scorecardresearch
Latest News

Monthly Horoscope October 2022: ഒക്ടോബർ മാസഫലം, മൂലം മുതൽ രേവതി വരെ

Astrology Predictions Horoscope for October 2022 Moolam Pooradam Uthradam Thiruvonam Avittam Chathayam Pooruruttathi Uthrattathi Revathi Stars: മൂലം മുതൽ രേവതി വരെയുള്ള ഒൻപതു നാളുകാരുടെ 2022 ഒക്ടോബർ മാസത്തെ ഫലങ്ങൾ പരിശോധിക്കാം

astrology, horoscope, ie malayalam

Astrology Predictions Horoscope for October 2022 Moolam Pooradam Uthradam Thiruvonam Avittam Chathayam Pooruruttathi Uthrattathi Revathi Stars: ഒക്ടോബർ 17 വരെ കന്നിമാസവും തുടർന്ന് തുലാമാസവുമാകയാൽ സൂര്യൻ കന്നി- തുലാം രാശികളിലായി സഞ്ചരിക്കുന്നു. ഒക്ടോബർ ഒന്നിന് ചന്ദ്രൻ തൃക്കേട്ടയിൽ, മാസാന്ത്യത്തിൽ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ഉത്രാടത്തിലെത്തുന്നു.

ചൊവ്വ മിഥുനത്തിലും ഒടുവിൽ വക്രഗതിയായി ഇടവത്തിലുമെത്തുന്നു. ബുധൻ മാസത്തിന്റെ മുക്കാൽ പങ്കും കന്നിയിൽ, അവസാന ആഴ്ച തുലാത്തിലേക്ക് സംക്രമിക്കുന്നു. ശുക്രനും കന്നി – തുലാം രാശികളിലായി സഞ്ചരിക്കുകയാണ്. വ്യാഴം വക്രത്തിലാണ്, എന്നാൽ മീനം രാശിയിൽ നിന്നും മാറുന്നില്ല. ശനി ഒക്ടോബർ അവസാന ആഴ്ചയിൽ വക്രഗതി അവസാനിപ്പിച്ച്, മകരം രാശിയിൽ തന്നെ നേർഗതിയിൽ സഞ്ചരിച്ച് തുടങ്ങുന്നു. രാഹുകേതുക്കൾ യഥാക്രമം മേടം, തുലാം രാശികളിലായി പ്രയാണം തുടരുകയാണ്.

ഈ ഗ്രഹസ്ഥിതി മുൻനിർത്തി മൂലം മുതൽ രേവതി വരെയുള്ള ഒൻപതു നാളുകാരുടെ 2022 ഒക്ടോബർ മാസത്തെ ഫലങ്ങൾ പരിശോധിക്കാം.

മൂലം: പത്തിലും പതിനൊന്നിലുമായി സഞ്ചരിക്കുന്ന ആദിത്യൻ കർമ്മപുരോഗതിക്ക് കാരണമാകും. വ്യാപാരികളും വ്യവസായികളും നവീന ആശയങ്ങൾ നടപ്പിൽ വരുത്തും. ഊഹക്കച്ചവടത്തിൽ വിജയം വരിക്കും. പിതൃസ്വത്തിന്മേൽ അധികാര / അവകാശങ്ങൾ സിദ്ധിക്കും. രാഷ്ട്രീയ പ്രവർത്തനം കൂടുതൽ ദിശാബോധമുള്ളതായിത്തീരും. കുടുംബജീവിതത്തിലെ അശാന്തികൾ പരിഹരിക്കും. അഞ്ചിലെ രാഹുസ്ഥിതി മൂലം മക്കളുടെ കാര്യത്തിൽ വല്ല വിഷമങ്ങളും ഉണ്ടായെന്നു വരാം. കിടപ്പു രോഗികൾക്ക് ആശ്വാസകാലമാണ്.

