scorecardresearch

Horoscope 2022: ഈ മൂന്ന് നാളുകാരുടെ സ്വസ്ഥത നഷ്ടമാകുന്നത് എന്തുകൊണ്ട്?

Horoscope 2022: ആയില്യം, തൃക്കേട്ട, രേവതി എന്നീ മൂന്നു നാളുകാരുടെ അധിപൻ ബുധനാണ്. അവരുടെ സ്വസ്ഥത അസ്വസ്ഥതയിലേക്ക് വഴിമാറുന്ന കാലമാണ്

mercury, astrology, ie malayalam

Horoscope 2022: നവഗ്രഹങ്ങളിൽ ഒരു ഗ്രഹമാണ് ബുധൻ. മെർക്യുറി (Mercury) എന്ന് ഇംഗ്ലീഷിൽ ഇതിനെ വിളിക്കുന്നു. ഒരു പ്രശസ്ത നിഘണ്ടുവിൽ ‘Planet nearest to Sun’ എന്ന് മെർക്യുറിയെ വിശേഷിപ്പിക്കുന്നത് ഇവിടെ പ്രസ്താവിക്കത്തക്കതാണ്. ഓരോ വ്യക്തിയുടെയും ഗ്രഹനിലയിൽ സൂര്യൻ നിൽക്കുന്ന രാശിയിലോ ( ‘ര’ =രവി, സൂര്യൻ), തൊട്ടടുത്ത രാശിയിലോ ആവും ബുധന്റെ (‘ബു’ എന്ന് ഗ്രഹനിലയിൽ കുറിക്കുന്നു) നിൽപ്പ്. ദേവലോകത്തെ ഗ്രഹങ്ങളുടെ സംഘത്തിലെ ദൂതനും മാധ്യമ പ്രവർത്തകനും ചിന്തകനും ബുദ്ധിമാനും ഒക്കെയായി ബുധനെ വിലയിരുത്തിയിരിക്കുന്നു.

Read More: Horoscope 2022 April: ഏപ്രിലിൽ നവഗ്രഹങ്ങളുടെ രാശി മാറുന്നു, മനുഷ്യരുടെ ഭാവിയും

ബുധന് രണ്ടുതരം പതനങ്ങൾ ഇപ്പോൾ സംഭവിക്കുകയാണ്. ഒന്ന്: മൗഢ്യം (Combustion). സൂര്യനുമായി നിശ്ചിത അകലത്തിലെത്തുമ്പോൾ ബുധന്റെ ശക്തി, തേജസ്സ്, വെളിച്ചം തുടങ്ങിയവയെല്ലാം നഷ്ടമാകുന്നു. ഇതിനെ ‘മൗഢ്യം’ എന്ന് ജ്യോതിഷം വിളിക്കുന്നു. രാഹുവും കേതുവും ഒഴികെ മറ്റെല്ലാ ഗ്രഹങ്ങൾക്കും ആദിത്യസാമീപ്യം മൂലം ഇത്തരം ശക്തിക്ഷയം വരാറുണ്ട്. ചന്ദ്രന് അമാവാസി, തൊട്ടടുത്ത പ്രഥമ തിഥികളിൽ മൗഢ്യം വരുന്നു. ഇത് മാസത്തിൽ ഒരിക്കൽ ഉണ്ടാകുന്നു. ബുധന് വർഷത്തിൽ പലവട്ടം മൗഢ്യം സംഭവിക്കുന്നുണ്ട്. ഈ മലയാള വർഷത്തിലെ (കൊല്ലവർഷം 1197) നാലാമത്തെ മൗഢ്യമാണ് ഇപ്പോൾ, ബുധൻ.

