/indian-express-malayalam/media/media_files/uploads/2023/08/August-6-to-August-12-Weekly-Horoscope-Astrological-Predictions-Moolam-to-Revathi.jpg)
മൂലം മുതല്‍ രേവതി വരെയുള്ള 9 നാളുകാരുടെ വാരഫലം
August 06 August 12, 2023: Weekly Horoscope Astrological Predictions Moolam to Revathy: സൂര്യൻ കർക്കടകം രാശിയിൽ, ആയില്യം ഞാറ്റുവേലയിലാണ്. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ പഞ്ചമി മുതൽ ഏകാദശി വരെയുള്ള തിഥികളിലായി സഞ്ചരിക്കുന്നു. (രേവതി മുതൽ തിരുവാതിര വരെ നക്ഷത്രങ്ങളിൽ). ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ വക്രഗതി തുടരുന്നു. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലും രാഹു മേടം രാശിയിൽ അശ്വതി നക്ഷത്രത്തിലും കേതു തുലാം രാശിയിൽ ചിത്തിര നക്ഷത്രത്തിലും ആയി സഞ്ചരിക്കുന്നു.
ബുധനും ചൊവ്വയും ചിങ്ങം രാശിയിൽ പൂരം നാളിൽ സഹചാരികളാവുന്നു. ശുക്രൻ കർക്കടകം രാശിയിൽ വക്രഗതിയായി ആയില്യം നക്ഷത്രത്തിലും തുടരുന്നു. അതോടൊപ്പം ഈയാഴ്ച ശുക്രന് മൗഢ്യവും ആരംഭിക്കുകയാണ്. ഈയാഴ്ച തുടക്കത്തിൽ ചിങ്ങക്കൂറിനും, തിങ്കൾ- ചൊവ്വ ദിവസങ്ങളിൽ കന്നിക്കൂറിനും ബുധനും വ്യാഴവും തുലാക്കൂറിനും വെള്ളി,ശനി ദിവസങ്ങൾ വൃശ്ചികക്കൂറിനും ചന്ദ്രാഷ്ടമം അഥവാ അഷ്ടമരാശിക്കൂറ് ആകുന്നു. അവരവരുടെ ജന്മരാശിയുടെ അഥവാ കൂറിന്റെ എട്ടാം രാശിയിൽ ചന്ദ്രൻ സഞ്ചരിക്കുന്ന രണ്ടേകാൽ ദിവസത്തെയാണ് ഇപ്രകാരം പറയുന്നത്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതല്‍ രേവതി വരെയുള്ള 9 നാളുകാരുടെ വാരഫലം ഇവിടെ അപഗ്രഥിക്കപ്പെടുന്നു.
മൂലം
സൂര്യന്റെ അഷ്ടമസ്ഥിതി കാരണം സർക്കാർ കാര്യങ്ങളിൽ ക്ലേശങ്ങളും തടസ്സങ്ങളും വരാം. ഭാഗ്യഭാവത്തിലെ കുജസ്ഥിതി ഈശ്വരാധീനക്കുറവിനെ സൂചിക്കുന്നു. ഊഹക്കച്ചവടത്തിൽ നഷ്ടം വരാം. വലിയ ക്രയവിക്രയങ്ങളിൽ ഏർപ്പെടാതിരിക്കുക ഉചിതം. കുടുംബജീവിതത്തിൽ പിണക്കങ്ങളേറും; ഇണക്കങ്ങൾ കുറയും. മകളുടെ വിവാഹ കാര്യത്തിൽ നല്ല തീരുമാനം ഉണ്ടായേക്കാം. പുതിയ ജോലി പ്രതീക്ഷിക്കുന്നവർക്ക് അല്പം കൂടി കാത്തിരിക്കേണ്ടി വന്നേക്കും.
പൂരാടം
കൂട്ടുകെട്ടുകൾ തിരിച്ചടിയുണ്ടാക്കാം. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് കിടമത്സരങ്ങളുണ്ടാവുന്നതാണ്. അന്യദേശ ജോലികൾക്കുള്ള അന്വേഷണം നീളും. തൊഴിലിൽ അദ്ധ്വാനം കൂടും. എന്നാൽ വേതനം/ പ്രതിഫലം കുറയും. അത് കിട്ടേണ്ട നേരത്ത് കിട്ടണമെന്നുമില്ല. ഗുരുസ്ഥാനീയരുടെ, പിതാവിന്റെ ആരോഗ്യസ്ഥിതി അത്ര മെച്ചമാവില്ല. വായ്പകൾ നേടിയെടുക്കാനുള്ള ശ്രമം ഭാഗികമായി വിജയിക്കുന്നതാണ്. ഭാര്യാഭർത്താക്കന്മാർക്കിടയിലെ അനൈക്യം തീരാം. കുട്ടികളുടെ ഭാവിക്കായുള്ള ചില നീക്കുപോക്കുകൾ ദാമ്പത്യത്തിൽ ഉണ്ടായേക്കാം.
ഉത്രാടം
നേട്ടങ്ങളും സാമ്പത്തികലാഭവും കൈവരിക്കാൻ ഇരട്ടി അദ്ധ്വാനിക്കേണ്ടിവരും. പൊതുപ്രവർത്തനം മടുപ്പിക്കും. സ്ഥാപിത താത്പര്യക്കാരുടെ ഒത്താശ നിരസിക്കേണ്ടതായി വന്നേക്കും. ചെറുകച്ചവടക്കാർക്കും ദിവസവേതനക്കാർക്കും വരുമാനം ഉയരും. കലാകാരന്മാർക്ക് സന്തോഷിക്കാൻ കഴിയുന്നതാണ്. പഠനത്തിലും ഗവേഷണത്തിലും മുഴുകിയവർക്ക് കൂടുതൽ വിജ്ഞാനസമ്പാദനം സാധ്യമാകും. ദുർവാസനകളെ നിയന്ത്രിക്കാൻ കഴിയും. ആരോഗ്യപ്രശ്നങ്ങൾ നിസ്സാരവത്കരിക്കരുത്.
തിരുവോണം
ആദർശത്തെക്കാൾ പ്രായോഗികമായ സമീപനം സ്വീകരിക്കും. വാഗ്ദാനങ്ങൾ നൽകില്ല. സന്ദർഭോചിതമായി ഉണർന്ന് പ്രവർത്തിക്കും. ആതുരസേവനത്തിനും ജീവകാരുണ്യത്തിനും സമയം കണ്ടെത്തുന്നതാണ്. ആരുടെയും പിന്തുണ പ്രതീക്ഷിക്കാതെ എല്ലാക്കാര്യത്തിലും മുന്നിട്ടിറങ്ങും. സാമ്പത്തികസ്ഥിതി കൂടിയും കുറഞ്ഞുമിരിക്കും. വ്യാപാരത്തിൽ മാന്ദ്യം നീങ്ങിയെന്നു പറയാം. മക്കളുമായി കലഹിക്കുന്നത് ഒഴിവാക്കും. ദാമ്പത്യത്തിൽ അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ചേക്കും. ആരോഗ്യപരമായി ശരാശരിക്കാലമാണ്.
അവിട്ടം
ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ഉദ്യോഗാർത്ഥികൾക്ക് കാത്തിരുപ്പ് നീളാം. നവസംരംഭങ്ങൾ തുടങ്ങുവാനുള്ള പ്രാരംഭ കാര്യങ്ങൾ പൂർത്തിയാക്കും. വിദ്യാഭ്യാസത്തിൽ ഏകാഗ്രത അല്പം കുറയാം. പ്രണയികൾക്ക് അനുകൂലമായ ആഴ്ചയാണെന്ന് പറയാനാവില്ല. ഏഴിൽ സൂര്യൻ തുടരുന്നതിനാൽ ഭാര്യാഭർത്തൃബന്ധം അത്ര സുഖകരമാവണമെന്നില്ല. ഏഴിലെ ചൊവ്വ കുംഭക്കൂറുകാർക്കും ദാമ്പത്യ പ്രശ്നങ്ങളുണ്ടാക്കും. വരവും ചെലവും സമമായി തുടരും.
ചതയം
എതിർപ്പുകളെ മറികടന്ന് മുന്നോട്ട് പോകാനാവും. ബിസിനസ്സിന്റെ പുരോഗതിക്കാവശ്യമായ ആശയങ്ങൾ സ്വയം കണ്ടെത്തി നടപ്പിലാക്കും. ഭാഗ്യാധിപഗ്രഹമായ ശുക്രന് വക്രമൗഢ്യാദികൾ ഉള്ളതിനാൽ ഭാഗ്യപരീക്ഷണങ്ങൾക്ക് മുതിരരുത്. നൂറുശതമാനം ഉറപ്പുള്ള സാമ്പത്തിക ഇടപാടുകളിൽ മാത്രം ഏർപ്പെടുക. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ തീരുമാനം നീണ്ടുപോകാം. ദാമ്പത്യ പ്രശ്നങ്ങൾ കുറച്ചൊന്ന് രൂക്ഷമായേക്കാം. വാക്കുകളിൽ നിയന്ത്രണം വേണ്ടതുണ്ട്. കാലികമായ വൈദ്യപരിശോധനകൾ മുടക്കരുത്.
പൂരുരുട്ടാതി
ഗാർഹിക അന്തരീക്ഷം തൃപ്തികരമാവും. അസുഖങ്ങളുടെ തുടർച്ചയ്ക്ക് അവസാനമാകും. മംഗളകർമ്മങ്ങൾക്ക് തയ്യാറെടുക്കും. പണമിടപാടുകളിലൂടെ നേട്ടം വന്നുചേരും. നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ കിട്ടാം. ദാമ്പത്യത്തിലെ അനൈക്യങ്ങളെ മാദ്ധ്യസ്ഥത്തിലൂടെ പരിഹരിക്കും. വിദേശത്തു പോകാനോ സ്ഥിരാംഗത്വം ലഭിക്കാനോ ഉള്ള അപേക്ഷകളിൽ നല്ല തീരുമാനം പ്രതീക്ഷിക്കാവുന്നതാണ്. സൗഹൃദബന്ധങ്ങളിൽചില അകൽച്ചകൾ ഉണ്ടായേക്കാം.
ഉത്രട്ടാതി
നിരവധി കാര്യങ്ങൾ ഏകകാലത്ത് ഏറ്റെടുക്കേണ്ടിവരും. എന്നാൽ പുതിയ സംരംഭങ്ങൾ തുടങ്ങുന്നത് സംബന്ധിച്ച് ചിലകാര്യങ്ങൾ ബാക്കിയാവും. ഉദ്യോഗത്തിൽ സംതൃപ്തിയുണ്ടാവുന്നതാണ്. ഗവേഷണത്തിൽ തടസ്സങ്ങൾ ഉണ്ടായേക്കാം. പഴയ കൈവായ്പകൾ മടക്കിക്കിട്ടാം. കുടുംബത്തോടൊപ്പം തീർത്ഥാടനത്തിനുള്ള യോഗം കാണുന്നു. അനാവശ്യ വിവാദങ്ങളിൽ നിന്നും അകലം പാലിക്കുന്നത് ഉത്തമം. വിലകൂടിയ വസ്തുക്കൾ സ്വന്തമാക്കിയേക്കും.
രേവതി
സ്വന്തം കാര്യം നോക്കുന്നതിൽ അലംഭാവം ഉണ്ടായേക്കും. സുഹൃത്തുക്കളുടെ പ്രശ്നങ്ങൾക്ക് മുന്നിട്ടിറങ്ങും. ദുരാരോപണങ്ങളെ തള്ളിക്കളയും. നീതിലഭിക്കാൻ പലവാതിലുകൾ മുട്ടേണ്ടിവരാം. അവിവാഹിതർക്ക് വിവാഹതടസ്സം നീങ്ങിയേക്കും. ദാമ്പത്യത്തിൽ സുഖവും സംതൃപ്തിയും ഉണ്ടാകും. പ്രവർത്തനങ്ങൾക്ക് ജീവിതപങ്കാളിയിൽ നിന്നും ശക്തമായ പിന്തുണ ലഭിച്ചേക്കാം. അന്യനാട്ടിലെ ജോലിയിൽ അതൃപ്തിയുണ്ടാവുന്നതാണ്. എന്നാൽ നിലവിലെ ജോലി ഉപേക്ഷിച്ചിട്ട് പുതിയത് തേടുന്നത് അഭികാമ്യമല്ല. കിടപ്പുരോഗികൾക്ക് ആശ്വാസം അനുഭവപ്പെടാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.