scorecardresearch

August 13-August 19, 2023: വാരഫലം, മൂലം മുതൽ രേവതി വരെ: Weekly Horoscope, Astrological Predictions

August 13-August 19, 2023: Weekly Horoscope Astrological Predictions Moolam to Revathy:- മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലമിങ്ങനെ

August 13-August 19, 2023: Weekly Horoscope Astrological Predictions Moolam to Revathy:- മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലമിങ്ങനെ

author-image
S. Sreenivas Iyer
New Update
Horoscope | Astorlogy | IE Malayalam

മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലമിങ്ങനെ

August 13-August 19, 2023: Weekly Horoscope Astrological Predictions Moolam to Revathy: സൂര്യൻ കർക്കടകം -ചിങ്ങം രാശികളിൽ, ആയില്യം - മകം ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണ -ശുക്ല പക്ഷങ്ങളിലൂടെ കടന്നുപോകുകയാണ്. ആഗസ്റ്റ് 16 ന്, കർക്കടകം 31 ന് ബുധനാഴ്ച അമാവാസി വരുന്നു. ആഗസ്റ്റ് 17 ന്, ചിങ്ങം ഒന്നിന് വെളുത്തപക്ഷം തുടങ്ങുകയാണ്. തിരുവാതിര മുതൽ ഉത്രം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിൽ ചന്ദ്രൻ കടന്നുപോകുന്നു. ശനി കുംഭത്തിൽ വക്രഗതിയായി ചതയത്തിലും, വ്യാഴം മേടത്തിൽ ഭരണി നക്ഷത്രത്തിലും, ചൊവ്വ കർക്കടകം, ചിങ്ങം രാശികളിലും ബുധൻ ചിങ്ങം രാശിയിലും ശുക്രൻ കർക്കടകം രാശിയിലും സഞ്ചരിക്കുന്നു. ശുക്രൻ വക്രമൗഢ്യാവസ്ഥയിലാണ് എന്നതും ഓർക്കേണ്ടതുണ്ട്.

Advertisment

രാഹു മേടത്തിൽ അശ്വതിയിലും കേതു തുലാത്തിൽ ചിത്തിരയിലുമായി അപസവ്യഗതി തുടരുകയാണ്. ഈയാഴ്ചയിൽ ഞായറാഴ്ച ദിവസം വൃശ്ചികക്കൂറിനും തിങ്കൾ, ചൊവ്വ, ബുധൻ വൈകുന്നേരം വരെ ധനുക്കൂറിനും തുടർന്ന് വെള്ളിയാഴ്ച വരെ മകരക്കൂറിനും ശനിയാഴ്ച കുംഭക്കൂറിനും അഷ്ടമരാശിയാകയാൽ പ്രസ്തുത കൂറുകളിൽ ജനിച്ചവർ കൂടുതൽ കരുതൽ കൈക്കൊള്ളേണ്ടത് അനിവാര്യമാണ്.

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലം ഇവിടെ അപഗ്രഥിക്കപ്പെടുന്നു.

Advertisment

മൂലം

ആരോഗ്യപ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കും. തുടർചികിൽസകൾക്ക് വഴിയൊരുങ്ങിയേക്കും. സന്താനങ്ങളുടെ നേട്ടങ്ങൾ മനസ്സന്തോഷമേകുന്നതാണ്. ശുഭകാര്യങ്ങൾ നടത്താൻ തയ്യാറെടുപ്പുകൾ നടത്തും. യ്പകൾ ലഭിക്കാനുള്ള തടസ്സം നീങ്ങുന്നതാണ്. ദൂരദിക്കുകളിൽ നിന്നും നല്ല സന്ദേശങ്ങൾ ലഭിച്ചേക്കും. കരാറുകളും ഉടമ്പടികളും പുതുക്കപ്പെടുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങൾക്ക് മേന്മ കുറയുവാനിടയുണ്ട്. വാക്കിലും കർമ്മത്തിലും ജാഗ്രത പുലർത്തണം.

പൂരാടം

കർമ്മത്തിൽ ഉന്നതി പ്രതീക്ഷിക്കാം. ആഗ്രഹിച്ച രീതിയിൽ പ്രവർത്തിക്കാനാവും. സാമ്പത്തികപരാധീനതയ്ക്ക് അയവ് വരാം. മക്കളുടെ ഉപരിപഠനത്തിലെ ആശങ്ക നീങ്ങുന്നതാണ്. തൊഴിൽ തേടുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. പാചകനൈപുണ്യം പ്രശംസിക്കപ്പെടുന്നതാണ്. നവമാധ്യമങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായേക്കും. ഭൂമിസംബന്ധിച്ച തർക്കങ്ങൾ പരിഹാരത്തിലേക്ക് നീങ്ങും. ആരോഗ്യസ്ഥിതി മെച്ചപ്പെടാം. വാരമധ്യം വരെ സാഹസങ്ങൾക്ക് തുനിയരുത്.

ഉത്രാടം

ഗുണദോഷസമ്മിശ്രമായ വാരമാണ്. ധനപരമായ കാര്യങ്ങളിൽ നല്ല ശ്രദ്ധയുണ്ടാവണം. ആരോഗ്യപരമായും കാലം അനുകൂലമല്ല. ദുർവാസനകൾ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. മെല്ലെപ്പോക്ക് നയം വിമർശിക്കപ്പെടാം. കുടുംബസൗഖ്യം ഭവിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് ഏകാഗ്രതയുണ്ടാവും. നവീന ഗൃഹോപകരണങ്ങൾ വാങ്ങാൻ സാധിച്ചേക്കും. പാർട്ണർഷിപ്പ് അടിസ്ഥാനത്തിൽ പുതുസംരംഭങ്ങൾക്ക് ശ്രമം തുടങ്ങുവാനാവും. പ്രേമബന്ധങ്ങളിലെ വിഘ്നങ്ങൾ ഒഴിയാം. ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്ലാഘിക്കപ്പെടും.

തിരുവോണം

ആഴ്ചയുടെ തുടക്കത്തിന് ഗുണമേറും. ഇഷ്ടവസ്തുക്കൾ വാങ്ങും. ആഘോഷങ്ങൾക്ക് മാനസികമായി തയ്യാറെടുക്കും. ഗാർഹികമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും. കരാറുകൾ പുതുക്കപ്പെടാം. പുതിയ ജോലിയിൽ പ്രവേശിക്കാൻ ചെറിയ കാലവിളംബം വന്നേക്കും. ബാങ്കിലെ തിരിച്ചടവിന് ക്ലേശിക്കുന്നതായിരിക്കും. ദാമ്പത്യത്തിൽ ചെറുകാര്യങ്ങൾ കലഹത്തിലേക്ക് നയിക്കാം. വ്യാഴം, വെള്ളി ദിവസങ്ങളിൽ എല്ലാക്കാര്യത്തിലും ജാഗ്രതയുണ്ടാവണം.

അവിട്ടം

ഉദ്യോഗത്തിൽ ശോഭിക്കും. കർമ്മകൗശലം അനുമോദിക്കപ്പെടും. വ്യാപാരരംഗം ഊഷ്മളമാകുന്നതാണ്. ഉപഭോക്താക്കളുടെ ആവശ്യം മനസ്സിലാക്കി നവീകരണം നടത്തും. കുടുംബജീവിതത്തിൽ സംതൃപ്തിയുണ്ടാവും. അവധിക്കാലത്തെ വിനോദയാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തും. അന്യനാട്ടിലുള്ളവർക്ക് നാട്ടിലെത്താൻ സാഹചര്യം അനുകൂലമാവും. മിതവ്യയശ്രമം പരാജയപ്പെടാം. വാരാന്ത്യത്തിൽ ആത്മസംയമനം അനിവാര്യം. ആരോഗ്യപരിപാലനത്തിൽ അലംഭാവമരുത്.

ചതയം

ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടും. സ്ഥിരോത്സാഹത്തിന് ഫലം ഉണ്ടാകും. ഊഹക്കച്ചവടത്തിൽ നിന്നും ചില നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. വ്യാപാര ചർച്ചയിൽ ശക്തമായ നിലപാടെടുക്കും. ശത്രുക്കളുടെ കരുനീക്കങ്ങളെ മുൻകൂട്ടി കണ്ടറിഞ്ഞേക്കും. ജീവിതപങ്കാളിയുടെ പിന്തുണയോടെ കാര്യനേട്ടം ഭവിക്കുന്നതാണ്. ബുദ്ധിമാന്മാരായ സുഹൃത്തുകൾ ഹിതോപദേശം ചെയ്യും. വസ്തുവ്യവഹാരങ്ങൾ ഗുണം ചെയ്യണമെന്നില്ല. വാരാന്ത്യം ചെലവേറും. വൈദ്യപരിശോധനകളിൽ അമാന്തമരുത്.

പൂരുരുട്ടാതി

പ്രവർത്തനമികവ് ശ്ലാഘിക്കപ്പെടാം. ആസൂത്രണത്തിലെ കൃത്യത കൊണ്ട് പ്രയാസമുള്ള കാര്യങ്ങളിൽ പോലും വിജയിച്ചേക്കും. ഗാർഹികമായ ചില അലട്ടലുകൾ വരാം. മക്കളുടെ ഭാവിയെ സംബന്ധിച്ച് ഉൽക്കണ്ഠകൾ ഉണ്ടാവാനിടയുണ്ട്. കലാപ്രവർത്തനം തടസ്സപ്പെടുന്നതാണ്. ഉപരിവിദ്യാഭ്യാസവും ഗവേഷണവും മന്ദഗതിയിലാവും. വരവും ചിലവും തമ്മിൽ പൊരുത്തപ്പെടാതെ വന്നേക്കും. എതിർലിംഗത്തിൽപെട്ടവരും ശത്രുക്കളുടെ പക്ഷത്തിൽ ഉണ്ടായേക്കാം. വാരമധ്യം ക്ലേശകരമാവുന്നതാണ്. സമയനിഷ്ഠക്ക് നേരനീക്കം വരാം.

ഉത്രട്ടാതി

പൂർവ്വിക സ്വത്ത്, സമ്പാദ്യം എന്നിവയെച്ചൊല്ലി ചില അസംതൃപ്തികൾ ഉയരാം. വ്യവഹാരത്തെക്കുറിച്ച് ചിന്തിച്ചേക്കും. കുടുംബജീവിതത്തിൽ തൃപ്തി കുറയുന്നതാണ്. മക്കളെച്ചൊല്ലി ജീവിതപങ്കാളിയുമായി തർക്കിച്ചേക്കാം. ഉദ്യോഗസ്ഥർക്ക് തൊഴിലിൽ നേട്ടങ്ങളുണ്ടാക്കാനായേക്കും. ദൗത്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാം. പണവരവ് കൂടാം. യാത്രകൾ ഗുണഫലങ്ങൾ സൃഷ്ടിക്കാം. ഉദരസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാനിടയുണ്ട്.

രേവതി

നക്ഷത്രനാഥനായ ബുധന് ചൊവ്വയുമായുള്ള യോഗം തുടരുകയാൽ കാര്യതടസ്സം, ശത്രൂപദ്രവം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഭവിക്കാം. മനസ്സിന്റെ ശക്തിയും അല്പമൊന്ന് മന്ദീഭവിക്കുന്നതാണ്. കുടുംബാംഗങ്ങളുടെ ഐക്യം കുറയാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് ഏകാഗ്രത ലോപിച്ചേക്കാം. കർമ്മരംഗത്ത് നല്ല മുന്നേറ്റമുണ്ടാകുന്നതാണ്. ഉദ്യമങ്ങൾ ലക്ഷ്യം കാണും. പുതിയ കരാറുകൾ ഫലം കണ്ടുതുടങ്ങും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: