/indian-express-malayalam/media/media_files/uploads/2023/08/Horoscope-1-3.jpg)
ഭരണി, ഉത്രം, ചോതി, തൃക്കേട്ട എന്നീ നാല് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പൊതു വാർഷിക ഫലം
കൊല്ലവർഷം 1199 ചിങ്ങമാസം ഒന്ന് (2023 ആഗസ്റ്റ് 17) വ്യാഴാഴ്ച പകൽ 1 മണി 32 മിനിറ്റിനായിരുന്നു ചിങ്ങരവി സംക്രമം. മകം ഞാറ്റുവേലയിൽ സൂര്യന്റെ നക്ഷത്ര സഞ്ചാരം തുടങ്ങുന്നു. ചാന്ദ്രമാസമായ ശ്രാവണത്തിന്റെ തുടക്കവും അന്നാണ്. ആഷാഢത്തിനുശേഷമുള്ള അധിമാസമവസാനിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മകം നക്ഷത്രത്തിലാണ് കൊല്ലവർഷത്തിന്റെ ആരംഭം.
ഈ വർഷം ശനിക്ക് രാശിപ്പകർച്ചയില്ല. ശനി കുംഭരാശിയിൽ തുടരും. മേടം രാശിയിൽ സഞ്ചരിക്കുന്ന വ്യാഴം 1199 മേടം 18 ന്, (2024 മേയ് 1ന്) ഇടവം രാശിയിൽ പ്രവേശിക്കുന്നു. വ്യാഴത്തിന്റെ രാശിമാറ്റം വാർഷികമായിട്ടാണെന്നത് ഓർമ്മിക്കാം. രാഹുകേതുക്കൾക്ക് ഈ വർഷം രാശിമാറ്റം സംഭവിക്കുന്നുണ്ട്.
1199 തുലാം 13ന് (2023 ഒക്ടോബർ 30ന്) രാഹു മേടത്തിൽ നിന്നും മീനത്തിലേക്കും കേതു തുലാത്തിൽ നിന്നും കന്നിയിലേക്കും മാറും. രാഹുവും കേതുവും അപസവ്യഗതിയിൽ (Anti Clockwise) സഞ്ചരിക്കുന്ന ഗ്രഹങ്ങളാണ് എന്നത് ഓർക്കണം.
ചൊവ്വ വർഷത്തിന്റെ ആരംഭത്തിൽ ചിങ്ങത്തിൽ നിന്നും കന്നിയിലേക്ക് സംക്രമിക്കുന്നു. വർഷാവസാനം ചൊവ്വ ഇടവം രാശിയിൽ നിൽക്കുന്നതായി കാണാം. ബുധൻ വർഷാരംഭത്തിൽ ചിങ്ങത്തിലാണ്; പന്ത്രണ്ട് രാശികളും പിന്നിട്ട് വർഷാന്ത്യം ചിങ്ങത്തിൽ തന്നെ എത്തിനിൽക്കുന്നു. ശുക്രൻ വർഷാരംഭത്തിൽ കർക്കടകത്തിലും, പന്ത്രണ്ട് രാശികളും ഒരുവട്ടംചുറ്റി വർഷാവസാനമാവുമ്പോൾ വീണ്ടും ചിങ്ങത്തിലും തുടരുകയാണ്. ഇതിൽ ശനിയുടെ മൗഢ്യം (combustion) മകരം 30 മുതൽ മീനം അഞ്ച് വരെയും (2024 ഫെബ്രുവരി 13 മുതൽ മാർച്ച് 18 വരെയും) വ്യാഴത്തിന്റെ മൗഢ്യം മേടം 21 മുതൽ ഇടവം 21 വരെയു (2024 മേയ് നാല് മുതൽ ജൂൺ നാല് വരെയും) മാണ്. ഗ്രഹയുദ്ധം എന്ന പ്രതിഭാസം അടുത്ത വർഷം പതിവിലും കൂടുതൽ സംഭവിക്കുന്നുണ്ട്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ ഭരണി, ഉത്രം, ചോതി, തൃക്കേട്ട എന്നീ നാല് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പൊതു വാർഷിക ഫലം ഇവിടെ വായിക്കാം.
ഭരണി
ജന്മനക്ഷത്രാധിപനായ ശുക്രന്റെ വക്രമൗഢ്യാദികളോടെ വർഷം തുടങ്ങുന്നു. ആദ്യമാസങ്ങളിൽ യാത്രകൾ കൂടും. നേട്ടങ്ങളിലെത്താൻ കിണഞ്ഞു പരിശ്രമിക്കേണ്ട സ്ഥിതിയുണ്ടാവും. ബന്ധുക്കളുടെ കാര്യത്തിൽ ചില മനപ്രയാസങ്ങൾ വരാം. ജോലി തേടുന്നവർ കുറച്ചുകാലം കാത്തിരിക്കേണ്ടതുണ്ട്. ആരോഗ്യപ്രശ്നങ്ങൾ പൂർണമായും മാറുമെന്ന് പറയാനാവില്ല.
