/indian-express-malayalam/media/media_files/uploads/2023/08/August-13-toAugust-19-Weekly-Horoscope.jpg)
സമ്പൂർണ വാരഫലം
August 13-August 19, 2023: Weekly Horoscope Astrological Predictions Aswathi to Revathy: സൂര്യൻ കർക്കടകം -ചിങ്ങം രാശികളിൽ, ആയില്യം - മകം ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണ -ശുക്ല പക്ഷങ്ങളിലൂടെ കടന്നുപോകുകയാണ്. ആഗസ്റ്റ് 16 ന്, കർക്കടകം 31 ന് ബുധനാഴ്ച അമാവാസി വരുന്നു. ആഗസ്റ്റ് 17 ന്, ചിങ്ങം ഒന്നിന് വെളുത്തപക്ഷം തുടങ്ങുകയാണ്. തിരുവാതിര മുതൽ ഉത്രം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിൽ ചന്ദ്രൻ കടന്നുപോകുന്നു. ശനി കുംഭത്തിൽ വക്രഗതിയായി ചതയത്തിലും, വ്യാഴം മേടത്തിൽ ഭരണി നക്ഷത്രത്തിലും, ചൊവ്വ കർക്കടകം, ചിങ്ങം രാശികളിലും ബുധൻ ചിങ്ങം രാശിയിലും ശുക്രൻ കർക്കടകം രാശിയിലും സഞ്ചരിക്കുന്നു. ശുക്രൻ വക്രമൗഢ്യാവസ്ഥയിലാണ് എന്നതും ഓർക്കേണ്ടതുണ്ട്.
രാഹു മേടത്തിൽ അശ്വതിയിലും കേതു തുലാത്തിൽ ചിത്തിരയിലുമായി അപസവ്യഗതി തുടരുകയാണ്. ഈയാഴ്ചയിൽ ഞായറാഴ്ച ദിവസം വൃശ്ചികക്കൂറിനും തിങ്കൾ, ചൊവ്വ, ബുധൻ വൈകുന്നേരം വരെ ധനുക്കൂറിനും തുടർന്ന് വെള്ളിയാഴ്ച വരെ മകരക്കൂറിനും ശനിയാഴ്ച കുംഭക്കൂറിനും അഷ്ടമരാശിയാകയാൽ പ്രസ്തുത കൂറുകളിൽ ജനിച്ചവർ കൂടുതൽ കരുതൽ കൈക്കൊള്ളേണ്ടത് അനിവാര്യമാണ്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലം ഇവിടെ അപഗ്രഥിക്കപ്പെടുന്നു.
അശ്വതി
മനസ്സ് ചഞ്ചലമാകും. തീരുമാനമെടുക്കുന്നതിൽ ക്ലേശിക്കുന്നതാണ്. അതിൽ ഉറച്ചു നിൽക്കുകയും ഇല്ല. ബന്ധുക്കളുടെ ശകാരം കേൾക്കും. കർമ്മമേഖലയിൽ ഉദാസീനതയുണ്ടാവും.അലച്ചിൽ കൂടുന്നതാണ്. ഒഴിവാക്കാമായിരുന്നതും കൂട്ടത്തിൽ ഉണ്ടാവും. മാതാവിന്റെ ആരോഗ്യത്തിൽ ശ്രദ്ധ വേണം. കഫജന്യരോഗങ്ങൾ ക്ലേശിപ്പിച്ചേക്കാം. ബുധനാഴ്ച പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളരുത്.
ഭരണി
പുതുവഴികൾ തേടാൻ നിർബന്ധിതരാവും. ബുദ്ധിപരമായി സാഹചര്യങ്ങളോട് ഇണങ്ങും. എന്നാൽ മാനസികമായി സന്ദേഹങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നതാണ്. സുഹൃത്തുക്കൾ വാഗ്ദാനങ്ങളിൽ നിന്നും അല്പം പിൻവാങ്ങിയേക്കും. പഠനത്തിൽ ഏകാഗ്രത കുറയുന്നതാണ്. ഏറ്റെടുത്ത ദൗത്യങ്ങൾ പകുതിവഴിയിൽ ഉപേക്ഷിച്ചേക്കും. നക്ഷത്രാധിപനായ ശുക്രന് മൗഢ്യം തുടരുകയാൽ ധനപരമായി ക്ലേശിക്കാം. വരവു ചെലവുകൾ സമീകരിക്കേണ്ടതുണ്ട്. ആരോഗ്യശ്രദ്ധ അനിവാര്യം.
