scorecardresearch

August 27- September 02, 2023: വാരഫലം, മൂലം മുതൽ രേവതി വരെ: Weekly Horoscope, Astrological Predictions

August 27- September 02, 2023: Weekly Horoscope Astrological Predictions Moolam to Revathi: മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലമിങ്ങനെ

August 27- September 02, 2023: Weekly Horoscope Astrological Predictions Moolam to Revathi: മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലമിങ്ങനെ

author-image
S. Sreenivas Iyer
New Update
Horoscope | Astrology | Weekly Horoscope

വാരഫലം, മൂലം മുതൽ രേവതി വരെ

August 27- September 02, 2023: Weekly Horoscope Astrological Predictions Moolam to Revathi: മലയാള മാസങ്ങളിൽ ആദ്യത്തേതായ ചിങ്ങം, എന്നത് സിംഹം രാശിയെ (Leo - Lion) കുറിക്കുന്നു. ചിങ്ങം രാശിക്ക് സിംഹസ്വരൂപമാകയാൽ ചിങ്ങം എന്ന പേരുണ്ടായി. ഇക്കൊല്ലം ചാന്ദ്രമാസമായ ശ്രാവണവും ചിങ്ങത്തിനൊപ്പം തന്നെ പുരോഗമിക്കുകയാണ്. സൂര്യൻ ചിങ്ങം രാശിയിൽ സഞ്ചരിക്കുന്നതിനാൽ ആ മുപ്പത് ദിവസങ്ങളെ സൗരം അഥവാ സോളാർ എന്ന കാലനിർണയത്തിൽ ചിങ്ങമാസം ആയി കണക്കാക്കുന്നുണ്ട്. സൂര്യൻ മകം - പൂരം നക്ഷത്രമണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ ഇക്കാലം മകം, പൂരം ഞാറ്റുവേലകളായി അറിയപ്പെടുന്നു. സൂര്യന്റെ സ്വക്ഷേത്രം ചിങ്ങം രാശിയാണ് എന്ന സവിശേഷതയും പറയാം.

Advertisment

ഓഗസ്റ്റ് 30-ാം തീയതി ബുധനാഴ്ച് പൗർണമിയാണ്. അന്ന് ചന്ദ്രബലം പൂർണതയിലെത്തുന്നു. പിറ്റേന്നുമുതൽ കൃഷ്ണപക്ഷം ആരംഭിക്കുകയാണ്. ഈയൊരാഴ്ചയിൽ മൂലം മുതൽ ഉത്രട്ടാതി വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് ചന്ദ്രന്റെ പ്രയാണം. വ്യാഴം, രാഹു എന്നിവ മേടം രാശിയിൽ യഥാക്രമം ഭരണി, അശ്വതി നക്ഷത്രങ്ങളിലാണ്. ശനി കുംഭം രാശിയിൽ ചതയം നാളിൽ വക്രഗതിയിൽ തുടരുന്നു. ബുധൻ ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിൽ വക്രസഞ്ചാരത്തിലാണ്. ബുധന് മൗഢ്യവും ആരംഭിക്കുന്നു. കേതു തുലാം രാശിയിൽ ചിത്തിര മൂന്നാം പാദത്തിലത്രെ! ചൊവ്വ കന്നിരാശിയിൽ ഉത്രം നാളിലായിട്ടാണ്, സഞ്ചാരം. ശുക്രൻ കർക്കടകത്തിൽ ( ആയില്യം നക്ഷത്രത്തിൽ) വക്രഗതി തുടരുന്നു.

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള നാളുകാരുടെ വാരഫലം ഇവിടെ വിശദമായി പരിശോധിക്കുകയാണ്.

ഏവർക്കും ഐശ്വര്യപൂർണമായ ഓണാശംസകൾ!

