scorecardresearch
Latest News

Horoscope 2022:ശനി രാശി മാറുന്നു, വൃശ്ചിക കൂറിന് കണ്ടകശനി, കുംഭക്കൂറിന് ജന്മശനി, മീനക്കൂറിന് ഏഴരശനിയുടെ ആരംഭം

27 നാളുകളിൽ / 12 കൂറുകളിൽ ജനിച്ചവരെയും അത് ഗുണപരമായോ ദോഷകരമായോ സ്വാധീനിക്കുന്നു. ചില രാശിക്കാരുടെ മേൽ പുഷ്പാഭിഷേകം, ചിലർക്കു മേൽ ശരവർഷം, ചിലർക്കു മേൽ ഗുണദോഷശാസനയും. അത് എപ്രകാരമെന്ന് വിശകലനം ചെയ്യുകയാണ് പ്രമുഖ ജ്യോതിഷ പണ്ഡിതനായ എസ് . ശ്രീനിവാസ് അയ്യര്‍

Horoscope, astrology, iemalayalam

Horoscope 2022: ചെറുതും വലുതുമായ ‘സംഭവങ്ങൾ’ ഘോഷയാത്ര പോലെ അരങ്ങേറിക്കൊണ്ടിരിക്കും. അവയിൽ പ്രധാനപ്പെട്ടവ ഗ്രഹങ്ങളുടെ മാസം തോറുമുള്ളതും വാർഷികമായതും രണ്ടുരണ്ടര വർഷത്തിലൊരിക്കലുള്ളതും ഒക്കെയായ രാശിമാറ്റമാണ്. ശനി മകരം രാശിയിൽ നിന്നും കുംഭത്തിലേക്ക് മാറുന്നതാണ് സുപ്രധാനമായൊരു പുതിയ ജ്യോതിഷവാർത്ത.

ഓരോ ഗ്രഹവും നിശ്ചിതകാലം ഒരു രാശിയിൽ സഞ്ചരിക്കുന്നു. പിന്നീട് അടുത്ത രാശിയിലേക്ക്. അവിടെ നിശ്ചിതകാലം പൂർത്തിയാക്കി അടുത്ത രാശിയിലേക്ക്. ഈ ക്രമം ഇവിടെ , ശനിയുടെ കാര്യത്തിൽ തെറ്റുകയാണ്.

ശനി മകരം രാശിയിൽ രണ്ടരവർഷം (30 മാസം) സഞ്ചരിക്കണം. അതുണ്ടായിട്ടില്ല, ഇപ്പോൾ. അതിനുമുന്നേ മകരത്തിൽ നിന്നും അടുത്ത രാശിയായ കുംഭത്തിലേക്ക് ശനി കടക്കുന്നു. ഇതിനെ “അതിചാരം ” എന്നാണ് വിളിക്കുക. അതിവേഗഗതിയെന്ന് ഭാഷാന്തരം.

Read More: Horoscope 2022: ശുക്രൻ ഉച്ചസ്ഥിതിയിൽ, നേട്ടം ആർക്കൊക്കെ?

കുംഭത്തിലും ശനി ഇപ്പോൾ രണ്ടുവർഷം നിൽക്കുന്നില്ല. കഷ്ടിച്ച് 72/73 ദിവസം മാത്രം. പിന്നീട് പിറകോട്ട് വരുകയും മകരരാശിയിലേക്ക് കടക്കുകയും ചെയ്യും. ഇതിനെ ‘വക്രം’ എന്നാണ് പറയുക, വളഞ്ഞ വഴി/ പിറകിലോട്ടുള്ള പോക്ക് എന്നൊക്കെ ആശയം കിട്ടും.

മകരവും കുംഭവും ശനിയുടെ സ്വന്തം വീടുകൾ തന്നെയാണ്. ജ്യോതിഷഭാഷയിൽ സ്വക്ഷേത്രങ്ങൾ. കുംഭത്തിന് മൂലക്ഷേത്രം എന്ന പ്രാബല്യം കൂടിയുണ്ട്. അതിനാൽ ഒന്നുള്ളത്, മകരശനി നൽകിയ ഫലങ്ങളുടെ ഏതാണ്ട് ഒരു തനിയാവർത്തനം തന്നെയാണ് കുംഭശനിയും നൽകാൻ പോകുന്നത് എന്നതാണ്.