കാർത്തിക
സ്വാർജ്ജിതമായ കഴിവുകൾ പുറത്തെടുക്കാൻ കഴിഞ്ഞേക്കില്ല. എന്നാൽ മറ്റു ചിലരുടെ പിന്തുണയോടെ എല്ലാക്കാര്യങ്ങളും നടന്നേക്കും. വ്യാപാര സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ, കരാറുകൾ ഒപ്പിടുക തുടങ്ങിയവയ്ക്ക് ചൊവ്വ, ബുധൻ ദിവസങ്ങൾ അനുകൂലമല്ല. സാങ്കേതികവിഷയങ്ങൾ പഠിക്കാൻ ശ്രമം തുടങ്ങും. ആധുനിക ആശയവിനിമയോപാധികളിൽ കരുതലോടെ ഇടപെടേണ്ടതുണ്ട്. പാചകവൈദഗ്ദ്യം പ്രശംസിക്കപ്പെടുന്നതാണ്.
രോഹിണി
നക്ഷത്രാധിപനായ ചന്ദ്രന് സഹായ സ്ഥാനത്ത് ബലക്ഷയം വരികയാൽ മനശ്ശക്തി സകാരണമായോ അകാരണമായോ ചോർന്നുപോകാം. ചിലരെ തള്ളിപ്പറയേണ്ടി വരും. പ്രതീക്ഷിച്ച പിന്തുണ കുറയും. കലാപ്രവർത്തനത്തിന് അർദ്ധവിരാമം ഇടാൻ ആലോചിക്കുന്നതാണ്. കുടുംബാംഗങ്ങളുടെ ശ്രേയസ്സിനായി ക്ലേശിച്ചേക്കും. പഠനത്തിൽ ഏകാഗ്രത കുറയുന്നതാണ്. അവസാന മണിക്കൂർ വരെ ആലസ്യത്തിൽ തുടർന്നേക്കും. സാമ്പത്തികസ്ഥിതി മോശമാവില്ല. അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്യുന്നതാണ്.
മകയിരം
മകയിരം നക്ഷത്രദേവത ചന്ദ്രനാണെന്നുണ്ട്. ചന്ദ്രന് ബലക്ഷയമുള്ളതിനാൽ സാഹസങ്ങൾക്കും വ്യവഹാരങ്ങൾക്കും മുതിരരുത്. പണമിടപാടുകളിൽ ജാഗ്രത വേണം. ചില ഉത്തരവാദിത്വങ്ങൾ മറന്നേക്കും. വ്യാപാരത്തിലെ മാന്ദ്യം മറികടക്കപ്പെടാം. സർക്കാർ അനുമതിക്കുള്ള ശ്രമങ്ങൾ ആഴ്ചയുടെ പകുതി മുതൽ ലഭ്യമാകുന്നതാണ്. ആഹാരപാനീയാദികളിൽ ശ്രദ്ധ പുലർത്തണം. വ്യായാമത്തിൽ ആലസ്യമരുത്. ഭാര്യാഭർതൃ ബന്ധത്തിലെ നഷ്ടപ്പെട്ട വിശ്വാസം തിരികെ വരുന്നതാണ്.
തിരുവാതിര
ജന്മനക്ഷത്രത്തോടെയാണ് വാരം തുടങ്ങുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സാമ്പത്തികക്ലേശം വരാം. വരവറിഞ്ഞ് ചെലവുകൾ ചെയ്യേണ്ടതുണ്ട്. ബുധനാഴ്ച മനക്ലേശമേറും. വിവാദങ്ങളിൽ ഏർപ്പെടരുത്. ഉപാസനാദികൾക്ക് മുടക്കം വരാം. വ്യാഴം മുതൽ കാര്യങ്ങൾ അനുകൂലമാവും. ഉദ്യോഗസ്ഥർക്ക് അഭിമാനകരമായ ചുമതലകൾ വന്നെത്തും. ധർമ്മനിഷ്ഠ ശ്ലാഘിക്കപ്പെടും. ബന്ധങ്ങളുടെ ഊഷ്മളത ധന്യതയുണ്ടാക്കും.
