scorecardresearch
Latest News

Horoscope 2022: ശുക്രൻ ഉച്ചസ്ഥിതിയിൽ, നേട്ടം ആർക്കൊക്കെ?

ശുക്രന്റെ ഉച്ചസ്ഥിതയിൽ കൂടുതൽ നേട്ടം കൊയ്യുന്നവർ ആരൊക്കെയാവാം? മനസ്സിൽ പ്രണയമുള്ളവർ ആരായാലും അവർക്ക് പൂത്തുലയാൻ സാഹചര്യങ്ങളൊരുങ്ങുന്ന കാലമാണിത്

Horoscope 2022: ശുക്രൻ ഉച്ചസ്ഥിതിയിൽ, നേട്ടം ആർക്കൊക്കെ?


Horoscope 2022: ശുക്രൻ പ്രണയത്തിന്റെ, സ്നേഹത്തിന്റെ, കാമനകളുടെ, മനസ്സിലെ വിലോലഭാവങ്ങളുടെ കാരകഗ്രഹമാണ്. ലൗകികവാസനകൾ, ഭൗതികത, ദാമ്പത്യം, ഇന്ദ്രിയപരത, കലാപ്രതിഭ, സൗന്ദര്യബോധം, ആഢംബര ജീവിതം എന്നിവയും ശുക്രന്റെ വകുപ്പുകളായി ജ്യോതിഷം വിലയിരുത്തുന്നു.

പാശ്ചാത്യരായ ജ്യോതിഷവിജ്ഞാനികൾ ശുക്രനെ, Venus (വീനെസ് ) എന്നാണ് അഭിസംബോധന ചെയ്യുന്നത്. കേരളത്തിൽ പൊതുവേ ഗ്രഹനിലയിൽ ‘ശു’ എന്ന അക്ഷരം കൊണ്ടാണ് ശുക്രനെ കുറിക്കുന്നത്. ചില ദൈവജ്ഞർ ഭൃഗു എന്നതിലെ ആദ്യാക്ഷരമായ ‘ഭൃ’ എന്നതുകൊണ്ടും ശുക്രനെ ഗ്രഹനിലയിൽ രേഖപ്പെടുത്താറുണ്ട്. (ഭൃഗു, കവി, ഭാർഗവൻ, അസുരഗുരു, ഉശാനസ്സ് എന്നിവ ശുക്രന്റെ പര്യായങ്ങളാണ്).

Read More: ശനി രാശി മാറുന്നു, വൃശ്ചിക കൂറിന് കണ്ടകശനി, കുംഭക്കൂറിന് ജന്മശനി, മീനക്കൂറിന് ഏഴരശനിയുടെ ആരംഭം

നവഗ്രഹങ്ങളുടെ ദശകളിൽ ഏറ്റവും വലിയദശയാണ് ശുക്രദശ. ദൈർഘ്യം 20 വർഷമാണ്. അതായത് 120 വർഷം എന്ന് സങ്കല്പിച്ചിരിക്കുന്ന ജ്യോതിഷപരമായ പരമായുസ്സിന്റെ അഥവാ പൂർണ്ണായുസ്സിന്റെ ആറിലൊന്നുഭാഗത്തിനും അവകാശി ശുക്രനാകുന്നു.

സൂര്യനൊപ്പം “തൊട്ടേ തൊട്ടില്ല” എന്ന മട്ടിൽ സഞ്ചരിക്കുന്ന ഗ്രഹങ്ങളാണ് ബുധനും ശുക്രനും . ഗ്രഹനില പരിശോധിച്ചാലറിയാം. സൂര്യനൊപ്പം ഒരു രാശിയിൽ, അല്ലെങ്കിൽ തൊട്ടടുത്ത രാശികളിൽ ആവും ശുക്രൻ. സൂര്യനെപ്പോലെ ശരാശരി ഒരു മാസമാണ് ശുക്രന്റെയും രാശിസഞ്ചാരകാലം.

Read More: മുന്നാളിനെ ഭയക്കണോ?

