scorecardresearch

വിരോധികളാൽ വേട്ടയാടപ്പെടും, അപകടങ്ങളെ അതിജീവിക്കും; പുതുവർഷത്തിൽ ഈ അഞ്ച് നാളുകാരുടെ ഭാവി അറിയാം

പുതുവർഷത്തെ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ രോഹിണി, മകയിരം, ആയില്യം, അത്തം, ചിത്തിര എന്നീ അഞ്ച് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പൊതു വാർഷിക ഫലം ഇവിടെ വായിക്കാം.

പുതുവർഷത്തെ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ രോഹിണി, മകയിരം, ആയില്യം, അത്തം, ചിത്തിര എന്നീ അഞ്ച് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പൊതു വാർഷിക ഫലം ഇവിടെ വായിക്കാം.

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | Astrology

രോഹിണി, മകയിരം, ആയില്യം, അത്തം, ചിത്തിര എന്നീ അഞ്ച് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പൊതു വാർഷിക ഫലം

കൊല്ലവർഷം 1199 ചിങ്ങമാസം ഒന്ന് (2023 ആഗസ്റ്റ് 17) വ്യാഴാഴ്ച പകൽ 1 മണി 32 മിനിറ്റിനായിരുന്നു ചിങ്ങരവി സംക്രമം. മകം ഞാറ്റുവേലയിൽ സൂര്യന്റെ നക്ഷത്ര സഞ്ചാരം തുടങ്ങുന്നു. ചാന്ദ്രമാസമായ ശ്രാവണത്തിന്റെ തുടക്കവും അന്നാണ്. ആഷാഢത്തിനുശേഷമുള്ള അധിമാസമവസാനിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മകം നക്ഷത്രത്തിലാണ് കൊല്ലവർഷത്തിന്റെ ആരംഭം.

Advertisment

ഈ വർഷം ശനിക്ക് രാശിപ്പകർച്ചയില്ല. ശനി കുംഭരാശിയിൽ തുടരും. മേടം രാശിയിൽ സഞ്ചരിക്കുന്ന വ്യാഴം 1199 മേടം 18 ന്, (2024 മേയ് 1ന്) ഇടവം രാശിയിൽ പ്രവേശിക്കുന്നു. വ്യാഴത്തിന്റെ രാശിമാറ്റം വാർഷികമായിട്ടാണെന്നത് ഓർമ്മിക്കാം. രാഹുകേതുക്കൾക്ക് ഈ വർഷം രാശിമാറ്റം സംഭവിക്കുന്നുണ്ട്. 1199 തുലാം 13ന് (2023 ഒക്ടോബർ 30ന്) രാഹു മേടത്തിൽ നിന്നും മീനത്തിലേക്കും കേതു തുലാത്തിൽ നിന്നും കന്നിയിലേക്കും മാറും. രാഹുവും കേതുവും അപസവ്യഗതിയിൽ (Anti Clockwise) സഞ്ചരിക്കുന്ന ഗ്രഹങ്ങളാണ് എന്നത് ഓർക്കണം.

ചൊവ്വ വർഷത്തിന്റെ ആരംഭത്തിൽ ചിങ്ങത്തിൽ നിന്നും കന്നിയിലേക്ക് സംക്രമിക്കുന്നു. വർഷാവസാനം ചൊവ്വ ഇടവം രാശിയിൽ നിൽക്കുന്നതായി കാണാം. ബുധൻ വർഷാരംഭത്തിൽ ചിങ്ങത്തിലാണ്; പന്ത്രണ്ട് രാശികളും പിന്നിട്ട് വർഷാന്ത്യം ചിങ്ങത്തിൽ തന്നെ എത്തിനിൽക്കുന്നു. ശുക്രൻ വർഷാരംഭത്തിൽ കർക്കടകത്തിലും, പന്ത്രണ്ട് രാശികളും ഒരുവട്ടംചുറ്റി വർഷാവസാനമാവുമ്പോൾ വീണ്ടും ചിങ്ങത്തിലും തുടരുകയാണ്. ഇതിൽ ശനിയുടെ മൗഢ്യം (combustion) മകരം 30 മുതൽ മീനം അഞ്ച് വരെയും (2024 ഫെബ്രുവരി 13 മുതൽ മാർച്ച് 18 വരെയും) വ്യാഴത്തിന്റെ മൗഢ്യം മേടം 21 മുതൽ ഇടവം 21 വരെയു (2024 മേയ് നാല് മുതൽ ജൂൺ നാല് വരെയും) മാണ്.  ഗ്രഹയുദ്ധം എന്ന പ്രതിഭാസം അടുത്ത വർഷം പതിവിലും കൂടുതൽ സംഭവിക്കുന്നുണ്ട്.