പുണർതം
ചിന്താശക്തിയെ കർമ്മശക്തിയുമായി ഇണക്കുന്നതിൽ വിജയിക്കണമെന്നില്ല. ചില തടസ്സങ്ങൾ വാരാദ്യം അനുഭവപ്പെടാം. ഒപ്പമുള്ളവരുടെ സഹകരണം ഉറപ്പിക്കുന്നതിൽ വേണ്ടത്ര വിജയിക്കണമെന്നുമില്ല. ചിലപ്പോൾ പൂർവ്വാപരക്രമം നഷ്ടപ്പെടാം. ആദ്യം പരിഗണിക്കേണ്ടത് ഒടുവിലും, മറിച്ചും ഒക്കെ സംഭവിക്കാം. കുടുംബജീവിതം ഉന്മേഷകരമാവും. സാമ്പത്തിക ഏർപ്പാടുകളിൽ ഒരുവിധം വിജയം കാണും. മക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനാവും. വ്യാഴാഴ്ച മുതൽ കൂടുതൽ അനുകൂലഫലങ്ങൾ.
പൂയം
രാശിനാഥനായ ചന്ദ്രന് ബലഹാനി വരുന്നതിനാൽ നൈസർഗികമായ ഉന്മേഷവും കർമ്മഗുണവും അല്പമൊന്ന് മങ്ങിയേക്കും. ചില തീർപ്പുകൾ വേണ്ടിയിരുന്നില്ലെന്നും തോന്നാം. നിസ്സംഗത്വത്തോടെ ചിലതൊക്കെ ചെയ്തേക്കും. സുഹൃൽബന്ധങ്ങൾ നിലനിർത്താൻ ക്ലേശിക്കാം. ചിലപ്പോൾ കൈവായ്പകൾ ആവശ്യമായി വന്നേക്കും. ദീർഘകാല രോഗങ്ങൾക്ക് ചികിൽസ മാറുന്നത് ഇപ്പോൾ അഭിലഷണീയമായിരിക്കില്ല.
ആയില്യം
അനാവശ്യമായ തിടുക്കം ഉപേക്ഷിക്കണം. ജന്മരാശിയിലെ സൂര്യ, ശുക്ര സഞ്ചാരവും ചന്ദ്രന്റെ പക്ഷബലരാഹിത്യവും കാര്യങ്ങളെ സങ്കീർണമാക്കാം. ദുർബോധനങ്ങൾക്ക് ചെവിയും ദുഷ്പ്രേരണകൾക്ക് മനസ്സും നൽകാതിരിക്കാൻ കരുതൽ വേണം. വാക്കുകൾ പരുഷമാകുന്നത് ശത്രുക്കളെ സൃഷ്ടിക്കും. ഉദ്യോഗത്തിൽ നേട്ടങ്ങളുണ്ടായാലും അല്പം തിളക്കം കുറഞ്ഞതായി തോന്നാം. വരുമാനം ഉയരണമെന്നില്ല. എങ്കിൽ തന്നെയും ജീവിതത്തിന്റെ സ്വാഭാവിക താളം ഭംഗിയായി തുടരപ്പെടുന്നതാണ്.
മകം
കഴിഞ്ഞയാഴ്ചയിലെ അനുഭവങ്ങളുടെ ഒരു 'തനിയാവർത്തം' തന്നെയാവും. ബുധൻ വരെയുള്ള ദിവസങ്ങൾക്ക് മേന്മ കുറയും. ചിലവുകൾ കൂടാം. ചില ആരോഗ്യപശ്നങ്ങൾ, ആശുപത്രിച്ചെലവ് എന്നിങ്ങനെ അനുഭവങ്ങൾ ഉണ്ടാവാം. കുടുംബാംഗങ്ങൾക്കിടയിൽ വിയോജിപ്പുകൾ ഉണ്ടാവും. വ്യാഴം മുതൽ അനുഭവങ്ങൾ മെച്ചമാകും. പ്രതീക്ഷിച്ച സഹായം ലഭ്യമാകും. ഇടപാടുകൾ ലാഭത്തിൽ കലാശിക്കും. ആത്മവിശ്വാസത്തോടെ കർമ്മരംഗത്ത് പ്രവർത്തിക്കാനാവും.
പൂരം
ചിരിക്കാൻ മറന്നുപോകും. അദ്ധ്വാനഭാരം ഉയരാം. വാരത്തിന്റെ ആദ്യ പകുതിയിൽ മാനസിക സംഘർഷം കൂടും. അനാവശ്യതർക്കങ്ങൾ, സർക്കാർ സംബന്ധിച്ച കാര്യങ്ങളിൽ തടസ്സം എന്നിവ വന്നേക്കും. നിസ്സാരകാര്യങ്ങൾ നേടാൻ പണിപ്പെടേണ്ടി വരുന്നതാണ്. മക്കളുടെ വിദ്യാഭ്യാസച്ചെലവുകൾ കൂടും. വാരത്തിന്റെ രണ്ടാം പകുതിയിൽ സമ്മർദ്ദങ്ങൾ അകലും. വിനോദങ്ങളിൽ പങ്കെടുക്കാനാവും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതാണ്.
ഉത്രം
വാരാദ്യം നേട്ടങ്ങൾക്കാണ് പ്രാമുഖ്യം. ശുഭവാർത്തകൾ തേടിവരും. പൂജകളിലും വിരുന്നുകളിലും പങ്കെടുക്കാനാവും. ബന്ധുക്കളുടെ കലഹം പറഞ്ഞു തീർക്കുവാൻ മുൻകൈയ്യെടുക്കും. മോടിയുള്ള വസ്ത്രാഭരണാദികൾ വാങ്ങാനായേക്കും. മക്കളുടെ ഭാവിസംബന്ധിച്ച ചില നല്ല തീരുമാനങ്ങളിൽ വന്നെത്തും. വാരത്തിന്റെ പകുതിക്കുശേഷം മനപ്രയാസങ്ങളുണ്ടായേക്കാം. വരുമാനത്തിൽ കുറവ്, കാര്യവിളംബം എന്നിവ സാധ്യതകൾ. ആരോഗ്യപരമായി ശ്രദ്ധ വേണ്ടതുണ്ട്.
അത്തം
നക്ഷത്രനാഥനായ ചന്ദ്രന് ബലക്ഷയം വരികയാൽ പ്രതീക്ഷിച്ച നേട്ടങ്ങൾക്ക് മാറ്റ് കുറയാം. മനക്ലേശമുണ്ടാകും. വിരോധികളുടെ പ്രവർത്തനം ഭയമുണ്ടാക്കാം. വിദ്യാർത്ഥികൾ പഠനത്തിൽ പിന്നാക്കം പോകാനിടയുണ്ട്. ദാമ്പത്യത്തിലും ചില അലോസരങ്ങൾ വരാം. എന്നാലും സാമ്പത്തികമായി നല്ല അനുഭവങ്ങളും പ്രതീക്ഷിക്കാം. കൈവായ്പകൾ മടക്കാനാവും. എതിർലിംഗത്തിൽ ഉള്ള സുഹൃത്തുക്കളുടെ പിന്തുണ കിട്ടുന്നതാണ്. വീട്ടിലെ സ്ത്രീകൾക്കും ഉന്നമനം പ്രതീക്ഷിക്കാം. കഫരോഗങ്ങൾക്ക് ചികിത്സ വേണ്ടിവരാം.
ചിത്തിര
കന്നിക്കൂറുകാരായ ചിത്തിര നാളുകാരെക്കാൾ നേട്ടം കൂടുതൽ തുലാക്കൂറുകാർക്കാവും. ചന്ദ്രൻ പത്ത്, പതിനൊന്ന് മുതലായ ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ കർമ്മഗുണം പ്രതീക്ഷിക്കാം. തടസ്സങ്ങൾ നീങ്ങും. ചെയ്യുന്ന തൊഴിലിൽ മുന്നേറാനും ലാഭം കൊയ്യാനുമാവും. ആത്മവിശ്വാസം വാക്കുകളിൽ നിറയുന്നതാണ്. കുടുംബപ്രശ്നങ്ങളെ നിശ്ചയദാർഢ്യത്തോടെ അഭിമുഖീകരിക്കും. നല്ല തീരുമാനങ്ങൾക്കായി ക്രിയാത്മകമായ സമീപനം കൈക്കൊള്ളും.
ചോതി
വിദ്യാർത്ഥികൾക്ക് പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാനാവും. ഉദ്യോഗസ്ഥർക്ക് ജോലിസംബന്ധമായ യാത്രകളും അവയിൽ നിന്നും നേട്ടങ്ങളും പ്രതീക്ഷിക്കാം. തൊഴിൽ വിപുലീകരണ ശ്രമങ്ങൾ വിജയം കാണുന്നതാണ്. ഊഹക്കച്ചവടത്തിൽ നിന്നും ലാഭമുണ്ടാകാം. വിദേശത്തു കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനാവും. കുടുംബിനികൾക്ക് ഗാർഹികമായ സ്വസ്ഥത പുലരും. ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങാനാവുന്നതാണ്.
പണയവസ്തുക്കളുടെ പലിശ കൃത്യമായി അടക്കാനാവും.
വിശാഖം
സ്വപിതാവ് തുടങ്ങിവെച്ച പ്രസ്ഥാനങ്ങളിലൂടെ മുന്നേറുന്നവർക്ക് വിജയിക്കാനാവും. കുട്ടിക്കാലത്തെ അദ്ധ്യാപകരെ കാണാൻ അവസരമുണ്ടാകുന്നതാണ്. ചിട്ടി/ലോൺ മുതലായവയിലൂടെ ധനാഗമം പ്രതീക്ഷിക്കാം. രാഷ്ട്രീയമായ തുറന്നുപറച്ചിൽ ശത്രുക്കളെ സൃഷ്ടിച്ചേക്കും. ഭൂമിയുടെ ക്രയവിക്രയത്തിൽ കരുതൽ വേണം. പുതുസംരംഭങ്ങൾ തുടങ്ങുംമുൻപ് സാങ്കേതികശിക്ഷണം നേടാൻ മറക്കരുത്.
അനിഴം
പല കാര്യങ്ങളിലും ആത്മവിശ്വാസം കുറയും. അനാവശ്യമായ ആശങ്കകൾ ഉയരാം. പണമിടപാടുകളിൽ അമളി പറ്റരുത്. ആഴ്ചയുടെ തുടക്കത്തിലെ രണ്ടുമൂന്നു ദിവസങ്ങൾക്ക് ശോഭ കുറവായിരിക്കും. ക്രമേണ കർമ്മരംഗത്ത് വിജയിക്കാനാവും. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമാണ്. കുടുംബിനികൾക്ക് ജോലിഭാരം ക്രമീകരിക്കാനാവും. ഉപാസനാദികൾക്കും വ്രതാനുഷ്ഠാനങ്ങൾക്കും സന്ദർഭമുണ്ടാകും.
യുവാക്കളുടെ പ്രണയത്തിലെ തടസ്സങ്ങൾ നീങ്ങിയേക്കും.
തൃക്കേട്ട
വാരാദ്യം അഷ്ടമരാശിക്കൂറാകയാൽ സാഹസങ്ങൾക്ക് ഒരുമ്പെടരുത്. ശത്രുക്കളുടെ പ്രവർത്തനങ്ങളെ കരുതിയിരിക്കണം. വൈകാരിക ക്ഷോഭങ്ങൾ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. മറ്റുള്ളവരുടെ നേരെ വിരൽ ചൂണ്ടുമ്പോൾ നമ്മുടെ നേരെയും വിരൽ ചൂണ്ടെപ്പെടുന്നുണ്ട് എന്നത് മറക്കരുത്. അഴ്ചയുടെ മറ്റു ദിവസങ്ങളിൽ തുടങ്ങുന്ന കാര്യങ്ങൾ, പൂർത്തീകരിക്കാനാവും. പണക്കഷ്ടം തെല്ല് കുറയുന്നതാണ്. വസ്ത്രാഭരണാദികൾ വാങ്ങാൻ ധനം കണ്ടെത്തും. വിരുന്നുകളിൽ സംബന്ധിക്കും.
മൂലം
ആരോഗ്യപ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കും. തുടർചികിൽസകൾക്ക് വഴിയൊരുങ്ങിയേക്കും. സന്താനങ്ങളുടെ നേട്ടങ്ങൾ മനസ്സന്തോഷമേകുന്നതാണ്. ശുഭകാര്യങ്ങൾ നടത്താൻ തയ്യാറെടുപ്പുകൾ നടത്തും. യ്പകൾ ലഭിക്കാനുള്ള തടസ്സം നീങ്ങുന്നതാണ്. ദൂരദിക്കുകളിൽ നിന്നും നല്ല സന്ദേശങ്ങൾ ലഭിച്ചേക്കും. കരാറുകളും ഉടമ്പടികളും പുതുക്കപ്പെടുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങൾക്ക് മേന്മ കുറയുവാനിടയുണ്ട്. വാക്കിലും കർമ്മത്തിലും ജാഗ്രത പുലർത്തണം.
പൂരാടം
കർമ്മത്തിൽ ഉന്നതി പ്രതീക്ഷിക്കാം. ആഗ്രഹിച്ച രീതിയിൽ പ്രവർത്തിക്കാനാവും. സാമ്പത്തികപരാധീനതയ്ക്ക് അയവ് വരാം. മക്കളുടെ ഉപരിപഠനത്തിലെ ആശങ്ക നീങ്ങുന്നതാണ്. തൊഴിൽ തേടുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. പാചകനൈപുണ്യം പ്രശംസിക്കപ്പെടുന്നതാണ്. നവമാധ്യമങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായേക്കും. ഭൂമിസംബന്ധിച്ച തർക്കങ്ങൾ പരിഹാരത്തിലേക്ക് നീങ്ങും. ആരോഗ്യസ്ഥിതി മെച്ചപ്പെടാം. വാരമധ്യം വരെ സാഹസങ്ങൾക്ക് തുനിയരുത്.
ഉത്രാടം
ഗുണദോഷസമ്മിശ്രമായ വാരമാണ്. ധനപരമായ കാര്യങ്ങളിൽ നല്ല ശ്രദ്ധയുണ്ടാവണം. ആരോഗ്യപരമായും കാലം അനുകൂലമല്ല. ദുർവാസനകൾ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. മെല്ലെപ്പോക്ക് നയം വിമർശിക്കപ്പെടാം. കുടുംബസൗഖ്യം ഭവിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് ഏകാഗ്രതയുണ്ടാവും. നവീന ഗൃഹോപകരണങ്ങൾ വാങ്ങാൻ സാധിച്ചേക്കും. പാർട്ണർഷിപ്പ് അടിസ്ഥാനത്തിൽ പുതുസംരംഭങ്ങൾക്ക് ശ്രമം തുടങ്ങുവാനാവും. പ്രേമബന്ധങ്ങളിലെ വിഘ്നങ്ങൾ ഒഴിയാം. ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്ലാഘിക്കപ്പെടും.
തിരുവോണം
ആഴ്ചയുടെ തുടക്കത്തിന് ഗുണമേറും. ഇഷ്ടവസ്തുക്കൾ വാങ്ങും. ആഘോഷങ്ങൾക്ക് മാനസികമായി തയ്യാറെടുക്കും. ഗാർഹികമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും. കരാറുകൾ പുതുക്കപ്പെടാം. പുതിയ ജോലിയിൽ പ്രവേശിക്കാൻ ചെറിയ കാലവിളംബം വന്നേക്കും. ബാങ്കിലെ തിരിച്ചടവിന് ക്ലേശിക്കുന്നതായിരിക്കും. ദാമ്പത്യത്തിൽ ചെറുകാര്യങ്ങൾ കലഹത്തിലേക്ക് നയിക്കാം. വ്യാഴം, വെള്ളി ദിവസങ്ങളിൽ എല്ലാക്കാര്യത്തിലും ജാഗ്രതയുണ്ടാവണം.
അവിട്ടം
ഉദ്യോഗത്തിൽ ശോഭിക്കും. കർമ്മകൗശലം അനുമോദിക്കപ്പെടും. വ്യാപാരരംഗം ഊഷ്മളമാകുന്നതാണ്. ഉപഭോക്താക്കളുടെ ആവശ്യം മനസ്സിലാക്കി നവീകരണം നടത്തും. കുടുംബജീവിതത്തിൽ സംതൃപ്തിയുണ്ടാവും. അവധിക്കാലത്തെ വിനോദയാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തും. അന്യനാട്ടിലുള്ളവർക്ക് നാട്ടിലെത്താൻ സാഹചര്യം അനുകൂലമാവും. മിതവ്യയശ്രമം പരാജയപ്പെടാം. വാരാന്ത്യത്തിൽ ആത്മസംയമനം അനിവാര്യം. ആരോഗ്യപരിപാലനത്തിൽ അലംഭാവമരുത്.
ചതയം
ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടും. സ്ഥിരോത്സാഹത്തിന് ഫലം ഉണ്ടാകും. ഊഹക്കച്ചവടത്തിൽ നിന്നും ചില നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. വ്യാപാര ചർച്ചയിൽ ശക്തമായ നിലപാടെടുക്കും. ശത്രുക്കളുടെ കരുനീക്കങ്ങളെ മുൻകൂട്ടി കണ്ടറിഞ്ഞേക്കും. ജീവിതപങ്കാളിയുടെ പിന്തുണയോടെ കാര്യനേട്ടം ഭവിക്കുന്നതാണ്. ബുദ്ധിമാന്മാരായ സുഹൃത്തുകൾ ഹിതോപദേശം ചെയ്യും. വസ്തുവ്യവഹാരങ്ങൾ ഗുണം ചെയ്യണമെന്നില്ല. വാരാന്ത്യം ചെലവേറും. വൈദ്യപരിശോധനകളിൽ അമാന്തമരുത്.
പൂരുരുട്ടാതി
പ്രവർത്തനമികവ് ശ്ലാഘിക്കപ്പെടാം. ആസൂത്രണത്തിലെ കൃത്യത കൊണ്ട് പ്രയാസമുള്ള കാര്യങ്ങളിൽ പോലും വിജയിച്ചേക്കും. ഗാർഹികമായ ചില അലട്ടലുകൾ വരാം. മക്കളുടെ ഭാവിയെ സംബന്ധിച്ച് ഉൽക്കണ്ഠകൾ ഉണ്ടാവാനിടയുണ്ട്. കലാപ്രവർത്തനം തടസ്സപ്പെടുന്നതാണ്. ഉപരിവിദ്യാഭ്യാസവും ഗവേഷണവും മന്ദഗതിയിലാവും. വരവും ചിലവും തമ്മിൽ പൊരുത്തപ്പെടാതെ വന്നേക്കും. എതിർലിംഗത്തിൽപെട്ടവരും ശത്രുക്കളുടെ പക്ഷത്തിൽ ഉണ്ടായേക്കാം. വാരമധ്യം ക്ലേശകരമാവുന്നതാണ്. സമയനിഷ്ഠക്ക് നേരനീക്കം വരാം.
ഉത്രട്ടാതി
പൂർവ്വിക സ്വത്ത്, സമ്പാദ്യം എന്നിവയെച്ചൊല്ലി ചില അസംതൃപ്തികൾ ഉയരാം. വ്യവഹാരത്തെക്കുറിച്ച് ചിന്തിച്ചേക്കും. കുടുംബജീവിതത്തിൽ തൃപ്തി കുറയുന്നതാണ്. മക്കളെച്ചൊല്ലി ജീവിതപങ്കാളിയുമായി തർക്കിച്ചേക്കാം. ഉദ്യോഗസ്ഥർക്ക് തൊഴിലിൽ നേട്ടങ്ങളുണ്ടാക്കാനായേക്കും. ദൗത്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാം. പണവരവ് കൂടാം. യാത്രകൾ ഗുണഫലങ്ങൾ സൃഷ്ടിക്കാം. ഉദരസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാനിടയുണ്ട്.
രേവതി
നക്ഷത്രനാഥനായ ബുധന് ചൊവ്വയുമായുള്ള യോഗം തുടരുകയാൽ കാര്യതടസ്സം, ശത്രൂപദ്രവം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഭവിക്കാം. മനസ്സിന്റെ ശക്തിയും അല്പമൊന്ന് മന്ദീഭവിക്കുന്നതാണ്. കുടുംബാംഗങ്ങളുടെ ഐക്യം കുറയാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് ഏകാഗ്രത ലോപിച്ചേക്കാം. കർമ്മരംഗത്ത് നല്ല മുന്നേറ്റമുണ്ടാകുന്നതാണ്. ഉദ്യമങ്ങൾ ലക്ഷ്യം കാണും. പുതിയ കരാറുകൾ ഫലം കണ്ടുതുടങ്ങും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.