/indian-express-malayalam/media/media_files/uploads/2023/08/Horoscope-1.jpeg)
Astrological Predictions for New Year
Astrology Star Predictions for Kolla Varsham 1199 Thiruvathira Punartham Vishakham Pooradam Avittam Pooruruttathi: കൊല്ലവർഷം 1199 ചിങ്ങമാസം ഒന്ന് (2023 ആഗസ്റ്റ് 17) വ്യാഴാഴ്ച പകൽ 1 മണി 32 മിനിറ്റിനായിരുന്നു ചിങ്ങരവി സംക്രമം. മകം ഞാറ്റുവേലയിൽ സൂര്യന്റെ നക്ഷത്ര സഞ്ചാരം തുടങ്ങുന്നു. ചാന്ദ്രമാസമായ ശ്രാവണത്തിന്റെ തുടക്കവും അന്നാണ്. ആഷാഢത്തിനുശേഷമുള്ള അധിമാസമവസാനിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മകം നക്ഷത്രത്തിലാണ് കൊല്ലവർഷത്തിന്റെ ആരംഭം.
ഈ വർഷം ശനിക്ക് രാശിപ്പകർച്ചയില്ല. ശനി കുംഭരാശിയിൽ തുടരും. മേടം രാശിയിൽ സഞ്ചരിക്കുന്ന വ്യാഴം 1199 മേടം 18 ന്, (2024 മേയ് 1ന്) ഇടവം രാശിയിൽ പ്രവേശിക്കുന്നു. വ്യാഴത്തിന്റെ രാശിമാറ്റം വാർഷികമായിട്ടാണെന്നത് ഓർമ്മിക്കാം. രാഹുകേതുക്കൾക്ക് ഈ വർഷം രാശിമാറ്റം സംഭവിക്കുന്നുണ്ട്.
1199 തുലാം 13ന് (2023 ഒക്ടോബർ 30ന്) രാഹു മേടത്തിൽ നിന്നും മീനത്തിലേക്കും കേതു തുലാത്തിൽ നിന്നും കന്നിയിലേക്കും മാറും. രാഹുവും കേതുവും അപസവ്യഗതിയിൽ (Anti Clockwise) സഞ്ചരിക്കുന്ന ഗ്രഹങ്ങളാണ് എന്നത് ഓർക്കണം.
ചൊവ്വ വർഷത്തിന്റെ ആരംഭത്തിൽ ചിങ്ങത്തിൽ നിന്നും കന്നിയിലേക്ക് സംക്രമിക്കുന്നു. വർഷാവസാനം ചൊവ്വ ഇടവം രാശിയിൽ നിൽക്കുന്നതായി കാണാം. ബുധൻ വർഷാരംഭത്തിൽ ചിങ്ങത്തിലാണ്; പന്ത്രണ്ട് രാശികളും പിന്നിട്ട് വർഷാന്ത്യം ചിങ്ങത്തിൽ തന്നെ എത്തിനിൽക്കുന്നു. ശുക്രൻ വർഷാരംഭത്തിൽ കർക്കടകത്തിലും, പന്ത്രണ്ട് രാശികളും ഒരുവട്ടംചുറ്റി വർഷാവസാനമാവുമ്പോൾ വീണ്ടും ചിങ്ങത്തിലും തുടരുകയാണ്. ഇതിൽ ശനിയുടെ മൗഢ്യം (combustion) മകരം 30 മുതൽ മീനം അഞ്ച് വരെയും (2024 ഫെബ്രുവരി 13 മുതൽ മാർച്ച് 18 വരെയും) വ്യാഴത്തിന്റെ മൗഢ്യം മേടം 21 മുതൽ ഇടവം 21 വരെയു (2024 മേയ് നാല് മുതൽ ജൂൺ നാല് വരെയും) മാണ്. ഗ്രഹയുദ്ധം എന്ന പ്രതിഭാസം അടുത്ത വർഷം പതിവിലും കൂടുതൽ സംഭവിക്കുന്നുണ്ട്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ എന്നീ ആറ് തിരുവാതിര, പുണർതം, വിശാഖം, പൂരാടം, അവിട്ടം, പൂരുരുട്ടാതി നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പൊതു വാർഷിക ഫലം ഇവിടെ വായിക്കാം.