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ  രോഹിണി, മകയിരം, ആയില്യം, അത്തം, ചിത്തിര എന്നീ  അഞ്ച്  നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പൊതു വാർഷിക ഫലം ഇവിടെ വായിക്കാം.

Advertisment

രോഹിണി

വ്യാഴത്തിന്റെയും ശനിയുടെയും ആനുകൂല്യം കുറയുകയാൽ ജീവിതത്തിൽ വലിയ പരിവർത്തനങ്ങളോ ഗുണപരമായ മാറ്റങ്ങളോ ഉണ്ടാവണം എന്നില്ല. വ്യാപാരത്തിൽ വലിയ മുതൽ മുടക്കുകൾക്ക് തുനിയരുത്. ചെറിയസംരംഭങ്ങൾ ഒരുവിധം നടന്നുപോകുന്നതാണ്. കരാറുപണികൾ പുതുക്കിക്കിട്ടിയേക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം എളുപ്പമാവില്ല. സ്ഥലംമാറ്റം പോലുള്ളവയ്ക്ക് സാധ്യതയുണ്ടുതാനും.

വിരോധികളുടെ പ്രവർത്തനങ്ങളെ ഒട്ടൊക്കെ പ്രതിരോധിക്കാനാവും. പ്രണയബന്ധം ദുർബലമാവാം. അവിവാഹിതരുടെ വിവാഹകാര്യം നീളാൻ സാധ്യത കാണുന്നു. ചെറുവായ്പകൾ കൊണ്ട് അത്യാവശ്യങ്ങൾ നിറവേറ്റാനാവും. അന്യനാട്ടിൽ തൊഴിൽ നേടാൻ വൃശ്ചിക മാസം മുതൽ അവസരമൊരുങ്ങും. രാഹുവിന്റെ ദശാപഹാരങ്ങൾ നടക്കുന്നവർക്ക് നല്ലമാറ്റം വന്നുചേരും. ധനപരമായ ക്ലേശങ്ങൾ കുറച്ചൊക്കെ പരിഹൃതമാവുന്നതാണ്.

മകയിരം

ഇടവക്കൂറുകാരായ മകയിരം നാളുകർക്ക് വ്യാഴം, രാഹു എന്നീ ഗ്രഹങ്ങൾ പന്ത്രണ്ടിലും ശനി കണ്ടകസ്ഥാനമായ പത്താം ഭാവത്തിലുമാകയാൽ ഗുണാനുഭവങ്ങൾ കുറയും. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. ആരോഗ്യപരമായി നല്ലശ്രദ്ധയുണ്ടാവണം. വിദ്യാർഥികളുടെ കാര്യത്തിൽ മാതാപിതാക്കൾ ജാഗരൂകരാവണം.

മിഥുനക്കൂറുകാരായ മകയിരം നാളുകാർക്കാവും നേട്ടങ്ങൾ കൂടുതൽ. വ്യവസായം അഭിവൃദ്ധിപ്പെടുന്നതാണ്. മുതൽമുടക്കിന് നഷ്ടം വരാനിടയില്ല. ഉല്പന്നങ്ങൾക്ക് സ്വീകാര്യത ലഭിക്കുന്നതാണ്. ധനോന്നതിയുണ്ടാകും. അവിവാഹിതർക്ക് വിവാഹസിദ്ധി പ്രതീക്ഷിക്കാം. തൊഴിൽ തേടുന്നവർക്ക് പുതിയ ജോലിയിൽ പ്രവേശിക്കാനാവും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം, വേതന വർദ്ധനവ് എന്നിവ വന്നെത്തും. കലാപ്രവർത്തനം അംഗീകരിക്കപ്പെടും. വൃശ്ചികമാസത്തിനു ശേഷം കർമ്മരംഗത്ത് കരുതൽ അനിവാര്യം.