Read More: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022

View Post

രണ്ട്: നീചം (Debilitation). പന്ത്രണ്ടു രാശികളിൽ നവഗ്രഹങ്ങളുടെ ബലം ഒരേ പോലെയല്ല. ചിലരാശികളിൽ സാമാന്യ ബലം, ചിലതിൽ വളരെയധികം, ചിലതിൽ അങ്ങേയറ്റത്തെ ബലശോഷണം എന്നിങ്ങനെയുണ്ടാവുന്നു. മീനം രാശി ബുധന്റെ നീചരാശിയാകുന്നു. ബുധന്റെ ശക്തി വെറും പൂജ്യമാണപ്പോൾ. ചരിത്രഭാഷയിൽ പറഞ്ഞാൽ മീനം രാശി ബുധന്റെ ‘ വാട്ടർ ലൂ’ ആകുന്നു. മൗഢ്യത്തിലാകയാൽ മീനം 5-ാം തീയതി (മാർച്ച് 19) മുതൽ ബുധന് ശോഷണം ഉണ്ട്. ബുധമൗഢ്യം മേടമാസം 1-ാം തീയതി (ഏപ്രിൽ 14) വരെ തുടരുന്നു.

മീനം 10 ന് (മാർച്ച് 24 ന്) ബുധൻ നീചരാശിയായ മീനത്തിൽ പ്രവേശിക്കുന്നു. പതിവിലും ചുരുങ്ങിയ ദിവസങ്ങളാണ് ഇത്തവണ ബുധൻ മീനം രാശിയിലുണ്ടാവുക. കേവലം രണ്ടാഴ്ച മാത്രം! മീനം 25 ന് (ഏപ്രിൽ 8 ന്) ബുധൻ അടുത്ത രാശിയായ മേടത്തിലേക്ക് സംക്രമിക്കുന്നു. അതോടെ ബുധന്റെ നീചാവസ്ഥ അവസാനിക്കുന്നു.

ബുധൻ ബന്ധുത്വത്തെ കാണിക്കുന്ന ഗ്രഹമാണ്. വിശിഷ്യാ ഓരോരുത്തരുടേയും അമ്മ വഴിയ്ക്കുള്ള ബന്ധുക്കളെ. അമ്മാവൻ, മരുമക്കൾ എന്നിവരെ ബുധനെക്കൊണ്ട് ചിന്തിക്കുന്നു. മറ്റു ബന്ധുക്കളും ഉൾപ്പെടും. പഠനം, പരീക്ഷ തുടങ്ങിയവയും ബുധന്റെ വിഷയങ്ങളാണ്. അദ്ധ്യാപനം, അഭിഭാഷക വൃത്തി, മാദ്ധ്യമ രംഗം എന്നിവയും ബുധന്റെ വിഭാഗങ്ങളാണ്. എഴുത്ത്, ഗണിതം, ജ്യോതിഷം, വാക്ക്, കളി, കൗശലം, ചർമ്മം, ഹാസ്യാനുകരണം, ബുദ്ധിപ്രഭാവം, പക്ഷികൾ എന്നിവയുടെയെല്ലാം ‘വകുപ്പ് മേധാവി’ ബുധനാണെന്ന് ആലങ്കാരികമായി പറയാം.

Read More: Monthly Horoscope 2022 April: 2022 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ?

ബുധൻ ദുർബലനാവുമ്പോൾ ഈ വിഷയങ്ങൾക്ക് മൂല്യശോഷണം സംഭവിക്കുന്നു. ഇപ്പറഞ്ഞ വസ്തുക്കൾക്കും വിഷയങ്ങൾക്കും കേവലമായ നിലനിൽപ്പും സത്തയുമില്ലാത്തതിനാൽ ആ വിഷയങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളെ ജീർണ്ണത ബാധിക്കുന്നു.

പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് സിലബസ്സിന് പുറത്തു നിന്നും ചോദ്യം വരുന്നു. കണക്ക് കഠിനമായിത്തീരുന്നു. വക്കീലന്മാരും അദ്ധ്യാപകരും പരിഹസിക്കപ്പെടുന്നു. കായികതാരങ്ങൾക്ക് തോൽവി പിണയുന്നു. ബന്ധുക്കളുടെയിടയിൽ കലഹത്തിന്റെ കാഹളം മുഴങ്ങുന്നു. വാക്കുകൾ അവയുടെ ഉയർന്ന അർത്ഥതലത്തിൽ നിന്നും താഴേ പതിക്കുന്നു. വാക്കിന് മ്ലേച്ഛതയുണ്ടാവുന്നു. വാഗ്വാദങ്ങൾ അന്തരീക്ഷത്തെ ശബ്ദായമാനമാക്കുന്നു മനുഷ്യന്റെ സാമാന്യബുദ്ധിയും വിവേകവും കടലെടുത്തത് പോലെയാവുന്നു. അങ്ങനെ ബുധന്റെ മൗഢ്യവും നീചാവസ്ഥയും രാഷ്ട്രീയത്തിലും പൊതുജീവിതത്തിലുമെല്ലാം ഒരു ദുഷിപ്പായി പ്രത്യക്ഷപ്പെടുന്നു. സമൂഹം സ്വയം പരിഹാസപാത്രമായി മാറുകയാണ്.

Read More: ദേവഗണത്തിലെ നക്ഷത്രങ്ങൾ

ആയില്യം, തൃക്കേട്ട, രേവതി എന്നീ മൂന്നു നാളുകാരുടെ അധിപൻ ബുധനാണ്. അവരുടെ സ്വസ്ഥത അസ്വസ്ഥതയിലേക്ക് വഴിമാറുന്ന കാലമാണ്. രാശികളിൽ/ കൂറുകളിൽ മിഥുനവും കന്നിയും ബുധന്റെ ഭവനങ്ങളാണ്. ഈ രാശികളിൽ/ കൂറുകളിൽ ജനിച്ചവരും ചില സമ്മർദ്ദങ്ങൾക്ക് വഴിപ്പെടുന്നുണ്ട്. മകയിരം 3,4 പാദങ്ങൾ, തിരുവാതിര മുഴുവൻ, പുണർതം 1,2,3 പാദങ്ങൾ, (മിഥുനക്കൂറ്), ഉത്രം 2,3, 4 പാദങ്ങൾ, അത്തം മുഴുവൻ, ചിത്തിര 1, 2 പാദങ്ങൾ (കന്നിക്കൂറ്) എന്നിവയിൽ ജനിച്ചവർക്ക് ലക്ഷ്യം നേടാൻ കൂടുതൽ അധ്വാനിക്കേണ്ടതായി വരും. സാമ്പത്തികക്ലേശം, ആത്മവിശ്വാസം നഷ്ടപ്പെടൽ, ബന്ധങ്ങളിൽ ശൈത്യം, പ്രണയഭംഗം, വ്യവസായത്തിൽ തിരിച്ചടി, പഠനതടസ്സം, ചർമ്മരോഗങ്ങൾ, ബന്ധുവിരോധം എന്നിവ ഏറിയോ കുറഞ്ഞോ അനുഭവത്തിൽ വരാം.

Read More: മനുഷ്യഗണ നക്ഷത്രങ്ങൾ

വിഷമസന്ധി മറ്റൊരു കൂട്ടർക്കുമുണ്ട്. ബുധദശ, മറ്റു ദശകളിലെ ബുധന്റെ അപഹാരം എന്നിവകളിലൂടെ കടന്നുപോവുന്നവർക്കാവും ഇത് ഭവിക്കുക. ബുധന്റെ പ്രഭാവമുള്ള ദിവസത്തെയാണ് ബുധനാഴ്ച എന്നു പറയുന്നത്. അതിനാൽ നക്ഷത്രവും കൂറും എന്തുമായിക്കൊള്ളട്ടെ ബുധനാഴ്ച ജനിച്ചവർക്കും ബുധന്റെ ഈ ഭ്രംശവും ച്യുതിയും ക്ലേശത്തിന് വഴിവെക്കുന്നതായിരിക്കും. അടുത്ത മൂന്നാഴ്ചത്തേക്ക് ബുധനാഴ്ച അശുഭകരമായിരിക്കും. അതിനാൽ ജ്യോതിഷം കരുതൽ പുലർത്താൻ നിങ്ങളെ ഉപദേശിക്കുന്നു. നല്ലവാക്കോതുവാൻ ത്രാണിയുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

Read More: അസുരഗണ നക്ഷത്രങ്ങൾ

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology when mercury weakens