scorecardresearch

August 27- September 02, 2023: വാരഫലം, മകം മുതൽ തൃക്കേട്ട വരെ: Weekly Horoscope, Astrological Predictions

August 27- September 02, 2023: Weekly Horoscope Astrological Predictions Makam to Thrikketa: മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലമിങ്ങനെ

August 27- September 02, 2023: Weekly Horoscope Astrological Predictions Makam to Thrikketa: മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലമിങ്ങനെ

author-image
S. Sreenivas Iyer
New Update
Horoscope | Astrology | Weekly Horoscope

വാരഫലം, മകം മുതൽ തൃക്കേട്ട വരെ

August 27- September 02, 2023: Weekly Horoscope Astrological Predictions Makam to Thrikketta: മലയാള മാസങ്ങളിൽ ആദ്യത്തേതായ ചിങ്ങം, എന്നത് സിംഹം രാശിയെ (Leo - Lion) കുറിക്കുന്നു. ചിങ്ങം രാശിക്ക് സിംഹസ്വരൂപമാകയാൽ ചിങ്ങം എന്ന പേരുണ്ടായി. ഇക്കൊല്ലം ചാന്ദ്രമാസമായ ശ്രാവണവും ചിങ്ങത്തിനൊപ്പം തന്നെ പുരോഗമിക്കുകയാണ്. സൂര്യൻ ചിങ്ങം രാശിയിൽ സഞ്ചരിക്കുന്നതിനാൽ ആ മുപ്പത് ദിവസങ്ങളെ സൗരം അഥവാ സോളാർ എന്ന കാലനിർണയത്തിൽ ചിങ്ങമാസം ആയി കണക്കാക്കുന്നുണ്ട്. സൂര്യൻ മകം - പൂരം നക്ഷത്രമണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ ഇക്കാലം മകം, പൂരം ഞാറ്റുവേലകളായി അറിയപ്പെടുന്നു. സൂര്യന്റെ സ്വക്ഷേത്രം ചിങ്ങം രാശിയാണ് എന്ന സവിശേഷതയും പറയാം.

Advertisment

ഓഗസ്റ്റ് 30-ാം തീയതി ബുധനാഴ്ച് പൗർണമിയാണ്. അന്ന് ചന്ദ്രബലം പൂർണതയിലെത്തുന്നു. പിറ്റേന്നുമുതൽ കൃഷ്ണപക്ഷം ആരംഭിക്കുകയാണ്. ഈയൊരാഴ്ചയിൽ മൂലം മുതൽ ഉത്രട്ടാതി വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് ചന്ദ്രന്റെ പ്രയാണം. വ്യാഴം, രാഹു എന്നിവ മേടം രാശിയിൽ യഥാക്രമം ഭരണി, അശ്വതി നക്ഷത്രങ്ങളിലാണ്. ശനി കുംഭം രാശിയിൽ ചതയം നാളിൽ വക്രഗതിയിൽ തുടരുന്നു. ബുധൻ ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിൽ വക്രസഞ്ചാരത്തിലാണ്. ബുധന് മൗഢ്യവും ആരംഭിക്കുന്നു. കേതു തുലാം രാശിയിൽ ചിത്തിര മൂന്നാം പാദത്തിലത്രെ! ചൊവ്വ കന്നിരാശിയിൽ ഉത്രം നാളിലായിട്ടാണ്, സഞ്ചാരം. ശുക്രൻ കർക്കടകത്തിൽ (ആയില്യം നക്ഷത്രത്തിൽ) വക്രഗതി തുടരുന്നു.

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരുടെ വാരഫലം ഇവിടെ വിശദമായി പരിശോധിക്കുകയാണ്.

ഏവർക്കും ഐശ്വര്യപൂർണമായ ഓണാശംസകൾ!

മകം

സന്തോഷവും ഗുണാനുഭവങ്ങളും മുന്നിട്ടു നിൽക്കുന്ന ആഴ്ചയാണ്. നേട്ടങ്ങളിൽ അഭിമാനിക്കാനാവും. ന്യായമായ പണം വന്നെത്തുന്നതാണ്. സ്വന്തം തീരുമാനങ്ങൾ കുടുംബാംഗങ്ങളുടെ മേൽ അടിച്ചേല്പിക്കാൻ മുതിരുകയില്ല. ആഘോഷങ്ങളുടെ തനിമ കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധ കാട്ടും. പാരമ്പര്യം പിന്തുടരപ്പെടേണ്ടതിനെക്കുറിച്ച് വാചാലരായേക്കും. ചെറുയാത്രകൾക്ക് സാധ്യതയുണ്ട്. വിശിഷ്ടാതിഥികൾക്ക് ആതിഥ്യം ഒരുക്കും. വാരാന്ത്യത്തിന് മിഴിവ് കുറവായിരിക്കും.

