scorecardresearch
Latest News

Horoscope April 2022: രാഹുവിന്റെയും കേതുവിന്റെയും രാശിമാറ്റം 12 രാശിക്കാരിലും സൃഷ്ടിക്കുന്ന ഫലങ്ങൾ എന്തൊക്കെ? 

2023 ഒക്ടോബറിലാണ്, ഒന്നരവർഷങ്ങൾക്കു ശേഷം, അടുത്ത രാഹു-കേതു പകർച്ച. അപ്പോൾ രാഹു മേടത്തിൽ നിന്നും മീനത്തിലേക്കും, കേതു തുലാത്തിൽ നിന്നും കന്നിയിലേക്കും പകരുന്നു. പന്ത്രണ്ടു രാശികളിൽ ജനിച്ചവർക്കും ഈ മാറ്റം എങ്ങനെ അനുഭവപ്പെടുന്നുവെന്ന് വായിക്കാം

astrology, horoscope, ie malayalam

Horoscope April 2022: രാഹുവും കേതുവും തമോഗ്രഹങ്ങളാണ്. നിഴൽഗ്രഹങ്ങൾ (Shadow Planet) എന്ന് അവയെ വിശേഷിപ്പിക്കുന്നു. ആദിയിൽ സൂര്യൻ മുതൽ ശനി വരെയുള്ള സപ്തഗ്രഹങ്ങൾ മാത്രമാണ് ജ്യോതിഷത്തിൽ പരിഗണിച്ചിരുന്നത്. പിന്നീടാണു രാഹുവും കേതുവും അവയുടെ വ്യത്യസ്തമായ അസ്തിത്വവുമായി ജ്യോതിഷചരിത്രത്തിൽ ഇടം പിടിക്കുന്നത്.

രാഹുവിനെ ‘Dragon’s Head’ എന്നും കേതുവിനെ ‘Dragon’s Tail ‘എന്നും പാശ്ചാത്യർ വിളിക്കുന്നു. ഗ്രഹനിലയിൽ ‘സ’ എന്ന അക്ഷരമാണ് രാഹുവിനെ സൂചിപ്പിക്കുന്നത്. സർപ്പൻ എന്നതിലെ ആദ്യാക്ഷരമാണത്. ‘ശി’ എന്ന അക്ഷരം കേതുവിനെയും സൂചിപ്പിക്കുന്നു. ശിഖി എന്നതിലെ ആദ്യാക്ഷരമാണത്.

മറ്റു ഗ്രഹങ്ങൾ രാശിചക്രത്തിലൂടെ പ്രദക്ഷിണഗതിയായി (Clockwise) സഞ്ചരിക്കുമ്പോൾ അപ്രദക്ഷിണ ഗതിയായി (Anti-Clockwise) സഞ്ചരിക്കുകയാണ് രാഹുവും കേതുവും. ഒരു രാശിയിൽ ഒന്നര വർഷം (18 മാസം) രാഹുവും കേതുവും ഉണ്ടാവും. രാഹു നിൽക്കുന്ന രാശിയുടെ ഏഴാം രാശിയിലാവും കേതു നിൽക്കുക. മറിച്ചും പറയാം, കേതു നിൽക്കുന്നതിന്റെ ഏഴിലാവും രാഹു. ഇരുഗ്രഹങ്ങളും പരസ്പരം 180 ഡിഗ്രി അകലത്തിലാവും എപ്പോഴും.

Read More: Horoscope 2022 Medam: ഈ മേട മാസം നിങ്ങൾക്ക് എങ്ങനെ?

2022 ഏപ്രിൽ 12 ന് രാഹു-കേതു രാശി മാറുകയാണ്. ഇടവം രാശിയിൽ നിന്നും മേടത്തിലേക്ക് രാഹുവും, വൃശ്ചികം രാശിയിൽ നിന്നും തുലാത്തിലേക്ക് കേതുവും പകരുന്നു. ശനി, വ്യാഴം എന്നീ ഗ്രഹങ്ങളുടെ പകർച്ച കഴിഞ്ഞാൽ സുപ്രധാനമാണ് രാഹു-കേതുക്കളുടെ രാശിമാറ്റം.

2023 ഒക്ടോബറിലാണ്, ഒന്നരവർഷങ്ങൾക്കു ശേഷം, അടുത്ത രാഹു-കേതു പകർച്ച. അപ്പോൾ രാഹു മേടത്തിൽ നിന്നും മീനത്തിലേക്കും, കേതു തുലാത്തിൽ നിന്നും കന്നിയിലേക്കും പകരുന്നു. പന്ത്രണ്ടു രാശികളിൽ ജനിച്ചവർക്കും ഈ മാറ്റം എങ്ങനെ അനുഭവപ്പെടുന്നുവെന്ന് വായിക്കാം.