മൂലം

ആത്മാർത്ഥതയുള്ള പരിശ്രമങ്ങൾ വിജയം കാണും. തൊഴിലിൽ നിന്നും നേട്ടങ്ങളുണ്ടാകും. ഭാഗ്യസ്ഥാനാധിപനായ സൂര്യൻ ഭാഗ്യഭാവത്തിൽ തുടരുകയാൽ നല്ല അനുഭവങ്ങൾ വർദ്ധിക്കും. ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ നഷ്ടമാകുകയില്ല. എന്നാൽ അദ്ധ്വാനം കൂടും. ഒന്നിനുപിറകെ ഒന്നായി പല ദൗത്യങ്ങൾ വന്നെത്തും. കുടുംബാംഗങ്ങൾക്ക് ഫലപ്രദമായ ചില ഉപദേശങ്ങൾ നൽകാനായേക്കും. പ്രതീക്ഷിച്ച ധനവും സഹായവും മറ്റും കൃത്യമായി തന്നെ വന്നെത്തും. വാഹനം വാങ്ങാനുള്ള ശ്രമം തുടരുന്നതാണ്.

Advertisment

പൂരാടം

ധനവരവ് സംതൃപ്തിയേകും. കരാർ ജോലികൾ പുതുക്കപ്പെടുന്നതാണ്. ഊഹക്കച്ചവടം മോശമാകില്ല. പിതൃസ്വത്തിൽ നിന്നും ആദായം വന്നെത്തും. വിദ്യാഭ്യാസ കാര്യത്തിലെ മാന്ദ്യം നീങ്ങും. പരീക്ഷകളിൽ നന്നായി എഴുതാനാവും. നക്ഷത്രാധിപനായ ശുക്രന് വക്രസ്ഥിതിയാകയാൽ സുഹൃൽബന്ധങ്ങളിൽ ചില തെറ്റിദ്ധാരണകൾ വരാം. രോഗചികിത്സ പുനരാരംഭിച്ചേക്കാം. അന്യദേശ യാത്രകൾക്ക് സാധ്യതയുണ്ട്. ഉപാസനാദികൾക്ക് തടസ്സമുണ്ടാകുന്നതല്ല.

ഉത്രാടം

സദുദ്ദേശ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് സർവ്വാത്മനാ ഉള്ള സ്വീകരണം ലഭിക്കും. സൂര്യനും ബുധനും ഒരുമിക്കുകയാൽ കർമ്മനൈപുണ്യം ഭവിക്കും. വിരോധികൾക്ക് മൗനം കൊണ്ടും അവഗണന കൊണ്ടും മറുപടി നൽകും. ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യാപാര കാര്യങ്ങൾക്കായി യാത്രകൾ വേണ്ടി വരുന്നതാണ്. സാമൂഹ്യപ്രവർത്തനം കാരണം സ്വന്തം വീട്ടുകാരോടൊപ്പം ചിലവഴിക്കാൻ വേണ്ടത്ര നേരം കിട്ടിയേക്കില്ല.

തിരുവോണം

പുതുജോലികൾ തേടുന്നവർക്ക് അനുകൂലമായ ഉത്തരം ലഭിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ പ്രീതി കൈവരും. ഏജൻസി പ്രവർത്തനങ്ങൾ ലാഭകരമാവുന്നതാണ്. ഒന്നുകൂടി ഉത്സാഹിച്ചാൽ പുതുസംരംഭങ്ങളിൽ വിജയിക്കുവാൻ കഴിഞ്ഞേക്കും. ഒമ്പതിലെ ചൊവ്വ ആത്മീയ സാധനകളെ തടസ്സപ്പെടുത്താം. കുടുംബത്തിലെ വയോജനങ്ങളുടെ കാര്യത്തിൽ ശ്രദ്ധ വേണം. കുട്ടികൾക്ക് ചെറിയ ആരോഗ്യപ്രശ്നങ്ങൾ വന്നേക്കും. സഹിഷ്ണുതയ്ക്ക് ജീവിതത്തിൽ വലിയ വിലയുണ്ടെന്നറിയും.

അവിട്ടം

പുതിയ കോഴ്സുകൾ പഠിക്കാൻ സമയം കണ്ടെത്തും. വിദേശജോലിയ്ക്ക് ശ്രമം ഊർജ്ജിതപ്പെടുത്തും. പൂർവ്വസുഹൃത്തുക്കളെ കണ്ടുമുട്ടുന്നതാണ്. പണയവസ്തുക്കൾ തിരിച്ചെടുക്കാൻ കാര്യമായ ശ്രമം നടത്തും. കൈവായ്പകൾ പ്രയോജനപ്പെടാം. രോഗികൾക്ക് ആശ്വാസം കിട്ടുന്ന വാരമാണ്. ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഐക്യം ദൃഢമാകാം. ഈശ്വരീയകാര്യങ്ങൾക്ക് നേരം കണ്ടെത്തും.