ആയില്യം

കർമ്മരംഗത്തെ തടസ്സങ്ങൾ ഭാഗികമായി നീക്കപ്പെടും. പുതിയ അവസരങ്ങൾ തേടിവരും. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ഉണ്ടാകാം. എന്നാൽ ഒപ്പം പദവിയിൽ ഉയർച്ചയോ വേതനാധിക്യമോ പ്രതീക്ഷിക്കാം. വിദേശത്ത് ജോലിക്ക് ശ്രമം നടത്തുന്നവർക്ക് ശുഭവാർത്തയെത്തും. വലിയ സാമ്പത്തിക മുടക്കുള്ള കാര്യങ്ങൾ മേടമാസത്തിനുശേഷം തുടങ്ങുന്നതാവും ഉചിതം. കലാപ്രവർത്തകർക്ക് കഴിവുകൾ തെളിയിക്കാൻ അരങ്ങൊരുങ്ങുന്നതാണ്. പ്രണയസാഫല്യത്തിന് കാത്തിരിക്കേണ്ടിവന്നേക്കും. സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിക്കാം. ഹൃദയസംബന്ധമായ രോഗങ്ങളുള്ളവർ കൂടുതൽ ശ്രദ്ധിക്കണം. മക്കളുടെ വിവാഹകാര്യത്തിലെ തടസ്സം നീങ്ങുന്നതാണ്. പണയവസ്തുക്കൾ പുതുക്കാനാവും. അപകടങ്ങളെ അതിജീവിക്കും.

അത്തം

രാഹു, വ്യാഴം എന്നീ ഗ്രഹങ്ങളുടെ അഷ്ടമസ്ഥിതി ക്ലേശത്തിനിടവരുത്തും. മനസ്സന്താപം തുടരും. വിരോധികളുടെ പ്രവർത്തനങ്ങൾ വേട്ടയാടപ്പെടാം. ശനിയുടെ ആനുകൂല്യത്താൽ വിപൽസന്ധികളെ മറികടക്കുന്നതാണ്. കർമ്മരംഗത്ത് പതുക്കെയെങ്കിലും സ്ഥായിയായ നേട്ടങ്ങൾ സംഭവിക്കുന്നതാണ്. സ്വസംരംഭങ്ങൾ വിജയിക്കാൻ അത്യധ്വാനം ആവശ്യമായി വന്നേക്കും.

കുടുംബത്തിൽ മംഗളകർമ്മങ്ങൾക്ക് സാധ്യത കാണുന്നു. മക്കളുടെ പഠനപൂർത്തീകരണം, വിവാഹം എന്നിവ നടന്നേക്കാം. കടബാധ്യത പരിഹരിക്കാൻ നടത്തുന്ന ശ്രമങ്ങളിൽ ഒരു പരിധിവരെ വിജയം നേടും. സമയബന്ധിതമായി ദൗത്യങ്ങൾ പൂർത്തീകരിക്കാം. വൈദ്യപരിശോധനകളിൽ അലംഭാവമരുത്.

ചിത്തിര

നല്ലകാര്യങ്ങൾക്കായി ചെലവുണ്ടാകും. ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ അദ്ധ്വാനം കൂടും. മിച്ചം വെക്കാനൊന്നുമുണ്ടാവില്ല. അധികാരികൾ വിരോധിച്ചേക്കും. വൃശ്ചികം മുതൽ കാലം അനുകൂലമാവുന്നതാണ്. മുൻ തീരുമാനങ്ങൾ നടപ്പിലാക്കാനാവും. വായ്പ കൊണ്ട പ്രയോജനമുണ്ടാവും. കുടുംബാംഗങ്ങളുടെ ഇടയിലെ അനൈക്യം പരിഹരിക്കും. രാഷ്ട്രീയപ്പോരാട്ടങ്ങൾ വിജയമേകുന്നതാണ്. കുംഭമാസത്തിൽ കർമ്മഗുണാഭിവൃദ്ധി പ്രതീക്ഷിക്കാം. മീനം-മേടം മാസങ്ങളിൽ അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകാം. ഇടവമാസത്തിൽ ആരോഗ്യപ്രശ്നങ്ങൾ വരാം. മിഥുനം, കർക്കടകം മാസങ്ങളിൽ തൊഴിൽ ലാഭം, ധനപുഷ്ടി, ദാമ്പത്യസൗഖ്യം എന്നിവയുണ്ടാകുന്നതാണ്.

Astrology Horoscope New Year

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: