/indian-express-malayalam/media/media_files/uploads/2023/08/horoscope-2.jpeg)
Astrological Predictions for New Year
കൊല്ലവർഷം 1199 ചിങ്ങമാസം ഒന്ന് (2023 ആഗസ്റ്റ് 17) വ്യാഴാഴ്ച പകൽ 1 മണി 32 മിനിറ്റിനായിരുന്നു ചിങ്ങരവി സംക്രമം. മകം ഞാറ്റുവേലയിൽ സൂര്യന്റെ നക്ഷത്ര സഞ്ചാരം തുടങ്ങുന്നു. ചാന്ദ്രമാസമായ ശ്രാവണത്തിന്റെ തുടക്കവും അന്നാണ്. ആഷാഢത്തിനുശേഷമുള്ള അധിമാസമവസാനിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മകം നക്ഷത്രത്തിലാണ് കൊല്ലവർഷത്തിന്റെ ആരംഭം.
ഈ വർഷം ശനിക്ക് രാശിപ്പകർച്ചയില്ല. ശനി കുംഭരാശിയിൽ തുടരും. മേടം രാശിയിൽ സഞ്ചരിക്കുന്ന വ്യാഴം 1199 മേടം 18 ന്, (2024 മേയ് 1ന്) ഇടവം രാശിയിൽ പ്രവേശിക്കുന്നു. വ്യാഴത്തിന്റെ രാശിമാറ്റം വാർഷികമായിട്ടാണെന്നത് ഓർമ്മിക്കാം. രാഹുകേതുക്കൾക്ക് ഈ വർഷം രാശിമാറ്റം സംഭവിക്കുന്നുണ്ട്.
1199 തുലാം 13ന് (2023 ഒക്ടോബർ 30ന്) രാഹു മേടത്തിൽ നിന്നും മീനത്തിലേക്കും കേതു തുലാത്തിൽ നിന്നും കന്നിയിലേക്കും മാറും. രാഹുവും കേതുവും അപസവ്യഗതിയിൽ (Anti Clockwise) സഞ്ചരിക്കുന്ന ഗ്രഹങ്ങളാണ് എന്നത് ഓർക്കണം.
ചൊവ്വ വർഷത്തിന്റെ ആരംഭത്തിൽ ചിങ്ങത്തിൽ നിന്നും കന്നിയിലേക്ക് സംക്രമിക്കുന്നു. വർഷാവസാനം ചൊവ്വ ഇടവം രാശിയിൽ നിൽക്കുന്നതായി കാണാം. ബുധൻ വർഷാരംഭത്തിൽ ചിങ്ങത്തിലാണ്; പന്ത്രണ്ട് രാശികളും പിന്നിട്ട് വർഷാന്ത്യം ചിങ്ങത്തിൽ തന്നെ എത്തിനിൽക്കുന്നു. ശുക്രൻ വർഷാരംഭത്തിൽ കർക്കടകത്തിലും, പന്ത്രണ്ട് രാശികളും ഒരുവട്ടംചുറ്റി വർഷാവസാനമാവുമ്പോൾ വീണ്ടും ചിങ്ങത്തിലും തുടരുകയാണ്. ഇതിൽ ശനിയുടെ മൗഢ്യം (combustion) മകരം 30 മുതൽ മീനം അഞ്ച് വരെയും (2024 ഫെബ്രുവരി 13 മുതൽ മാർച്ച് 18 വരെയും) വ്യാഴത്തിന്റെ മൗഢ്യം മേടം 21 മുതൽ ഇടവം 21 വരെയു (2024 മേയ് നാല് മുതൽ ജൂൺ നാല് വരെയും) മാണ്. ഗ്രഹയുദ്ധം എന്ന പ്രതിഭാസം അടുത്ത വർഷം പതിവിലും കൂടുതൽ സംഭവിക്കുന്നുണ്ട്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി, കാർത്തിക, പൂയം, പൂരം എന്നീ നാല് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പൊതു വാർഷിക ഫലം ഇവിടെ വായിക്കാം.
അശ്വതി
വർഷത്തിന്റെ മുക്കാൽപ്പങ്കും വ്യാഴം ജന്മരാശിയിൽ തുടരുകയാൽ ഈ വർഷം ഗുണദോഷസമ്മിശ്രമാണ്. കാര്യതടസ്സം, അമിതാദ്ധ്വാനം, ധനക്ലേശം എന്നിവയുണ്ടാവാം. എന്നാൽ ശനി അഭീഷ്ടഭാവമായ പതിനൊന്നിൽ തുടരുന്നതിനാൽ പൂർവ്വിക സ്വത്തുക്കൾ അധീനത്തിലാവും. നിയമപ്പോരാട്ടങ്ങളിൽ വിജയിക്കും. നീണ്ടുനിൽക്കുന്ന രോഗങ്ങൾക്ക് ഫലപ്രദമായ ചികിൽസ ലഭിച്ചേക്കും. രാഹു ജന്മരാശിയിൽ നിന്നും, വിശേഷിച്ചും ജന്മനക്ഷത്രമായ അശ്വതിയിൽ നിന്നും മാറുന്നതിനാൽ ത്വഗ്രോഗം, വാതം, പകർച്ചവ്യാധികൾ എന്നിവയ്ക്ക് ശമനം ഉണ്ടാകുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ പുലർത്താൻ സാധിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. വിദേശ യാത്രകൾ, തൊഴിലിൽ നേട്ടം, തീർത്ഥാടനം എന്നിവ സഫലമാകുന്നതാണ്. വൃശ്ചിക മാസം മുതൽ നല്ല ഫലങ്ങൾക്ക് മുൻതൂക്കം പ്രതീക്ഷിക്കാം.
കാർത്തിക
കർമ്മരംഗത്തെ തടസ്സങ്ങളും ക്ലേശങ്ങളും തുടരുന്നതാണ്. ആരോഗ്യപരമായ വിഷമങ്ങൾ കൂടുക, കുറയുക എന്നിങ്ങനെ ആവർത്തിക്കാം. വർഷാരംഭത്തിൽ മനപ്രയാസവും കാര്യവിഘ്നവും തുടർന്നേക്കും. എന്നാൽ വൃശ്ചികമാസം മുതൽ കാര്യങ്ങൾക്ക് മാറ്റം വരാം. ചെലവുണ്ടാകുമെങ്കിലും അത് നല്ലകാര്യങ്ങൾക്കാവും. മക്കളുടെ ഉപരിപഠനം, വിവാഹം, ഗൃഹനിർമ്മാണാരംഭം തുടങ്ങിയ കാര്യങ്ങൾ ശക്തമായ സാധ്യതയാണ്.
വസ്തുവ്യാപാരത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ലാഭം അധികരിക്കും. സർക്കാർ / ബാങ്ക് ഇവയിലൂടെ ലഭിക്കുന്ന വായ്പ, ചിട്ടി മുതലായവ നല്ല കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്താൻ സന്ദർഭമുണ്ടാകും. പൂർവ്വസുഹൃത്തുക്കളെ കാണാനാവും. ചിലർക്ക് വീട്ടിൽ നിന്നും / നാട്ടിൽ നിന്നും മാറിത്താമസിക്കേണ്ടതായി വരാം. ദാമ്പത്യ ജീവിതത്തിലെ അലോസരങ്ങൾക്ക് രമ്യമായ തീർപ്പുണ്ടാവും. വാതരോഗം വിഷമിപ്പിച്ചേക്കാം. സംഘടനാ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
പൂയം
ഗുണദോഷസമ്മിശ്രമായ വർഷമാണ്. ക്ഷമയും സഹിഷ്ണതയും കൂടുതൽ ആവശ്യമുണ്ട്. ലക്ഷ്യം നേടാൻ നിരന്തരമായ അധ്വാനം വേണ്ടി വരും. സുലഭം എന്ന് കരുതിയവ ദുർലഭമായേക്കാം. അഷ്ടമശനിയുടെ സ്ഥിതിയാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാവാനിടയുണ്ട്. വൈദ്യപരിശോധനകളിൽ അലംഭാവമരുത്. വസ്തു ഇടപാടുകളിൽ കൃത്യത വേണം. വ്യവഹാരങ്ങൾക്ക് മുതിരാതിരിക്കുകയാണ് കാമ്യം.
പ്രതീക്ഷിച്ച നിയമനം ലഭിക്കാൻ അല്പം കൂടി കാത്തിരിക്കേണ്ടി വരാം. ഉദ്യോഗസ്ഥർ ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ചയുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം. സാമ്പത്തികമായ വലിയ മുതൽ മുടക്കുകൾക്ക് കാലം ഉചിതമല്ല. ന്യായമായ ആവശ്യങ്ങൾ നടന്നു പോകും. ചെറിയ കരാറുകൾ ഉറപ്പിച്ചു കിട്ടും. മേടമാസത്തിനു ശേഷം വ്യാഴം പതിനൊന്നിൽ വരികയാൽ തുടർന്ന് കൂടുതൽ ശോഭന ഫലങ്ങൾ ഉണ്ടാവുന്നതാണ്.
പൂരം
വിജയപരാജയങ്ങൾ സമമാകുന്ന വർഷമാണ്. ചില പ്രതീക്ഷകൾ നിറവേറും. നേട്ടങ്ങൾക്ക് പിന്നിൽ അദ്ധ്വാനമേറും. പാതിവഴിയിൽ നിർത്തിയവ പുനരാംഭിക്കാൻ ശ്രമം തുടരും. ഉദ്യോഗനിയമനങ്ങൾ പ്രതീക്ഷിക്കുന്നവർക്ക് കാലതാമസമുണ്ടായാലും അവ കരഗതമാവും. വ്യാപാരത്തിൽ കരാറുകളിൽ ഏർപ്പെടുന്നതാണ്. വിദ്യാഭ്യാസത്തിൽ മികച്ച വിജയം കൈവരിക്കുമെന്ന് പറയാനാവില്ല. വൃശ്ചികം മുതൽ അഷ്ടമരാഹു ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാം. പാദരോഗങ്ങളിൽ ശ്രദ്ധവേണം. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. വിദേശത്തു പോകാൻ ശ്രമം നടത്തുന്നവർക്ക് അതിനവസരം ലഭിച്ചേക്കും. ഭാവിയിൽ പ്രയോജനപ്പെടുന്ന കാര്യങ്ങൾക്കായി ചില ഉദ്യമങ്ങൾ നടത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.