തുലാം,ഇടവം എന്നിവ ശുക്രന്റെ സ്വന്തം വീടുകൾ. മീനം രാശി ഉച്ചവീടും. ഇപ്പോൾ ശുക്രൻ കുംഭം രാശിയിൽ നിന്നും മീനത്തിലെത്തിയിരിക്കുകയാണ്. ശുക്രന്റെ ഉന്നതമായ ഭവനമാണത്.
ഏപ്രിൽ 27 മുതൽ മേയ് 23 വരെ ഏതാണ്ട് 27 ദിവസം ശുക്രൻ തന്റെ ഉച്ചക്ഷേത്രമായ മീനത്തിൽ തുടരുന്നു.

Read More: അക്ഷയ തൃതീയ ദിനത്തിൽ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ

ശുക്രന്റെ ഉച്ചസ്ഥിതിയിൽ കൂടുതൽ നേട്ടം കൊയ്യുന്നവർ ആരൊക്കെയാവും.? മനസ്സിൽ പ്രണയമുള്ളവർ ആരായാലും അവർക്ക് പൂത്തുലയാൻ സാഹചര്യങ്ങളൊരുങ്ങുന്ന കാലമാണിത്.
ശുക്രദശ, വിവിധദശകളിൽ വരുന്ന ശുക്രന്റെ അപഹാരം എന്നിവ നടക്കുന്നവരാവും കൂടുതൽ ഭാഗ്യവാന്മാരും ഭാഗ്യവതികളും ആവുക. തുലാം, ഇടവം, മകരം, കുംഭം എന്നീ നാലുരാശികളിൽ ജനിച്ചവർക്കും ശുക്രന്റെ സ്ഥാനോന്നതി ഗുണപ്രദമായിരിക്കും. മിഥുനം, കന്നി, മീനം രാശികളിൽ ജനിച്ചവരും ഭാഗികമായി ഗുണഭോക്താക്കളാണ്.

Read More: Monthly Horoscope 2022 May: 2022 മേയ് മാസത്തെ സമ്പൂർണ നക്ഷത്രഫലം

ശുക്രന്റെ നക്ഷത്രങ്ങൾ ഭരണി, പൂരം, പൂരാടം എന്നിവയാകുന്നു. അവയിൽ ജനിച്ചവരും ആമോദിക്കുന്ന കാലമാണ് തുടങ്ങിയിരിക്കുന്നത്. അശ്വതി, മകം, മൂലം എന്നീ നക്ഷത്രക്കാരുടെ ധനനക്ഷത്രങ്ങളാണ് യഥാക്രമം രണ്ടാം നക്ഷത്രങ്ങളായ ഭരണി, പൂരം, പൂരാടം എന്നിവ. അവയുടെ അധിപൻ ബലിഷ്ഠനാകുമ്പോൾ അശ്വതി, മകം, മൂലം നാളുകാരും ധനപരമായി നേട്ടങ്ങൾ ഉണ്ടാക്കുന്നു. ഇപ്പറഞ്ഞവർക്കെല്ലാം ഇപ്പോൾ അപ്രതീക്ഷിതനേട്ടങ്ങളോ ധനോന്നതിയോ വായ്പ/ ചിട്ടി/ ഭാഗ്യക്കുറി എന്നിവയിൽ നിന്നും ആകസ്മിക പണവരവോ വരാം. ശമ്പളവർദ്ധനവ്, വിദേശ ധനം, നിക്ഷേപങ്ങളിൽ വലിയ ലാഭം , ഗൃഹത്തിൽ ദേവീപൂജ, മംഗളകർമ്മങ്ങൾ, ക്ഷേത്ര- തീർത്ഥ അടനങ്ങൾ എന്നിവയുണ്ടാകാം.