രാഹു കേതു രാശിമാറ്റം തുലാമാസത്തിൽ സംഭവിക്കുന്നതിനാൽ തദനന്തരം ഗുണാനുഭവങ്ങൾ മെല്ലെമെല്ലെ കണ്ടുതുടങ്ങും. തുണി, ഗൃഹോപകരണം, ഹോട്ടൽ, ആഭരണം, അലങ്കാരം, നിത്യോപയോഗ വസ്തുക്കൾ, ഇലക്ട്രോണിക് വസ്തുക്കൾ എന്നിവയുടെ വിപണനത്തിൽ ഏർപ്പെട്ടവർക്ക് ലാഭം വർദ്ധിച്ചു തുടങ്ങും. കലാവാസന അംഗീകരിക്കപ്പെടും. സ്വാശ്രയത്വത്തിൽ അഭിമാനിക്കാറാവും. ജീവിതശൈലീ രോഗങ്ങളുടെ കാര്യത്തിൽ പ്രത്യേകമായ ശ്രദ്ധ വേണം.
ഉത്രം
അത്ഭുതങ്ങൾ ഒന്നും നടക്കാനിടയില്ലാത്ത സാധാരണ വർഷമാണ്. എന്നാൽ കഴിവുകൾ സ്വയം തിരിച്ചറിയാനാവും. അവയിൽ ചില സിദ്ധികൾ പ്രയോജനപ്പെടുത്താനും സാധിക്കുന്നതാണ്. വിജയിക്കാൻ കഠിനാദ്ധ്വാനം വേണ്ടി വന്നേക്കും. അത് പാഴായിപ്പോവില്ല; പ്രയോജനകരമാവും വിധം വിനിമയം ചെയ്യാനാവും. ഭൗതിക കാര്യങ്ങളെക്കാൾ ആത്മീയ ഉണർവുകൾക്കും വഴിയുണ്ട്. പ്രാർത്ഥനയുടെ ശീതളച്ഛായയിൽ അഭയം തേടാം. രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറപ്പെടുന്നതാണ്. ഉദ്യോഗലബ്ധി പ്രതീക്ഷിക്കാം. വിവാഹതടസ്സങ്ങൾ വർഷത്തിന്റെ മുക്കാൽപ്പങ്കുവരെ നീളാം. ആരോഗ്യകാര്യങ്ങളിൽ അലംഭാവമരുത്. ചിങ്ങം, ധനു, മേടം, കർക്കടകം മാസങ്ങൾക്ക് മേന്മ കുറയാം.
ചോതി
ചിങ്ങം, ധനു, മീനം, കർക്കടകം എന്നീ മാസങ്ങൾക്ക് ഗുണമേറും. വ്യാപാരത്തിൽ നേട്ടങ്ങൾ വർദ്ധിക്കുന്നതായിരിക്കും. പുതിയ കരാറുകളിൽ ഏർപ്പെടാനാവും. മത്സരങ്ങളിൽ വിജയിക്കും. ആത്മാഭിമാനം ഉയരുന്നതാണ്. ഊഹക്കച്ചവടത്തിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. കന്നി, തുലാം,ഇടവം എന്നീ മാസങ്ങൾക്കാവും മേന്മ കുറവ്.
ആരോഗ്യപ്രശ്നങ്ങൾ അലട്ടാം. യാത്രകൾ നിഷ്പ്രയോജനകരമായേക്കാം. കടബാധ്യതകൾ ശല്യം ചെയ്യാം. കുടുംബ ബന്ധങ്ങളുടെ ഊഷ്മളത നിലനിർത്തുന്നതിൽ ക്ലേശിക്കും. മറ്റു മാസങ്ങളിൽ ശരാശരി ഫലം. വൃശ്ചികമാസം മുതൽ കേതുജന്മരാശിയിൽ നിന്നും മാറുന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾ കുറയാം. രാഹു ഏഴിൽ നിന്നും നിഷ്ക്രമിക്കുകയാൽ വിവാഹതടസ്സം നീങ്ങിയേക്കും.
തൃക്കേട്ട
ലക്ഷ്യം നേടാൻ ഏകാഗ്രമായ പഠനം, നിരന്തരമായ അദ്ധ്വാനം എന്നിവ വേണ്ടിവരും. പ്രവർത്തനങ്ങളുടെ മികവ് ഉടനെയല്ലെങ്കിലും, ക്രമേണ അംഗീകരിക്കപ്പെടും. ഗൃഹനിർമ്മാണത്തിൽ പുരോഗതി കുറയും. വസ്തുവില്‌പനയിൽ വിളംബമുണ്ടായേക്കാം. കടബാധ്യതകൾ മനപ്രയാസ ഹേതുവാകാം. വാഹനം വാങ്ങാനുള്ള മോഹം നീണ്ടുപോകും. തർക്കം, വിവാദം തുടങ്ങിയവയിൽ നിന്നും അകന്നുനിൽക്കുകയാവും അഭിലഷണീയം. അന്യദേശത്ത് പഠനാവസരങ്ങൾ ഉണ്ടാവും. തൊഴിലിൽ പരീക്ഷണങ്ങൾ നടത്തും. മേടമാസം വരെ ജീവിതത്തിന് വലിയ പുരോഗതി ഉണ്ടാവുമെന്ന് പറയാൻ കഴിയില്ല. സുഹൃത്തുക്കളുമായി ഇണങ്ങിയും പിണങ്ങിയും മുന്നോട്ടു പോകും. കുടുംബജീവിതത്തിലും സ്നേഹദ്വേഷങ്ങൾ കലരും. പാരമ്പര്യ ചികിത്സാരീതി രോഗനിവൃത്തിക്കായി പ്രയോജനപ്പെടുത്തുന്നതാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.