/indian-express-malayalam/media/media_files/uploads/2023/08/August-27-to-September-2-Weekly-Horoscope-.jpg)
August 27 to September 2 Weekly Horoscope: വാരഫലം സമ്പൂർണം
August 27- September 02, 2023: Weekly Horoscope Astrological Predictions Aswathi to Revathi: മലയാള മാസങ്ങളിൽ ആദ്യത്തേതായ ചിങ്ങം, എന്നത് സിംഹം രാശിയെ (Leo - Lion) കുറിക്കുന്നു. ചിങ്ങം രാശിക്ക് സിംഹസ്വരൂപമാകയാൽ ചിങ്ങം എന്ന പേരുണ്ടായി. ഇക്കൊല്ലം ചാന്ദ്രമാസമായ ശ്രാവണവും ചിങ്ങത്തിനൊപ്പം തന്നെ പുരോഗമിക്കുകയാണ്. സൂര്യൻ ചിങ്ങം രാശിയിൽ സഞ്ചരിക്കുന്നതിനാൽ ആ മുപ്പത് ദിവസങ്ങളെ സൗരം അഥവാ സോളാർ എന്ന കാലനിർണയത്തിൽ ചിങ്ങമാസം ആയി കണക്കാക്കുന്നുണ്ട്. സൂര്യൻ മകം - പൂരം നക്ഷത്രമണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ ഇക്കാലം മകം, പൂരം ഞാറ്റുവേലകളായി അറിയപ്പെടുന്നു. സൂര്യന്റെ സ്വക്ഷേത്രം ചിങ്ങം രാശിയാണ് എന്ന സവിശേഷതയും പറയാം.
ഓഗസ്റ്റ് 30-ാം തീയതി ബുധനാഴ്ച് പൗർണമിയാണ്. അന്ന് ചന്ദ്രബലം പൂർണതയിലെത്തുന്നു. പിറ്റേന്നുമുതൽ കൃഷ്ണപക്ഷം ആരംഭിക്കുകയാണ്. ഈയൊരാഴ്ചയിൽ മൂലം മുതൽ ഉത്രട്ടാതി വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് ചന്ദ്രന്റെ പ്രയാണം. വ്യാഴം, രാഹു എന്നിവ മേടം രാശിയിൽ യഥാക്രമം ഭരണി, അശ്വതി നക്ഷത്രങ്ങളിലാണ്. ശനി കുംഭം രാശിയിൽ ചതയം നാളിൽ വക്രഗതിയിൽ തുടരുന്നു. ബുധൻ ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിൽ വക്രസഞ്ചാരത്തിലാണ്. ബുധന് മൗഢ്യവും ആരംഭിക്കുന്നു. കേതു തുലാം രാശിയിൽ ചിത്തിര മൂന്നാം പാദത്തിലത്രെ! ചൊവ്വ കന്നിരാശിയിൽ ഉത്രം നാളിലായിട്ടാണ്, സഞ്ചാരം. ശുക്രൻ കർക്കടകത്തിൽ ( ആയില്യം നക്ഷത്രത്തിൽ) വക്രഗതി തുടരുന്നു.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള നാളുകാരുടെ വാരഫലം ഇവിടെ വിശദമായി പരിശോധിക്കുകയാണ്.
ഏവർക്കും ഐശ്വര്യപൂർണമായ ഓണാശംസകൾ!
അശ്വതി
അനുകൂലവും ഒട്ടൊക്കെ ആഹ്ലാദം തരുന്നതുമായ വാരമാണ്. നാലാം ഭാവാധിപനായ ചന്ദ്രന് ഉച്ചം വരുന്നതിനാൽ ബന്ധു സമാഗമം, യാത്രകളാൽ മനസ്സന്തോഷം, ഗൃഹത്തിൽ സന്തുഷ്ടി നിറഞ്ഞ അനുഭവങ്ങൾ ഇവയുണ്ടാവും. സാമ്പത്തിക മെച്ചം പ്രതീക്ഷിക്കാം. അദ്ധ്വാനം തിരിച്ചറിയപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യും. ധനം നല്ല കാര്യങ്ങൾക്കായി വിനിയോഗം ചെയ്യപ്പെടുന്നതിൽ ചാരിതാർത്ഥ്യം ഉണ്ടാവുന്നതാണ്. വാരാന്ത്യത്തിന് മേന്മ കുറഞ്ഞേക്കാം.