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക കാൽ):

രാഹു ജന്മരാശിയിലേക്ക് വരികയാണ്. ജീവിതത്തിന്റെ സ്വസ്ഥതക്ക് ഭംഗം വരുന്ന പല കാര്യങ്ങളും നടക്കും. അപ്രതീക്ഷിത സമ്മർദ്ദങ്ങൾക്ക് വിധേയരാവും. ക്ഷുദ്രശക്തികളുടെ ദുർബോധനങ്ങൾക്കോ ദുഷ്പ്രേരണകൾക്കോ വിധേയരായെന്നു വരാം. കൂട്ടുകച്ചവടത്തിൽ നിന്നും പ്രതീക്ഷിച്ച ആദായം ലഭിക്കണമെന്നില്ല. പ്രണയികൾക്ക് നിരാശപ്പെടേണ്ടിവരും. ചെറുകിട സംരംഭകർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും കരാർ പണികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഭേദപ്പെട്ട കാലമായിരിക്കും.

Read More: Horoscope 2022 April: ഏപ്രിലിൽ നവഗ്രഹങ്ങളുടെ രാശി മാറുന്നു, മനുഷ്യരുടെ ഭാവിയും

ഇടവക്കൂർ (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യപകുതി):

രാഹു ജന്മരാശിയിൽ നിന്നും മാറിയതിന്റെ ആശ്വാസം ചെറുതല്ല. സാമ്പത്തിക ദുഃസ്ഥിതിക്ക് അയവ് വരും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം, ശമ്പളവർദ്ധനവ് മുതലായവ പ്രതീക്ഷിക്കാം. കാമുകീകാമുകന്മാരുടെ ബന്ധം കൂടുതൽ ദൃഢമാകും. ദാമ്പതികൾക്കിടയിൽ അനുരഞ്‌ജനം ഏറുന്നതായിരിക്കും. കിടപ്പു രോഗികൾക്ക് രോഗം ഭേദപ്പെടുകയോ ആശ്വാസം ലഭിക്കുകയോ ചെയ്യും.

മിഥുനക്കൂർ (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം മുക്കാൽ):

വിദേശജോലിക്ക് ശ്രമിക്കുന്നവർക്ക് അതിനവസരം ഉണ്ടാവും. പല വഴികളിലൂടെ ധനവരവ് അധികരിക്കും. പുതുസംരംഭങ്ങൾ തുടങ്ങാനുള്ള ശ്രമം വിജയിക്കും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ കൈവശം വന്നുചേരും. സകുടുംബമുള്ള വിനോദയാത്രകൾ നടത്താനാവും. അഞ്ചിൽ കേതു നിൽക്കുകയാൽ ചിലപ്പോൾ തെറ്റായ കാര്യങ്ങൾ ചിന്തിച്ചുകൂട്ടും. സന്താനങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ വേണ്ട കാലവുമാണ്.

Read More:

കർക്കടകക്കൂർ (പുണർതം നാലാം പാദം, പൂയം, ആയില്യം):

പത്തിലാണ് രാഹു സ്ഥിതി. നാലിൽ കേതുവും. ആകയാൽ ജീവിതത്തിന് ചില പരിധികളും പരിമിതികളും ഉണ്ടാവുകയാണ്. സ്വന്തം ലോകം, കർമ്മരംഗം ഒക്കെ ഒന്ന് ചുരുങ്ങിയതു പോലെ. നവസംരംഭങ്ങൾ തുടങ്ങാനായേക്കും. സാമ്പത്തിക പുരോഗതി വരും. ബന്ധുക്കളുമായി കലഹമുണ്ടാവാം. കൂട്ടുകെട്ടുകൾ ഗുണത്തിനാണെന്ന് ഉറപ്പ് വരുത്തുകയും വേണം.

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം ഒന്നാംപാദം):

ഭാഗ്യത്തെ പഴിചാരേണ്ട സന്ദർഭങ്ങൾ വരാം. പിതൃജനങ്ങൾക്ക് കാലം നന്നല്ല. കുടുംബ ക്ഷേത്രത്തിന്റെ ജീർണോദ്ധാരണം മന്ദഗതിയിലാവും. സഹായിക്കാനെത്തുന്നത് ശത്രുവാണോ മിത്രമാണോ എന്ന സന്ദേഹം ഉണ്ടാവും. ആരോഗ്യം സമ്മിശ്രമായിരിക്കും.

