scorecardresearch
Latest News

Horoscope 2022: ശനിദശയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശനിദശ എന്നു കേൾക്കുമ്പോൾ വിശ്വാസികൾ പേടിക്കുന്നു. ശനിദശ എന്നത് കടക്കാൻ വിഷമമേറിയ ഒരു വലിയ കടമ്പയാണെന്ന പ്രതീതിയാണ് പൊതുവേ ഉണ്ടായിട്ടുള്ളത്

astrology, horoscope, ie malayalam

Horoscope 2022: മനുഷ്യജീവിതം തുടങ്ങുന്നതും വളരുന്നതും ഒടുങ്ങുന്നതുമെല്ലാം ദശകളിലൂടെയാണ്. നവഗ്രഹങ്ങൾ ആണ് ദശകളുടെ അധിപന്മാർ. ഓരോ ഗ്രഹവും നമ്മുടെ മേൽ ചെലുത്തുന്ന സ്വാധീനകാലമാണ് ദശകൾ എന്നുപറയാം. ആകെ ഒമ്പതു ഗ്രഹങ്ങളാണല്ലോ (നവഗ്രഹങ്ങൾ), അതിനാൽ ദശകളും ഒമ്പതെണ്ണമാണ്. നക്ഷത്രങ്ങൾ 27 ആണെന്നറിയാം.

മൂന്ന് നക്ഷത്രങ്ങൾക്ക് വീതം ഒരു ഗ്രഹത്തിന്റ ദശ എന്നതാണ് ക്രമം. ശനിദശ വലിയ ദശയാണ്. 19 വർഷമാണ് ദശാകാലം. ശനിദശ എന്നു കേൾക്കുമ്പോൾ വിശ്വാസികൾ പേടിക്കുന്നു. ശനിദശ എന്നത് കടക്കാൻ വിഷമമേറിയ ഒരു വലിയ കടമ്പയാണെന്ന പ്രതീതിയാണ് പൊതുവേ ഉണ്ടായിട്ടുള്ളത്.

ശനിയെ ‘മന്ദൻ’ എന്നും പറയുന്നു. ഗ്രഹനിലയിൽ കാണുന്ന ‘മ’ എന്ന അക്ഷരം ശനിയെ കുറിക്കുന്നതാണ്. മന്ദഗതിയിൽ സഞ്ചരിക്കുന്ന ഗ്രഹമായതിനാലാണ് മന്ദൻ എന്ന പേരുവന്നത്.
ശനി/ മന്ദൻ മുപ്പതുകൊല്ലം കൊണ്ടാണ് രാശിചക്രം ഒരുവട്ടം ചുറ്റിത്തീരുന്നത്.

നിങ്ങൾ ജനിച്ച സമയത്ത് ശനി ഏതു രാശിയിലായിരുന്നുവോ, അവിടെ വീണ്ടുമെത്തുന്നത് നിങ്ങളുടെ മുപ്പതാം വയസ്സിലാണ്. പിന്നെ അറുപതിലും തൊണ്ണൂറിലും പ്രസ്തുത രാശികളിൽ എത്തും. ഒരു ഗ്രഹനിലയെ മുൻനിർത്തി ഒരാളുടെ വയസ്സ് കണ്ടെത്താൻ ശനിയും വ്യാഴവും മറ്റും സഹായിക്കും.

ശനിയുടെ അച്ഛൻ സൂര്യനാണ്. അതിനാൽ സൗരി, അർക്കി, മാർത്താണ്ഡാത്മജൻ തുടങ്ങിയ പേരുകളുണ്ട്. ശനിയുടെ അമ്മ ആരാണെന്നല്ലേ? ഒരു കഥയുണ്ട്, അതിനുപിന്നിൽ.

Also Read: Horoscope 2022: ശുക്രൻ ഉച്ചസ്ഥിതിയിൽ, നേട്ടം ആർക്കൊക്കെ?

സൂര്യന്റെ യഥാർത്ഥ ഭാര്യ സംജ്ഞയായിരുന്നു. യമനും യമുനയും മറ്റും ആ ബന്ധത്തിൽ സൂര്യനുണ്ടായ സന്താനങ്ങളാണ്, പിൽക്കാലത്ത് സൂര്യന്റെ ചണ്ഡവ്യക്തിത്വം, ഉഷ്ണാധിക്യം സംജ്ഞക്ക് അസഹ്യമായിത്തീർന്നു. ഇതിൽ നിന്നും രക്ഷനേടാൻ തന്റെ നിഴലിൽ നിന്നും, തന്റെ അതേ രൂപഭാവങ്ങളുള്ള ഒരു സ്ത്രീയെ സംജ്ഞ സൃഷ്ടിച്ചു. ആ സ്ത്രീയാണ് ഛായ. എന്നിട്ട് സംജ്ഞ പിതൃഗൃഹത്തിലേക്ക് മടങ്ങിപ്പോയി.