ഭരണി
ഗുണാനുഭവങ്ങൾക്ക് തന്നെയാവും മുൻതൂക്കം. ആർത്ഥികമായ നേട്ടങ്ങൾ, ഇഷ്ടജന സമാഗമങ്ങൾ എന്നിവ പ്രതീക്ഷിക്കാം. നക്ഷത്രനാഥനായ ശുക്രൻ നാലാമിടത്ത് വക്രത്തിൽ തുടരുന്നതിനാൽ മനക്ലേശം മുഴുവനായും ഒഴിയില്ല. ഓരോ തലവേദനകൾ വന്നെത്താം. തൊഴിലിൽ
നല്ല പേരെടുക്കും. എന്നാൽ സംതൃപ്തി കുറയും. കിണഞ്ഞു പരിശ്രമിച്ചിട്ടും
ചില തടസ്സങ്ങൾ മാറുന്നില്ലല്ലോ എന്ന വിഷമം പിന്തുടരും.
കാർത്തിക
ആത്മശക്തി ഉയരുന്നതാണ്. അനായാസമായി ചില കടമ്പകൾ കടക്കും. മനസ്സിന് തെളിച്ചം ഉണ്ടാവും. ഒറ്റപ്പെട്ടു എന്ന തോന്നൽ മാറുന്നതാണ്. ഭാവി പരിപാടികൾക്കായി ചിലരുടെ സഹായം ഉറപ്പിക്കാനാവും. രണ്ടാം നക്ഷത്രാധിപനായ ചന്ദ്രന് ബലമുള്ളതിനാൽ പണവരവ് അധികരിക്കും. വാക്കുകളിലൂടെ ശ്രദ്ധയാകർഷിക്കാനും മനസ്സുകളെ നന്നായി സ്വാധീനിക്കാനുമാവും. സജ്ജനങ്ങളുടെ സൗഹൃദം ലഭിക്കുന്നതാണ്. ആരോഗ്യപ്രശ്നങ്ങൾ കുറച്ചൊക്കെ ലഘൂകരിക്കാനാവും.
രോഹിണി
ഞായർ, തിങ്കൾ ദിവസങ്ങൾക്ക് തിളക്കം കുറയും. അഷ്ടമരാശിയാകയാൽ കരുതൽ വേണം. സാഹസങ്ങൾക്ക് മുതിരരുത്. നല്ല കാര്യങ്ങൾക്ക് കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കുന്നതാണ്. കച്ചവടത്തിന്റെ അഭിവൃദ്ധിക്കായി ചിലതൊക്കെ ആസൂത്രണം ചെയ്യും. എന്നാൽ തിടുക്കപ്പെട്ട് തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ഗുണപ്രദമാവില്ല. വിനോദത്തിനും കുടുംബസമേതമുള്ള യാത്രകൾക്കും സമയം കണ്ടെത്തുന്നതാണ്. അന്യദിക്കിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചേക്കും.
മകയിരം
മംഗളകരമായ അനുഭവങ്ങൾ ഉണ്ടാവും. കൂടിച്ചേരലുകൾ ആത്മഹർഷപ്രദമാവും. ന്യായമായ ആവശ്യങ്ങൾക്ക് പണക്ലേശമുണ്ടാവില്ല. മറ്റുള്ളവർ പറയുന്നത് ക്ഷമയോടെ ഉൾക്കൊള്ളേണ്ട സന്ദർഭമാണ്. ചിലപ്പോൾ നടപ്പിലാക്കാൻ ദുർഘടമായവ ആസൂത്രണം ചെയ്തേക്കും. ഉപരി വിദ്യാഭ്യാസത്തിന് അന്യദേശ യാത്രകൾക്ക് തയ്യാറെടുപ്പുനടത്താം. കായികവിനോദങ്ങളിൽ പങ്കെടുക്കുവാനും ചില നല്ല നിമിഷങ്ങൾ സൃഷ്ടിക്കപ്പെടാനും സാധ്യതയുണ്ട്.
തിരുവാതിര
ചൊവ്വ, ബുധൻ ദിവസങ്ങൾക്ക് അഷ്ടമരാശിയാകയാൽ മേന്മ കുറയാം. അതിനാൽ വാക്കിലും കർമ്മത്തിലും ശ്രദ്ധയുണ്ടാവണം. സാമ്പത്തിക കാര്യങ്ങളിലെ ഞെരുക്കത്തിന് അയവുണ്ടാവും. എന്നാൽ ചെലവ് അധികരിച്ചേക്കാം. കലഹസന്ദർഭങ്ങളെ ഒഴിവാക്കണം. ജോലികൾ മുഴുമിപ്പിക്കാതെ അവധിയെടുക്കുന്നതിനാൽ ആഘോഷങ്ങളിൽ പൂർണമായും അഹ്ളാദിക്കാൻ കഴിഞ്ഞേക്കില്ല. യാത്രാക്ലേശത്തിനിടയുണ്ട്. ഉപാസനകൾക്ക് തടസ്സം വന്നേക്കാം.
പുണർതം
ഈശ്വരാധീനം പ്രകടമാവും. സംഘർഷങ്ങളെ സക്രിയമായ മനോ സാന്നിദ്ധ്യം കൊണ്ട് തരണം ചെയ്യും. കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതാണ്. താമസസ്ഥലത്തെ ആഘോഷങ്ങളുടെ ചുക്കാൻ പിടിക്കുവാനും അവയിൽ ആഹ്ളാദിക്കാനും സാധിക്കും. വ്യാപാര കാര്യങ്ങൾക്കായുള്ള യാത്രകൾ ഗുണകരമായേക്കാം. പ്രധാനകരാറുകൾ നേടിയെടുക്കുന്നതാണ്. മക്കളുടെ വിദ്യാഭ്യാസത്തിനായി വായ്പകൾ പ്രയോജനപ്പെടുത്തും.
പൂയം
ഇടപാടുകളിലെ സുതാര്യത പ്രകീർത്തിക്കപ്പെടും. തൊഴിൽസ്ഥാപനത്തിനായി മാർഗ്ഗനിർദ്ദേശങ്ങൾ എഴുതി തയ്യാറാക്കും. ഔദ്യോഗികപദവികൾ ഉയരാം. കാര്യനിർവഹണം വീട്ടിലും മുഖംനോക്കാതെ തന്നെയാവും. അതിനാൽ ചില അലോസരങ്ങളും മനക്ലേശങ്ങളും ഉണ്ടാവാം. ആവശ്യങ്ങൾ മുടങ്ങാത്തവിധം പണം വന്നുചേരും. പാചകകുശലതയും ഗൃഹഭരണവും ഏവരുടെയും പ്രശംസ നേടും. യുവാക്കളുടെ വിവാഹകാര്യത്തിൽ തീരുമാനമാകത്തത് വിഷമത്തിനിടയാക്കും.
ആയില്യം
വക്രശുക്രൻ ജന്മരാശിയിലും ജന്മനക്ഷത്രത്തിലും സഞ്ചരിക്കുന്നു. ഭോഗപരതയേറുന്നതാണ്. സ്വന്തം നേട്ടങ്ങളിൽ അഹങ്കരിച്ചേക്കാം. ദുശ്ശീലങ്ങളുടെ ഗണത്തിൽപ്പെടുത്താവുന്ന ശീലങ്ങൾ അല്പം അതിരുവിട്ടേക്കാനിടയുണ്ട്. ധനവരവ് ഉയരുന്നതാണ്. പുറം നാടുകളിൽ കഴിയുന്നവർക്ക് ആഘോഷങ്ങൾക്ക് ഒപ്പം ചേരാൻ പല കാരണങ്ങളാൽ കഴിഞ്ഞില്ലെന്ന് വരാം. ബുധൻ, വ്യാഴം ദിവസങ്ങൾക്ക് അഷ്ടമരാശിയാകയാൽ മേന്മ കുറഞ്ഞേക്കും. ശ്രദ്ധാപൂർവ്വം പ്രവർത്തിക്കേണ്ടതുണ്ട്.
മകം
സന്തോഷവും ഗുണാനുഭവങ്ങളും മുന്നിട്ടു നിൽക്കുന്ന ആഴ്ചയാണ്. നേട്ടങ്ങളിൽ അഭിമാനിക്കാനാവും. ന്യായമായ പണം വന്നെത്തുന്നതാണ്. സ്വന്തം തീരുമാനങ്ങൾ കുടുംബാംഗങ്ങളുടെ മേൽ അടിച്ചേല്പിക്കാൻ മുതിരുകയില്ല. ആഘോഷങ്ങളുടെ തനിമ കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധ കാട്ടും. പാരമ്പര്യം പിന്തുടരപ്പെടേണ്ടതിനെക്കുറിച്ച് വാചാലരായേക്കും. ചെറുയാത്രകൾക്ക് സാധ്യതയുണ്ട്. വിശിഷ്ടാതിഥികൾക്ക് ആതിഥ്യം ഒരുക്കും. വാരാന്ത്യത്തിന് മിഴിവ് കുറവായിരിക്കും.
പൂരം
പന്ത്രണ്ടാം ഭാവത്തിലായി ശുക്രൻ വക്രഗതിയിൽ തുടരുന്നത് പ്രതീക്ഷിച്ച നേട്ടങ്ങൾ താമസിക്കാൻ കാരണമാകും. വിദ്യാഭ്യാസത്തിൽ തടസ്സങ്ങൾ വരാം. പരീക്ഷയിൽ വിചാരിച്ച വിധം ശോഭിക്കാനും കഴിഞ്ഞേക്കില്ല. പണവരവ് മന്ദീഭവിക്കാം. പുതുസംരംഭങ്ങൾക്ക് ഇപ്പോൾ കാലം അനുകൂലമല്ലെന്നത് ഓർമ്മയിലുണ്ടാവണം. അത്യാവശ്യകാര്യങ്ങൾ ഒരുവിധം നടന്നുകൂടും. മിതവ്യയം പുലർത്തുന്നത് ഉത്തമം. വാക്സ്ഥാനത്ത് ചൊവ്വ നിൽക്കുകയാൽ ചിലപ്പോൾ പരുഷമായി സംസാരിക്കേണ്ടി വന്നേക്കാം.
ഉത്രം
ജന്മനക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുന്ന കാലമാണ്. എല്ലാക്കാര്യങ്ങളും അനുകൂലമായി വരണമെന്നില്ല. വിജയിക്കാൻ കൂടുതൽ പ്രയത്നിക്കേണ്ടതായി വരാം. കിടപ്പുരോഗികൾ കൂടുതൽ ശ്രദ്ധാലുക്കളാകണം. പൊതുവേ വൈകാരികമായ പ്രതികരണശേഷിയും ക്ഷോഭവും കൂടും. സാമ്പത്തിക സ്ഥിതി മോശമാവില്ല. പ്രതീക്ഷിച്ച ധനം ഏറെക്കുറെ വന്നുചേരും. ആവശ്യങ്ങൾ പൂർത്തീകരിക്കാനായേക്കും. ബന്ധുക്കളെ കണ്ടുമുട്ടും. യാത്രകൾ ക്ലേശകരമാവുന്നതാണ്.
അത്തം
സ്വന്തം കഴിവ് മുഴുവൻ പുറത്തെടുത്താലും ലക്ഷ്യം പകുതിയോളമേ നേടാനാവൂ എന്ന സ്ഥിതിയുണ്ടാവാം. അലച്ചിൽ മുഷിപ്പിക്കും. ആരോഗ്യപ്രശ്നങ്ങൾ ഉപദ്രവിച്ചേക്കാം. കുടുംബാംഗങ്ങൾക്കിടയിലെ അനൈക്യം പരിഹരിക്കുന്നതിൽ ഭാഗിക വിജയം പ്രതീക്ഷിക്കാം. തീർത്ഥയാത്രകളിൽ നിന്നും പിന്മാറിയേക്കും. ധനവിനിയോഗത്തിൽ ശ്രദ്ധ വേണം. ബിസിനസ്സ് നവീകരണത്തിന് മാനേജ്മെന്റ് വിദഗ്ദ്ധരുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച മുതൽ കാര്യങ്ങൾ മെച്ചപ്പെടാം.
ചിത്തിര
മാനസിക സംഘർഷത്തിന് കുറഞ്ഞൊന്ന് അയവ് വരാം. ഏറ്റെടുത്ത ചുമതലകളിൽ ശക്തമായ മുന്നേറ്റം നടത്തുവാൻ സാധിക്കും. കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷങ്ങളിൽ ആത്മവിശ്വാസത്തോടെ പങ്കെടുക്കും. ബാല്യസുഹൃത്തുക്കളെ കണ്ടുമുട്ടാം. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ തീരുമാനമാകുന്നതാണ്. വ്യാപാര കരാറിനെക്കുറിച്ച് ചുഴിഞ്ഞു ചിന്തിക്കുന്നത് ഒഴിവാക്കരുത്. അന്യദേശയാത്രകൾക്ക് അവസരമൊരുങ്ങും.
ചോതി
പന്ത്രണ്ടിൽ ചൊവ്വ സഞ്ചരിക്കുകയാൽ ഭൂമി സംബന്ധിച്ച ക്ലേശങ്ങൾ ഉണ്ടാവാം. വസ്തുവില്പന തടസ്സപ്പെടുകയോ നീളുകയോ ചെയ്യാം. സഹോദരന്മാർക്കിടയിൽ വസ്തുതർക്കങ്ങൾ ഉടലെടുക്കാനിടയുണ്ട്. ദാമ്പത്യജീവിതത്തിലും സുഗമതക്ക് ഭംഗം വരാം. പൊരുത്തക്കേടുകൾ കൂടിയേക്കും. ധനകാര്യത്തിലും ശ്രദ്ധ വേണ്ടതുണ്ട്. എന്നാൽ സർക്കാർ സംബന്ധിച്ച കാര്യങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഇത് അനുകൂല കാലമാണ്. പദവികൾ ഉയർത്തപ്പെടാം. സ്ത്രീകൾക്ക് ആരോഗ്യപ്രശ്നങ്ങൾ അധികരിച്ചേക്കും.
വിശാഖം
നിലവിലെ സ്ഥിതി തുടരപ്പെടുന്നതാണ്. തുലാക്കൂറുകാർക്ക് വസ്തുവ്യാപാരത്തിൽ അമളി പിണയാം. പറഞ്ഞ വാക്ക് പാലിക്കാൻ ക്ലേശിക്കേണ്ടി വരുന്നതാണ്. പ്രതീക്ഷിച്ച ധനം അല്പം വൈകി ലഭിക്കാനിടയുണ്ട്. ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം. രക്തസമ്മർദ്ദം കൂടിയേക്കും. കുടുംബാംഗങ്ങളുമായി ഒത്തുചേരുന്നത് മനസ്സിലെ മ്ളാനത അകറ്റും. ഔദ്യോഗികമായി സമയം ഒട്ടൊക്കെ അനുകൂലമാണ്. ഏജൻസി ഏർപ്പാടുകൾ അനുകൂലമായേക്കും.
അനിഴം
രാശ്യധിപനായ ചൊവ്വ പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കുകയാൽ പൊതുവേ നേട്ടങ്ങളുടെ കാലമാണ്. ധനവരവ് ഉയരും. വസ്തുവിൽ നിന്നും ലാഭം ഉണ്ടാകും. മറഞ്ഞും തെളിഞ്ഞും ഉപദ്രവിച്ചുകൊണ്ടിരുന്ന ശത്രുക്കളെ കണ്ടെത്തി പ്രതിരോധിക്കാനും മുന്നേറാനും സാധിക്കുന്നതാണ്. ആത്മവിശ്വാസം ഉയരും എന്നതും പ്രസ്താവ്യമാണ്. മത്സരങ്ങളിൽ വിജയിക്കാനാവും. പദവികൾ സിദ്ധിച്ചേക്കും. മനസ്സന്തോഷത്തോടെ ആഘോഷങ്ങളിലും ഒത്തുചേരലുകളിലും പങ്കെടുക്കാൻ കഴിയുന്നതാണ്.
തൃക്കേട്ട
നക്ഷത്രനാഥനായ ബുധന് വക്രമൗഢ്യം തുടങ്ങുന്നതിനാൽ നേട്ടങ്ങൾക്ക് അല്പം മങ്ങലുണ്ടാവും. കഴിവുകളും പ്രതിഭാവിലാസവും മുഴുവനായും പുറത്തെടുക്കാൻ സാധിച്ചേക്കില്ല. ഗാർഹികാന്തരീക്ഷത്തിലെ കാറും കോളും പരിഹരിക്കപ്പെടാം. സഹോദരരുമായുണ്ടായിരുന്ന പ്രശ്നം അനുരഞ്ജനത്തിലെത്തും. സർക്കാർ സംബന്ധിച്ച കാര്യങ്ങളിൽ പ്രതീക്ഷിച്ച മറുപടി ലഭിക്കുന്നതാണ്. കിടപ്പുരോഗികൾക്ക് ആശ്വാസമനുഭവപ്പെടും. രഹസ്യ നിക്ഷേപങ്ങളിൽ നിന്നും ആദായമുണ്ടാകും.
മൂലം
ആത്മാർത്ഥതയുള്ള പരിശ്രമങ്ങൾ വിജയം കാണും. തൊഴിലിൽ നിന്നും നേട്ടങ്ങളുണ്ടാകും. ഭാഗ്യസ്ഥാനാധിപനായ സൂര്യൻ ഭാഗ്യഭാവത്തിൽ തുടരുകയാൽ നല്ല അനുഭവങ്ങൾ വർദ്ധിക്കും. ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ നഷ്ടമാകുകയില്ല. എന്നാൽ അദ്ധ്വാനം കൂടും. ഒന്നിനുപിറകെ ഒന്നായി പല ദൗത്യങ്ങൾ വന്നെത്തും. കുടുംബാംഗങ്ങൾക്ക് ഫലപ്രദമായ ചില ഉപദേശങ്ങൾ നൽകാനായേക്കും. പ്രതീക്ഷിച്ച ധനവും സഹായവും മറ്റും കൃത്യമായി തന്നെ വന്നെത്തും. വാഹനം വാങ്ങാനുള്ള ശ്രമം തുടരുന്നതാണ്.
പൂരാടം
ധനവരവ് സംതൃപ്തിയേകും. കരാർ ജോലികൾ പുതുക്കപ്പെടുന്നതാണ്. ഊഹക്കച്ചവടം മോശമാകില്ല. പിതൃസ്വത്തിൽ നിന്നും ആദായം വന്നെത്തും. വിദ്യാഭ്യാസ കാര്യത്തിലെ മാന്ദ്യം നീങ്ങും. പരീക്ഷകളിൽ നന്നായി എഴുതാനാവും. നക്ഷത്രാധിപനായ ശുക്രന് വക്രസ്ഥിതിയാകയാൽ സുഹൃൽബന്ധങ്ങളിൽ ചില തെറ്റിദ്ധാരണകൾ വരാം. രോഗചികിത്സ പുനരാരംഭിച്ചേക്കാം. അന്യദേശ യാത്രകൾക്ക് സാധ്യതയുണ്ട്. ഉപാസനാദികൾക്ക് തടസ്സമുണ്ടാകുന്നതല്ല.
ഉത്രാടം
സദുദ്ദേശ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് സർവ്വാത്മനാ ഉള്ള സ്വീകരണം ലഭിക്കും. സൂര്യനും ബുധനും ഒരുമിക്കുകയാൽ കർമ്മനൈപുണ്യം ഭവിക്കും. വിരോധികൾക്ക് മൗനം കൊണ്ടും അവഗണന കൊണ്ടും മറുപടി നൽകും. ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യാപാര കാര്യങ്ങൾക്കായി യാത്രകൾ വേണ്ടി വരുന്നതാണ്. സാമൂഹ്യപ്രവർത്തനം കാരണം സ്വന്തം വീട്ടുകാരോടൊപ്പം ചിലവഴിക്കാൻ വേണ്ടത്ര നേരം കിട്ടിയേക്കില്ല.
തിരുവോണം
പുതുജോലികൾ തേടുന്നവർക്ക് അനുകൂലമായ ഉത്തരം ലഭിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ പ്രീതി കൈവരും. ഏജൻസി പ്രവർത്തനങ്ങൾ ലാഭകരമാവുന്നതാണ്. ഒന്നുകൂടി ഉത്സാഹിച്ചാൽ പുതുസംരംഭങ്ങളിൽ വിജയിക്കുവാൻ കഴിഞ്ഞേക്കും. ഒമ്പതിലെ ചൊവ്വ ആത്മീയ സാധനകളെ തടസ്സപ്പെടുത്താം. കുടുംബത്തിലെ വയോജനങ്ങളുടെ കാര്യത്തിൽ ശ്രദ്ധ വേണം. കുട്ടികൾക്ക് ചെറിയ ആരോഗ്യപ്രശ്നങ്ങൾ വന്നേക്കും. സഹിഷ്ണുതയ്ക്ക് ജീവിതത്തിൽ വലിയ വിലയുണ്ടെന്നറിയും.
അവിട്ടം
പുതിയ കോഴ്സുകൾ പഠിക്കാൻ സമയം കണ്ടെത്തും. വിദേശജോലിയ്ക്ക് ശ്രമം ഊർജ്ജിതപ്പെടുത്തും. പൂർവ്വസുഹൃത്തുക്കളെ കണ്ടുമുട്ടുന്നതാണ്. പണയവസ്തുക്കൾ തിരിച്ചെടുക്കാൻ കാര്യമായ ശ്രമം നടത്തും. കൈവായ്പകൾ പ്രയോജനപ്പെടാം. രോഗികൾക്ക് ആശ്വാസം കിട്ടുന്ന വാരമാണ്. ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഐക്യം ദൃഢമാകാം. ഈശ്വരീയകാര്യങ്ങൾക്ക് നേരം കണ്ടെത്തും.
ചതയം
ചില തൊഴിൽ തടസ്സങ്ങളെ നേരിടേണ്ടി വരാം. വാരാദ്യം അഷ്ടമരാശിയാകയാൽ കരുതൽ വേണം. കലഹസന്ദർഭങ്ങളെ ഒഴിവാക്കുക ഉചിതം. ജോലിയിൽ അദ്ധ്വാനം വർദ്ധിക്കും. അതനുസരിച്ച് പണവരവ് ഉണ്ടാവണമെന്നില്ല. സഹായവാഗ്ദാനങ്ങൾ പാഴാവും. കരാറുകളിലും മറ്റും പങ്കാളിയാകുമ്പോൾ അതിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കുക. സാഹസങ്ങൾക്ക് തുനിയരുത്. പാഴ്ച്ചെലവുകൾ ഒഴിവാക്കുകയും വേണം.
പൂരുരുട്ടാതി
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റി വെക്കും. കുടുംബകാര്യങ്ങൾക്കായി നെട്ടോട്ടമോടും. സ്വന്തബന്ധുക്കളുടെ വിവാഹാദികളുടെ ചുമതല ഏറ്റെടുക്കുന്നതാണ്.
വ്യാപാര കാര്യങ്ങൾക്ക് വായ്പനേടാൻ വലിയ ശ്രമം നടത്തേണ്ടി വന്നേക്കാം. പ്രാഥമിക തിരഞ്ഞെടുപ്പുകളിൽ ജയിച്ച ചെറുപ്പക്കാർക്ക് തൊഴിൽ നിയമനത്തിന് അറിയിപ്പ് ലഭിക്കാം. പണവരവ് മോശമാകില്ല. വയോജനങ്ങൾക്ക് ആരോഗ്യപരമായി ക്ലേശിക്കേണ്ടി വരാം.
ഉത്രട്ടാതി
അഷ്ടമരാശിയാകയാൽ ചൊവ്വാ, ബുധൻ ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്. പ്രതീക്ഷിച്ച ധനം വന്നുചേരണമെന്നില്ല. ചിലപ്പോൾ കടബാധ്യത അലോസരപ്പെടുത്താം. കുടുംബകാര്യങ്ങളുടെ നിർവഹണത്തിൽ വിജയിച്ചേക്കും. പഠനത്തിൽ ഒരുവിധം മുന്നേറാനാവും. ഗവേഷകരുടെ പ്രബന്ധരചനയിൽ പുരോഗതി കുറഞ്ഞേക്കാം. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടാം. പുതുസംരംഭങ്ങൾ വിദഗ്‌ദ്ധോപദേശം ലഭിച്ച ശേഷം തുടങ്ങുകയാവും സമുചിതം.
രേവതി
നിയമപ്രശ്നങ്ങളിൽ ആനുകൂല്യം ലഭിക്കാം. സർക്കാരിൽ നിന്നും പ്രതീക്ഷിച്ച അനുമതി കൃത്യസമയത്ത് കിട്ടുന്നതാണ്. രാഷ്ട്രീയപ്രവർത്തകർക്ക് പുതുപദവികൾ വന്നുചേർന്നേക്കും. ബുധാദിത്യയോഗത്താൽ ചിന്തിച്ച് പ്രവർത്തിക്കാനും സമുചിത തീരുമാനങ്ങൾ കൈക്കൊള്ളാനും സാധിക്കുന്നതാണ്. സാങ്കേതിക കാര്യങ്ങൾ പഠിച്ചറിയാൻ ഉദ്യമിക്കും. ഏഴിലെ ചൊവ്വ കുടുംബപ്രശ്നങ്ങളെ അല്പം സങ്കീർണമാക്കാനിടയുണ്ട്. ബിസിനസ്സ് സംബന്ധിച്ച ചർച്ചകളിൽ ആശാവഹമായ പുരോഗതി ഉണ്ടാവണമെന്നില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.