/indian-express-malayalam/media/media_files/uploads/2023/08/August-6-to-August-12-Weekly-Horoscope-Astrological-Predictions-Aswathi-to-Ayilyam.jpg)
Weekly Horoscope, Astrological Predictions
August 06- August 12, 2023: Weekly Horoscope Astrological Predictions Aswathi to Ayilyam: സൂര്യൻ കർക്കടകം രാശിയിൽ, ആയില്യം ഞാറ്റുവേലയിലാണ്. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ പഞ്ചമി മുതൽ ഏകാദശി വരെയുള്ള തിഥികളിലായി സഞ്ചരിക്കുന്നു. (രേവതി മുതൽ തിരുവാതിര വരെ നക്ഷത്രങ്ങളിൽ). ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ വക്രഗതി തുടരുന്നു. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലും രാഹു മേടം രാശിയിൽ അശ്വതി നക്ഷത്രത്തിലും കേതു തുലാം രാശിയിൽ ചിത്തിര നക്ഷത്രത്തിലും ആയി സഞ്ചരിക്കുന്നു.
ബുധനും ചൊവ്വയും ചിങ്ങം രാശിയിൽ പൂരം നാളിൽ സഹചാരികളാവുന്നു. ശുക്രൻ കർക്കടകം രാശിയിൽ വക്രഗതിയായി ആയില്യം നക്ഷത്രത്തിലും തുടരുന്നു. അതോടൊപ്പം ഈയാഴ്ച ശുക്രന് മൗഢ്യവും ആരംഭിക്കുകയാണ്. ഈയാഴ്ച തുടക്കത്തിൽ ചിങ്ങക്കൂറിനും, തിങ്കൾ- ചൊവ്വ ദിവസങ്ങളിൽ കന്നിക്കൂറിനും ബുധനും വ്യാഴവും തുലാക്കൂറിനും വെള്ളി,ശനി ദിവസങ്ങൾ വൃശ്ചികക്കൂറിനും ചന്ദ്രാഷ്ടമം അഥവാ അഷ്ടമരാശിക്കൂറ് ആകുന്നു. അവരവരുടെ ജന്മരാശിയുടെ അഥവാ കൂറിന്റെ എട്ടാം രാശിയിൽ ചന്ദ്രൻ സഞ്ചരിക്കുന്ന രണ്ടേകാൽ ദിവസത്തെയാണ് ഇപ്രകാരം പറയുന്നത്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള 9 നാളുകാരുടെ വാരഫലം ഇവിടെ അപഗ്രഥിക്കപ്പെടുന്നു.
അശ്വതി
ചൊവ്വയും ബുധനും അഞ്ചാം ഭാവത്തിലാകയാൽ സർവ്വത്ര ആശയക്കുഴപ്പം ഉണ്ടാവും. കർമ്മണ്യത തെല്ല് പിൻവാങ്ങിയേക്കും. സകുടുംബ യാത്രകൾക്ക് അനുകൂല സന്ദർഭമല്ല. ശുക്രന്റെ വക്രസ്ഥിതിയാൽ വാഹനം, വീട് ഇവ സംബന്ധിച്ച കാര്യങ്ങളിൽ തടസ്സം, ക്ലേശം എന്നിവ വരാം. പ്രതീക്ഷിച്ച പണം കൈവശം വന്നില്ലെന്ന സ്ഥിതിയുണ്ടാവാം. നേട്ടങ്ങൾക്ക് തിളക്കം കുറയാം. സമയനീക്കത്തോടെയാവും എല്ലാക്കാര്യവും നടന്നുകിട്ടുക.
ഭരണി
നക്ഷത്രാധിപനായ ശുക്രന് വക്രമൗഢ്യാദികൾ വരികയാൽ ഒന്നുരണ്ടാഴ്ചക്കാലം സാഹസങ്ങൾക്കും പണം മുടക്കിയുള്ള പരീക്ഷണങ്ങൾക്കും മുതിരാതിരിക്കുക കരണീയം. വിജയം, പഠിപ്പിലാവട്ടെ, മത്സരങ്ങളിലാവട്ടെ ശോഭ കുറഞ്ഞതാവും. ഗാർഹിക കാര്യങ്ങളിൽ നല്ലശ്രദ്ധ വേണം. ക്രയവിക്രയങ്ങളിൽ കബളിപ്പിക്കപ്പെടാനിടയുണ്ട്. കലാകാരന്മാർക്ക് ഉദ്ദേശിച്ച പ്രതിഫലം കിട്ടില്ല. പെൺസുഹൃത്തുമായി കലഹിച്ചേക്കാം. ആദായം പ്രതീക്ഷിച്ചതിൻ വിധമാവും. ദുർവാസനകളെ നിയന്ത്രിക്കാൻ ക്ലേശിച്ചേക്കും.
കാർത്തിക
സഹായ വാഗ്ദാനങ്ങൾ വന്നുചേരും. കടബാധ്യത ഭാഗികമായി പരിഹരിക്കാനാവും. തൊഴിൽ തേടുന്നവർക്ക് ചെറിയ വഴികൾ തുറന്നുകിട്ടും. ഭാര്യാഭർത്തൃ ബന്ധത്തിലെ പൊരുത്തക്കേടുകൾ മുഴുവനായും മാറുമെന്നു പറയാനാവില്ല. മക്കളുടെ ഉപരിപഠനത്തിനായി വായ്പകൾ പ്രയോജനപ്പെടുത്തിയേക്കും. വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. വാഗ്വാദങ്ങൾക്ക് മുതിരാതിരിക്കുക അഭിലഷണീയം.
രോഹിണി
തടസ്സങ്ങൾ വീട്ടിലും ജോലിസ്ഥലത്തും തുടരുന്നതായി അനുഭവപ്പെടും. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമാവില്ല. സുഹൃത്തുക്കളുടെ പിന്തുണ കുറയാം. മാതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ കൂടുതൽ പരിശ്രമിക്കേണ്ടതായുണ്ട്. സാമ്പത്തിക സ്ഥിതി മോശമാവില്ല. അന്യദേശത്ത് ചില അവസരങ്ങൾ തുറക്കപ്പെടാം. മാനസികാരോഗ്യം ദുർബലമാകാം.
മകയിരം
ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. വിദ്യാർത്ഥികളുടെ പഠന കാര്യത്തിൽ ഉണ്ടായിരുന്ന അനിശ്ചിതത്വം നീങ്ങുന്നതാണ്. തീരുമാനങ്ങൾ വേഗത്തിൽ കൈക്കൊള്ളും. എന്നാൽ കാര്യനിർവഹണം മികച്ചതാവും എന്നുപറയാനാവില്ല. തൊഴിൽ തേടുന്നവർക്ക് ചെറിയ വരുമാനമാർഗം വന്നുചേരാം. സാമ്പത്തിക കാര്യങ്ങളിൽ അനാസ്ഥയരുത്. പൊതുക്കാര്യങ്ങളിൽ ഇടപെടുന്നവർക്ക് എതിർപ്പുണ്ടായേക്കും. വാരമധ്യം വരെ ധനോന്നതി, സ്ഥാനലാഭം ഉൾപ്പെടെ നേട്ടങ്ങൾ തുടരും.
തിരുവാതിര
തൊഴിലിലെ സമർപ്പണബുദ്ധി ആദരിക്കപ്പെടും. ചെറുകിട കച്ചവടക്കാർക്ക് ലാഭം വർദ്ധിക്കും. പുനരധിവാസ പദ്ധതികളുടെ ഗുണഭോക്താവാകും. കലാകായികമത്സരങ്ങളിൽ പങ്കെടുക്കുന്നതാണ്. പദവികൾക്കു വേണ്ടിയുള്ള തർക്കത്തിൽ ഒപ്പമുള്ളവരെ പിന്തള്ളി മുന്നേറും. കുടുംബജീവിതം സുഖകരമാവും. അവിവാഹിതരുടെ വിവാഹാലോചനകൾ ലക്ഷ്യം കാണും. ന്യായമായ ആവശ്യങ്ങൾ മിക്കതും നിറവേറപ്പെടും. വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസമേറും.
പുണർതം
കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ വിജയിക്കും. മക്കളുടെ കാര്യത്തിൽ ആശ്വാസവും സന്തോഷവും അനുഭവപ്പെടും. വിദേശയാത്രക്ക് ഒരുക്കങ്ങൾ തുടങ്ങുന്നതാണ്. കർമ്മരംഗത്ത് തിരക്കേറും. പുതിയ കരാറുകൾ സംബന്ധിച്ച ചർച്ചകളിൽ സ്ഥാപനത്തിന്റെ പ്രതിനിധിയായി പങ്കെടുത്തേക്കും. കലാരംഗത്തുള്ളവർക്ക് ജന്മസിദ്ധമായ കഴിവുകൾ പുറത്തെടുക്കാനും പ്രകടിപ്പിക്കാനും അവസരമൊരുങ്ങുന്നതാണ്. ധനപരമായി നിരാശപ്പെടേണ്ടി വരില്ല. വ്യാഴം മുതൽ ചെലവു കൂടാനിടയുണ്ട്. ആരോഗ്യ പരിരക്ഷ പ്രധാനം.
പൂയം
പ്രതീക്ഷാനിർഭരമായ ഒരാഴ്ചയാണ് മുന്നിലുള്ളത്. അദ്ധ്വാനത്തിന് ഉയർന്ന പ്രതിഫലവും ഉല്പന്നങ്ങൾക്ക് നല്ല വിപണിമൂല്യവും സിദ്ധിക്കും. മത്സരങ്ങളിൽ വിജയ സാധ്യത കൂടുതലാണ്. എതിർ ശബ്ദങ്ങളെ അവഗണിച്ച് മുന്നേറാനാവും. നവസംരംഭങ്ങൾക്ക് നല്ല വരവേല്പ് ലഭിക്കുന്നതാണ്. സഹപ്രവർത്തകർക്കിടയിലെ തർക്കങ്ങൾ നീതിപൂർവ്വം പരിഹരിക്കാനാവും. ദാമ്പത്യജീവിതത്തിൽ സ്വസ്ഥതയും പാരസ്പര്യവും വന്നെത്തും. പ്രണയികൾക്കിടയിൽ ഹൃദയബന്ധം ദൃഢമാകും. വാരാന്ത്യത്തിൽ ചെലവധികരിച്ചേക്കാം. കരുതൽ വേണം.
ആയില്യം
പ്രയോജനപ്രദമായ കാര്യങ്ങൾ ഭംഗിയായി നിർവഹിക്കാനും അതിൽ നിന്നുള്ള ലാഭം അനുഭവിക്കാനും കഴിയുന്ന വാരമാണ്. പലതരം തടസ്സങ്ങൾ നേരിട്ട് മനക്ലേശം അനുഭവിച്ചവർക്ക് പുതിയ പ്രതീക്ഷകളും ഉണർവും വന്നെത്തുന്നതാണ്. ഭൂമിയിൽ നിന്നും ആദായം ഉണ്ടാകും. ഉദ്യോഗം സംബന്ധിച്ച അലച്ചിലിന് സമാപ്തിയാകും. പ്രതികൂലമായ സാഹചര്യങ്ങളെ ബുദ്ധികൗശലം കൊണ്ട് മറികടക്കാനാവും. നവീനഗൃഹോപകരണങ്ങൾ വാങ്ങുന്നതാണ്. കുടുംബജീവിതത്തിൽ ശ്രേയസ്സുണ്ടാവും. വാക്സ്ഥാനത്തു ചൊവ്വ നിൽക്കുന്നതിനാൽ പരുഷവാക്കുകൾ പറയാനിടവരുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.