scorecardresearch
Latest News

Horoscope 2022: ശുക്രൻ ഇടവം രാശിയിൽ: ജൂൺ 18 മുതൽ ജൂലൈ 13 വരെയുള്ള സമ്പൂർണ ഫലം

പ്രണയം, വിവാഹം, രതി, ദാമ്പത്യസൗഖ്യം, ജീവിതസൗഭാഗ്യങ്ങൾ, ആഢംബരം, കവിത്വം, കലാപരത, വിദേശധനം തുടങ്ങിയവയുടേയും കാരകൻ ശുക്രനാണ്. ശുക്രൻ ഇടവരാശിയിലെത്തുമ്പോൾ മേടം മുതൽ മീനംവരെയുള്ള 12 കൂറുകാരിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? പ്രമുഖ ജ്യോതിഷ പണ്ഡിതനായ ജ്യോതിഭൂഷണം എസ് ശ്രീനിവാസ അയ്യർ എഴുതിയ സമ്പൂർണ ഫലം വായിക്കാം

Horoscope 2022: ശുക്രൻ ഇടവം രാശിയിൽ: ജൂൺ 18 മുതൽ ജൂലൈ 13 വരെയുള്ള സമ്പൂർണ ഫലം

Astrology Venus Transit 2022: ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ പുരുഷാർത്ഥങ്ങളിൽ തൃതീയമായ കാമത്തെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഗ്രഹം ശുക്രനാണ്. പ്രണയം, വിവാഹം, രതി, ദാമ്പത്യസൗഖ്യം, ജീവിതസൗഭാഗ്യങ്ങൾ, ആഢംബരം, കവിത്വം, കലാപരത, വിദേശധനം തുടങ്ങിയവയുടേയും കാരകൻ ശുക്രനാണ്. വീനസ് (Venus) എന്ന് പാശ്ചാത്യർ ശുക്രനെ വിളിക്കുന്നു. ഗ്രഹനിലയിൽ കാണുന്ന ‘ശു’ എന്ന അക്ഷരം ശുക്രനെ കുറിക്കുന്നതാണ്.

ശുക്രൻ ശരാശരി ഒരു മാസം കൊണ്ട് ഒരു രാശിയിലെ സഞ്ചാരം പൂർത്തിയാക്കും. മിക്കവാറും സൂര്യൻ, ബുധൻ എന്നിവരുമായി അടുത്തടുത്താണ് ശുക്രന്റെ യാത്ര. ഇപ്പോൾ മേടം രാശിയിലാണ് ശുക്രൻ. ജൂൺ 18 ന് അതായത് മിഥുനം നാലിന്, മേടത്തിൽ നിന്നും ഇടവത്തിലേക്ക് സംക്രമിക്കുന്നു. 26 ദിവസം മാത്രമാണ് അവിടെ തുടരുന്നത്. ജൂലൈ 13 ന് അതായത് മിഥുനം 29ന്, ഇടവത്തിൽ നിന്നും മിഥുനത്തിലേക്ക് പകരുകയായി, ഈ കാലയളവിൽ ജനിക്കുന്ന ശിശുക്കളുടെ ഗ്രഹനിലയിൽ ശുക്രൻ ഇടവം രാശിയിലായിരിക്കും.

ഇടവം ശുക്രന്റെ സ്വന്തവീടാണ്. ‘സ്വക്ഷേത്രം’ എന്നാണ് ജ്യോതിഷശാസ്ത്ര പ്രകാരമുള്ള സംജ്ഞ. അതിനാൽ ശുക്രൻ ബലവാനാണ്. സ്വസ്ഥൻ എന്ന് സ്വക്ഷേത്രത്തിലെ ഗ്രഹത്തെ വിശേഷിപ്പിക്കുന്നു. ശുക്രദശ, ശുക്ര അപഹാരം എന്നിവയിലൂടെ കടന്നുപോകുന്നവർക്ക് ഇത് കൂടുതൽ നല്ലകാലമാണ്. ആത്മബലം വർദ്ധിക്കും. സുഖഭോഗങ്ങളുണ്ടാവും. പാരിതോഷികങ്ങൾ ലഭിക്കാം. ന്യായമായ ആഗ്രഹങ്ങൾ നടന്നുകിട്ടുകയും ചെയ്യും.

മേടം മുതൽ മീനം വരെ പന്ത്രണ്ടു കൂറുകളിൽ ജനിച്ചവർക്ക് ശുക്രന്റെ ഇടവരാശിയിലെ സ്ഥിതി എപ്രകാരമാണ് ഫലം ചെയ്യുക എന്നുനോക്കാം.