തന്നോടൊപ്പം നിൽക്കുന്നത് സംജ്ഞയെന്നു തന്നെ സൂര്യൻ കരുതി. അങ്ങനെ സൂര്യ- ഛായ ദമ്പതികൾക്ക് പിറന്ന പുത്രനാണ് ശനി. ‘ഛായാത്മജൻ’ എന്ന് ശനിയെ വിളിക്കുന്നത് ഇതിനാലാണ്.

“ശനൈ: ചരതി ഇതി ശനി” എന്നാണ് ശനി എന്ന വാക്കിന്റെ നിരുക്തം. ‘പതുക്കെനടക്കുന്നവൻ’ എന്നാണ് ‘ശനൈചരതി’ എന്നാൽ ആശയം. അങ്ങനെ “മെല്ലപ്പോക്കുകാരൻ” ആയതിനാൽ ശനിയായി. പലരും മന്ദൻ എന്ന വാക്കിനെ മന്ദബുദ്ധിയുമായി കലർത്തിപ്പറയാറുണ്ട്. അത് തെറ്റാണ്. മന്ദത ശനിയുടെ പതുക്കെയുള്ള നടത്തയെ മാത്രം കുറിക്കുന്നു, അല്ലാതെ ബുദ്ധിയെയല്ല.

Read More: Horoscope 2022 Medam: ഈ മേട മാസം നിങ്ങൾക്ക് എങ്ങനെ?

പൂയം, അനിഴം, ഉത്രട്ടാതി എന്നീ മൂന്നു നാളുകാരുടെ ജനനം ശനിദശയിലാണ്. ജന്മദശ എന്നു പറയും.ആദ്യദശയുടെ സവിശേഷത അത് മുഴുവനും കിട്ടുക അപൂർവ്വമാണ് എന്നതാണ്. നക്ഷത്രം തുടങ്ങുന്ന ആ സമയബിന്ദുവിൽ ജനിച്ചാൽ മാത്രമാണ് മുഴുവൻ ദശയും കിട്ടുക. നക്ഷത്രം തുടങ്ങി ഓരോ മണിക്കൂർ പിന്നിടുമ്പോഴും ആദ്യദശ കുറഞ്ഞുവരും. ഇത് എപ്രകാരമെന്ന് ശനിദശയെ മുൻനിർത്തി നോക്കാം. ശനിദശയുടെ 19 വർഷങ്ങളെ ദിവസങ്ങളാക്കിയാൽ 6840 എന്നു കിട്ടും.

Read More: Horoscope 2022 April: ഏപ്രിലിൽ നവഗ്രഹങ്ങളുടെ രാശി മാറുന്നു, മനുഷ്യരുടെ ഭാവിയും

(19 വർഷം x 360 ദിവസം = 6840 ദിവസങ്ങൾ. ജ്യോതിഷത്തിൽ ഒരു വർഷം 360 ദിവസമായിട്ടാണ് കണക്കാക്കുന്നത്) ശനിദശ ആകെ 6840 ദിവസങ്ങളാണ്. അതിനെ ഒരു നക്ഷത്രത്തിന്റെ ശരാശരി സമയമായ 24 മണിക്കൂർ കൊണ്ടു വിഭജിച്ചാൽ ഓരോ മണിക്കൂറിനും 285 ദിവസം വീതം കിട്ടും. പൂയം, അനിഴം, ഉത്രട്ടാതി എന്നിവയിൽ ജനിക്കുന്നവർ നക്ഷത്രം തുടങ്ങി ഓരോ മണിക്കൂർ വീതം കഴിഞ്ഞാണ് ജനിക്കുന്നതെങ്കിൽ ആകെയുള്ള ശനിദശയുടെ 6840 ദിവസങ്ങളിൽ നിന്നും 285 ദിവസം (ഒമ്പതര മാസം) വീതം കുറയും. പൂയം, അനിഴം, ഉത്രട്ടാതി എന്നിവ തുടങ്ങി 23 -ാം മണിക്കൂറിലാണ് ജനിക്കുന്നതെങ്കിൽ ശനിദശ അവർക്ക് ബാക്കിയാവുന്നത് വെറും 285 ദിവസം അഥവാ ഒമ്പതര മാസമാവും.