Read More: അക്ഷയ തൃതീയ ദിനത്തിൽ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ

കുംഭം രാശിയിലേക്കുള്ള ശനിപ്പകർച്ച 2022 ഏപ്രിൽ 29 നാണ്. (കൊല്ലവർഷം 1197 മേടമാസം 16 ന് വെള്ളിയാഴ്ച). ജൂലൈ 12 ന് (മിഥുനമാസം 28 ന് ചൊവ്വാഴ്ച) കുംഭത്തിൽ നിന്നും മകരത്തിലേക്ക് മടങ്ങുന്നു. ഈ രാശിമാറ്റം പ്രാധാന്യമുള്ളതാണ്.

Read More: Monthly Horoscope 2022 May: 2022 മേയ് മാസത്തെ സമ്പൂർണ നക്ഷത്രഫലം

27 നാളുകളിൽ / 12 കൂറുകളിൽ ജനിച്ചവരെയും അത് ഗുണപരമായോ ദോഷകരമായോ സ്വാധീനിക്കുന്നു. ചില രാശിക്കാരുടെ മേൽ പുഷ്പാഭിഷേകം, ചിലർക്കു മേൽ ശരവർഷം, ചിലർക്കു മേൽ ഗുണദോഷശാസനയും. അത് എപ്രകാരമെന്ന് ഈ ലേഖനം വിശകലനം ചെയ്യുന്നു.

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): ശനി പതിനൊന്നിലാണ് വന്നിരിക്കുന്നത്. കിട്ടാനുള്ള പണം കിട്ടും. അധ്വാനം പാഴാകില്ല. ആദായം ഉയരും. പാരമ്പര്യസ്വത്തുക്കളുടെ ക്രയവിക്രയാവകാശം സ്വന്തം അധികാരത്തിൽ വരും. എതിരാളികളെ വരുതിയിലാക്കാനോ അവരുടെ തന്ത്രങ്ങളെ തുരങ്കം വെക്കാനോ കഴിയുന്ന കാലമാണ്. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ ആരോഗ്യനില തൃപ്തികരമാവും. ഗ്രാമസഭയുടെയോ കുടുംബസമാജത്തിന്റെയോ നേതൃപദവി ലഭിച്ചേക്കും. വ്യാഴം, രാഹു, കേതു എന്നീ ഗ്രഹങ്ങൾ മേടക്കൂറുകാർക്ക് അനിഷ്ടപ്രദന്മാരാണ് ഇപ്പോൾ എന്നത് പ്രത്യേകം ഓർമ്മയിലുണ്ടാവണം.

Read More: Horoscope 2022 Medam: ഈ മേട മാസം നിങ്ങൾക്ക് എങ്ങനെ?

ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ): ശനി പത്താം രാശിയിലാണ് എത്തിയിരിക്കുന്നത്. ഇതിനെ ‘കണ്ടകശനി ‘ എന്നു പറയും. നേട്ടങ്ങളെ പരമാവധി താമസിപ്പിച്ച് അനുഭവത്തിൽ കൊണ്ടുവരുവാൻ ശനിക്കാവും. തൊഴിൽരംഗത്ത് വലിയ ശ്രദ്ധ വേണ്ടകാലമാണ്. ആഗ്രഹിക്കാത്ത സ്ഥാനക്കയറ്റം/ സ്ഥലംമാറ്റം ഇവ നടന്നേക്കാം. രാഷ്ട്രീയത്തിൽ മത്സരം മുറുകും. ബന്ധുക്കളുടെ പ്രവർത്തനം അലോസരങ്ങൾക്ക് കാരണമാകും. ഗൃഹാന്തരീക്ഷം കുറച്ചൊന്ന് കലുഷമാവാം. അതേസമയം വ്യാഴഗ്രഹം അനുകൂലനാകയാൽ ദോഷങ്ങളെ അതിജീവിച്ച് സുസ്ഥിതി തുടരാനാവും എന്നത് വലിയൊരു അനുഗ്രഹമാണ്.

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ): പിതാവിൽ നിന്നും ആനുകൂല്യം, കുടുംബസ്വത്തിന്റെ പൂർണമായ അവകാശം, ഗുരുജനങ്ങളുടെ അനുഗ്രഹം, വയോവൃദ്ധരുടെ പിന്തുണ ഇവയുണ്ടാകും. ഭാഗ്യനാഥനായ ശനി ഭാഗ്യത്തിൽ തന്നെ നിൽക്കുകയാൽ ഭാഗ്യപുഷ്ടി വന്നുചേരും. വിദേശയാത്രകൾ പ്രയോജനപ്പെടും. പരീക്ഷകളിൽ ഉന്നതവിജയം കൈവരിക്കും. സഹോദരക്ലേശം ഒരു സാധ്യതയാണ്. പത്തിലെ വ്യാഴസ്ഥിതി മൂലം ഉണ്ടാകുന്ന ദുഃസ്ഥിതികളെ ശനിയുടെ സുസ്ഥിതി മൂലം മറികടക്കാൻ സാധിക്കുന്നതാണ്.

