Astrology Predictions Horoscope for October 2022 Makam Pooram Uthram Atham Chithira Chothi Vishakam Anizham Thrikketta Stars: ഒക്ടോബർ 17 വരെ കന്നിമാസവും തുടർന്ന് തുലാമാസവുമാകയാൽ സൂര്യൻ കന്നി- തുലാം രാശികളിലായി സഞ്ചരിക്കുന്നു. ഒക്ടോബർ ഒന്നിന് ചന്ദ്രൻ തൃക്കേട്ടയിൽ, മാസാന്ത്യത്തിൽ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ഉത്രാടത്തിലെത്തുന്നു. ചൊവ്വ മിഥുനത്തിലും ഒടുവിൽ വക്രഗതിയായി ഇടവത്തിലുമെത്തുന്നു. ബുധൻ മാസത്തിന്റെ മുക്കാൽ പങ്കും കന്നിയിൽ, അവസാന ആഴ്ച തുലാത്തിലേക്ക് സംക്രമിക്കുന്നു. ശുക്രനും കന്നി – തുലാം രാശികളിലായി സഞ്ചരിക്കുകയാണ്. വ്യാഴം വക്രത്തിലാണ്, എന്നാൽ മീനം രാശിയിൽ നിന്നും മാറുന്നില്ല. ശനി ഒക്ടോബർ അവസാന ആഴ്ചയിൽ വക്രഗതി അവസാനിപ്പിച്ച്, മകരം രാശിയിൽ തന്നെ നേർഗതിയിൽ സഞ്ചരിച്ച് തുടങ്ങുന്നു. രാഹുകേതുക്കൾ യഥാക്രമം മേടം, തുലാം രാശികളിലായി പ്രയാണം തുടരുകയാണ്.
ഈ ഗ്രഹസ്ഥിതി മുൻനിർത്തി മകം മുതൽ തൃക്കേട്ട വരെയുള്ള ഒൻപതു നാളുകാരുടെ 2022 ഒക്ടോബർ മാസത്തെ ഫലങ്ങൾ പരിശോധിക്കാം.
മകം: രാശ്യധിപനായ സൂര്യൻ കന്നിയിൽ നിന്നും തുലാത്തിലേക്ക് കടക്കുമ്പോൾ നീച രാശിയിലാവുകയാണ്. അവിടെ കേതുവുമുണ്ട്. ഇത് ഒരു ഗ്രഹണയോഗമാണ്. അതിനാൽ കഴിവുകൾ പലതും മങ്ങിപ്പോകും. അവമാനം, ആരോപണങ്ങൾക്ക് വിധേയമാകൽ എന്നിവ സംഭവിക്കാം. പദവികളിൽ നിന്നും ഇറങ്ങിപ്പോകേണ്ട സാഹചര്യം സംജാതമായേക്കാം. സാമ്പത്തികമായി മെച്ചം വരുമെങ്കിലും മാനസിക ക്ലേശങ്ങൾ പിന്തുടരുന്നതായിരിക്കും. കലഹങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതാവും ഉചിതം. ക്ഷമയാവും ഏറ്റവും നല്ല ആയുധം.
പൂരം: ഭൗതികമായി ചില മെച്ചങ്ങളുണ്ടാവും. പ്രതീക്ഷിച്ച ശുഭകാര്യങ്ങൾ സംഭവിക്കാം. യാത്രകൾ ധനലാഭത്തിന് ഉതകും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. കലാപ്രവർത്തനത്തിന് പ്രതീക്ഷിച്ച പിന്തുണ കിട്ടണം എന്നില്ല. കരാറുകളിലും ഉടമ്പടികളിലും ഒപ്പുവെക്കാൻ അനുകൂലകാലമല്ല. പ്രണയത്തിൽ ഇച്ഛാഭംഗം ഉണ്ടായേക്കും. കച്ചവടക്കാർ കൂടുതൽ മുതൽ മുടക്കുന്നത് അല്പം കൂടി കഴിഞ്ഞ് മതിയാകും.
ഉത്രം: കർമ്മരംഗം വെല്ലുവിളികൾ നേരിടും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് സർക്കാരിൽ നിന്നും ധനസഹായം ലഭിക്കാൻ വൈകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മുഴുവനായും ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല. ഉഷ്ണരോഗങ്ങൾ ഉപദ്രവകാരികളായേക്കും. ഭൂമിയുടെ ക്രയവിക്രയങ്ങളിൽ ചെറിയ പുരോഗതിയെങ്കിലും വന്നുചേരും. നിയമം, അദ്ധ്യാപനം, മാധ്യമം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് തിളങ്ങാനവസരമുണ്ടാകും. മൂന്നിലെ കേതു- സൂര്യയോഗം സഹോദര കലഹത്തിനിടവരുത്താം. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാഹചര്യം ഒത്തുവരും. കിടപ്പുരോഗികൾ , വയോജനങ്ങൾ എന്നിവർ കൂടുതൽ ജാഗ്രത പുലർത്തണം.
അത്തം: ആത്മവിശ്വാസം ശിഥിലമാകും. കടബാധ്യത അപരിഹാര്യമായി തുടരും. സഹപ്രവർത്തകരുടെ പിന്തുണ പ്രതീക്ഷിച്ച അത്ര ഉണ്ടാവില്ല. നൂതനസംരംഭങ്ങൾ തുടങ്ങാൻ ശുഭകാലമല്ല. സദസ്സുകളിൽ പ്രസംഗിച്ച് കൈയ്യടി നേടും. മത്സരങ്ങളെ അഭിമുഖീകരിക്കാതെ ഒഴിഞ്ഞുമാറും. അനുരാഗികൾക്ക് പ്രതിബന്ധങ്ങളെ തകർക്കേണ്ടിവരും. ശനി, വ്യാഴ ദശകളിലൂടെ കടന്നു പോകുന്നവർക്ക് തീരുമാനങ്ങൾ തിരുത്തേണ്ടിവരും. രാഷ്ട്രീയ പ്രവർത്തകർ അണികളുടെ എതിർപ്പ് നേരിടും.