Read More: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022

പുണർതം, വിശാഖം, പൂരുട്ടാതി എന്നീ മൂന്നു നാളുകാരുടെ ജനനം വ്യാഴദശയിലാണ്. അവരുടെ രണ്ടാംദശയാണ് ശനിദശ.

തിരുവാതിര, ചോതി, ചതയം എന്നീ നാളുകാർക്ക് മൂന്നാം ദശയായി വരും ശനിദശ. രാഹു, വ്യാഴം എന്നീ ദശകൾക്കുശേഷം ശനിദശ.

മകയിരം, ചിത്തിര, അവിട്ടം എന്നിവരുടെ നാലാംദശയാവും ശനിദശ. ജനനം ചൊവ്വാദശയിൽ. തുടർന്ന് രാഹു, വ്യാഴം, പിന്നെ ശനിദശയും.

രോഹിണി, അത്തം, തിരുവോണം നാളുകാർക്ക് അഞ്ചാം ദശയാണ് ശനിദശ. ചന്ദ്രദശയിൽ ജനിക്കുന്നു. തുടർന്ന് ചൊവ്വാദശ, രാഹുദശ, വ്യാഴദശ, ശനിദശ എന്നിങ്ങനെ ക്രമം.

Read More:

കാർത്തിക, ഉത്രം, ഉത്രാടം എന്നിവർക്ക് ആറാം ദശയാവും ശനിദശ. ജനനം സൂര്യദശയിൽ. തുടർദശകൾ ചന്ദ്രദശ, ചൊവ്വാദശ, രാഹുദശ, വ്യാഴദശ, ശനിദശ എന്നിങ്ങനെ വരും.

ഭരണി, പൂരം, പൂരാടം നാളുകാരുടെ ഏഴാംദശയാണ് ശനിദശ. ഏതാണ്ട് വാർദ്ധക്യത്തിലാവും ശനിദശയുടെ അരങ്ങേറ്റം. പിന്നെ ബാക്കിയാവുന്നത് ബുധ, കേതു ദശകളാണ്, ഈ നാളുകാർക്ക്.

അശ്വതി, മകം, മൂലം എന്നീ മൂന്ന് നാളുകാർക്ക് എട്ടാം ദശയായും രേവതി, ആയില്യം, തൃക്കേട്ട എന്നീ മൂന്ന് നാളുകാർക്ക് ഒമ്പതാം ദശയായും ശനിദശ വരുന്നു. അപ്പോൾ 90/ 100 വയസ്സിനടുപ്പിച്ചാവും പ്രായം എന്നതിനാൽ ദീർഘായുസ്സുകാരായ ഈ ആറു നാളുകാർക്ക് മാത്രമാണ് ശനിദശ മുഴുമിപ്പിക്കാൻ കഴിയുക.

Read More: Weekly Horoscope (April 10 – April 16, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

1,3,5,7 ആയി വരുന്ന ദശകൾ ഏത് ഗ്രഹത്തിന്റെതായാലും കഷ്ടപ്രദങ്ങളാവും എന്നാണ് ജ്യോതിഷനിയമം. മറിച്ച് 2,4,6,8,9 ആയി വരുന്ന ദശകൾ, അശുഭ ഗ്രഹങ്ങളായ ശനിയുടെയോ രാഹുവിന്റെയോ കേതുവിന്റെയോ ആയാൽ പോലും ഗുണകരമാവും എന്നാണ് നിയമങ്ങൾ വ്യക്തമാക്കുന്നത്. ജന്മനക്ഷത്രം അറിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിൽ ശനിദശ എപ്പോളെത്തുമെന്ന് ഇപ്പോൾ വ്യക്തമായിക്കാണുമല്ലോ?

ദശാവർഷങ്ങൾ

  • രവിദശ = 6 വർഷം
  • ചന്ദ്രദശ = 10 വർഷം
  • ചൊവ്വാദശ = 7 വർഷം
  • രാഹുദശ = 18 വർഷം
  • വ്യാഴദശ = 16 വർഷം
  • ശനിദശ = 19 വർഷം
  • ബുധദശ = 17 വർഷം
  • കേതുദശ = 7 വർഷം
  • ശുക്രദശ = 20 വർഷം
  • ആകെ 120 വർഷം

Read More: Daily Horoscope April 16, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology saturn effect on each star makayiram thiruvathira