Read More: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022

കർക്കടകക്കൂറിന് (പുണർതം നാലാംപാദം, പൂയം, ആയില്യം): അഷ്ടമശനിയാണ്. നന്മതിന്മകളുടെ ബലാബലം അരങ്ങേറും. രോഗങ്ങൾ വലയ്ക്കുന്നവർ കൂടുതൽ ആരോഗ്യജാഗ്രത പുലർത്തണം. നിസ്സാരം എന്നുകരുതുന്നവ പോലും തലവേദനക്ക് കാരണമാകാം. തൊഴിലിൽ ചില കുഴപ്പങ്ങൾ ഉണ്ടാകാം. സഹപ്രവർത്തകരുടെ പിന്തുണ പേരിനാവും. ചെറുകിട കച്ചവടക്കാർ, നിത്യവൃത്തിക്ക് പണിയെടുക്കുന്നവർ, വഴിയോരക്കച്ചവടക്കാർ എന്നിവർക്ക് മെച്ചമുണ്ടാകും. കലഹങ്ങളിൽ സംയമനം പാലിക്കണം. ഒമ്പതിലെ വ്യാഴസ്ഥിതി ശനിദോഷങ്ങളെ ലഘൂകരിക്കും.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം): വിവാഹാർത്ഥികൾക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. പ്രണയികൾ ചില കയ്പൻ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കും. ദാമ്പത്യത്തിലും സ്വരഭംഗങ്ങളും ശ്രുതിപ്പിഴകളും ഉയരാം. കൂട്ടുകച്ചവടത്തിൽ പങ്കാളികൾക്കിടയിൽ വൈരുദ്ധ്യം ഉണ്ടായേക്കാം. കണ്ടകശനിയുടെ കാലമാണെന്നത് ഓർമ്മവേണം. പ്രവാസികൾക്കും കൂലിവേല കൊണ്ടു പുലരുന്നവർക്കും ചില ആനുകൂല്യങ്ങൾ ലഭിക്കാം. സഹിഷ്ണുത, സ്ഥിരോത്സാഹം എന്നിവയ്ക്ക് മൂല്യമേറെയുണ്ടെന്ന് ചിങ്ങക്കൂറുകാർ ഓർക്കണം. കാലം മാറി വരും എന്നത് ഒരു മന്ത്രം പോലെ മനസ്സിൽ മുഴങ്ങട്ടെ!

Read More: Horoscope 2022: ശനിദശയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2): ആറാമെടത്താണ് ശനി. 3, 6, 11 എന്നീ ഭാവങ്ങളിലെ ശനി അത്യന്തം ഗുണദാതാവെന്നാണ് നിയമം. തടസ്സങ്ങൾ നീങ്ങി കർമ്മരംഗം ഊഷ്മളമാകും. ധനസ്ഥിതി മെച്ചപ്പെടും. കടബാധ്യതകൾ കുറച്ചെങ്കിലും തീർക്കാൻ കഴിയും. എതിർപ്പുകളെ ന്യായവാദങ്ങളിലൂടെ മറികടക്കും. കിടപ്പുരോഗികൾക്ക് ആശ്വാസകാലമാണ്. പുതുസംരംഭങ്ങളിൽ ഏർപ്പെട്ട് വിജയിക്കും. വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ശുഭ വാർത്തയുണ്ടാവും. രാഹു-കേതു ദോഷം മൂലം ജാഗ്രത ഒന്നിലും കൈവിടരുത്. പാഴ്ച്ചെലവുകളെ നിയന്തിക്കേണ്ടതുണ്ട്.

തുലാക്കൂറിന് ( ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ): ശനി അഞ്ചിലാണ്. സന്താനങ്ങളുടെ കാര്യത്തിൽ സന്തോഷം അനുഭവത്തിൽ വരും. വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയങ്ങളിൽ ഉപരിപഠന സാധ്യതയുണ്ട്. ഭാവന സൃഷ്ടിപരമാവും. മന്ത്രവിദ്യ, ജ്യോതിഷം തുടങ്ങിയവയിൽ താൽപ്പര്യമേറും. പിതൃകാര്യങ്ങൾ മുടക്കമില്ലാതെ നടത്തും. ഗൃഹനിർമ്മാണം പൂർത്തീകരിക്കും. പുതുവാഹനം വാങ്ങാനും സാധ്യത കാണുന്നു. പൊതുവേ മനസ്സമാധാനമുള്ള കാലമാവും.

