scorecardresearch

Horoscope 2022: തുലാ, വൃശ്ചിക കൂറുകാർ ശ്രദ്ധിക്കണം, മീന മേട കൂറുകാർക്ക് അനുരാഗ സാഫല്യം

ജീവിതത്തെ ആസ്വാദ്യമാക്കുന്ന ഗ്രഹമാണ് ശുക്രൻ. മേയ് 23 ന് ശുക്രൻ മേട രാശിയിലേക്ക് പ്രവേശിക്കുന്നു. ജൂൺ 18 വരെ അവിടെ തുടരും. ഈ കാലയളവിലെ നക്ഷത്രഫലം പ്രവചിക്കുകയാണ് ജ്യോതിഷഭൂഷണം എസ്. ശ്രീനിവാസ അയ്യർ

Horoscope 2022: തുലാ, വൃശ്ചിക കൂറുകാർ ശ്രദ്ധിക്കണം, മീന മേട കൂറുകാർക്ക് അനുരാഗ സാഫല്യം

Horoscope 2022: പ്രണയത്തിന്റെ, കാമനകളുടെ, തൃഷ്ണകളുടെ, രതിയുടെ, ദാമ്പത്യത്തിന്റെ, സുഖഭോഗങ്ങളുടെ കാരകഗ്രഹമാണ് ശുക്രൻ അഥവാ Venus. ജീവിതത്തെ ആസ്വാദ്യമാക്കുന്ന ഗ്രഹമാണ് ശുക്രൻ. ഗ്രഹനിലയിൽ ‘ശു’ എന്ന അക്ഷരം ശുക്രനെ കുറിക്കാൻ സ്വീകരിക്കുന്നു, ഭൃഗു എന്നും ശുക്രന് വിളിപ്പേരുണ്ട്.

ഇടവം 9 ന് (മേയ് 23ന്) ശുക്രൻ ഉച്ചരാശിയായ മീനത്തിലെ സഞ്ചാരം പൂർത്തിയാക്കി മേടം രാശിയിലേക്ക് പകരുന്നു. മിഥുനം 4ന് (ജൂൺ 18) വരെ അവിടെ തുടരും. ഈ കാലയളവിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ഗ്രഹനിലയിൽ ശുക്രനെ മേടം രാശിയിലാവും അടയാളപ്പെടുത്തുക. ശുക്രന്റെ മേടം മാറ്റം ഓരോ കൂറുകാരെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പരിശോധിക്കാം.

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)

ജന്മരാശിയിലെ ശുക്രസ്ഥിതി ഒരാളെ സുഖിമാനാക്കും. ഇഷ്ടഭക്ഷണം മൃഷ്ടാന്നം കഴിക്കും. ഉറക്കത്തിന് സുന്ദരസ്വപ്നങ്ങൾ വെഞ്ചാമരം വീശും. പ്രണയികളുടെ ഹൃദയബന്ധം ഏറ്റവും ഊഷ്മളമാവും. വിവാഹതീരുമാനം ഉണ്ടായേക്കും. ദമ്പതികൾ അനൈക്യം മറന്ന് അനുരാഗികളാവും. പുതിയ വസ്ത്രങ്ങളും വിലയേറിയ ആഭരണങ്ങളും വാങ്ങും. മാനസികപ്പൊരുത്തമുള്ള കൂട്ടുകാരുമായി ചുറ്റിനടക്കും. അണിഞ്ഞൊരുങ്ങാൻ സമയം ചെലവഴിക്കും. അതിനായി ബ്യൂട്ടിപാർലറിനെ ആശ്രയിക്കും.

Also Read: Monthly Horoscope 2022 May: 2022 ജൂൺ മാസത്തെ സമ്പൂർണ നക്ഷത്രഫലം

ഇടവക്കൂറിന് (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)

നല്ല കാര്യങ്ങൾക്ക്, വിശിഷ്യാ വീട് മോടിപിടിപ്പിക്കാനോ, മക്കളുടെ പഠന വിവാഹാദികൾക്കോ, വിനോദയാത്രകൾക്കോ ധാരാളം പണം ചെലവഴിക്കും. ലുബ്ധൻ പോലും ഉദാരമതിയാവും, ഈ സന്ദർഭത്തിൽ. എതിർലിംഗത്തിൽ പെട്ടവരിൽ നിന്നും അനുകൂലമായ നടപടികളുണ്ടാകും. പലവഴികളിലൂടെ ആദായം വരും. എന്നാൽ ഒന്നും സമ്പാദിക്കാൻ സാധിക്കുകയുമില്ല. പുതിയത് എന്തെങ്കിലും വാങ്ങാതിരിക്കില്ല. പഠനം / തൊഴിൽ ഇവയ്ക്കായി അന്യദേശത്ത് പോകാൻ ഒരുങ്ങിയിരിക്കുന്നവർക്ക് അതിനവസരം ഉണ്ടാകും.

മിഥുനക്കൂറിന് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം മുക്കാൽ)

സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. ചിട്ടി, വായ്പ എന്നിവയിലൂടെ ധനം വന്നെത്തും. ദാമ്പത്യം സ്വച്ഛന്ദമാവും. കലാപ്രകടനം പാരിതോഷികത്തിന് വഴിതുറക്കും. പ്രണയാഭ്യർത്ഥന ഉണ്ടാകും. അകന്നിരുന്ന ബന്ധുക്കൾ ഇണങ്ങും. പെൺമക്കളുടെ വിവാഹക്കാര്യത്തിൽ തീരുമാനമാകും. പരീക്ഷാർത്ഥികളും മത്സരാർത്ഥികളും വലിയ വിജയം നേടും. ജീവിതത്തെക്കുറിച്ചുള്ള കയ്പുരസം താൽക്കാലികമായിട്ടെങ്കിലും മാറിക്കിട്ടുന്നതായിരിക്കും.

Also Read: ചൊവ്വയുടെ തലയിലെഴുത്ത് മാറുന്നു, നിങ്ങളുടെയോ?

കർക്കടകക്കൂറിന് (പുണർതം നാലാംപാദം, പൂയം, ആയില്യം)

തൊഴിലിടത്ത് കുഴപ്പങ്ങൾ വരാം. ധനവിനിയോഗത്തിൽ അതിശ്രദ്ധ വേണം. അധികാരികളുടെ അനിഷ്ടം നേടും. ഉറപ്പിച്ച പ്രോജക്ടുകൾ പിന്നീടത്തേക്ക് നീട്ടും. എതിർലിംഗത്തിൽ പെട്ടവരുമായി കലഹസാധ്യതയുണ്ട്. ഉന്മേഷഭാവങ്ങൾ ഉദാസീനതയിലേക്ക് ചായും. ആരോപണ പ്രത്യാരോപണങ്ങളാൽ അന്തരീക്ഷം കലുഷമാകാം. വ്യാഴത്തിന്റെ സുസ്ഥിതിമൂലം കെടുതികളെ അതിജീവിക്കും. ആരോഗ്യത്തിൽ ജാഗ്രത വേണം.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ആദ്യപാദം)

മാതാപിതാക്കളിൽ നിന്നും അനുഗ്രഹാശിസ്സുകൾ കൈവരും. ധർമ്മചിന്തകൾ വളരും. ദേവീക്ഷേത്ര ദർശനത്തിന് / തീർത്ഥാടനത്തിന് സമയം കണ്ടെത്തും. സൽക്കർമ്മങ്ങൾ അനുഷ്ഠിച്ച് സജ്ജനങ്ങളുടെ പ്രീതിനേടും. കുടുംബസുഖം ഉണ്ടാവും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കാം. നിക്ഷേപങ്ങളിൽ നിന്നും ആദായമുയരും. സന്തോഷ വാർത്തകൾ കേൾക്കും.

കന്നിക്കൂറിന് (ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)

ധനപരമായ ഞെരുക്കത്തിന് അയവുവരുന്നതാണ്. ധനാഗമത്തിന് ചില പുതുവഴികൾ തുറക്കപ്പെടും. ഭൗതികമായ ഇച്ഛകൾ തൃപ്തിയടയും. പ്രണയത്തിൽ വിജയിക്കും. ആപത്തുകളെ തരണം ചെയ്യും. വീട് മാറുക, പുതുവീട് വാങ്ങുക, വാഹനം സ്വന്തമാക്കുക ഇവയ്ക്കൊക്കെ അനുകൂലമായ ദിവസങ്ങളാണ്. വിലകൂടിയ സമ്മാനങ്ങൾ ലഭിക്കാം. കലാസ്വാദനത്തിന് സമയം കണ്ടെത്തുന്നതായിരിക്കും. ധാരാളം വിശ്രമസമയം ലഭിക്കും.

തുലാക്കൂറിന് (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം മുക്കാൽ)

വിചാരിച്ചതുപോലെ എല്ലാക്കാര്യങ്ങളും നടക്കണമെന്നില്ല. സുഹൃത്തുക്കളുമായി തെറ്റിദ്ധാരണമൂലം അകൽച്ചയുണ്ടാവും. ദുഷ്പ്രേരണകൾക്ക് വശംവദരാവാൻ ഇടയുണ്ട്. ദുർവാസനകൾ തലപൊക്കാം. ജീവിതപങ്കാളിയുമായി ചില പൊരുത്തക്കേടുകൾ തലനീട്ടും. മുൻപിൻ ആലോചിക്കാതെ ചെയ്ത കാര്യങ്ങളെക്കുറിച്ചോർത്ത് പശ്ചാത്തപിച്ചേക്കും. യാത്രകൾ തടസ്സപ്പെടാം. പ്രമേഹം, മറ്റു ജീവിതശൈലീ രോഗങ്ങൾ എന്നിവ വിഷമങ്ങൾക്കിട വരുത്തിയേക്കും. ചെറുതും വലുതുമായ എല്ലാക്കാര്യങ്ങളിലും അവധാനത വേണ്ടകാലമാണ്.

Read More: മുഹൂർത്തം തീരുമാനിക്കുമ്പോൾ ഒഴിവാക്കേണ്ട ‘നവദോഷങ്ങൾ’ ഇവയാണ്

വൃശ്ചികക്കൂറിന് (വിശാഖം നാലാംപാദം, അനിഴം, തൃക്കേട്ട)

പ്രവർത്തനരംഗത്ത് എതിർ ശബ്ദങ്ങൾ ഉയരും. ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതികളിൽ പിന്നെയും തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വേണ്ടിവരും. ചോരന്മാരെ കരുതിയിരിക്കേണ്ട കാലമാണ്. രോഗങ്ങൾ സാന്നിദ്ധ്യമറിയിച്ചേക്കുംഉപരിപഠനത്തിന് ഇഷ്ടവിഷയം ലഭിച്ചില്ലെന്നു വരാം. ശത്രുവിനേയും മിത്രത്തേയും തിരിച്ചറിയാതെ പരുങ്ങും. എങ്കിലും വ്യാഴത്തിന്റെ സുസ്ഥിതി മൂലം കാര്യങ്ങൾ ഒരുവിധം നടന്നുപോകാം.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാംപാദം)

സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ വിജയിക്കും. കലാപരമായ സിദ്ധികൾ വിജയകിരീടം ചൂടും. സന്താനങ്ങൾക്ക് ശ്രേയസ്സ് വരുന്ന വേളയാണ്. അവരുടെ നേട്ടങ്ങൾ മനസ്സുനിറയ്ക്കും. മിത്രങ്ങൾ പിന്തുണയ്ക്കും. ഗുരുസ്ഥാനത്ത് നിന്നുകൊണ്ട് പലരേയും ഉപദേശിക്കും. മന്ത്രോപാസനയിൽ താല്പര്യമേറും. ശുഭകാര്യങ്ങളിൽ മുഖ്യപങ്കാളിത്തം വഹിക്കും. നിക്ഷേപങ്ങളിൽ നിന്നും ലാഭമുണ്ടാകും.

മകരക്കൂറിന് (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)

പ്രതാപവും ആത്മശക്തിയും ഉയരും. മാതൃസൗഖ്യമുണ്ടാകും. ഗൃഹത്തിൽ അറ്റക്കുറ്റപ്പണികൾ നടത്തും. കുടുംബസംഗമത്തിൽ സജീവസാന്നിദ്ധ്യമായിരിക്കും. വിരുന്നുകളിൽ പങ്കുകൊള്ളും. സകുടുംബ വിനോദയാത്രകൾ നടത്തും. പഴയകാല സൗഹൃദങ്ങൾ വീണ്ടും ദൃഢമാകും. നല്ലചില തീരുമാനങ്ങൾ കൈക്കൊള്ളുന്നതു മൂലം മനസ്സിൽ സന്തോഷം നിറയും.

Read More:

കുംഭക്കൂറിന് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി മുക്കാൽ)

സഹോദരരുടെ പിന്തുണ പുതിയ ഊർജ്ജം നൽകും. കേസുകളിലും തർക്കങ്ങളിലും സ്വന്തം വാദം ശക്തമായി അവതരിപ്പിക്കും. ചിന്തയേയും കർമ്മത്തേയും കൂട്ടിയിണക്കുന്നതിൽ വിജയം നേടും. ഉത്ക്കർഷത്തിലുള്ള അഭിവാഞ്ഛ വർദ്ധിക്കും. അകർമ്മണ്യതയെ ആട്ടിയോടിക്കും. ഉദ്യോഗത്തിൽ ഉയർച്ചക്ക് അവസരം ഒരുങ്ങും. ധനപരമായി തടസ്സങ്ങളൊന്നും ഉണ്ടാകുന്നില്ല. ഗൃഹസുഖം പ്രതീക്ഷിക്കാം. സാഹസകാര്യങ്ങൾ ഒഴിവാക്കണം.

മീനക്കൂറിന് (പൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി)

രാഷ്ട്രീയവിജയം പ്രതീക്ഷിക്കാം. രാപ്പകൽഭേദമില്ലാതെ മുൻപ് അദ്ധ്വാനിച്ചതിന് ഫലം കണ്ടുതുടങ്ങും. കടക്കെണിയിൽ നിന്നും മോചനം നേടും. മധുരമായി സംസാരിച്ച് സഭകളിലും വേദികളിലും വിളങ്ങും. പുതിയകണ്ണട വാങ്ങും. മുഖരോഗങ്ങൾ മാറും. പകിട്ടേറിയ വസ്ത്രങ്ങളോ ആഭരണങ്ങളോ പാരിതോഷികമായി ലഭിക്കും. ഉന്നതരിൽ നിന്നും പ്രശംസ ലഭിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റമുണ്ടാകും പ്രേമകാര്യങ്ങൾ അനുകൂലമായിത്തീരും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology venus transits from pisces to aries