Advertisment

പൂരം

പന്ത്രണ്ടാം ഭാവത്തിലായി ശുക്രൻ വക്രഗതിയിൽ തുടരുന്നത് പ്രതീക്ഷിച്ച നേട്ടങ്ങൾ താമസിക്കാൻ കാരണമാകും. വിദ്യാഭ്യാസത്തിൽ തടസ്സങ്ങൾ വരാം. പരീക്ഷയിൽ വിചാരിച്ച വിധം ശോഭിക്കാനും കഴിഞ്ഞേക്കില്ല. പണവരവ് മന്ദീഭവിക്കാം. പുതുസംരംഭങ്ങൾക്ക് ഇപ്പോൾ കാലം അനുകൂലമല്ലെന്നത് ഓർമ്മയിലുണ്ടാവണം. അത്യാവശ്യകാര്യങ്ങൾ ഒരുവിധം നടന്നുകൂടും. മിതവ്യയം പുലർത്തുന്നത് ഉത്തമം. വാക്സ്ഥാനത്ത് ചൊവ്വ നിൽക്കുകയാൽ ചിലപ്പോൾ പരുഷമായി സംസാരിക്കേണ്ടി വന്നേക്കാം.

ഉത്രം

ജന്മനക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുന്ന കാലമാണ്. എല്ലാക്കാര്യങ്ങളും അനുകൂലമായി വരണമെന്നില്ല. വിജയിക്കാൻ കൂടുതൽ പ്രയത്നിക്കേണ്ടതായി വരാം. കിടപ്പുരോഗികൾ കൂടുതൽ ശ്രദ്ധാലുക്കളാകണം. പൊതുവേ വൈകാരികമായ പ്രതികരണശേഷിയും ക്ഷോഭവും കൂടും. സാമ്പത്തിക സ്ഥിതി മോശമാവില്ല. പ്രതീക്ഷിച്ച ധനം ഏറെക്കുറെ വന്നുചേരും. ആവശ്യങ്ങൾ പൂർത്തീകരിക്കാനായേക്കും. ബന്ധുക്കളെ കണ്ടുമുട്ടും. യാത്രകൾ ക്ലേശകരമാവുന്നതാണ്.

അത്തം

സ്വന്തം കഴിവ് മുഴുവൻ പുറത്തെടുത്താലും ലക്ഷ്യം പകുതിയോളമേ നേടാനാവൂ എന്ന സ്ഥിതിയുണ്ടാവാം. അലച്ചിൽ മുഷിപ്പിക്കും. ആരോഗ്യപ്രശ്നങ്ങൾ ഉപദ്രവിച്ചേക്കാം. കുടുംബാംഗങ്ങൾക്കിടയിലെ അനൈക്യം പരിഹരിക്കുന്നതിൽ ഭാഗിക വിജയം പ്രതീക്ഷിക്കാം. തീർത്ഥയാത്രകളിൽ നിന്നും പിന്മാറിയേക്കും. ധനവിനിയോഗത്തിൽ ശ്രദ്ധ വേണം. ബിസിനസ്സ് നവീകരണത്തിന് മാനേജ്മെന്റ് വിദഗ്ദ്ധരുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച മുതൽ കാര്യങ്ങൾ മെച്ചപ്പെടാം.

ചിത്തിര

മാനസിക സംഘർഷത്തിന് കുറഞ്ഞൊന്ന് അയവ് വരാം. ഏറ്റെടുത്ത ചുമതലകളിൽ ശക്തമായ മുന്നേറ്റം നടത്തുവാൻ സാധിക്കും. കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷങ്ങളിൽ ആത്മവിശ്വാസത്തോടെ പങ്കെടുക്കും. ബാല്യസുഹൃത്തുക്കളെ കണ്ടുമുട്ടാം. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ തീരുമാനമാകുന്നതാണ്. വ്യാപാര കരാറിനെക്കുറിച്ച് ചുഴിഞ്ഞു ചിന്തിക്കുന്നത് ഒഴിവാക്കരുത്. അന്യദേശയാത്രകൾക്ക് അവസരമൊരുങ്ങും.