ചിത്തിര: ധാരാളം ചിന്തിച്ചുകൂട്ടും. പല പദ്ധതികളും ആസൂത്രണം ചെയ്യും. പക്ഷേ പ്രായോഗികമായി വിജയിക്കാൻ കഴിയാതെ വരും. കുടുംബത്തിലെ അനൈക്യം അതിരുവിടുന്നതായി തോന്നും. എന്നാൽ മാധ്യസ്ഥ പ്രവർത്തനത്തിൽ പരാജയപ്പെടും. ചെറിയ കരാർ പണികൾ ചെയ്യുന്നവർ, ദിവസവേതനക്കാർ എന്നിവർക്ക് കാര്യങ്ങൾ ഒരുവിധം നടന്നു കിട്ടും. ഉപാസന, തീർത്ഥാടനം എന്നിവയ്ക്ക് അനുയോജ്യമായ കാലമാണ്. ധനപരമായ ആവശ്യങ്ങൾ പരിഹരിക്കാൻ സ്വർണമോ ഭൂമിയോ പണയപ്പെടുത്താനിടയുണ്ട്. ആരോഗ്യ ജാഗ്രത അനിവാര്യമാണ്.
ചോതി: പാപഗ്രഹങ്ങളുടെ കേന്ദ്രരാശിസ്ഥിതി മൂലം പലതരം സമ്മർദ്ദങ്ങളെ നേരിടേണ്ടിവരും. ജന്മരാശിയിലെ കേതു- സൂര്യയോഗം ദേഹപീഡയ്ക്കും കാര്യവിഘ്നത്തിനും ഇടവരുത്താം. നാലിലെ ശനി, ഏഴിലെ രാഹു, എട്ട്- ഒമ്പത് രാശികളിലെ ചൊവ്വ എന്നിവ കർമ്മഭ്രംശം, മത്സര പരാജയം ഇവയ്ക്ക് വഴിതുറക്കാം. ശത്രുക്കളുടെ പ്രവർത്തനങ്ങൾ മുൻകൂട്ടി അറിയാൻ കഴിയാതെ വരുന്ന സ്ഥിതിയുണ്ടാകും. ഗൃഹനിർമ്മാണത്തിൽ സർക്കാർ ഇടപെടലുകൾ വരാം. ദാമ്പത്യത്തിൽ പരസ്പര വിശ്വാസം ചോർന്നുപോകുന്നതായി തോന്നാം. ഉചിതമായ വൈദ്യപരിശോധനകൾക്ക് അമാന്തം വരുത്തരുത്.
വിശാഖം: വൃശ്ചികക്കൂറുകാർ പുതിയ ജോലിയിൽ പ്രവേശിക്കും. വിവാഹാലോചനകൾ സഫലതയിലെത്താം. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. തുലാക്കൂറുകാർ ഉടമ്പടികളിൽ ഒപ്പുവെക്കും മുൻപ് കൃത്യമായ നിയമോപദേശം തേടാൻ മറക്കരുത്. അസന്തുഷ്ട സ്ഥലങ്ങൾ സന്ദർശിക്കേണ്ട സാഹചര്യം ഉടലെടുക്കാം. ക്രയവിക്രയങ്ങളിൽ ചെറിയ നേട്ടം വന്നുചേരും. കലാപ്രവർത്തനത്തിന് ഉദാരമതികളുടെ സഹായം ലഭിക്കും. വിദ്യാർത്ഥികൾ പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കും.
അനിഴം: മാസാദ്യം സൽഫലങ്ങളാണ് കൂടുതൽ. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ഗൃഹനിർമ്മാണത്തിന് അധികാരികളുടെ അനുമതി ലഭിക്കും. പണയവസ്തുക്കൾ മടക്കിയെടുക്കും. വ്യവഹാരങ്ങളിൽ അനുകൂലവിധിയുണ്ടാകും. കുടുംബാംഗങ്ങൾക്കിടയിലെ തർക്കം രമ്യമായി പരിഹരിക്കും. മക്കൾക്ക് ഉപരിപഠനത്തിന് ദൂരദിക്കിൽ പ്രവേശനം ലഭിക്കും. കുടുംബ ക്ഷേത്രത്തിന്റെ നവീകരണാദികളിൽ മുഖ്യത്വം വഹിക്കും.
ഭാവനാപൂർണമായ രചനകൾ നിർവഹിക്കും. പ്രസംഗം, ജ്യോതിഷം എന്നിവയിൽ ശോഭിക്കും. വിനോദയാത്രകളിലെന്നപോലെ വിജ്ഞാന സമ്പാദനത്തിലും ശ്രദ്ധയുണ്ടാവും. പൊതുപ്രവർത്തനങ്ങളിൽ നിന്നും രാഷ്ട്രീയ കാര്യങ്ങളിൽ നിന്നും പിൻവാങ്ങും. ആത്മീയകാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കാനും ശ്രമിക്കും. ഊഹക്കച്ചവടം ലാഭകരമായിത്തീരും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. രോഗശമനത്തിന് നാട്ടുചികിത്സയിൽ അഭയം തേടും.