തിരുവാതിര
വർഷത്തിന്റെ ഭൂരിഭാഗവും ഗുണാനുഭവങ്ങൾക്കാവും മുൻതൂക്കം. നിക്ഷേപങ്ങളിൽ നിന്നും വരവധികരിക്കും. അഭിമുഖങ്ങളിൽ വിജയിക്കും. ഊഹക്കച്ചവടത്തിൽ നിന്നും ആദായം ഭവിക്കുന്നതാണ്. ആശയവിനിമയത്തിൽ വലിയ കഴിവു നേടും. കുടുംബാംഗങ്ങളുടെ പൂർണ പിന്തുണയുണ്ടാവുന്നതാണ്. രാഷ്ട്രീയ മത്സരങ്ങളിൽ വിജയിക്കുവാനാവും.
മക്കളുടെ വിദ്യാഭ്യാസച്ചെലവിന് പണം കരുതും. അന്യനാട്ടിൽ പഠിക്കാനവസരം കിട്ടിയേക്കും. ഗവേഷകർക്ക് പ്രബന്ധസമർപ്പണം സാധ്യമാകുന്നതാണ്. ചെറുപ്പക്കാരുടെ വിവാഹതടസ്സം നീങ്ങാം. കിടപ്പു രോഗികൾക്ക് ആശ്വാസ കാലമാണ്. ഗൃഹനിർമ്മാണം ഏതാണ്ട് മുഴുമിപ്പിക്കാൻ കഴിഞ്ഞേക്കും. വൃശ്ചികമാസം മുതൽ വ്യാപാരത്തിൽ കൂടുതൽ ജാഗ്രത കാട്ടണം. ആരോഗ്യപരമായ പതിവ് പരിശോധനകൾ നീട്ടിവെക്കരുത്. കുടുംബസമേതം വിനോദ / വിദേശ യാത്രകൾക്ക് അവസരം ഭവിക്കും.
പുണർതം
മിഥുനക്കൂറിൽ ജനിച്ച പുണർതം നാളുകാർക്ക് 1199 ക്ഷേമവും ഐശ്വര്യവും നിറയുന്ന വർഷമാണ്. ഗുരുവും രാഹുവും പതിനൊന്നിൽ തുടരുകയാൽ തൊഴിലിൽ നിന്നും ലാഭവും ഭൂമി സമ്പാദ്യവും ഉദ്യോഗത്തിൽ ഉയർച്ചയും ഉണ്ടാകും. ന്യായമായ അഭിലാഷങ്ങൾ നിറവേറപ്പെടും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് കരസ്ഥമാക്കാനാവും. വ്യവഹാരങ്ങളിൽ അനുകൂലമായ തീർപ്പ് വന്നെത്തുന്നതാണ്. നൂതനമായ ആശയങ്ങൾ നിറഞ്ഞ പ്രോജക്ടുകൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാവും. ദാമ്പത്യത്തിൽ ശ്രേയസ്സും സമാധാനവും ഉണ്ടാകുന്നതാണ്. കർക്കടകക്കൂറുകാരായ പുണർതം നാളുകാർക്ക് കഷ്ടപ്പാടുകളും ക്ലേശങ്ങളും തുടരാം. സാമ്പത്തിക കാര്യത്തിൽ നല്ല അദ്ധയുണ്ടാവണം. ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ വർദ്ധിച്ചേക്കാം. അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കുകയാവും ഉചിതം. മേടമാസത്തിനു ശേഷം വ്യാഴം പതിനൊന്നിലേക്ക് പകരുകയാൽ ഗുണാനുഭവങ്ങൾ ഉണ്ടാവും. അതുവരെ പുതുസംരംഭങ്ങൾക്ക് മുതൽമുടക്കുന്നത് ആശാസ്യമാവില്ല.
വിശാഖം
സമൂഹത്തിൽ നിന്നും അവഗണന നീങ്ങി പരിഗണന ലഭിക്കും. നീതിബോധത്തോടെ പ്രവർത്തിക്കാൻ സാധിക്കും. വ്യാപാരികൾക്ക് ലാഭമുണ്ടാകുന്നതാണ്. കർമ്മരംഗം നവീകരിക്കാനുള്ള ശ്രമങ്ങൾ ലക്ഷ്യം കാണും. ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കും. വായ്പാ തിരിച്ചടവുകൾ അധികം മുടങ്ങിയേക്കില്ല. വിദേശ യാത്രയ്ക്ക് സന്ദർഭമുണ്ടാകുന്നതാണ്. ഉപരിപഠനത്തിനായി വിദേശ/ അന്യദേശ യാത്ര ഒരു സാധ്യതയാണ്. പ്രണയികളുടെ ഹൃദയബന്ധം ദൃഢമാകും. കുടുംബാംഗങ്ങളുമൊത്ത് തീർത്ഥയാത്ര നടത്താനായേക്കും. പൂർവികമായ വസ്തു വില്ക്കുവാനുള്ള ശ്രമം ഫലം കാണുന്നതാണ്. ഹൃദയ സംബന്ധമായ രോഗമുള്ളവർ കൂടുതൽ ശ്രദ്ധാലുക്കളാകണം. കിടപ്പ് രോഗികൾക്ക് സമാശ്വാസമുണ്ടാകും. വൃശ്ചികമാസം മുതൽ ഉദ്യോഗസ്ഥർക്ക് പുതിയ പദവി ലഭിക്കാം.
പൂരാടം
പ്രയത്നങ്ങളെ പ്രതിഫലമാക്കി മാറ്റാൻ സാധിക്കും. സ്വാശ്രയത്വത്തിൽ അഭിമാനിക്കും. ചെറുസംരംഭങ്ങൾക്ക് ഉചിതമായ കാലമാണ്. കാലഘട്ടത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാൻ സംരംഭകരെന്ന നിലയ്ക്ക് സാധിക്കുന്നതാണ്. ഉദ്യോഗരംഗം ഉന്മേഷഭരിതമാകും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും പരീക്ഷണങ്ങളിൽ വിജയം കണ്ടെത്താൻ സാധിക്കുന്നതാണ്. നിക്ഷേപങ്ങളിൽ നിന്നും ആദായം ഉയരും. വസ്തുവിന്റെ ക്രയവിക്രയത്തിൽ ലാഭം പ്രതീക്ഷിക്കാം. ദാമ്പത്യം സ്വച്ഛന്ദമാകും. സന്താനങ്ങൾക്ക് ശ്രേയസ്സ് വന്നുചേരും. തുലാം, ധനു, മിഥുനം, കർക്കടകം എന്നീ മാസങ്ങളിൽ ആരോഗ്യപരമായി ഏറെ ശ്രദ്ധ വേണം.
അവിട്ടം
മകരക്കൂറുകാരായ അവിട്ടം നാളുകാർക്ക് ഈ വർഷം ഗുണപ്രധാനമാണ്. വിദ്യാർത്ഥികൾ ഉയർന്ന ബിരുദങ്ങൾ കരസ്ഥമാക്കാനാവും. ഗവേഷണ പ്രബന്ധങ്ങൾക്ക് പുരസ്കാരങ്ങൾ ലഭിച്ചേക്കാം. പ്രസംഗത്തിലും നാടകം, നൃത്തം തുടങ്ങിയ കലകളിലും വിജയിക്കുന്നതാണ്. ഗാർഹികമായ സ്വൈരക്കേടുകൾക്ക് പരിഹാരമുണ്ടാവും. വൃശ്ചികമാസം മുതൽ വസ്തുക്കളിൽ നിന്നും ആദായം ലഭിച്ചുതുടങ്ങും. വാഹനം സ്വന്തമാക്കാൻ അഭിലഷിക്കുന്നവർക്ക് അതിനവസരം ലഭിക്കാം. കുംഭക്കൂറുകാർ നിലവിലെ തൊഴിൽ ഉപേക്ഷിച്ച് പുതിയ തൊഴിൽ തേടുന്നത് അഭിലഷണീയമല്ല. പുതുസംരംഭങ്ങൾക്ക് മുതൽ മുടക്കുന്നതും കരുതലോടെ വേണം. ആരോഗ്യപരിപാലനത്തിൽ അലംഭാവമരുത്.
പൂരുരുട്ടാതി
ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാനാവും. സ്വകാര്യമേഖലയിൽ ജോലിസാധ്യത/പദവിയിൽ ഉയർച്ച പ്രതീക്ഷിക്കാം. മാർഗതടസ്സങ്ങൾ വിഷമിപ്പിക്കുമെങ്കിലും ദൃഢപരിശ്രമത്തിലൂടെ അവയെ മറികടക്കും. സാങ്കേതിക വിഷയങ്ങളിൽ ഉപരിപഠനം നടത്താനാവും. ചില ആരോഗ്യപ്രശ്നങ്ങൾക്ക് തുടർചികിത്സ വേണ്ടിവന്നേക്കും. ഉപജാപങ്ങളെ കരുതണം. വസ്തുതർക്കങ്ങൾ ചിലപ്പോൾ ഒഴിയാബാധകളായേക്കും. മീനക്കൂറുകാരായ പൂരുരുട്ടാതി നാളുകാർക്ക് കൂടുതൽ മെച്ചപ്പെട്ട സമയമാണ്. വിദേശജോലി/വിദേശധനം എന്നിവ സാധ്യതകൾ. ഗൃഹനിർമ്മാണത്തിന് തുടക്കം കുറിക്കാനാവും. വിവാഹാർത്ഥികൾക്ക് നല്ല സമയമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.