Read More: Horoscope 2022 April: ഏപ്രിലിൽ നവഗ്രഹങ്ങളുടെ രാശി മാറുന്നു, മനുഷ്യരുടെ ഭാവിയും

വൃശ്ചികക്കൂറ് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): നാലിൽ ശനി വരികയാൽ കണ്ടകശനിയാണ്. ഗൃഹസമാധാനം, മാതൃസൗഖ്യം എന്നിവ കുറയും. സൗഹൃദങ്ങളിൽ കരുതൽ വേണം. പുതുവാഹനം ഇപ്പോൾ വാങ്ങാതിരിക്കുന്നതാവും കരണീയം. ബന്ധുക്കളിൽ നിന്നും പ്രതീക്ഷിച്ച സഹായം ഉണ്ടായില്ലെന്നു വരാം. ചെലവുകൾ അനിയന്ത്രിതമായേക്കാം. പുതുകൃഷിരീതികൾ ആലോചനയിൽ വരും. വ്യാഴത്തിന്റെ സൽഭാവസ്ഥിതി ശനിദോഷത്തെ ലഘൂകരിച്ചേക്കാം.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാംപാദം): ഏഴരശനി ഒഴിഞ്ഞതിന്റെ അശ്വാസം ചെറുതല്ല. ജീവിതത്തിന്റെ സമതലങ്ങളിലേക്കും ശാദ്വലികളിലേക്കും മടങ്ങും. തടസ്സപ്പെട്ടിരുന്ന കാര്യങ്ങൾ ഭംഗിയായി നടക്കും. പുതിയ മൈത്രികളുണ്ടാവും. ധനാഗമം സുഗമമാവും. നിക്ഷേപങ്ങളിൽ വർദ്ധന വരും. പിന്തുണയ്ക്ക് പലരുണ്ടാവും. സഹോദരാനുകൂല്യവും ഫലം.

മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ): ജന്മശനി മാറി; എന്നാൽ ഏഴരശനി തുടരുന്നുണ്ട്. ചില കാര്യങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ നന്നായി നടന്നേക്കും. ചിലതാകട്ടെ ഒച്ചിനെപ്പോലെ ഇഴയുകയും ചെയ്യും. ആരോഗ്യകാര്യത്തിൽ ജാഗ്രത ഒഴിവാക്കരുത്. അതാണ് പ്രധാനം. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ കാര്യത്തിൽ വ്യക്തിപരമായി കൂടുതൽ ശ്രദ്ധയുണ്ടാവണം. വിദ്യയിൽ വിളംബം വരാം. ധനപരമായി ക്ലേശങ്ങൾ കൂടില്ല. കുടുംബത്തിലെ ഐക്യം നിലനിർത്താൻ കൂടുതൽ പ്രയത്നിക്കും. ദൂരയാത്രകൾ സഫലമാകും.

Read More:

കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുട്ടാതി 1,2,3 പാദങ്ങൾ): ജന്മശനിക്കാലമാണ്. ആലസ്യമുണ്ടാവും. ഇന്ന് ചെയ്യേണ്ടത് നാളേക്കും നാളെ ചെയ്യേണ്ടത് പിന്നത്തേക്കും നീട്ടിവെക്കും. ഉന്നതവിജയം നേടേണ്ട വിഷയങ്ങളിൽ ശരാശരി വിജയം നേടും. പ്രവാസത്തിന് സാധ്യത ഏറെയാണ്. പ്രണയഭംഗം ഉണ്ടായേക്കും. വിവാഹം ആഗ്രഹിക്കുന്നവർ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരുന്നതാണ്. ധനപരമായി സമ്മിശ്രകാലമാണ്.

മീനക്കൂറിന് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): ഏഴരശനിയുടെ ആരംഭഘട്ടമാണ്. വിദേശത്ത് പഠനമോ തൊഴിലോ തേടുന്നവർക്ക് അതിനവസരമുണ്ടാകുന്നതായിരിക്കും. ഗൃഹനിർമ്മാണത്തിനായി കടം വാങ്ങും. സർക്കാർ ആനുകൂല്യങ്ങൾക്ക് കൂടുതൽ പ്രയത്നം വേണ്ടി വരും. വാതരോഗത്തിന് ചികിത്സ തേടും. ഭൂമിസംബന്ധിച്ച ക്രയവിക്രയങ്ങൾ മന്ദീഭവിക്കും. സ്ഥാനക്കയറ്റം, ശമ്പളവർദ്ധന എന്നിവ പ്രതീക്ഷിക്കുന്നവർക്ക് കാത്തിരുപ്പ് തുടരേണ്ടി വരാം.

Read More: Daily Horoscope April 27, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology shanis transition to kumbham