കന്നിക്കൂർ (ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി):

ധനവരവ് മന്ദഗതിയിലാവും. കുടുംബാന്തരീക്ഷം പൂർണമായും സമാധാനപരമാവില്ല. വാഗ്വാദത്തിലേർപ്പെടും. ശിരോരോഗങ്ങൾ, ഹൃദയരോഗങ്ങൾ എന്നിവയെ കരുതിയിരിക്കണം. ദാമ്പത്യത്തിന്റെ ഊഷ്മളത കുറയും കുമാർഗങ്ങളിലൂടെ നേട്ടങ്ങളുണ്ടാക്കും.

Read More: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022

തുലാക്കൂർ (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ):

ശത്രുക്കളുടെ പ്രവർത്തനങ്ങളെ സമർത്ഥമായി മറികടക്കും. പ്രണയ കാര്യങ്ങളിൽ പരാജയപ്പെടാം. കടബാധ്യത അവസാനിപ്പിക്കും. ചില ഭയപ്പാടുകളോ മാനസികസമ്മർദങ്ങളോ ഇടയ്ക്ക് തല നീട്ടാം. ഗൂഢശാസ്ത്രങ്ങൾ അഭ്യസിക്കും. യാത്രകൾ കൊണ്ട് നല്ല ഫലസിദ്ധി കൈവരും.

വൃശ്ചികക്കൂർ (വിശാഖം നാലാംപാദം, അനിഴം, തൃക്കേട്ട):

ഉന്നതരുമായി അടുക്കും. മത്സരങ്ങളിൽ വിജയിക്കും. വ്യക്തമായ ആസൂത്രണത്തോടെ തൊഴിലിൽ മുന്നോട്ടു നീങ്ങും. വിദേശധനം പ്രയോജനപ്പെടുത്തും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ഗൃഹനിർമ്മാണം പൂർത്തിയാക്കും.

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം ഒന്നാംപാദം):

സഹപ്രവർത്തകരുടെ എതിർപ്പുണ്ടാകും. ഹൃദയരോഗങ്ങൾക്ക് ചികിത്സ വേണ്ടി വരാം. പതിനൊന്നിലെ കേതു ആകസ്മിക വിജയങ്ങൾക്ക് വഴിയൊരുക്കും. പ്രണയബന്ധങ്ങളെ ശൈത്യം ബാധിക്കാം. ചിന്താശൂന്യമായി പെരുമാറും. കുട്ടികളുടെ കാര്യത്തിൽ ജാഗ്രത വേണം.

Read More: Weekly Horoscope (April 03- April 09, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മകരക്കൂറ് (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം ആദ്യപകുതി):

വാഹനം ഉപയോഗിക്കുന്നവർ കൂടുതൽ ജാഗരൂകരാവണം. ഗൃഹനിർമ്മാണത്തിൽ തടസ്സങ്ങൾ വരാം. മാതൃജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ഉൽക്കണ്ഠപ്പെടേണ്ട സാഹചര്യം ഉദയം ചെയ്തെന്നുവരാം. കച്ചവടത്തിലെ മാന്ദ്യം മാറ്റാൻ പുതിയ വായ്പകൾ സ്വീകരിക്കും. അപവാദങ്ങളെ ഭയക്കേണ്ട കാലമാണ്. ദാമ്പത്യത്തിൽ വിജയിക്കും.

കുംഭക്കൂറ് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി മുക്കാൽ):

കർമ്മരംഗം പുഷ്ടിപ്പെടും. കൃഷിയിൽ നിന്നും വരുമാനം വർദ്ധിക്കും. ഗൃഹം മോടി പിടിപ്പിക്കും. വാദവിവാദാദികളിൽ നിന്നും മാറിനിൽക്കും. സഹോദരാനുകൂല്യം ഭവിക്കും. അനുരാഗികൾക്ക് ആശാവഹമായ അന്തരീക്ഷം പുലരും.

മീനക്കൂർ (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി):

വിദേശത്ത് പഠനത്തിനോ ജോലിക്കോ ശ്രമിക്കുന്നവർ അല്പം കൂടി കാത്തിരിക്കേണ്ടതായി വരും. വാക്കും നാക്കും ശത്രുവായാൽ അത്ഭുതപ്പെടാനില്ല. കടം വാങ്ങി കടം തീർക്കേണ്ട സാഹചര്യം ഉദയം ചെയ്യാം. വിദ്യാർത്ഥികൾക്ക് പ്രതീക്ഷച്ച വിഷയങ്ങളിൽ ഉപരിപഠനത്തിന് പോകാൻ കഴിഞ്ഞില്ലെന്നു വരാം. ആത്മസംയമനം നല്ല ഉത്തരമാണ്, പലതിനുമെന്ന് അനുഭവം കൊണ്ടറിയും.

Read More: Daily Horoscope April 09, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology rahu and ketu changing zodiac positions

Best of Express