ചോതി

പന്ത്രണ്ടിൽ ചൊവ്വ സഞ്ചരിക്കുകയാൽ ഭൂമി സംബന്ധിച്ച ക്ലേശങ്ങൾ ഉണ്ടാവാം. വസ്തുവില്പന തടസ്സപ്പെടുകയോ നീളുകയോ ചെയ്യാം. സഹോദരന്മാർക്കിടയിൽ വസ്തുതർക്കങ്ങൾ ഉടലെടുക്കാനിടയുണ്ട്. ദാമ്പത്യജീവിതത്തിലും സുഗമതക്ക് ഭംഗം വരാം. പൊരുത്തക്കേടുകൾ കൂടിയേക്കും. ധനകാര്യത്തിലും ശ്രദ്ധ വേണ്ടതുണ്ട്. എന്നാൽ സർക്കാർ സംബന്ധിച്ച കാര്യങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഇത് അനുകൂല കാലമാണ്. പദവികൾ ഉയർത്തപ്പെടാം. സ്ത്രീകൾക്ക് ആരോഗ്യപ്രശ്നങ്ങൾ അധികരിച്ചേക്കും.

വിശാഖം

നിലവിലെ സ്ഥിതി തുടരപ്പെടുന്നതാണ്. തുലാക്കൂറുകാർക്ക് വസ്തുവ്യാപാരത്തിൽ അമളി പിണയാം. പറഞ്ഞ വാക്ക് പാലിക്കാൻ ക്ലേശിക്കേണ്ടി വരുന്നതാണ്. പ്രതീക്ഷിച്ച ധനം അല്പം വൈകി ലഭിക്കാനിടയുണ്ട്. ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം. രക്തസമ്മർദ്ദം കൂടിയേക്കും. കുടുംബാംഗങ്ങളുമായി ഒത്തുചേരുന്നത് മനസ്സിലെ മ്ളാനത അകറ്റും. ഔദ്യോഗികമായി സമയം ഒട്ടൊക്കെ അനുകൂലമാണ്. ഏജൻസി ഏർപ്പാടുകൾ അനുകൂലമായേക്കും.

അനിഴം

രാശ്യധിപനായ ചൊവ്വ പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കുകയാൽ പൊതുവേ നേട്ടങ്ങളുടെ കാലമാണ്. ധനവരവ് ഉയരും. വസ്തുവിൽ നിന്നും ലാഭം ഉണ്ടാകും. മറഞ്ഞും തെളിഞ്ഞും ഉപദ്രവിച്ചുകൊണ്ടിരുന്ന ശത്രുക്കളെ കണ്ടെത്തി പ്രതിരോധിക്കാനും മുന്നേറാനും സാധിക്കുന്നതാണ്. ആത്മവിശ്വാസം ഉയരും എന്നതും പ്രസ്താവ്യമാണ്. മത്സരങ്ങളിൽ വിജയിക്കാനാവും. പദവികൾ സിദ്ധിച്ചേക്കും. മനസ്സന്തോഷത്തോടെ ആഘോഷങ്ങളിലും ഒത്തുചേരലുകളിലും പങ്കെടുക്കാൻ കഴിയുന്നതാണ്.

തൃക്കേട്ട

നക്ഷത്രനാഥനായ ബുധന് വക്രമൗഢ്യം തുടങ്ങുന്നതിനാൽ നേട്ടങ്ങൾക്ക് അല്പം മങ്ങലുണ്ടാവും. കഴിവുകളും പ്രതിഭാവിലാസവും മുഴുവനായും പുറത്തെടുക്കാൻ സാധിച്ചേക്കില്ല. ഗാർഹികാന്തരീക്ഷത്തിലെ കാറും കോളും പരിഹരിക്കപ്പെടാം. സഹോദരരുമായുണ്ടായിരുന്ന പ്രശ്നം അനുരഞ്ജനത്തിലെത്തും. സർക്കാർ സംബന്ധിച്ച കാര്യങ്ങളിൽ പ്രതീക്ഷിച്ച മറുപടി ലഭിക്കുന്നതാണ്. കിടപ്പുരോഗികൾക്ക് ആശ്വാസമനുഭവപ്പെടും. രഹസ്യ നിക്ഷേപങ്ങളിൽ നിന്നും ആദായമുണ്ടാകും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: