2023 മേയ് ഒന്നാം തീയതി 1198 മേടം 17 തിങ്കളാഴ്ചയായിരുുന്നു. മേയ് 15 ന് 1198 ഇടവമാസമായി. സൂര്യൻ മേടം- ഇടവം രാശികളിലായി സഞ്ചരിക്കുകയാണ്. 2023 മേയ് ഒന്നിന് ചന്ദ്രൻ പൂരം നക്ഷത്രത്തിലായിരുന്നു. മേയ് 31 ആകുമ്പോൾ ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കിയ ചന്ദ്രൻ ചിത്തിര നക്ഷത്രത്തിൽ എത്തും.
വ്യാഴം മേടത്തിലും ശനി കുംഭത്തിലും സഞ്ചരിക്കുന്നു. രാഹുവും കേതുവും യഥാക്രമം മേടത്തിലും തുലാത്തിലും സഞ്ചരിക്കുന്നു. ബുധൻ ഈ മാസം മുഴുവൻ മേടം രാശിയിൽ തന്നെയാണ്. ശുക്രൻ മേയ് രണ്ടിന് ഇടവത്തിൽ നിന്നും മിഥുനത്തിലേക്കും ചൊവ്വ മേയ് 10 ന് മിഥുനത്തിൽ നിന്നും കർക്കടകത്തിലേക്കും സംക്രമിച്ചു.
ഈ നവഗ്രഹ സ്ഥിതി മുൻനിർത്തി അശ്വതി, പൂരാടം, ഉത്രം, പുണർതം നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 മേയ് മാസത്തെ സാമാന്യ ഫലങ്ങൾ ഇവിടെ വായിക്കാം.
അശ്വതി: വ്യാഴം, രാഹു എന്നീ ഗ്രഹങ്ങൾ അശ്വതിയിൽ സഞ്ചരിക്കുന്നു. രാഹു പിന്നിലേക്കും വ്യാഴം മുന്നിലേക്കും ആയിട്ടാണ് യാത്ര. അതിനാൽ പോസിറ്റീവും നെഗറ്റീവും ആയ രണ്ട് മനോഭാവങ്ങളും രണ്ട് കർമ്മരീതികളും അശ്വതി നാളുകാർ പിന്തുടരും. ആരോഗ്യപ്രശ്നങ്ങൾ ക്ലേശിപ്പിച്ചേക്കാം. പണവരവ് മോശമാകില്ല. വിട്ടുനിന്നവർക്ക് കുടുംബത്തോടൊപ്പം ചേരാൻ സാധിക്കും. ഉപരിപഠനം നാട്ടിൽ വേണോ മറുനാട്ടിൽ വേണോ എന്നതിൽ ആശയക്കുഴപ്പം ഉണ്ടാവാം. വിവാഹാലോചനകൾ ഏതാണ്ട് ഉറച്ചതുപോലെയാവും. കർമ്മരംഗത്ത് തിരക്കേറുന്നതാണ്.
പുണർതം: ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനങ്ങൾ വിജയംകാണും. മത്സരഫലം അനുകൂലമായിത്തീരും. മുതൽമുടക്കുകൾക്ക് നല്ല മൂല്യം പ്രതീക്ഷിക്കാം. സുഹൃത്തുക്കളും ബന്ധുക്കളും അകമഴിഞ്ഞ് സഹായിക്കുന്നതാണ്. കുടുംബസമേതം ഉല്ലാസയാത്രകൾ നടത്താൻ സാഹചര്യം ഒരുങ്ങും. യുവാക്കളുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനങ്ങൾ വന്നുചേരും. മാസത്തിന്റെ രണ്ടാം പകുതിയിൽ ചെലവ് അധികരിക്കും. അനാവശ്യ വിവാദങ്ങളിൽ തലയിടും. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. ജോലിഭാരം കൂടുന്നതാണ്. ജീവിത ശൈലീരോഗങ്ങൾ വിഷമിപ്പിച്ചേക്കാം.
ഉത്രം: ആത്മവിശ്വാസത്തോടെ കർമ്മരംഗത്ത് മുഴുകും. ഗ്രഹങ്ങളുടെ സദ്ഭാവസ്ഥിതികളാൽ കാര്യതടസ്സം നീങ്ങുന്നതാണ്. മുതൽമുടക്കുകൾ ലാഭകരമാവും. വസ്തു / വീട് വാങ്ങാൻ സാധ്യതയുള്ള സമയമാണ്. ഭാവികാര്യങ്ങൾ വ്യക്തമായി ആലോചിച്ച് തീരുമാനിക്കും. പ്രതികൂലതകളെ കൂസാതെ മുന്നോട്ട് നീങ്ങാൻ സാധിക്കുന്നതാണ്. അയൽതർക്കങ്ങളിൽ ഉറച്ച നിലപാടുകൾ കൈക്കൊള്ളും. അവിവാഹിതർക്ക് നല്ല വിവാഹാലോചന ഭവിക്കും. ജീവിത ശൈലീരോഗങ്ങൾക്ക് വൈദ്യസഹായം വേണ്ടി വരുന്നതാണ്. വാഗ്വാദങ്ങൾ ഒഴിവാക്കുന്നത് ഉചിതം.
പൂരാടം: സൽകർമ്മങ്ങളുടെ ഭാഗമാകും. സന്താനങ്ങളുടെ കാര്യത്തിൽ പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളും. ദിശാബോധത്തോടെ പ്രവർത്തനങ്ങളിൽ മുഴുകുന്നതാണ്. പുതിയ ജോലിക്കുള്ള ശ്രമം വിജയം കാണും. ഭൗതികജീവിതത്തിൽ നേട്ടങ്ങൾ ഏറും. ആത്മീയ സാധനകൾ മാറ്റിവെക്കപ്പെടാം. വലിയ ദൗത്യങ്ങൾ ഇച്ഛാശക്തിയോടെ ഏറ്റെടുക്കും. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകുന്നതാണ്. നിക്ഷേപങ്ങൾ ലാഭകരമാവും. എതിർപ്പുകളെ ഭംഗിയായി പ്രതിരോധിക്കാൻ സാധിക്കും.