾ കൂടുതൽ ചെയ്യേണ്ടിവന്നേക്കാം. സാമ്പത്തികസ്ഥിതി മെച്ചപ്പെടും എന്നുപറയാനാവില്ല. നിത്യച്ചിലവുകൾ നന്നായി നടന്നുപോകുന്നതാണ്. ഉടമ്പടികളും കരാറുകളും ഭാവിയിൽ പ്രയോജനപ്രദമാകും. കുടുംബഭദ്രതയെ ഏഴിലും എട്ടിലുമായി സഞ്ചരിക്കുന്ന ചൊവ്വ ദുർബലപ്പെടുത്താം. മാസത്തിന്റെ രണ്ടാംപകുതി മുതൽ ആരോഗ്യകാര്യം, തൊഴിൽ എന്നിവയിൽ കൂടുതൽ ശ്രദ്ധയുണ്ടാവേണ്ടതുണ്ട്.
പൂരുരുട്ടാതി: വ്യക്തിത്വത്തിൽ തിരുത്തലുകൾ വരുത്താൻ ഒരുങ്ങും. കുടുംബത്തിലും ചില പരിഷ്കാരങ്ങൾക്ക് മുതിരുന്നതാണ്. സഹപ്രവർത്തകരോട് ഇക്കാര്യത്തിൽ കലഹിച്ചേക്കാം. വിദ്യാർത്ഥികളെ ആലസ്യം പിടികൂടുന്നതാണ്. കലാകാരന്മാർക്ക് നല്ല അവസരം വന്നെത്തും. കരാർ പണികൾ പുതുക്കിക്കിട്ടുന്നതാണ്. പക്ഷേ മുതൽ മുടക്കിന് കാലം അനുകുമല്ലെന്നത് ഓർമ്മയിലുണ്ടാവണം. ഇഷ്ടവസ്തുക്കൾ നിർലോഭം വാങ്ങും. കുംഭക്കൂറുകാർക്ക് മാസാദ്യം മെച്ചം കൂടും. ചൊവ്വ ഏഴ്, എട്ട് തുടങ്ങിയ ഭാവങ്ങളിൽ സഞ്ചരിക്കുന്നത് നല്ലതല്ല. ദാമ്പത്യത്തിൽ 'ഈഗോ' പ്രശ്നങ്ങൾ സൃഷ്ടിക്കാം.
ഉത്രട്ടാതി: മുൾവിരിച്ച പാതകൾ മാത്രമല്ല വിജയവഴികളും ജീവിതത്തിലുണ്ടെന്നറിയും. മനസ്സാണ് രണ്ടിനേയും സൃഷ്ടിക്കുന്നതെന്നും വ്യക്തമാവും. സാമ്പത്തിക ക്ലേശങ്ങൾക്ക് അയവുണ്ടായേക്കും. വ്യവഹാരങ്ങളിൽ നേട്ടമുണ്ടാകും. നീതി നിഷേധത്തിന്റെ കാലം അവസാനിച്ചതായി തോന്നാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഔൽസുക്യം ഉണ്ടാവും. വിവാഹാർത്ഥികൾക്ക് നല്ല ആലോചനകൾ വന്നെത്തുന്നതാണ്. കുടുംബാംഗങ്ങളുടെ സർവ്വാത്മനാ ഉള്ള സഹകരണം വലിയ ആശ്വാസമേകും. മത്സരങ്ങളെ ആത്മവിശ്വാസത്തോടെ നേരിടും.
രേവതി: പ്രത്യുല്പന്നമതിത്വം കൊണ്ട് ആപൽസന്ധികളെ മറികടക്കാനാവും. സർക്കാർ നടപടികൾ അനുകൂലമായിത്തീരും. നവസംരംഭങ്ങൾക്ക് ബന്ധുമിത്രാദികളുടെ പ്രോൽസാഹനം ലഭിക്കുന്നതാണ്. ഗൃഹോപകരണങ്ങൾ വാങ്ങാൻ വായ്പാസൗകര്യം പ്രയോജനപ്പെടുത്തിയേക്കും. കിടപ്പുരോഗികൾക്ക് സമാശ്വാസം ലഭിക്കാം. പുതുചികിൽസകൾ ഫലവത്താകുന്നതാണ്. നാട്ടിലെ ആഘോഷങ്ങളിൽ പങ്കാളിത്തം കൊണ്ടും നേതൃത്വം കൊണ്ടും നിറസാന്നിദ്ധ്യമാവും. കടുംബകാര്യങ്ങളിൽ സമാധാനം പ്രതീക്ഷിക്കാവുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.