Also Read: Horoscope 2022 Midhunam: മിഥുനം: വിശാഖം നാളുകാർക്ക് വിജയകാലം, അനിഴം നക്ഷത്രക്കാർക്ക് പ്രണയ സാഫല്യം

മേടക്കൂർ

(അശ്വതി, ഭരണി, കാർത്തിക കാൽ): ശുക്രൻ രണ്ടാം രാശിയിൽ. ധനവരവ് കൂടും. സംഭാഷണത്തിൽ മധുരവും പ്രണയവും നിറയും. വിലകൂടിയ കണ്ണട, മൂക്കുത്തി, കമ്മൽ, പൊട്ട് തുടങ്ങിയവ വാങ്ങും. മുഖരോഗങ്ങൾ (ENT) കുറയും. അവിവാഹിതർക്ക് വിവാഹം നിശ്ചയിക്കപ്പെടാം. ബഹുമതികൾ വന്നുചേരും.

ഇടവക്കൂർ

(കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി): ജീവിതം പ്രേമസുരഭിലമാകും. മധുരിക്കും ഓർമ്മകൾ മനസ്സിൽ നിറയും. വിനോദയാത്രകൾ നടത്തും. കുടുംബജീവിതം സന്തോഷപൂർണമാകും. വ്യക്തിത്വത്തിൽ പ്രസാദഭാവങ്ങൾ നിറയും. അശനശയന സുഖമുണ്ടാവും. സമീപനം ഊഷ്മളമാകും.

മിഥുനക്കൂർ

(മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം മുക്കാൽ): വിദേശത്ത് പോകാനൊരുങ്ങിയിരിക്കുന്നവർക്ക് ആഗ്രഹസാഫല്യമുണ്ടാകും. സൽക്കർമ്മങ്ങൾക്കായി ധനം ചെലവാകും. ഗൃഹം മോടിപിടിപ്പിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിൽ ഇഷ്ടവിഷയം തിരഞ്ഞെടുക്കാൻ കഴിയുന്നതായിരിക്കും. നവസംരംഭങ്ങൾ തുടങ്ങാനാവും. തടസ്സങ്ങളകലും. അധികാരികൾ അനുകൂലരായിമാറും.

കർക്കടകക്കൂർ

(പുണർതം കാൽ, പൂയം, ആയില്യം): അധികാരമുള്ള പദവികൾ കിട്ടും. ധനാഗമം വർദ്ധിക്കും. ഊഹക്കച്ചവടത്തിൽ നേട്ടങ്ങളുണ്ടാക്കും. പ്രണയജീവിതം ദാമ്പത്യജീവിതമായി പരിവർത്തനപ്പെടാം. ഗാർഹികരംഗം സന്തുഷ്ടിയേകും. വിലപിടിച്ച വസ്തുക്കൾ അധീനത്തിൽ വന്നുചേരും. കീർത്തിയുണ്ടാകും.

Also Read: Aswathy Star Predictions June 2022: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ

ചിങ്ങക്കൂർ

(മകം, പൂരം, ഉത്രം കാൽ): കാലം അനുകൂലമല്ലെന്ന തോന്നൽ ശരിവെക്കുന്ന അനുഭവങ്ങൾ ഉണ്ടാകും. തൊഴിൽരംഗം അശാന്തമാവും. സ്ഥാനക്കയറ്റം വൈകിയേക്കും. ആശിക്കാത്ത ദിക്കിലേക്ക് മാറ്റം വരാം. ധനവരവ് ചുരുങ്ങും. സുലഭമായവ ക്ലേശിച്ച് നേടേണ്ട സ്ഥിതിവരാം. എതിർ ലിംഗത്തിൽപെട്ടവരുടെ ശത്രുത സമ്പാദിക്കും. സമ്മിശ്രമായിരിക്കും, പൊതുവേ കാലം.

കന്നിക്കൂർ

(ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി): മാതാപിതാക്കൾ, ഗുരുക്കന്മാർ എന്നിവരുടെ അനുഗ്രഹം ലഭിക്കും. തീർത്ഥാടന യോഗമുണ്ട്. ഗൃഹത്തിൽ പുണ്യകർമ്മങ്ങൾ നടക്കാം. ധാർമ്മികമാവും പ്രവർത്തനം. ബുധശുക്രന്മാർ ഒരുമിക്കുന്നതിനാൽ കർമ്മരംഗത്തിൽ വലിയനേട്ടങ്ങൾ സ്വന്തമാക്കും. സൗഭാഗ്യമുള്ള കാലമായിരിക്കും. മനപ്രസാദം ഭവിക്കും.

തുലാക്കൂർ

(ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ): കിടപ്പു രോഗികൾക്ക് ആശ്വാസമുണ്ടാകും. തൊഴിൽ തേടുന്നവർക്ക് നല്ലവാർത്ത വന്നുചേരും. വിലകൂടിയവസ്തുക്കൾ സ്വന്തമാക്കും. വിദ്യാഭ്യാസ പുരോഗതി യുണ്ടാകും. ക്രയവിക്രയങ്ങൾ ലാഭകരമാവും. ശുഭവാർത്തകൾ കേൾക്കും.

വൃശ്ചികക്കൂറിന്

(വിശാഖം കാൽ, അനിഴം, തൃക്കേട്ട): പ്രണയത്തിൽ ക്ലേശിക്കേണ്ടി വരാം. തടസ്സങ്ങൾ മനസ്സിനെ മന്ദീഭവിപ്പിക്കും. ഊഹക്കച്ചവടത്തിൽ ധനനഷ്ടം വരാനിടയുണ്ട്. ഗൃഹസുഖം അൽപ്പമൊന്ന് കുറഞ്ഞേക്കാം. മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾ പിന്നീടത്തേക്ക് മാറ്റിവെക്കേണ്ടിവന്നേക്കും. എന്നാലും ചില നല്ല അനുഭവങ്ങളും വന്നെത്തും. അധ്വാനം അംഗീകരിക്കപ്പെടും.

ധനുക്കൂർ

(മൂലം, പൂരാടം, ഉത്രാടം കാൽ): കടക്കെണി വലച്ചേക്കും. ചോരശല്യം ഒരു സാധ്യതയാണ്. ചികിത്സകൾ ഫലം കണ്ടില്ലെന്നുവരാം. അധ്വാനഭാരം വർദ്ധിക്കും. കർമ്മമേഖലയിൽ ചില സമ്മർദ്ദങ്ങൾ ഉണ്ടാകാം. ചെറുകിട വ്യാപാരികൾ, ദിവസവേതനക്കാർ എന്നിവർക്ക് ലാഭമുണ്ടാകും. ദീർഘയാത്രകൾ ആസൂത്രണം ചെയ്യും.

മകരക്കൂർ

(ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി): കലാകാരന്മാർക്ക് സമ്മാനങ്ങൾ ലഭിക്കും. പുതിയ അവസരങ്ങൾ കൈവരും. മക്കൾക്ക് ശ്രേയസ്സുണ്ടാകും. പൂർവിക ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തും. സൽക്കർമ്മങ്ങൾക്ക് ധനം ചെലവഴിക്കും. ശുഭവാർത്തകൾ കേൾക്കും. നിലപാടുകൾ അഭിനന്ദിക്കപ്പെടും.

കുംഭക്കൂർ

(അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി മുക്കാൽ): വീട് മോടി പിടിപ്പിക്കും. മാതൃസൗഖ്യമുണ്ടാകും. സൗഹൃദങ്ങൾ ദൃഢമാകും. വളരെക്കാലത്തിനു ശേഷം ജന്മനാട്ടിൽ പോകാനാവും. മനസ്സിനെ ഉയർത്തുന്ന അനുഭവങ്ങൾ ഉണ്ടാകും. യാത്രകൾ സഫലമാകുന്നതാണ്. ബന്ധുക്കളുടെ പിന്തുണ സന്തോഷം പകരും. തൊഴിൽപരമായി നേട്ടങ്ങൾ പ്രതീക്ഷിക്കാം.

മീനക്കൂർ

(പൂരുട്ടാതി കാൽ, ഉത്രട്ടാതി, രേവതി): സഹോദരരിൽ നിന്നും പിന്തുണ കിട്ടും. സഹപ്രവർത്തകരുടെ ഇടയിൽ സ്വീകാര്യത വർധിക്കും. എതിർപ്പുകളെ അതിജീവിക്കും. നവസംരംഭങ്ങൾ തുടങ്ങും. പങ്കുകച്ചവടം ലാഭകരമാവും. കുടുംബാംഗങ്ങൾക്കിടയിൽ ഐക്യം ബലപ്പെടും. മധ്യസ്ഥ പ്രവർത്തനത്തിൽ വിജയിക്കും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology venus transit to taurus