പൂരാടം: പുണ്യകർമ്മങ്ങൾ ചെയ്യുവാൻ സന്ദർഭം വന്നെത്തും. സജ്ജനങ്ങളുടെ പിന്തുണ നേടും. ഗൃഹനിർമ്മാണം പൂർത്തീകരിക്കാൻ കഴിയും. നിഗൂഢ കർമ്മങ്ങളിലൂടെ ധനാർജ്ജനം ഉണ്ടാകും. സന്താന വിഷയകമായി യാത്ര, പണച്ചെലവ് എന്നിവ വരാം. ചില കഠിന ജീവിത യാഥാർത്ഥ്യങ്ങൾ മനപ്രയാസം സൃഷ്ടിക്കും. സുഹൃത്തുക്കളുമായി ചേർന്ന് ഭാവിപരിപാടികൾ ആസൂത്രണം ചെയ്യും. ഏഴിലെ ചൊവ്വമൂലം ദാമ്പത്യത്തിൽ സ്വരച്ചേർച്ചയില്ലായ്മ വന്നു കൂടും. ബുദ്ധി കൗശലം കൊണ്ട് എതിർപ്പുകളുടെ മുനയൊടിക്കും.

ഉത്രാടം: രണ്ടിലെ ശനി വക്രഗതി തീർന്ന് നേർഗതിയിലാകയാൽ മാസാന്ത്യത്തോടെ ധനപരമായ അനിശ്ചിതത്വം നീങ്ങും. കിട്ടാക്കടങ്ങൾ പ്രയത്നിച്ചാൽ മടക്കിക്കിട്ടാം. കർമ്മരംഗത്തെ പിഴവുകൾ തിരുത്തി മുന്നേറാൻ നല്ല സന്ദർഭമാണിത്. വസ്തുവിൽക്കാൻ സാധിക്കും. മുതിർന്ന കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. തൊഴിൽ തേടുന്നവർക്ക് ശുഭവാർത്ത ലഭിക്കും. വിദ്യാർത്ഥികൾ
പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ വിജയിക്കും. വീടുപണി ഇഴഞ്ഞുനീങ്ങും. വാഹനം ഉപയോഗിക്കുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണം.

തിരുവോണം: സമൂഹത്തിലെ തെറ്റുകുറ്റങ്ങളും നീതിനിഷേധങ്ങളും ചൂണ്ടിക്കാട്ടുന്നതു കൊണ്ട് ഒറ്റപ്പെടാൻ സാധ്യതയുണ്ട്. രാഹുവിന്റെ നാലിലെ സ്ഥിതി മൂലം ദേഹസുഖം കുറയും. ആരോഗ്യ പരിശോധനകൾ അനിവാര്യമായ സമയമാണ്. കടമകൾ ഭംഗിയായി നിറവേറ്റിയാലും അംഗീകാരം ലഭിക്കണമെന്നില്ല. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ കൈവരാം. സാമ്പത്തിക ആവശ്യങ്ങൾ വർദ്ധിക്കും. മംഗളകർമ്മങ്ങളുടെ ചുക്കാൻ പിടിക്കും. കുടുംബത്തിലെ അപസ്വരങ്ങളെ നിയന്ത്രിക്കാനാവാതെ വിഷമിക്കും.

അവിട്ടം: സാമൂഹിക ബന്ധങ്ങൾ മെച്ചപ്പെടും. രാഷ്ട്രീയത്തിൽ പദവികൾ ലഭിക്കാൻ കൂടുതൽ കാത്തിരിക്കേണ്ടിവരും. ചൊവ്വയുടെ ഇടവം- മിഥുനം രാശികളിലെ സഞ്ചാരം മൂലം ദേഹാസ്വാസ്ഥ്യം, മാതൃ ക്ലേശം, ബന്ധു കലഹം, സന്താനങ്ങളുമായി അനൈക്യം ഇവ വരാം. സഹപ്രവർത്തകർ വേണ്ടത്ര പിന്തുണക്കില്ല. പലകാര്യങ്ങളും സ്വന്തം ഉത്തരവാദിത്വത്തിൽ നിറവേറ്റേണ്ട സാഹചര്യം ഉണ്ടാകും. ആരോഗ്യപരമായി പല വിഷമങ്ങൾ ഉദിക്കും. വാഗ്ദാനങ്ങൾ ക്ലേശിച്ചായാലും നിറവേറ്റും.

ചതയം: പേശീരോഗങ്ങൾ, പോഷകാഹാരക്കുറവ് മൂലമുള്ള രോഗങ്ങൾ എന്നിവ ശല്യകാരികളാവാം. അകാരണ ഭയം, അനാവശ്യ ഉൽക്കണ്ഠകൾ ഇവയുണ്ടാവാം. പൈതൃകസ്വത്തിൽ നിന്നും ആദായം പ്രതീക്ഷിക്കാം. സംരംഭങ്ങളിൽ അത്യുത്സാഹം കാട്ടും. ശനി പന്ത്രണ്ടിൽ തുടരുകയാൽ വീട്ടിൽ നിന്നും അകന്നിരിക്കേണ്ട സാഹചര്യം ഉദിക്കാം. വൃദ്ധജനങ്ങളുടെ ശുശ്രൂഷ, രോഗശാന്തി ഇവയ്ക്ക് പണം ചെലവാകും. ഗാർഹികാന്തരീക്ഷം എപ്പോഴും ശാന്തമാവില്ല. അപകട സാധ്യതയുള്ളതിനാൽ വാഹനം, യന്ത്രം, അഗ്നി എന്നിവയിൽ ജാഗ്രത വേണം.

പൂരുട്ടാതി: മൂന്നിലെ രാഹു, സഹോദര ക്ലേശമുണ്ടാക്കാം. സഹായികൾ കലഹമൂർത്തികളാവാം. രോഗം വരുമോ എന്ന് വെറുതെ ആശങ്കപ്പെടും. ആധി തന്നെ വ്യാധിയാകും എന്ന് ഓർമ്മിക്കുന്നത് നന്നായിരിക്കും. നല്ലവഴികളിലൂടെ പണം വന്നുചേരും. കളഞ്ഞുപോയവ തിരികെ കിട്ടും. പഴയ സൗഹൃദങ്ങൾ പുതുക്കപ്പെടാം. സർക്കാർ ധനം സമയത്ത് വന്നുചേരും. ദൂരയാത്രകൾ ആസൂത്രണം ചെയ്യും.

ഉത്രട്ടാതി: പല കാര്യങ്ങളിലും പ്രതീക്ഷിച്ചത്ര ഉന്നമനം ഉണ്ടാകുന്നില്ലെന്നത് വേദനിപ്പിച്ചേക്കും. പ്രകൃതി ചികിത്സ, യോഗ മുതലായവയിൽ താല്പര്യം ജനിക്കും. തൊഴിലിൽ മത്സരബുദ്ധി കാട്ടും. ഭോഗസിദ്ധി , അഭിലാഷ പൂർത്തികരണം എന്നിവയുണ്ടാവും. വ്യക്തിജീവിതത്തിൽ കൂടുതൽ കാർക്കശ്യം പുലർത്തും. ജീവിതപങ്കാളി, സന്താനങ്ങൾ എന്നിവർക്ക് പല രൂപത്തിൽ വളർച്ചയുണ്ടാവും.
ഭൂമി വാങ്ങാനുള്ള ശ്രമം വിജയിക്കാനിടയുണ്ട്. വിവാഹാലോചനകൾ സഫലമാകും.

രേവതി: പുതിയ വിഷയങ്ങൾ, സാങ്കേതിക കാര്യങ്ങൾ എന്നിവ പഠിക്കാൻ മുതിരും. സ്വന്തം പ്രതാപം, അധികാരം എന്നിവ മറ്റുള്ളവരുടെ മേൽ അടിച്ചേല്പിക്കും. അത്ഭുതകരമായ ആസൂത്രണ മികവ് മേലധികാരികളുടെ പോലും പ്രശംസ നേടാം. വിഭിന്ന വിഷയങ്ങളിൽ ഏകകാലത്ത് അഭിരമിക്കും. ഭൗതികവാദമാണ് ശരിയെന്ന് നടിക്കും. ചിലപ്പോൾ ആസ്തികതയ്ക്കും ഒരുപാട് മികവുകളുണ്ടെന്ന് വാദിക്കും. അരാഷ്ട്രീയവാദം ശരിയെന്ന് ഉദ്ഘോഷിക്കും. ചിലപ്പോൾ രാഷ്ട്രീയം കാലഹരണപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കും. പ്രണയ ജീവിതത്തിന് വിഘ്നം വരാം. പണമിടപാടുകളിൽ കൂടുതൽ കരുതൽ പുലർത്തേണ്ട കാലമാണ്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology predictions horoscope for october 2022 moolam pooradam uthradam thiruvonam avittam chathayam pooruruttathi uthrattathi revathi stars

Best of Express