മനസ്സിൽ അനുരാഗത്തിന്റെ തേൻകൂട് നിറച്ചവർക്ക് ആഹ്ളാദിക്കാൻ കഴിയും. അരസികശിരോമണികൾ പോലും പ്രണയത്തിന്റെ വാസന്തഭംഗികളിലേക്ക് ആനയിക്കപ്പെടും. ‘ഹൃദയസരസ്സിൽ പ്രണയ പുഷ്പം ‘ വിടരുമെന്ന് കവിയെ ഓർത്തുകൊണ്ട് നമുക്കും കരുതാം.
സ്വർണം, വെള്ളി, വജ്രം എന്നിവയുടെ വിലയുയർന്നാലും കൂടുതൽ വിറ്റുപോകും. അവിവാഹിതർക്ക് വിവാഹപ്രവേശം ലഭിക്കും. വിദേശജീവിതം ഇച്ഛിക്കുന്നവർക്ക് അനുമതിപത്രം ലഭിക്കാം. വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിന് അവസരം വന്നുചേരും.

Read More: Horoscope 2022 Medam: ഈ മേട മാസം നിങ്ങൾക്ക് എങ്ങനെ?

സൗന്ദര്യവർദ്ധക വസ്തുക്കൾക്കും കമനീയമായ പട്ടുവസ്ത്രങ്ങൾക്കും ആവശ്യക്കാരേറും. ഒരുപാട് പണച്ചെലവുള്ള തീൻമേശവിരുന്നുകൾ കൂടും. മദ്യമുൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം അമിതമാവും. ഒരു കണക്കെടുപ്പിന് സൗകര്യം ഉണ്ടായിരുന്നാൽ മനുഷ്യർ ഏറ്റവും കൂടുതൽ ബ്യൂട്ടിപാർലറുകൾ സന്ദർശിക്കുന്നത് ശുക്രൻ ഉച്ചത്തിലാവുന്ന കാലമായിരിക്കുമെന്ന് കണ്ടെത്താനാവും. കണ്ണാടിയുടെ മുന്നിൽ മനുഷ്യൻ കൂടുതൽ നേരം ചെലവഴിക്കാൻ താല്പര്യപ്പെടുകയാണ്. ആത്മരതിയുടെ നാളുകൾ കൂടിയാണിത്.

കവികൾ, സിനിമാപ്രവർത്തകർ, മറ്റു കലാകാരന്മാർ എന്നിവരുടെ പ്രതിഭാശക്തി തിളങ്ങും. അംഗീകാരങ്ങൾ തേടിവരും. ശുക്രൻ സ്ത്രീഗ്രഹമാണ് എന്നാണ് സങ്കല്പം. അതിനാൽ കുടുംബത്തിലെ സ്ത്രീകളുടെ അന്തസ്സും വ്യക്തിത്വവും ആദരിക്കപ്പെടും.

Read More:

ശുക്രനൊപ്പം ആദ്യ മൂന്നാഴ്ച വ്യാഴം മാത്രമാവും മീനം രാശിയിലുണ്ടാവുക. ശുക്രന്റെ “അങ്കുശമില്ലാത്ത ചാപല്യങ്ങളെ” വ്യാഴത്തിന്റെ വിവേകം പരുവപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യും. ശുക്രന് വളയമില്ലാത്ത ചാട്ടങ്ങളുണ്ടാവില്ല. വ്യാഴം ഒരു ലക്ഷ്മണരേഖ വരച്ച് ഒപ്പം കാവലുണ്ട്.

മേയ് 16 ന് ചൊവ്വ മീനത്തിൽ ചേക്കേറും. വ്യാഴത്തിന്റെ നിയന്ത്രണശക്തി അക്കാലത്ത് ശുക്രന്റെ മേൽ ദുർബലമാവും. ചൊവ്വയുടെ താമസികവും ശുക്രന്റെ രാജസികവും വ്യാഴത്തിന്റെ സാത്വികവും ആയ വ്യക്തിത്വങ്ങൾ മുപ്പിരിയായി മുറുകുകയാവും, പിന്നെയങ്ങോട്ട്…

Read More: Daily Horoscope April 27, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology shukran venus transit impact on zodiac signs