Astrology Predictions Horoscope for November 2022 Makam Pooram Uthram Atham Chithira Chothi Vishakam Anizham Thrikketta Stars: 2022 നവംബർ 16 വരെ തുലാമാസവും തുടർന്ന് വൃശ്ചിക മാസവും ആകയാൽ സൂര്യൻ തുലാം- വൃശ്ചികം രാശികളിലായി സഞ്ചരിക്കുന്നു. നവംബർ ഒന്നിന് ചന്ദ്രൻ തിരുവോണത്തിൽ; മാസാന്ത്യത്തിൽ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി അവിട്ടത്തിലെത്തുന്നു. ചൊവ്വ മിഥുനത്തിലും മാസം പകുതി മുതൽ വക്രഗതിയായി ഇടവത്തിലും സഞ്ചരിക്കുന്നു. ബുധൻ തുലാം- വൃശ്ചികങ്ങളിൽ. ശുക്രനും ഏതാണ്ട് അതുപോലെ. ശനി മകരത്തിലും, വ്യാഴം മീനത്തിലും രാഹുകേതുക്കൾ യഥാക്രമം മേടം- തുലാം രാശികളിലും സഞ്ചരിക്കുന്നു. വക്രഗതിയിലായിരുന്ന വ്യാഴം നവംബർ അവസാനം മീനം രാശിയിൽ നേർഗതിയിലാവുന്നു.
ഈ ഗ്രഹനില മുൻനിർത്തി മകം മുതൽ തൃക്കേട്ട വരെയുള്ള ഒമ്പത് നാളുകാരുടെ 2022 നവംബർ മാസത്തെ ഫലങ്ങൾ അറിയാം.
മകം: കഠിനകാലത്തിലും ചില ആശ്വാസങ്ങൾ വന്നുചേരും. കിട്ടാക്കടം പിരിഞ്ഞു കിട്ടും, കുറെയൊക്കെ. രോഗദുരിതത്തിന് താൽകാലികമായി, ശമനം വരും. സർക്കാരിൽ നിന്നും സഹായം– അനുമതി, പെൻഷൻ, വായ്പ- ഇവ തടസ്സമില്ലാതെ കൈകളിലെത്തും. പലരുമുണ്ടാവും, പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും എന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും. തൊഴിൽതേടി അലഞ്ഞവർക്ക് ശുഭവാർത്തയെത്തും. ധനപരമായും, കുറച്ചൊക്കെ നേട്ടങ്ങൾ അനുഭവപ്പെടും. ഭാവികാര്യങ്ങൾ ആലോചിച്ചുറപ്പിക്കും.
പൂരം: സംഘാടനമികവ് അഭിനന്ദനം നേടിത്തരും. കലാപരമായി വളർച്ചയുണ്ടാവും. ജന്മനാട്ടിലും തൊഴിൽരംഗത്തും സ്വീകാര്യത ഏറും. ഗൃഹത്തിലെ വയോജനങ്ങളുടെ ആരോഗ്യസ്ഥിതി ചിലപ്പോൾ ഉൽക്കണ്ഠയ്ക്ക് കാരണമായേക്കാം. ചില ഭാഗ്യഭംഗങ്ങളും വിഷമിപ്പിച്ചേക്കും. ശത്രുപാളയത്തിൽ നിന്നും ഐക്യത്തിന്റെ സന്ദേശം കിട്ടും. സന്താനങ്ങൾക്ക് വിദേശപഠനത്തിന് സൗകര്യം വന്നുചേരും. ക്രയവിക്രയങ്ങളിൽ നിന്നും ന്യായമായ ആദായം പ്രതീക്ഷിക്കാം.
ഉത്രം: ചിങ്ങക്കൂറുകാർക്കാവും കന്നിക്കൂറുകാരെക്കാൾ ഈ മാസം നേട്ടങ്ങൾ കൂടുതൽ. മത്സരങ്ങളിൽ വിജയിക്കും. സർക്കാർ ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചതിലും നേരത്തെ കരഗതമാവും. വിവാഹാലോചനകളിൽ തീരുമാനമുണ്ടാവും. സഹോദരരുടെ സ്നേഹവും പിന്തുണയും ലഭിക്കും. പ്രവർത്തനമേഖല വിപുലീകരിക്കാനുള്ള ശ്രമം വിജയിക്കും. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ നീങ്ങുന്നതായിരിക്കും. പ്രധാനപ്പെട്ട യോഗങ്ങളിൽ / സമ്മേളനങ്ങളിൽ നേതൃത്വം വഹിക്കും. യാത്രകൾ നേട്ടങ്ങൾക്ക് വഴി തുറക്കും.
അത്തം: തടസ്സങ്ങൾ മാസാദ്യം മനപ്രയാസത്തിന് കാരണമാകാം. രണ്ടാം പകുതിയിൽ പലതരം ഗുണങ്ങൾ, സാമ്പത്തികമെച്ചം ഇവ ഭവിക്കും. തടസ്സം വന്ന കച്ചവടം പൂർവ്വാധികം ഭംഗിയായി നിറവേറ്റാനാകും. കിടപ്പ് രോഗികൾക്ക് ആശ്വാസമുണ്ടാകും. സമ്മർദ്ദങ്ങളുയർന്നാലും അവയെ പ്രത്യുല്പന്നമതിത്വം കൊണ്ട് മറികടക്കും. സംഭാഷണം ആകർഷകമാകും. അധ്യാപകരും നിയമജ്ഞരും കർമ്മരംഗത്ത് കീർത്തി നേടും. കരാർ പണികൾ ചെയ്യുന്നവർക്ക് ലാഭം വർദ്ധിക്കാം. വിദേശത്തുനിന്ന് സദ് വാർത്തകൾ വന്നുചേരും.
ചിത്തിര: പുതിയ ജോലിക്കുള്ള ശ്രമം വിജയിക്കും. നല്ല സൗഹൃദങ്ങൾ ഉണ്ടാകും. ആദർശവും പ്രയോഗികതയും തമ്മിൽ പൊരുത്തക്കേട് വന്നേക്കും. ചില പഴയ കടങ്ങൾ ചിത്തശല്യത്തിന് കാരണമാകും. എന്നാലും ധനപരമായി കുറച്ച് ഭേദപ്പെട്ട സമയമാണ്. ആഢംബര വസ്തുക്കൾ വാങ്ങും. ആരോഗ്യപരമായി കൂടുതൽ ശ്രദ്ധ വേണ്ട കാലമാണ്.
ചോതി: തടസ്സങ്ങളെ അതിജീവിക്കാൻ കിണഞ്ഞ് പരിശ്രമിക്കും. കർക്കശനിലപാടുകൾ മയപ്പെടുത്തേണ്ടി വരാം. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം. ദീർഘദൂരയാത്രകൾ കൊണ്ട് പ്രതീക്ഷിച്ച ഫലം കിട്ടിക്കൊള്ളണം എന്നില്ല.
ഭൂമി സംബന്ധിച്ച് ചില നേട്ടങ്ങൾക്ക് വകയുണ്ട്. അർഹതയുള്ള അംഗീകാരങ്ങൾ ലഭിക്കുവാൻ കാലതാമസമുണ്ടാകും. മക്കൾക്ക് നല്ല വിവാഹാലോചനകൾ വന്നുചേരും. ഗാർഹിക ജീവിതത്തിലെ സ്വൈരക്കേടുകൾക്ക് വിരാമമാകും.
വിശാഖം: അനിയന്ത്രിതമാകും, ചിലവുകൾ. വായ്പകൾ നേടാനായി പരിശ്രമം നടത്തും. കാത്തിരുന്ന വിദേശയാത്രകൾക്ക് അനുമതി ലഭിക്കും. വിദ്യാർത്ഥികൾക്ക് വിദേശപഠനത്തിന് സാഹചര്യമൊരുങ്ങും. കലാവാസനകൾ പരിപോഷിപ്പിക്കപ്പെടും. ഭൂമി തർക്കം വ്യവഹാരമായി മാറാനിടയുണ്ട്. മത്സരങ്ങളിൽ ഭാഗികമായി വിജയിക്കും. സഹപ്രവർത്തകർ വേണ്ടത്ര പിന്തുണക്കാത്തത് വിഷമിപ്പിച്ചേക്കും. ജീവിതശൈലീ രോഗങ്ങൾ തലപൊക്കും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ വൈമുഖ്യം പ്രകടിപ്പിക്കും.
അനിഴം: മുതിർന്നവരുടെയും സജ്ജനങ്ങളുടെയും പിന്തുണ ലഭിക്കും. സീനിയോറിറ്റി തർക്കത്തിൽ വിജയം നേടും. ബൗദ്ധിക രംഗത്ത് നേട്ടങ്ങൾ കൈവരിക്കും. കലാവാസന, അംഗീകാരം നേടിത്തരും. ഗാർഹിക രംഗം മക്കളുടെ പഠന മികവ്, തൊഴിൽ നേട്ടം, വിവാഹം ഇത്യാദികളാൽ സന്തോഷം നിറഞ്ഞതാവും. ആരോഗ്യകാര്യങ്ങളിൽ ജാഗ്രതക്കുറവ് വരരുത്. നിക്ഷേപങ്ങളിൽ നിന്നും വരവധികമാവും.
തൃക്കേട്ട: ചില മുൻവിധികൾ തെറ്റാനിടയുണ്ട്. കരുതിയിടത്തോളം മൂല്യം പലതിനുമില്ലെന്ന് അനുഭവം കൊണ്ടറിയും. ദേശാന്തരയാത്രകൾ ഫലപ്രദമായേക്കാം. സാമ്പത്തികസ്ഥിതി ഉയരും. തൊഴിലിൽ പുതു ചുവടുവെയ്പുകൾ നടത്തും. എന്നാൽ വലിയ മുതൽമുടക്കുള്ള സംരംഭങ്ങൾ ആരംഭിക്കുവാൻ കാലം അനുകൂലമല്ല. ഏഴ്, എട്ട് ഭാവങ്ങളിലായി മാറി മാറി സഞ്ചരിക്കുന്ന ചൊവ്വ പ്രണയത്തിൽ ചില ഇച്ഛാഭംഗങ്ങൾക്കും ദാമ്പത്യത്തിൽ ചില അപശ്രുതികൾക്കും വഴിയൊരുക്കാം. മക്കളുടെ നേട്ടങ്ങൾ സന്തോഷം നൽകും. ആരോഗ്യസ്ഥിതി സമ്മിശ്രം.