ചതയം

ചില തൊഴിൽ തടസ്സങ്ങളെ നേരിടേണ്ടി വരാം. വാരാദ്യം അഷ്ടമരാശിയാകയാൽ കരുതൽ വേണം. കലഹസന്ദർഭങ്ങളെ ഒഴിവാക്കുക ഉചിതം. ജോലിയിൽ അദ്ധ്വാനം വർദ്ധിക്കും. അതനുസരിച്ച് പണവരവ് ഉണ്ടാവണമെന്നില്ല. സഹായവാഗ്ദാനങ്ങൾ പാഴാവും. കരാറുകളിലും മറ്റും പങ്കാളിയാകുമ്പോൾ അതിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കുക. സാഹസങ്ങൾക്ക് തുനിയരുത്. പാഴ്ച്ചെലവുകൾ ഒഴിവാക്കുകയും വേണം.

പൂരുരുട്ടാതി

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റി വെക്കും. കുടുംബകാര്യങ്ങൾക്കായി നെട്ടോട്ടമോടും. സ്വന്തബന്ധുക്കളുടെ വിവാഹാദികളുടെ ചുമതല ഏറ്റെടുക്കുന്നതാണ്.
വ്യാപാര കാര്യങ്ങൾക്ക് വായ്പനേടാൻ വലിയ ശ്രമം നടത്തേണ്ടി വന്നേക്കാം. പ്രാഥമിക തിരഞ്ഞെടുപ്പുകളിൽ ജയിച്ച ചെറുപ്പക്കാർക്ക് തൊഴിൽ നിയമനത്തിന് അറിയിപ്പ് ലഭിക്കാം. പണവരവ് മോശമാകില്ല. വയോജനങ്ങൾക്ക് ആരോഗ്യപരമായി ക്ലേശിക്കേണ്ടി വരാം.

ഉത്രട്ടാതി

അഷ്ടമരാശിയാകയാൽ ചൊവ്വാ, ബുധൻ ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്. പ്രതീക്ഷിച്ച ധനം വന്നുചേരണമെന്നില്ല. ചിലപ്പോൾ കടബാധ്യത അലോസരപ്പെടുത്താം. കുടുംബകാര്യങ്ങളുടെ നിർവഹണത്തിൽ വിജയിച്ചേക്കും. പഠനത്തിൽ ഒരുവിധം മുന്നേറാനാവും. ഗവേഷകരുടെ പ്രബന്ധരചനയിൽ പുരോഗതി കുറഞ്ഞേക്കാം. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടാം. പുതുസംരംഭങ്ങൾ വിദഗ്‌ദ്ധോപദേശം ലഭിച്ച ശേഷം തുടങ്ങുകയാവും സമുചിതം.

രേവതി

നിയമപ്രശ്നങ്ങളിൽ ആനുകൂല്യം ലഭിക്കാം. സർക്കാരിൽ നിന്നും പ്രതീക്ഷിച്ച അനുമതി കൃത്യസമയത്ത് കിട്ടുന്നതാണ്. രാഷ്ട്രീയപ്രവർത്തകർക്ക് പുതുപദവികൾ വന്നുചേർന്നേക്കും. ബുധാദിത്യയോഗത്താൽ ചിന്തിച്ച് പ്രവർത്തിക്കാനും സമുചിത തീരുമാനങ്ങൾ കൈക്കൊള്ളാനും സാധിക്കുന്നതാണ്. സാങ്കേതിക കാര്യങ്ങൾ പഠിച്ചറിയാൻ ഉദ്യമിക്കും. ഏഴിലെ ചൊവ്വ കുടുംബപ്രശ്നങ്ങളെ അല്പം സങ്കീർണമാക്കാനിടയുണ്ട്. ബിസിനസ്സ് സംബന്ധിച്ച ചർച്ചകളിൽ ആശാവഹമായ പുരോഗതി ഉണ്ടാവണമെന്നില്ല.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: